Thrissur Live

വെള്ളാങ്കല്ലൂരില്‍ ബസ് ജീവനക്കാരെ ആക്രമിച്ച ആറംഗ സംഘത്തിലെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാങ്കല്ലൂര്‍ സ്വദേശികളായ ഫൈസല്‍, ഹരീഷ്, ശരത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. | തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പു ഉദ്യോഗസ്ഥനും ഹോട്ടല്‍ ഉടമയും നടത്തിയ ഫോണ്‍ സംഭാഷണ വിവാദം സംബന്ധിച്ച് സൈബര്‍ സെല്ലിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ മേയറും ആരോഗ്യ വകുപ്പ് സൂപ്പര്‍വൈസറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. | മാള കൊമ്പത്തുകടവില്‍ മരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് രോഗി മരിക്കാനിടയായ സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമാര്‍ട്ടം നടത്തുന്നു. വടമ സ്വദേശി മണന്തറ പ്രദീപിന്റെ ഭാര്യ സുബിതയുടെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം ചെയ്യുന്നത്. |
കൊടുങ്ങല്ലൂര്‍ അഴീക്കോട്- മുനമ്പം ജങ്കാര്‍ തടസപ്പെട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെതിരെ സമരവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്.
ജങ്കാര്‍ സര്‍വീസ് തടസപ്പെട്ട് 24 ദിവസം പിന്നിടുമ്പോഴും ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് നയിക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.എം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. ഡി.വൈ.എഫ്.ഐ അഴീക്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ബ്ലോക്ക് പ്രസിഡന്റ് പി.എച്ച്.നിയാസ് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് അജിന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സന്ദീപ് കളറാട്ട്., ജോയിന്റ് സെക്രട്ടറി കെ.എ.ഹസ്ഫല്‍, മേഖല സെക്രട്ടറി പി.കെ.അസീം എന്നിവര്‍ സംസാരിച്ചു.
പുതുക്കാട് ബസ് യാത്രക്കാരന്റെ പോക്കറ്റടിച്ച ആളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി പോക്കറ്റടി കേസുകളില്‍ പ്രതിയായ പുത്തന്‍പീടിക സ്വദേശി അന്തോണി ആണ് പിടിയിലായത്. മുത്രത്തിക്കര സ്വദേശി കല്ലിക്കടവില്‍ സുഗതന്റെ 2100 രൂപയാണ് ഇയാള്‍ പോക്കറ്റടിച്ചത്. കൊടകരയില്‍ നിന്ന് ബസില്‍ കയറിയ സുഗതന്‍ നന്തിക്കരയില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പിന്നീട് യാത്രക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധയിലാണ് അന്തോണിയില്‍ നിന്ന് പണം കണ്ടെത്തിയത്. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാട് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എരുമപ്പെട്ടി എരുമപ്പെട്ടി കരിയന്നൂരില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ചേലക്കര മേലേപ്പാട്ട് വീട്ടില്‍ അര്‍ജ്ജുന്‍, തിരുവില്വാമല കൂട്ടുപാത സ്വദേശിനി അനുപമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ വടക്കാഞ്ചേരിയില്‍ നിന്നും വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിയ അനുപമയേയും അര്‍ജ്ജുനേയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. പരിക്കേറ്റ രണ്ട് പേരേയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
മാള ലൈസന്‍സ് ഇല്ലാത്ത മരുന്ന് കുത്തിവെച്ചതിനാല്‍ പനി ബാധിച്ച് യുവതി മരിക്കാന്‍ ഇടയായെന്ന പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
വടമ മണന്തറ പ്രദീപിന്റെ ഭാര്യ 30 വയസുള്ള സുബിതയാണ് മാര്‍ച്ച് 29 ന് മരിച്ചത്. സാധാരണ പനി ബാധിച്ചുള്ള മരണമായിരിക്കുമെന്ന നിഗമനത്തിലാണ് അന്ന് കൊമ്പത്തുകടവ് പട്ടികജാതി ശ്മശാനത്തില്‍ മൃതദേഹം മറവ് ചെയ്തത്. പനി ബാധിച്ച് എത്തിയതിനെത്തുടര്‍ന്ന് മാളയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ കുത്തിവെയ്പ്പും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ അശ്രദ്ധയുമാണ് മരണത്തിനിടയാക്കിയതെന്ന പരാതിയെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇരിങ്ങാലക്കുട തഹസില്‍ദാര്‍ മധുസൂദനന്റെ മേല്‍നോട്ടത്തിലാണ് പൊലീസിന്റെയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ചത് രാസപരിശോധന നടത്തും. പരാതിയെ തുടര്‍ന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ വര്‍ഗീസ്, മണി, മെഡിക്കല്‍ കോളേജിലെ ഡോ.ശ്രീജിത്ത് എന്നിവര്‍ക്കെതിരെ മാള പൊലീസ് കേസെടുത്തിട്ടുണ്ട്. സുബിതയ്ക്ക് കുത്തിവെയ്പ് നടത്തിയതായി ബില്ലില്‍ പറയുന്ന മരുന്നിന് ലൈസന്‍സ് ഇല്ലെന്നാണ് ഭര്‍ത്താവ് പ്രദീപ് നല്‍കിയ പരാതിയില്‍ പറയുന്നത്. സുബിത മരിക്കുന്നതിന് അടുത്ത സമയം വരെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. അതേസമയം കുത്തിവെച്ച മരുന്നിന് ലൈസന്‍സ് ഉള്ളതാണെന്നും അതിന്റെ പരിശോധനാ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണെന്നും മാളയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.
എരുമപ്പെട്ടി ഹൈദരാബാദില്‍ നടക്കുന്ന യൂത്ത് നാഷ്ണല്‍ മീറ്റില്‍ പെണ്‍കുട്ടികളുടെ മിഡ് റിലേ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയ കേരള ടീമില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥിനികളും പങ്കാളികളായി.
എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടി.ജെ.ജംഷീല, നാട്ടിക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആന്‍സി സോജന്‍ എന്നിവരാണ് സ്വര്‍ണം നേടിയ ടീമിലെ ജില്ലയിലെ താരങ്ങള്‍. തിരുവനന്തപുരം സായിയിലെ മൃദുല മരിയ ബാബു, കോഴിക്കോട് പി.ടി.ഉഷ അക്കാദമിയിലെ കെ.ടി.ആദിത്യ എന്നിവരാണ് കേരള ടീമിലെ മറ്റു അംഗങ്ങള്‍.
തൃപ്രയാര്‍ പഴുവില്‍ പാലം നിര്‍മ്മാണം നടക്കുന്നതിനാല്‍ മൂന്നര കിലോമീറ്റര്‍ ദൂരത്തുണ്ടായ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരം തുടങ്ങുമെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു അറിയിച്ചു.
നിര്‍മ്മാണം നടക്കുന്നതിനാല്‍ പഴുവില്‍ പാലം മുതല്‍ പെരിങ്ങോട്ടുകര ഷെഡ് വരെയുള്ള ദൂരത്ത് ബസ് സര്‍വീസ് നടക്കുന്നില്ല. ബസുകള്‍ക്ക് പുറമെ പാലത്തിലൂടെ ചെറിയ വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. നിലവില്‍ പഴുവിന്‍ പാലത്തിന് ദുര്‍ബലാവസ്ഥയില്ല. യാത്രക്കാരെ ഇറക്കി ബസ് , പാലം കടത്തി യാത്ര തുടരാനോ പാലത്തിന്റെ ഇരുഭാഗത്തും ബസ് സര്‍വീസ് ഉറപ്പാക്കുകയോ ചെയ്യണം. പാലത്തിന് ഇരുവശത്തും പോലീസ് സാന്നിധ്യം ഉറപ്പാക്കി വലിയ വാഹനങ്ങള്‍ തിരിച്ചയക്കാനും നടപടിവേണ്ടതാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരി ആറിന് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് അടുത്ത ദിവസം മുതല്‍ പഴുവില്‍ പാലത്തിന് സമീപം സമരം തുടങ്ങാന്‍ തീരുമാനിച്ചതെന്നും ടി.വി.ബാബു പറഞ്ഞു. ബി.ഡി.ജെ.എസ് നാട്ടിക മണ്ഡലം പ്രസിഡന്റ് സൂര്യ പ്രമുഖന്‍ തൈവളപ്പില്‍, പി.ആര്‍.ഷാജു, കെ.ജി.സഞ്ജു, അക്ഷയ് എസ്.കൃഷ്ണ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഗുരുവായൂര്‍ നവീകരിച്ച ചൊവ്വല്ലൂര്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കുമെന്ന് മഹല്ല് ഭാവാഹികള്‍ ഗുരുവായൂരില്‍ അറിയിച്ചു.
വൈകീട്ട് 4ന് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനു ബന്ധിച്ച് ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ മതപ്രഭാഷണവും സാംസ്‌കാരിക സമ്മേളനവും നടക്കും. ശനിയാഴ്ച്ച വൈകീട്ട് 4.30ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മന്ത്രി ഡോ: കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. സി.എം.ബഷീര്‍ ഫൈസി ആനക്കര അനുഗ്രഹ പ്രഭാഷണം നടത്തും. നാല് മുന്‍ ഖത്തീബുമാരെയും 25 വര്‍ഷമായി ബാങ്ക് വിളിക്കുന്ന അബ്ദുള്‍റഹ്മാന്‍ മുസ്ലിയാരെയും ചടങ്ങില്‍ ആദരിക്കും. മഹല്ല് കമ്മിറ്റിയുടെ കാരുണ്യ ചികിത്സാഫണ്ട് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മഹല്ല് പ്രസിഡണ്ട് കെ.വി. അബ്ദുള്‍ മജീദ്, ജനറല്‍ സെക്രട്ടറി എന്‍.എം. മുത്തു, കെ.എച്ച്.ഇക്ബാല്‍, മഹല്ല് ഖത്തീബ് -ഹാഫിസ് മുഹമ്മദ് സ്വഫ്‌വാന്‍ റഹ്മാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തൃപ്രയാര്‍ തൃശൂരില്‍ നിന്ന് തൃപ്രയാര്‍ മിനിസിവില്‍സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിച്ച ഭക്ഷ്യസുരക്ഷ നാട്ടിക സര്‍ക്കിള്‍ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങി.
ഗീതാഗോപി എം.എല്‍.എ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു അധ്യക്ഷയായിരുന്നു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ.തോമസ്, സി.പി.ജോസ്, സതീഷ് ജോസഫ്, ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ വി.എന്‍.അശോകന്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം രജനി ബാബുവിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം നാട്ടിക ലോക്കല്‍ കമ്മിറ്റി ചടങ്ങ് ബഹിഷ്‌കരിച്ചു.
തൃശൂര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ കടയടച്ചിട്ട് കളക്‌ട്രേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.
ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ഡി.പോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ആര്‍.സുന്ദരന്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, പി.ഉണ്ണികൃഷ്ണന്‍, യു.എസ്.ശശി, ജോണ്‍സന്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി. റേഷന്‍ കമ്മീഷന്‍ കുടിശിക അനുവദിക്കുക, റേഷന്‍ വ്യാപാരികള്‍ക്ക് വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
തൃപ്രയാര്‍ മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരേയും സബ് കളക്ടറെയും അധിക്ഷേപിച്ച മന്ത്രി എം.എം.മണി കേരളത്തിന് ബാധ്യതയെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു പറഞ്ഞു.
വിവാദ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിയെ ചുമക്കുന്നവര്‍ കൂടുതല്‍ നാറുകയാണ് ചെയ്യുക. മന്ത്രിസഭയില്‍ നിന്ന് മണിയെ പുറത്താക്കുകയാണ് വേണ്ടത്. വര്‍ഷങ്ങളായുള്ള കയ്യേറ്റ ഭൂമി നിയമസഭാ സമ്മേളനത്തിലൂടെ നിയമാനുസൃതമാക്കാനുള്ള നീക്കം നടക്കുകയാണെന്നും ഇത് അംഗീകരിക്കരുതെന്നും ടി.വി.ബാബു ആവശ്യപ്പെട്ടു.
ചേലക്കര ചേലക്കര ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോ എടുക്കല്‍ ജനങ്ങളെ വലച്ചു.
ഇന്നലെ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോ എടുക്കുന്നതെന്നു ജനങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ വന്ന ജനങ്ങള്‍ ടോക്കണ്‍ എടുത്ത് പഞ്ചായത്തില്‍ കാത്തിരുന്നെങ്കിലും ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല. വാഹനം അപകടത്തില്‍ പെട്ടതുമൂലം വരാന്‍ പറ്റില്ലെന്ന് അധികൃതര്‍ പതിനൊന്നോടെ അറിയിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ മടങ്ങി പോവുകയായിരുന്നു. ഇന്നും രാവിലെ 11 മണിയായിട്ടും അധികൃതരെ കാണാതായ ജനങ്ങള്‍ പഞ്ചായത്ത് അധികൃതരോട് വിവരം അന്വേഷിച്ചപ്പോള്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യമല്ല ഇതെന്ന മറുപടിയാണ് ലഭിച്ചത്. പ്രായമായവരും, സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ് പഞ്ചായത്തില്‍ ഫോട്ടോ എടുക്കാനായി എത്തിയിരുന്നു.
മാള വിവിധ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മാണിയംകാവ് സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മാള സി.ഐ.-വി.റോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. പൊലീസിനെ മറികടന്ന് സമരക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് നടന്ന യോഗം ഡി.വൈ.എഫ്.ഐ. മാള ബ്ലോക്ക് സെക്രട്ടറി പി.ആര്‍.രതീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.ധനുഷ് അധ്യക്ഷത വഹിച്ചു. എം.വി.ബിനോയ്, ടി.കെ.സന്തോഷ്, എം.എം.നൗഷാദ്, പി.എസ്.ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.
ചേലക്കര വൈദുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ ബി.ജെ.പി. ചേലക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലക്കര കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.മണി ഉദ്ഘാടനം ചെയ്തു. രാജേഷ് നമ്പ്യാത്ത്, വി. ചന്ദ്രബോസ്, എം. യു.കൃഷ്ണന്‍കുട്ടി, പ്രഭാകരന്‍ മാഞ്ചാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കയ്പമംഗലം കയ്പമംഗലം ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വേനല്‍ പച്ച പഠന ക്യാമ്പിന് തുടക്കമായി.
ശാസ്ത്ര സാഹിത്യ പരിഷത്ത് വികസന സമിതി കണ്‍വീനര്‍ കെ.കെ.അനീഷ്‌കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.എസ്.ശക്തീധരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.എം.അനിത, എസ്.എം.സി ചെയര്‍മാന്‍ കെ.പി.ഷാജി, എം.ഡി.സന്തോഷ്, കെ.ബി.ബീന എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.
തൃശൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 29ന് വിദ്യാഭ്യാസ മന്ത്രിയുടെ തൃശൂരിലെ വസതിയിലേക്ക് മാര്‍ച്ചും മെയ് 1 മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ മരണം വരെ നിരാഹാര സമരവും സംഘടിപ്പിക്കുമെന്ന് ഹയര്‍സെക്കന്ററി റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ഹയര്‍സെക്കന്ററി അധ്യാപക തസ്തിക നിര്‍ണയം, റാങ്ക് ലിസ്റ്റ് കാലാവധി ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തുന്നത്. ഹയര്‍സെക്കന്റി റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികളായ അബൂബക്കര്‍ സിദ്ദിഖ്, സവിത, ശ്രീനി, മരിയ സിമി, സബിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വടക്കാഞ്ചേരി വടക്കാഞ്ചേരി നഗരസഭയിലെ ടൗണ്‍ ഡിവിഷനിലെ കുടുംബശ്രീകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ കുത്തിയിരിപ്പ് നടത്തി.
ഫെബ്രുവരിയില്‍ വടക്കാഞ്ചേരി ഡിവിഷനില്‍ തുടങ്ങിയ 4 കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അംഗീകാരം നല്‍കാതിരിക്കുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. എന്നാല്‍ നഗരസഭയിലെ ഭരണകക്ഷി കൗണ്‍സിലറുടെ പത്താം ഡിവിഷനില്‍ കുടുംബശ്രീ യൂണിറ്റ് തുടങ്ങി ഒരാഴ്ചക്കുള്ളില്‍ അംഗീകാരം നല്‍കിയെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി. കുടുംബശ്രീ പോലുള്ള സംഘടനയില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കൗണ്‍സിലര്‍മാരായ സിന്ധു സുബ്രഹ്മണ്യന്‍, കെ.അജിത്കുമാര്‍, ടി.വി.സണ്ണി, ബുഷ്‌റ റഷീദ് എന്നിവര്‍ കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നല്‍കി. വടക്കാഞ്ചേരി പോലീസ് കൗണ്‍സിലര്‍മാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
മാള ഐരാണിക്കുളം ഉദയം സോക്കര്‍ ഫെസ്റ്റ് സമാപിച്ചു.
ഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സ്റ്റാര്‍ കൊച്ചിന്‍ വിജയിച്ചു. വിജയികള്‍ക്ക് അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ഡി.പോള്‍സണ്‍ സംസാരിച്ചു. ഫൈനലിന്റെ മുന്നോടിയായി മൈതാനത്ത് മാര്‍ഗംകളി അരങ്ങേറി.
തൃശൂര്‍ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകള്‍ക്ക് കാല്‍നാട്ടി.
തിരുവമ്പാടി വിഭാഗത്തിന്റേതായി സ്വരാജ് റൗണ്ടില്‍ നടുവിലാല്‍, നായ്ക്കനാല്‍, എന്നിവിടങ്ങളിലായി രണ്ടു പന്തലുകളാണ് ഉയരുന്നത്. പൂങ്കുന്നം ശിവക്ഷേത്ര മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ നടന്ന ഭൂമി പൂജയ്ക്കു ശേഷം നടുവിലാലില്‍ ദേശക്കാര്‍ ചേര്‍ന്ന് പന്തലിന് കാല്‍നാട്ടി. മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ എം.എസ്.സമ്പൂര്‍ണ, വി.രാവുണ്ണി, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ.ആര്‍.ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രൊഫ. എം.മാധവന്‍കുട്ടി, വ്യവസായ പ്രമുഖന്‍ ഡോ.ടി.എ.സുന്ദര്‍മേനോന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം.സി.എസ്. മേനോന്‍, ദേവസ്വം ഭാരവാഹികള്‍, നിരവധി ഭക്തര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നാണ് നായ്ക്കനാലിലെ പന്തലിന് കാല്‍നാട്ടിയത്. നായ്ക്കനാല്‍ പന്തലിന്റെ നിര്‍മ്മാണ ചുമതല ചേറൂര്‍ പള്ളത്ത് മണികണ്ഠനും നടുവിലാല്‍ പന്തല്‍ ചുമതല വിയ്യൂര്‍ മധുവിനുമാണുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി നടുവിലാല്‍ പന്തല്‍ ഇക്കുറി ഇരുമ്പ് തൂണുകളാലും ഫൈബറുകളിലുമാണ് നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഇതിനാല്‍ വളരെ വേഗം പന്തല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും. ഒരേ സമയം രണ്ടു വാഹനങ്ങള്‍ക്ക് ഒരുമിച്ച് തടസം കൂടാതെ കടന്നു പോകാനാകുമെന്ന സവിശേഷതയും നടുവിലാല്‍ പന്തലിന്റെ പ്രത്യേകതയാണ്. വ്യവസായ പ്രമുഖന്‍ ഡോ.ടി.എ.സുന്ദര്‍മേനോന്‍, കൗണ്‍സിലര്‍ വി.രാവുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് നയനമനോഹരമായ ഫൈബര്‍ പന്തല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.
തൃശൂര്‍ മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരത്തില്‍ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ച മന്ത്രി എം.എം.മണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ തൃശൂരില്‍ മന്ത്രിയുടെ കോലം കത്തിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, കൗണ്‍സിലര്‍ വി.രാവുണ്ണി, ഷാജന്‍ ദേവസ്വം പറമ്പില്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. മന്ത്രിയുടെ കോലത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ചൂല്‍ കൊണ്ട് അടിച്ച ശേഷമാണ് കോലം കത്തിച്ചത്.
ചാവക്കാട് ചാവക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ഒരുമനയൂര്‍ തങ്ങള്‍പടി സ്വദേശികളായ വിഷ്ണു, ശരത് ,രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റവരെ ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം ചാവക്കാട് രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൃശൂര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ ആധാര്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് സൂചനാ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആധാര്‍ സര്‍വ്വീസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ആധാറിനെ സര്‍വ്വീസ് ടാക്‌സ് പരിധിയില്‍ നിന്ന് ഒഴിവാക്കുക, സര്‍വ്വീസ് ചാര്‍ജ് തുക അതത് മാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഈ മാസം 26ന് ആധാര്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി എ.ഡി.ജയന്‍, അക്ഷയ സംസ്ഥാന സെക്രട്ടറി കെ.കെ.ദീപക്, ജില്ലാ സെക്രട്ടറി പി.സി.ബിജു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കയ്പമംഗലം കയ്പമംഗലം സംഘവേദി സംസ്‌കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന് തുടക്കമായി.
മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ.ടി.ടൈസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുല്‍ ഹുദ, വിവിധ കക്ഷി നേതാക്കളായ കെ.എഫ്.ഡൊമനിക്, എം.സി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമോത്സവത്തിന്റെ ഭാഗമായി ഫുഡ്‌ഫെസ്റ്റ്, കാര്‍ഷിക മേള, മാമ്പഴഫെസ്റ്റ്, അനുസ്മരണ സമ്മേളനം, കലാപരിപാടികള്‍, ചിത്രപ്രദര്‍ശനം എന്നിവ നടക്കും. ഗ്രാമോത്സവം ബുധനാഴ്ച സമാപിക്കും.
എരുമപ്പെട്ടി കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം അഞ്ചാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാന്ത്വനം ചെയറിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡണ്ട് ടി.എന്‍.പ്രതാപന്‍ നിര്‍വ്വഹിച്ചു.
സൗജന്യ ജൈവ വിത്ത് വിതരണവും ഇതോടൊപ്പം നടന്നു. മണ്ഡലം പ്രസിഡണ്ട് പി.വി. വാപ്പുട്ടി അധ്യക്ഷനായി. എം. വീരേന്ദ്രന്‍, എം.രവീന്ദ്രന്‍, എ.എ.മുസ്തഫ, കെ.എം.മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചേലക്കര ബി.ജെ.പി. സംസ്ഥാന വ്യാപകമായി ആവിഷ്‌കരിക്കുന്ന ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി ബി.ജെ.പി. ചേലക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിത്ത് നടീല്‍ യജ്ഞം നടത്തി.
കൊണ്ടാഴി പാറമേല്‍പടിയില്‍ കര്‍ഷക മോര്‍ച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുകുന്ദന്റെ വസതിയില്‍ നടത്തിയ പരിപാടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് എം.യു. കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറിമാരായ രാജേഷ് നമ്പ്യാത്ത്, വി. ചന്ദ്രബോസ്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രഭാകരന്‍ മാഞ്ചാടി, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം കെ.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കയ്പമംഗലം ചാമക്കാല വീനസ് വായനശാലയുടെ പുതിയ ഓഫീസ് റൂമിന്റെ് ഉദ്ഘാടനം ഇ.ടി.ടൈസണ്‍ എം.എല്‍.എ നിര്‍വഹിച്ചു.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി.സതീഷ്, പഞ്ചായത്തംഗം ഷെറീന ഹംസ, വായനശാല പ്രസിഡന്റ് വിന്‍സന്‍ അല്ലപ്പുഴ, സെക്രട്ടറി കെ.എം.ഇബ്രാഹിം, വാട്‌സണ്‍ എന്നിവര്‍ സംസാരിച്ചു.
എരുമപ്പെട്ടി എസ്.വൈ.എസ്. സ്ഥാപക ദിനത്തോടനുബന്ധിച്ച എരുമപ്പെട്ടി യൂണീറ്റിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി.
തഖിയുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു . ഭാരവാഹികളായ എം. എം.ഇബ്രാഹിം, സൈദലവി നിസാമി ചിറ്റണ്ട, ഹംസ മുസ്‌ലിയാര്‍, എരുമപ്പെട്ടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍ എന്നിവര്‍ പങ്കെടുത്തു.
കയ്പമംഗലം മൂന്നുപീടിക മജിലിസുന്നൂര്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ രണ്ടാമത് മജിലിസുന്നൂര്‍ വാര്‍ഷിക സംഗമം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം എസ്.എം.കെ.തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് ശെമീറലി ശിഹാബ് തങ്ങള്‍, മജിലിസുന്നൂര്‍ ദുആക്ക് നേതൃത്വം നല്‍കി. അമൂന്‍ ഹുദവി വണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, ഹാഫിള് അഹമ്മദ് നൗഫല്‍ റഹ്മാനി എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ ഫണ്ട് ശേഖരണാര്‍ത്ഥം ആക്ട്‌സ് മുതുവറ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഫെസ്റ്റ് - 2017 സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 25 മുതല്‍ 30 വരെ പേരാമംഗലം മനപ്പടി പാലത്തിങ്കല്‍ ഗാര്‍ഡന്‍സിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പെറ്റ്‌സ് ആന്റ് ഫ്‌ളവര്‍ ഷോ, കലാപരിപാടികള്‍, സെമിനാറുകള്‍, മാജിക് നൈറ്റ് എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. 12 വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. പ്രസിഡന്റ് ആന്റണി പൈലി, സെക്രട്ടറി റാഫി ലാസര്‍, സി.ബി.മുരളീധരന്‍, കെ.മുരളീധരന്‍, അലക്‌സ് പാലത്തിങ്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കാറളം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുക, വീട് പുനരുദ്ധാരണ ഫണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ ദുരുപയോഗം ചെയ്ത സെക്രട്ടറിയും വി.ഇ.ഒ. രാജിവെയ്ക്കുക എന്നി ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം നടത്തിയത്. ബി.ജെ.പി സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കാറളം പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഇ.മുരളീധരന്‍, സന്തോഷ് ചെറാക്കുളം, ടി.എസ്.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഞ്ചേരി അഞ്ചേരി മരിയാപുരത്തെ സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയെ തകര്‍ക്കാനുള്ള ശ്രമം നടക്കുകയാണെന്ന് സ്വര്‍ണാഭരണ നിര്‍മ്മാണ സംരക്ഷണ സമിതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
35-ഓളം ചെറുകിട സ്വര്‍ണാഭരണ നിര്‍മ്മാണശാലകളാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. 3 വര്‍ഷം മുമ്പുവരെ ആഭരണ നിര്‍മ്മാണത്തിനായി ഇവിടെ നേര്‍പ്പിച്ച സള്‍ഫ്യൂറിക് ആസിഡ് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആസിഡിനു പകരം പടിക്കാരം ആണ് ഉപയോഗിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മതിയായ രേഖകളും ലൈസന്‍സും ഉപയോഗിച്ചാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മലിനമായി എന്ന് പറയുന്ന മേഖലയിലെ കിണറുകള്‍ ഹൈക്കോടതി വിധി പ്രകാരം വൃത്തിയാക്കുന്നതിനും കുടിവെള്ളം വിതരണം ചെയ്യുന്നതിനും തങ്ങള്‍ തയ്യാറാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ എം.വി.ഷൈജു, എ.കെ.സാബു, കണ്‍വീനര്‍ കെ.ആര്‍.രാമദാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചാലക്കുടി ലാവ്‌ലിന്‍ കമ്പനി നടത്തിയ പഠനത്തില്‍ പോലും പ്രായോഗികമല്ലെന്ന് കണ്ടെത്തിയ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
പദ്ധതിക്കെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി അതിരപ്പള്ളിയില്‍ സംഘടിപ്പിച്ച സംരക്ഷണ ശൃംഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫിന്റെ അജണ്ടയിലില്ലാത്ത വിഷയമാണ് അതിരപ്പിള്ളി പദ്ധതി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതിനെക്കുറിച്ച് ഉരിയാടാതിരുന്നത്. പദ്ധതിയുടെ കാര്യത്തില്‍ ഇടതു മുന്നണിയില്‍ അഭിപ്രായ യോജിപ്പുമില്ലെന്ന് കാനം തുടര്‍ന്നു പറഞ്ഞു. ഏതോ എന്‍ജിനീയര്‍മാരുടെ ഭാവനയ്ക്കനുസരിച്ച് നശിപ്പിക്കാനുള്ളതല്ല, കാടും പുഴയും. പ്രകൃതിയെയും വന്യജീവികളേയും സംരക്ഷിക്കണമെന്ന് കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ വളരെ കാലം മുമ്പേ പറഞ്ഞിട്ടുള്ളതാണ്. ഇതറിയാത്തവര്‍ പഴയ പുസ്തകങ്ങള്‍ പൊടിതട്ടിയെടുത്ത് വായിക്കുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.പി.സന്ദീപ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, കെ.രാജന്‍ എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, മഹേഷ് കക്കത്ത് എന്നിവര്‍ സംസാരിച്ചു. നേരത്തെ നൂറുകണക്കിന് പ്രവത്തകര്‍ ചേര്‍ന്ന് അതിരപ്പിള്ളി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
ചാലക്കുടി ന്യൂസിലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഒമ്പതു ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം വേങ്ങര സ്വദേശി ഉള്ളാടന്‍ വീട്ടില്‍ മുഹമ്മദ് ഹസനെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു.
കുഴിക്കാട്ടുശ്ശേരി പെരുന്തുരിത്തി സച്ചിന്‍, അങ്കമാലി ആനപ്പാറ അരീക്കല്‍ ബിബിന്‍ ജോയ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സച്ചിനുവേണ്ടി ചാലക്കുടിയിലെ ഒരു ബാങ്കില്‍ നിന്നാണ് പണം കൈമാറിയത്. അങ്കമാലിയിലെ ബിജി എന്നയാള്‍ മുഖേനയാണ് സച്ചിനും ബിബിനും ന്യൂസിലാന്റിലേക്ക് പോയത്. വിസയുടെ കാലാവധി തീര്‍ന്നപ്പോള്‍ ഇരുപത് ദിവസം ജയിലിലും കിടന്നു. തുടര്‍ന്ന് മറ്റു സുഹൃത്തുക്കളുടെ സഹായത്താല്‍ നാട്ടിലെത്തി. എസ്.ഐ. ജയേഷ് ബാലന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ജിതിനും ബിജിയും കേസിലെ മറ്റു പ്രതികളാണ്.
തൃശൂര്‍ കേരളത്തിന്റെയും, ലക്ഷദീപിന്റെയും സമുദ്രതീര പ്രദേശങ്ങളിലെ സുരക്ഷ പരിശോധനക്കായി സംഘടിപ്പിക്കുന്ന സാഗര്‍ കവച് എന്ന തീരദേശ സുരക്ഷ മോക് ഡ്രില്‍ ചൊവ്വാഴ്ച രാവിലെ ഏട്ട് മുതല്‍ വ്യാഴാഴ്ച രാവിലെ ഏട്ട് വരെ നടക്കും.
ഇന്ത്യന്‍ നേവി, ബി.എസ്.എഫ്, കോസ്റ്റ് ഗാര്‍ഡ്, കേരള പോലീസ്, ഇന്ത്യന്‍ കസറ്റംസ്, ഫിഷറീസ്, തുറമുഖ വകുപ്പ് എന്നിവയുടെ എന്നിവ സംയുക്തമായാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. അഴീക്കോട് തീരദേശ സ്‌റ്റേഷനിലെ മൂന്ന് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും, മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും, കൊടുങ്ങല്ലൂര്‍, മതിലകം, വലപ്പാട്, വാടാനപ്പിളളി, ചാവക്കാട്, വടക്കേക്കാട് പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരും, കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകരും 48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സാഗര്‍ കവച മോക് ഡ്രില്ലില്‍ പങ്കെടുക്കും.
തൃശൂര്‍ തൃശൂര്‍ പൂരത്തിന് എക്കാലത്തും തിടമ്പേറ്റിയിരുന്നത് പുകള്‍പെറ്റ കൊമ്പന്മാരായിരുന്നു. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും തിടമ്പേറ്റിയിരുന്ന പ്രശസ്തരായ മിക്ക ആനകളും മണ്‍മറഞ്ഞു കഴിഞ്ഞു. ഈ ഗജവീരന്മാരെ അനുസ്മരിക്കുകയാണിവിടെ.
അഴകും പെരുമയും ഗാംഭീര്യവുമുള്ള ആനകളായിരുന്നു എക്കാലത്തും തൃശൂര്‍ പൂരത്തില്‍ പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തിടമ്പേറ്റിയിട്ടുള്ളത് . ഇരുവിഭാഗങ്ങളിലുമായി തിടമ്പേറ്റിയിട്ടുള്ള, ഉയരത്തില്‍ പുകള്‍പ്പെറ്റ കൊമ്പന്‍മാരുടെ ചന്തം എക്കാലത്തും പൂരപ്രേമികളുടെ മനംകവര്‍ന്നിട്ടുള്ളതുമാണ്. തിരുവമ്പാടിക്കും പാറമേക്കാവിനും നികത്താനാകാത്ത നഷ്ടം എന്നു പറയുന്ന ഗജവീരന്‍മാരാണ് തിരുവമ്പാടി ചന്ദ്രശേഖരനും, പാറമേക്കാവ് പരമേശ്വരനും. പൂരത്തിന് തിടമ്പേറ്റാന്‍ മികച്ച ആനകളില്ലാതിരുന്ന കാലത്ത് പാറമേക്കാവ് വിഭാഗം പരമേശ്വരനെയും, തിരുവമ്പാടി വിഭാഗം ചന്ദ്രശേഖരനെയും വാങ്ങുകയായിരുന്നു. വര്‍ഷങ്ങളായി തിടമ്പേറ്റിയിരുന്ന ഈ ആനകള്‍ മണ്‍ മറഞ്ഞപ്പോള്‍ ഇന്ന് പാറമേക്കാവ് വിഭാഗത്തിന് പത്മനാഭനും, തിരുവമ്പാടി വിഭാഗത്തിന് ശിവസുന്ദറുമാണ് കോലമേന്തുന്നത്. ആദ്യകാലത്ത് പാറമേക്കാവിന് വേണ്ടി തിടമ്പേറ്റിയിരുന്നത് പൂമുള്ളി മന ശേഖരനായിരുന്നു. പുറത്തെ എല്ല് കാണാത്തവിധം കൊഴുത്തുരുണ്ട ശേഖരന്റെ പുറത്ത് 4 പേര്‍ ഇരുന്നാലും പിന്നെയും 2 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലം ബാക്കിയുണ്ടാകുമായിരുന്നുവത്രേ. അക്കാലത്ത് തിരുവമ്പാടി വിഭാഗത്തിന് തിടമ്പേറ്റിയിരുന്നത് ഏറ്റവും ഉയരം കൂടിയ ആനയായ ചെങ്ങല്ലൂര്‍ രംഗനാഥനായിരുന്നു. തമിഴ്‌നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിലേയ്ക്ക് വെള്ളം കൊണ്ടു വന്നിരുന്ന, ആനയായ രംഗനാഥനെ ക്ഷേത്രഗോപുരം കടക്കാതെ വന്നതിനെ തുടര്‍ന്ന് വില്‍ക്കുകയും പിന്നീട് അന്തിക്കാട്ടെ ചെങ്ങല്ലൂര്‍ മനയിലേയ്ക്ക് വാങ്ങുകയായിരുന്നു. തൃശൂര്‍ മൃഗശാലയില്‍ സൂക്ഷിച്ചുള്ള ചെങ്ങല്ലൂര്‍ രംഗനാഥന്റെ അസ്ഥിക്കൂടംകണ്ടാല്‍ തന്നെ ആനയ്ക്ക് എത്ര വലിപ്പമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ഈ കരിവീരന്‍മാര്‍ക്ക് പുറമെ ഗുരുവായൂര്‍ കേശവന്‍, ഗുരുവായൂര്‍ പഴയ പത്മനാഭന്‍, കീരങ്ങാട്ട് കേശവന്‍, കൂടലാറ്റുപുരം രാമചന്ദ്രന്‍, പനമന രാമചന്ദ്രന്‍, വരിക്കാശ്ശേരി ഗോപാലന്‍, കിഴക്കി വീട്ടിലെ ആനകളായ ഗോപി, ദാമോദരന്‍, നാരായണന്‍, കാച്ചാംകുറിശ്ശി കേശവന്‍, കുംഭകോണം സ്വാമിയാര്‍ തുടങ്ങി തലയെടുപ്പില്‍ പുകള്‍പെറ്റ നിരവധി ആനകള്‍ പാറമേക്കാവിനും തിരുവമ്പാടി വിഭാഗത്തിനുമായി തിടമ്പേറ്റിയിട്ടുണ്ട്. മണ്‍മറഞ്ഞ പഴയ ഗജവീരകേസരികള്‍ ഇന്നും തൃശൂര്‍ പൂരത്തിന്റെ ഓര്‍മ്മകുറിപ്പില്‍ ഒളിമങ്ങാതെ തലയെടുപ്പോടെ നിലകൊള്ളുകയാണ്.
തൃശൂര്‍ പൂരമടക്കമുള്ള ആഘോഷങ്ങള്‍ പച്ചകുത്തിയ ഓര്‍മകളായി പിറവിയെടുക്കുക കുരുന്നു മനസുകളിലാണ്. അതിനാല്‍ തന്നെ വേനലവധിക്കാലത്തെ കുട്ടികളുടെ നാടക ക്യാമ്പിലും പൂരങ്ങളുടെ പൂരം പൂത്തലഞ്ഞു.
പൂരനാടിന്റെ രക്തത്തിലലിഞ്ഞ വികാരത്തെ ഭാവങ്ങളിലൂടെ പ്രകാശിപ്പിക്കാനുള്ള ശ്രമമാണ് രംഗചേതന നാടക ക്യാമ്പിലെ കുട്ടിക്കൂട്ടം നടത്തിയത്. ആന കളിച്ച ശീലം കൈമോശം വരാത്തവര്‍. ആനയും കുടമാറ്റവുമെല്ലാം തങ്ങളുഡടെ ശരീരഭാഷ കൊണ്ട് അവതരിപ്പിക്കുകയായിരുന്നു തൃശൂര്‍ പൂരത്തിന്റെ പ്രധാന്യത്തെ കുറിച്ചും ചടങ്ങുകളെക്കുറിച്ചും നാടക ക്യാമ്പിന് നേതൃത്വം നല്‍കുന്ന കെ.വി.ഗണേഷ് വിശദീകരിച്ചു നല്‍കി. മഠത്തില്‍ വരവിലെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളത്തിന്റെ മ്യൂസിക്കല്‍ സിംഫണിയുമെല്ലാം കേട്ടറിഞ്ഞപ്പോള്‍ പൂരത്തിന്റെ നാദവിസ്മയായി കുട്ടികള്‍ കൊട്ടിക്കയറി. ക്യാമ്പില്‍ പങ്കെടുത്തവരില്‍ മിക്കവരും പൂരം നേരിട്ടു കാണാനെത്തുന്നവരാണ്. അനുഭവങ്ങളിലെ പൂരം അവര്‍ പങ്കുവെച്ചു. ആനയും കുടമാറ്റവും കൊട്ടുമെല്ലാം കഴിഞ്ഞു. ഇനി വെടിക്കെട്ടാണ്. ഇനി വെടിക്കെട്ടില്ലാതെ എന്തു തൃശൂര്‍ പൂരം. പതിയ കത്തികയറി കുട്ടപൊരിച്ചിലായി മാറുന്ന വെടിക്കെട്ടായി കുട്ടികള്‍ രൂപം മാറി. ഒടുവില്‍ പൂരത്തിന്റെ നിലയമിട്ടിനു സമാനമായൊരു ചിരിയമിട്ട് അതോടെ കുരുന്നുകളുടെ പൂരം പകര്‍ന്നാട്ടം പൂര്‍ണം.
തൃശൂര്‍ ഭരതം തൃശൂരിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംഗീതകച്ചേരി 'രാഗ രാവ് 'അരങ്ങേറി.
ഗായിക സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഷര്‍മിള, ശാന്താല എന്നിവര്‍ ചേര്‍ന്നാണ് തൃശൂരില്‍ കച്ചേരി അവതരിപ്പിച്ചത്. വയലാ രാജേന്ദ്രന്‍ വയലിനിലും കെ.ജയകൃഷ്ണന്‍ മൃദംഗത്തിലും വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത് ഘടത്തിലും പക്കമേളമൊരുക്കി. സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച സംഗീതകച്ചേരി ആസ്വദിക്കാന്‍ നിരവധി പേരെത്തിയിരുന്നു.
ചാവക്കാട് ഗംഗാനദിയില്‍ കുളിക്കുന്നതിനിടെ മണത്തല സ്വദേശിയായ യുവാവിനെ കാണാതായി.
അയിനിപുള്ളി കാറ്റുകുറങ്ങല്‍ ഗിരീഷിന്റെ മകന്‍ 26 വയസുള്ള വിശ്വാസിനെയാണ് കാണാതായത്. ഉത്തരാഖണ്ഡില്‍ ഉത്തരകാശിയിലെ സ്വകാര്യ റിസോര്‍ട്ടിലെ യോഗാധ്യാപകനാണ് വിശ്വാസ്. വ്യാഴാഴ്ചയാണ് ഇയാളെ കാണാതായതെന്ന് റിസോര്‍ട്ട് അധികൃതര്‍ വീട്ടുകാരെ അറിയിച്ചു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.
പുതുക്കാട് ചിറ്റിശേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.
ചിറ്റിശേരി മാണിക്യന്‍ കോട്ടേജില്‍ മുരളിയാണ് കിണറ്റില്‍ കുടുങ്ങിയത്. ചിറ്റിശ്ശേരി മുത്തേടത്ത് മനയില്‍ ഗീതാനാരായണന്റെ വീട്ടുകിണര്‍ വൃത്തിയാക്കാനിറങ്ങിയ മുരളി, പണി കഴിഞ്ഞ് തിരിച്ച് കയറുന്നതിനിടെ കിണറ്റിലേക്കു വീഴുകയായിരുന്നു. കാലിന് പരിക്കേറ്റ മുരളി തിരിച്ചു കയറാനാവാതെ കിണറ്റില്‍ തന്നെ കുടുങ്ങി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാടു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് മുരളിയെ പുറത്തെത്തിച്ചു. ഇയാളെ പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാള ഇറങ്ങുന്നതിനിടയില്‍ മുന്നോട്ടെടുത്ത കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പെട്ട് യാത്രക്കാരിയായ വയോധികക്ക് പരിക്കേറ്റു.
പൊയ്യ സ്വദേശി അരിക്കാട്ട് വിശ്വനാഥന്റെ ഭാര്യ പത്മിനിയമ്മയ്ക്കാണ് പരിക്കേറ്റത്. തൃശൂരില്‍ നിന്ന് മാളയിലേക്ക് വരികയായിരുന്ന ബസ് വടമയില്‍ നിര്‍ത്തിയ ശേഷം മുന്നോട്ട് എടുക്കുമ്പോഴാണ് യാത്രക്കാരി ബസിന്റെ അടിയില്‍ വീണത്. പരിക്കേറ്റ പത്മിനിയമ്മയെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന ചില ഓട്ടോറിക്ഷക്കാര്‍ വിസമ്മതിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. ഇവരെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാവക്കാട് ഒരുമനയൂര്‍ പൊയ്യായില്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സര്‍വൈശ്വര്യപൂജയും മാതൃസമിതിയുടെ ഏഴാം വാര്‍ഷികാകോഷവും നടന്നു.
ക്ഷേത്രം തന്ത്രി ബാലചന്ദ്രന്‍ എമ്പ്രാന്തിരി വിശേഷാല്‍ പൂജകള്‍ക്ക് കാര്‍മികനായി. തുടര്‍ന്ന് ശ്രീരാം കൂനമ്പുള്ളി ഭക്തി പ്രഭാഷണവും നടത്തി.
കൊടകര കനകമല മാര്‍ത്തോമ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തിലെ 78-ാമത് നോമ്പുകാല തീര്‍ത്ഥാടനം മാര്‍തോമ ശ്ലീഹായുടെ വിശ്വാസപ്രഖ്യാപന തിരുനാളാഘോഷത്തോടെ സമാപിച്ചു.
കുരിശുമുടിയില്‍ നടന്ന ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മ്മികനായി. തീര്‍ത്ഥാടന സമാപനമായി ട്രസ്റ്റിമാരും തീര്‍ത്ഥാടന കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് പൊന്‍പണം കുടങ്ങളില്‍ നിറച്ച് മലയിറക്കുന്ന ചടങ്ങും ഉണ്ടായി. പൊന്‍പണം നിറച്ച കുടങ്ങള്‍ അടിവാരം പള്ളിയിലെത്തിച്ച് അള്‍ത്താരയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് അടിവാരം പള്ളിയില്‍ നേര്‍ച്ചഭക്ഷണവിതരണം ഉണ്ടായി. ചടങ്ങുകള്‍ക്ക് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ആന്റോ ജി.ആലപ്പാട്ട് , അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോയ്‌സണ്‍ ഇടശ്ശേരി, ഫാ. വിപിന്‍ ചിറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൃപ്രയാര്‍ എടമുട്ടത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിവറേജ് വിരുദ്ധ ജനകീയ മുന്നണി തുടര്‍സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ധര്‍ണ നടത്തി.
ഔട്ട്‌ലെറ്റിനു മുന്നില്‍ നടന്ന ധര്‍ണ തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം പി.എം.ശരത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. സുമേഷ് പാനാട്ടില്‍, ബാബു പാണപറമ്പില്‍, കെ.എസ്.ഷിതേഷ് എന്നിവര്‍ സംസാരിച്ചു. സമരത്തിന്റെ ഭാഗമായി ഔട്ട്‌ലെറ്റിന് പടിഞ്ഞാറെ ഭാഗത്തെ വഴി ബിവറേജ് വിരുദ്ധ ജനകീയ മുന്നണി അടച്ചുകെട്ടിയിരുന്നു.
എരുമപ്പെട്ടി തയ്യൂര്‍ നിത്യസഹായ മാതാ ദേവാലയത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷിച്ചു.
ഫാ. സഞ്ജയ് തൈക്കാട്ടില്‍, ഫാ. ഫെബിന്‍ കുത്തൂര്‍, എന്നിവര്‍ കാര്‍മികരായി. ഇടവക വികാരി ഫാ.ടോണി വാഴപ്പിള്ളി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കൊടകര മൂന്നുകോടി രൂപ ചെലവില്‍ മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്ന കൊടകര-വാസുപുരം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എത്തി.
സി.പി.എം.കൊടകര ഏരിയ സെക്രട്ടറി ടി.എ.രാമകൃഷ്ണന്‍ , മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി എം.ആര്‍.രഞ്ചിത്ത് , പി.കെ.കൃഷ്ണന്‍കുട്ടി, ടി.എ.ഉണ്ണികൃഷ്ണന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുതുക്കാട് ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അളഗപ്പനഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരാക്കര ഗ്രാമീണ പൊതുകുളം വൃത്തിയാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി.
ഡി.സി.സി.പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലയ്ക്കല്‍ അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി, ജോസഫ് ടാജറ്റ്, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
എരുമപ്പെട്ടി വേലൂര്‍ മണിമലര്‍ക്കാവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം എല്‍സി ഔസേപ്പ് നിര്‍വ്വഹിച്ചു.
മണിമലര്‍ക്കാവ് ക്ഷേത്രം ഭരണസമിതിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. പഞ്ചായത്ത് അംഗം ഷേര്‍ളി ദിലീപ്കുമാര്‍, ഷീബ ഗോപിനാഥ്, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ആലത്ത് ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
കൊടകര ലോക പുസ്തക ദിനത്തോടനുബന്ധിച്ച് യുവ എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറിയുടെ കടലാസു വഞ്ചികള്‍ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.
മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ നടന്ന പരിപാടി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് പ്രകാശന്‍ ഇഞ്ചക്കുണ്ട് അധ്യക്ഷത വഹിച്ചു. കവി വര്‍ഗീസാന്റണി. വി.എം.ബിന്‍സാദ്, ജ്യോതിരാജ് തെക്കൂട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ചെമ്പുച്ചിറ പൂരത്തോടനുബന്ധിച്ച് മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായ അനൂപ് നൂലുവള്ളി, അജോ ജോസ് മാങ്കുറ്റിപ്പാടം, അരുണ്‍രാജ് എന്നിവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങള്‍ നല്‍കി.
തൃശൂര്‍ കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടിയും കണ്‍വെന്‍ഷനും തൃശൂരില്‍ സംഘടിപ്പിച്ചു.
കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രമീള ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെരീഫ് പാലോളി മുഖ്യപ്രഭാഷണം നടത്തി. എസ്.വിജയന്‍പിള്ള, സ്‌നേഹ രാമചന്ദ്രന്‍, കെ.എസ്.ഷാജു എന്നിവര്‍ സംസാരിച്ചു. ഡോ. സീതാലക്ഷ്മി, ഡോ. വി.ആര്‍ അജിത് കുമാര്‍ എന്നിവര്‍ ക്ലസ്സെടുത്തു.
ചേര്‍പ്പ് പാലയ്ക്കലില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല.
പാലയ്ക്കല്‍ മാര്‍ക്കറ്റ് ജംഗ്ഷനിലാണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. വഴിവിളക്കുകള്‍ തീരെ ഇല്ലാത്ത മേഖലയില്‍ അസമയങ്ങളില്‍ നാട്ടുകാര്‍ ഈ ലൈറ്റിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ മാസങ്ങളായി പ്രവര്‍ത്തന രഹിതമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
ചേലക്കര ചേലക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍ പ്പെടുത്തി പൂര്‍ത്തീകരിച്ച കുറുമല പടിഞ്ഞാറ്റുമുറി കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം നടന്നു.
യു.ആര്‍.പ്രദീപ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഗായത്രി ജയന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എസ്.ശ്രീകുമാര്‍, സൈനബ ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വടക്കാഞ്ചേരി കരുമത്ര കടുമ്പാട്ട്കാവ് ഉപദേവന്മാരുടെ ക്ഷേത്ര ശ്രീകോവിലുകളുടെ കട്ടിള വെയ്പ് നടന്നു.
ക്ഷേത്രം പൂജാരി പ്രവീണ്‍ ഭട്ടതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് അരുണ്‍, സെക്രട്ടറി ശരത്, കോര്‍ഡിനേറ്റര്‍ സജുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പുതുതായി നിര്‍മ്മിക്കുന്ന ഗണപതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടന്നു.
കൊടകര കൊടകര പഞ്ചായത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ മരത്തോമ്പിള്ളി കുളം നാടിന് സമര്‍പ്പിച്ചു.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷനായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വിലാസിനി ശശി, അപ്പോളോ ടയേഴ്‌സ് യൂണിയന്‍ പ്രതിനിധി ടി.സി. സേതുമാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവിനെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി.
കാളത്തോട് സ്വദേശി ചെമ്പകശേരി വീട്ടില്‍ ലോയിഡ് റോയിയെ ആണ് സി.ഐ -എം.കെ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തത്. 1999 ജൂലൈയില്‍ ഇരിങ്ങാലക്കുട ചേലൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കുത്തിത്തുറന്ന് 25 സ്വര്‍ണത്താലിയും 50-ല്‍ അധികം സ്വര്‍ണ ഏലസുകളും പണവും മോഷ്ടിച്ച കേസിലെ പ്രതിയാണ് ലോയിഡ് റോയ്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കുറ്റിച്ചിറ ചട്ടിക്കുളത്തു നിന്നാണ് അറസ്റ്റു ചെയ്തത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ തൃശൂര്‍ പുത്തന്‍പള്ളിക്ക് സമീപമുള്ള സ്വര്‍ണവ്യാപാരിക്കു വില്‍ക്കുകയായിരുന്നുവെന്നു പ്രതി പോലീസിനോടു പറഞ്ഞു. തൃശൂര്‍ പുല്ലഴിയിലുള്ള കുപ്രസിദ്ധ ഗുണ്ടാസംഘത്തലവന്റെ വലംകയ്യായിരുന്ന ലോയിഡ് റോയിക്കെതിരെ തൃശൂര്‍ ഈസ്റ്റ്, തൃശൂര്‍ വെസ്റ്റ്, നെടുപുഴ, മണ്ണുത്തി, ഇരിങ്ങാലക്കുട, ഒല്ലൂര്‍ എന്നി പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ദൊരൈബാബു വധക്കേസില്‍ ഇയാള്‍ അഞ്ചാം പ്രതിയാണ്. എസ്.ഐ-വി.പി.സുബീഷ്, സീനിയര്‍ സി.പി.ഒ-മുരുകേഷ് കടവത്ത്, സി.പി.ഒമാരായ പി.കെ.മനോജ്, വി.ബി.രാജീവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
തൃശൂര്‍ തൃശൂര്‍ റേഞ്ച് ഐ.ജി.യുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ സിറ്റി പോലീസ് പരിധിയില്‍ ശനിയാഴ്ച നടത്തിയ കോമ്പിംഗ് ഓപ്പറേഷനില്‍ പോലീസ് പിടികൂടിയത് 175 പേരെ. ഒരു ഡെപ്യൂട്ടി കമാന്റിനേയും 6 അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരേയും 9 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരേയും ഉള്‍പ്പെടെ 268 പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നത്.
വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന 53 പ്രതികളും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 9 പ്രതികളും പൊതുസ്ഥലത്ത് മദ്യപാനം നടത്തുകയും പൊതുജനശല്യം ഉണ്ടാക്കുകയും ചെയ്ത 113 പേരും കോമ്പിംഗ് ഓപ്പറേഷനില്‍ പോലീസിന്റെ പിടിയിലായി. പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക മൊബൈല്‍ പട്രോളിംഗും ബൈക്ക് പട്രോളിംഗും ഫുട്ട് പട്രോളിംഗും ശക്തമാക്കി നടത്തിയ പരിശോധനയില്‍ 459 പേരാണ് പിടിയിലായത്. ഇവരില്‍ 61 പേര്‍ക്കെതിരെ അമിത വേഗത്തിലും അശ്രദ്ധമായും മദ്യപിച്ചും വാഹനം ഓടിച്ചതിന് നടപടി സ്വീകരിച്ചു. മോട്ടോര്‍വാഹന നിയമ പ്രകാരമുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ട 398 പേരില്‍ നിന്നായി 6,74,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. തൃശൂര്‍ പൂരം അടുത്തു വരുന്ന സാഹചര്യത്തില്‍ സാമൂഹികവിരുദ്ധര്‍ നഗരത്തില്‍ വന്നു ചേരുന്നത് തടയുന്നതിനായി ലോക്കല്‍ പോലീസിനു പുറമേ നിഴല്‍ പോലീസിനേയും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡിനേയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. തൃശൂര്‍ റൂറല്‍ പോലീസ് നടത്തിയ വ്യാപകമായ വാഹനപരിശോധനയില്‍ 20,296 വാഹനങ്ങള്‍ക്ക് പിഴയിട്ടു.ഇതിന് 1,99,412 രൂപയാണ് പിഴയീടാക്കിയത്. 10 കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുള്ളികളായ 26 പേരെയും അറസ്റ്റ് വാറണ്ട് ഉത്തരവായിരുന്ന 86 പേരെയും അറസ്റ്റ് ചെയ്തതായി എസ്.പി അറിയിച്ചു.
തൃശൂര്‍ സര്‍ഗസ്വരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനവും എഴുത്തുകാരന്‍ പാങ്ങില്‍ ഭാസ്‌കരന്‍ രചിച്ച 3 കൃതികളുടെ പ്രകാശനവും തൃശൂരില്‍ നടന്നു.
പാങ്ങില്‍ ഭാസ്‌കരന്‍ രചിച്ച നന്ദികേശന്‍ സാക്ഷി, അകത്തളം എന്നീ നോവലുകളുടേയും കൃഷ്ണന്റെ ജനനവും സഖാവ് ശേഖരനും എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനവും എസ്.കെ.വസന്തന്‍ നിര്‍വഹിച്ചു. സര്‍ഗസ്വരം വൈസ് പ്രസിഡന്റ് ഗംഗാധരന്‍ ചെങ്ങാലൂര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.രാമചന്ദ്രന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ.സാവിത്രി ലക്ഷ്മണന്‍, പ്രൊഫ.പി.സരസ്വതി, പാങ്ങില്‍ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നംകുളം വാഹന കച്ചവടത്തില്‍ ഇടപാടുകാരെ വഞ്ചിച്ച കേസിലെ പിടികി്ട്ടാപുള്ളിയായ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങോട് സ്വദേശി പ്രേമനാണ് അറസ്റ്റിലായത്. 18 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.കുന്നംകുളത്ത് യൂസ്ഡ് കാര്‍ വില്‍പന നടത്തിയിരുന്ന പ്രേമന്‍ രഹസ്യമായി ആര്‍.സി.ബുക്ക് പണയപെടുത്തിയ ശേഷം വാഹനങ്ങള്‍ വില്‍പന നടത്തിയെന്നാണ് കേസ്. ഇത്തരത്തില്‍ നാല് വാഹനങ്ങള്‍ വില്‍പന നടത്തിയത് സംബന്ധിച്ചുള്ള പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രേമന്‍ കൊപ്പം വളാഞ്ചേരി റോഡില്‍ താമസിച്ചുവരികയായിരുന്നു. പിന്നീട് മലേഷ്യയിലായിരുന്ന പ്രതി അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ സ്ഥിരം ഗജമണ്ഡപം നിര്‍മ്മിക്കുന്നു.
ക്ഷേത്രത്തിലെ താലപ്പൊലിക്കാവ് തറപ്പാട്ടത്തിനെടുത്ത് നടത്തുന്ന ശ്രീ ദുര്‍ഗ്ഗ ട്രസ്റ്റാണ് പത്ത് ലക്ഷം രൂപ ചിലവില്‍ സ്ഥിരം ആനപ്പന്തല്‍ വഴിപാടായി നിര്‍മ്മിച്ചു നല്‍കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ ഒ.കെ യോഗം ഓഫീസിന് മുന്നില്‍ നിര്‍മ്മിക്കുന്ന ഗജമണ്ഡപത്തിന്റെ തറക്കല്ലിടല്‍ ശ്രീ ദുര്‍ഗ്ഗാ ട്രസ്റ്റ് രക്ഷാധികാരി എ.ആര്‍.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പരമേശ്വരനുണ്ണി അടികള്‍, ട്രസ്റ്റികളായ പി.എ.സത്യന്‍, പി.ബി.കിഷോര്‍, മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പത്ത് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിക്കുന്ന ഗജമണ്ഡപത്തിന് അഞ്ച് മീറ്റര്‍ ചുറ്റളവുണ്ട്. ചിത്രപ്പണികളോടെയുള്ള തൂണുകളും, ക്ഷേത്ര മാതൃകയിലുള്ള മേല്‍ക്കൂരയും ഗജമണ്ഡപത്തിന് ഭംഗിയേകും. ആറ് മാസത്തിനകം ഗജമണ്ഡപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.
അവിണിശേരി അവിണിശേരി സെന്റ് ജോസഫ് ചര്‍ച്ച് കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഫ്‌ളഡ്‌ലിറ്റ് ഫൂട്‌ബോള്‍ ഷൂട്ട്ൗട്ട് മേള നടത്തി.
അവിണിശേരി സെന്റ് ജോസഫ് പള്ളി മൈതാനത്ത് നടന്ന മേള വാര്‍ഡംഗം ജോയ് പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ് തെക്കേകര അധ്യക്ഷനായിരുന്നു.
പുതുക്കാട് രാപ്പാള്‍ ബ്രദേഴ്‌സ് ക്ലബ് ലൈബ്രറി ആന്റ് റീഡിംഗ് റൂം അമ്പത്തിയൊന്‍മ്പതാം വാര്‍ഷികാഘോഷം സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ടി. കുഞ്ഞുണ്ണിമേനോന്‍ അധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍.ഹരി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.രാജന്‍, പറപ്പൂക്കര ഗ്രാമപ്പഞ്ചായത്തംഗം രമ്യ അനില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും ലൈബ്രറി കലാസമിതിയുടെ ആഭിമുഖ്യത്തില്‍ സോക്രട്ടീസ് എന്ന നാടകവും അവതരിപ്പിച്ചു.
കൊടകര മെക്കാഡം ടാറിംഗ് നടന്നു വരുന്ന കൊടകര -വാസുപുരം റോഡില്‍ മറ്റത്തൂര്‍കുന്ന് കയറ്റത്ത് റോഡരുകില്‍ മണ്ണിനടിയിലെ ഉറവയില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് റോഡിന് ബലക്ഷയമുണ്ടാക്കുമെന്ന് നാട്ടുകാര്‍ക്കാശങ്ക.
മറ്റത്തൂര്‍കുന്ന് ജംഗ്ഷനും കടശപുരം ക്ഷേത്രത്തിനും മധ്യേയുള്ള കയറ്റത്താണ് റോഡരുകില്‍ മണ്ണിനടിയില്‍ നിന്ന് വെള്ളം നിലയ്ക്കാതെ ഒഴുകുന്നത്. ഈ ഭാഗത്തുണ്ടായ പാറക്കെട്ട് റോഡു വികസനത്തിന്റെ ഭാഗമായി പൊട്ടിച്ചു നീക്കിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഉറവ രൂപം കൊണ്ടത്. തൊട്ടുടുത്തുള്ള കുന്നിലെ പാറമടകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഭൂമിക്കടിയിലൂടെ ഒലിച്ചെത്തി ഉറവയായി പുറത്തേക്കുവരുന്നതാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉറവ കാണപ്പെടുന്ന സ്ഥലത്തെ നീരൊഴുക്ക് പൂര്‍ണ്ണമായി ഇല്ലാതാക്കാതെ ഇതിനു മീതെ ടാറിംഗ് നടത്തിയാല്‍ മഴക്കാലത്ത് റോഡ് തകരാന്‍ ഇടവരുമെന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ഉറവയില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് കോണ്‍ക്രീറ്റ് ഇട്ട് അടച്ചുനിര്‍ത്താനും ശ്രമം നടക്കുന്നുണ്ട്. റോഡുനിര്‍മ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മറ്റത്തൂര്‍കുന്നിലെത്തിയിരുന്നു.
ചാവക്കാട് ഖുറാന്‍ സ്റ്റഡി സെന്റര്‍ തഖ്ദീസ് പഠന ക്യാമ്പ് ചാവക്കാട് നടന്നു.
ജനറല്‍ കണ്‍വീനര്‍ ടി.കെ.അബ്ദുസലാം ഉദ്ഘാടനം ചെയ്തു. തെക്കരകത്ത് കരീം അധ്യക്ഷത വഹിച്ചു. ഡോ.സുലൈമാന്‍ മേല്‍പ്പത്തൂര്‍ ക്ലാസെടുത്തു. ഷഫീഖ് ഫൈസി കായംകുളം ,ഷാഫി വാഫി, ഹിഷാം ഹംസു എന്നിവര്‍ സംസാരിച്ചു.
ചാവക്കാട് ജില്ലാ മാധ്വധര്‍മ്മ സംഘം ഗുരുവായൂര്‍ ഉപജില്ലാ കുടുംബസംഗമം ചാവക്കാട് നടന്നു.
രാധാകൃഷ്ണന്‍ കാക്കശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലചന്ദ്രന്‍ എമ്പ്രാന്തിരി അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ എമ്പ്രാന്തിരി പേരകം, ബാബു എമ്പ്രാന്തിരി, സീതാരാമന്‍ എമ്പ്രാന്തിരി എന്നിവര്‍ സംസാരിച്ചു. മാധ്വധര്‍മ്മ സംഘം ഗുരുവായൂര്‍ ഉപജില്ലയിലെ 80 കഴിഞ്ഞവരെയും 25 വര്‍ഷം തുടര്‍ച്ചയായി പൂജാ പ്രവൃത്തി നടത്തിയ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. സമാപന സമ്മേളനം ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ കലാനിലയം പ്രിന്‍സിപ്പാള്‍ നാരായണന്‍ എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്തു. ശ്രീനിവാസന്‍ പോറ്റി വെള്ളാങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട കരുവന്നൂര്‍ തേലപ്പിള്ളിയില്‍ കുടുംബക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.
രണ്ടാം പാപ്പാന്‍ പിണങ്ങി പോയതിനാല്‍ വേറെ പാപ്പാന്മാരാണ് ആനയെ നോക്കിയിരുന്നത്. ഇടഞ്ഞ ആന ക്ഷേത്രപരിസരത്ത് നിന്ന് പുറകിലോട്ട് അരകിലോമിറ്ററോളം ഓടി. പിന്നിട് തേലപ്പിള്ളി സ്‌റ്റേഡിയം ഗ്രൗണ്ടില്‍ കയറിയ ആനയെ ഉടമയും വേറെ പാപ്പാന്മാരുമെത്തി ഏറെ പണിപ്പെട്ടാണ് ശാന്തനാക്കിയത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തിയിരുന്നു. ശാന്തനാക്കിയ ആനയെ പീന്നിട് ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുന്നത് പോലീസ് തടഞ്ഞു.
തൃശൂര്‍ കേരള ആം റസലിങ്ങ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് തൃശൂരില്‍ തുടരുന്നു.
ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. തെക്കേ ഗോപുരനടയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലായി ഇരുനൂറോളം പേരാണ് പങ്കെടുക്കുന്നത്. ജില്ലയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ താരങ്ങളായ എ.യു.ഷാജു, പി.എ.അബ്ദുള്‍ അസീസ്, ജെസ്റ്റിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങള്‍ ഇന്ന് വൈകീട്ട് സമാപിക്കും. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന താരങ്ങള്‍ അടുത്തമാസം 17 മുതല്‍ 19 വരെ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയപഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
എരുമപ്പെട്ടി കടുത്ത വേനലില്‍ നാട് വറ്റി വരണ്ടുണങ്ങുമ്പോള്‍ വറ്റാത്ത ജല സ്രോതസ് ജനങ്ങള്‍ക്ക് അത്ഭുതമാകുന്നു.
എയ്യാല്‍ മഹാവിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിന്‍ മുകളിലാണ് ഒരു കാലത്തും വറ്റാത്ത നീരുറവയുള്ളത്. ആനപ്പാറയെന്ന് വിളിക്കുന്ന പാറയ്ക്ക് മുകളിലാണ് വിഷ്ണു ക്ഷേത്രമുള്ളത്. ഇതിന് സമീപമുള്ള പാറയിടുക്കിലാണ് നീരുറവ. ഇതില്‍ നിന്നാണ് ക്ഷേത്രാവശ്യങ്ങള്‍ക്കായുള്ള ജലം, മോട്ടോര്‍ പമ്പ് ഉപയോഗിച്ച് എടുക്കുന്നത്. കത്തുന്ന വേനലിലും പാറയിടുക്കിലെ ഈ തണുത്ത വെള്ളത്തിന് ഒരു കുറവും വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം ഈ നീരുറവ വേണ്ട രീതിയില്‍ സംരക്ഷിക്കപ്പെടുന്നില്ലായെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്. നീരുറവയിലേക്ക് പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും വലിച്ചെറിയുന്നത് ഒഴിവാക്കാനായി പാറയിടുക്കില്‍ ഇരുമ്പ് ഗ്രില്ല് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അന്തിക്കാട് കാഞ്ഞാണി പുത്തന്‍കുളത്തിന് സമീപം ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം ഇരുപത്തി അഞ്ച് അടിയോളം ഉയരത്തിലേയ്ക്ക് തെറിച്ചത് ജനങ്ങള്‍ക്ക് കൗതുകവും ഒപ്പം ആശങ്കയുമായി.
ഇന്ന് രാവിലെ എട്ടോടെയാണ് വെള്ളത്തിന്റെ പ്രഷര്‍ മൂലം പൈപ്പ് പൊട്ടി വെള്ളം ചീറ്റിയത്. സമീപത്ത് തന്നെയുള്ള ഹൈ ടെന്‍ഷന്‍ വൈദ്യുത ലൈനുകളില്‍ തട്ടിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിക്കാര്‍ വാല്‍വ് അടച്ച് ശുദ്ധജലം പാഴാകുന്നത് തടഞ്ഞു.
കുന്നംകുളം അടുപ്പൂട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍്‌ത്തോഡക്‌സ് ഇടവകയിലെ വിദ്യാര്‍ര്‍ത്ഥി പ്രസ്ഥാനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.
മോറാന്‍ മാര്‍ ബസേലിയോസ് മാര്‍്‌ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ചെറുവത്തൂര്‍ അധ്യക്ഷനായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സോവനീറിന്റെ പ്രകാശനവും നടന്നു. ഇടവകയില്‍ നിന്ന് അക്കാദമിക് തലത്തില്‍ ഉന്നത വിജയം നേടിയവരേയും, പൂര്‍വ്വകാല പ്രവര്‍ത്തകരേയും, ആദരിച്ചു. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനവും നടന്നു. പ്രൊഫ.മാത്യൂസ് വാഴക്കുന്നം, ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍, ഫാ, വര്‍ഗ്ഗീസ് തോലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ കേരളത്തിലെ ആദ്യത്തെ ക്വാളിറ്റി പ്രമോഷന്‍ സെന്ററായി തൃശൂര്‍ ദയ ആശുപത്രിയെ തെരഞ്ഞെടുത്തു.
എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡോ.വിജയ് അഗര്‍വാള്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. ദയ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.കെ.അബ്ദുള്‍ അസീസ് ഏറ്റുവാങ്ങി. ഡയറക്ടര്‍ എം.എം.അബ്ദുള്‍ ജബ്ബാര്‍, ഡോ.ലല്ലു ജോസഫ്, ബെര്‍ണാസ് തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നംകുളം ഓട്ടോറിക്ഷയില്‍ മറന്ന് വെച്ച യാത്രക്കാരുടെ സ്വര്‍ണവും പണവുമടങ്ങുന്ന പഴ്‌സ് ഉടമയ്ക്ക് തിരിച്ചേല്‍പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് അഭിനന്ദനം.
കേച്ചേരിയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ ചിറനല്ലൂര്‍ വിളക്കത്തറ തുളസീദാസാണ് ഓട്ടോയില്‍ നിന്നു ലഭിച്ച പഴ്‌സ് , ഉടമയെ കണ്ടെത്തി തിരികെ ഏല്‍പിച്ചത്. ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവള, കമ്മല്‍, 3,675 രൂപ മറ്റു രേഖകള്‍ എന്നിവ പഴ്‌സിലുണ്ടായിരുന്നു. സ്വര്‍ണ്ണ പണയ രസീതിയിലുണ്ടായിരുന്ന നമ്പറില്‍ വിളിച്ചാണ് പൊലീസ് ഉടമയെ കണ്ടെത്തിയത്. സ്റ്റേഷനിലെത്തിയ ഉടമയ്ക്ക് അഡീഷണല്‍ എസ്.ഐ.യുടേയും പൊലീസുകാരുടേയും സാന്നിദ്ധ്യത്തില്‍ തുളസീദാസ് പഴ്‌സ് കൈമാറി.
കുന്നംകുളം കുന്നംകുളം സെന്റ് േേജാര്‍ജ്ജ് ആശ്രമദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു.
ഇതോടനുബന്ധിച്ച് ആഘോഷമായ ദിവ്യബലി നടന്നു. ഫാ.ജെയ്‌സണ്‍ മുണ്ടന്‍മാണി, ഫാ.ജോജ അരീക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രദിക്ഷണവും, നേര്‍ച്ചഭക്ഷണവും ഉണ്ടായിരുന്നു.
മുളയം മുളയം റോഡ് ജംഗ്ഷനിലെ മേല്‍പാതയുടെ നിര്‍മ്മാണം നാട്ടുകാരും മുല്ലക്കര ദേശം രക്ഷാസമിതിയും ചേര്‍ന്ന് തടഞ്ഞു.
റോഡ് നിര്‍മ്മാണം ആരംഭിക്കുന്ന സമയത്ത് മുളയം റോഡ് ജംഗ്ഷനില്‍ സിഗ്നല്‍ ജംഗ്ഷന്‍ മാത്രമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ക്ക് വേണ്ടിയാണ് ഒരു സംഘടനയുടെ മറവില്‍ സിഗ്നലിന് പകരം മേല്‍പാതയാക്കിട്ടുള്ളതെന്ന് സമരക്കാര്‍ ആരോപിച്ചു.
ഗുരുവായൂര്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശ്ശിവപേരൂര്‍ ജില്ലാസമ്മേളനം ഗുരുവായൂരില്‍ നടന്നു.
സമിതി ജില്ല അധ്യക്ഷന്‍ എ.പി.ഭരത്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി ജി.ബി.ദിനചന്ദ്രന്‍, പി.ആര്‍.പ്രഭാകരന്‍, അഡ്വ.കെ.എസ്.പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കുന്ന് കോഴിക്കുന്ന് സന്തോഷ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും 34-ാമത് വാര്‍ഷികാഘോഷവും നടന്നു.
പരിപാടിയുടെ ഭാഗമായി കഞ്ചാവ്, മയക്കുമരുന്നു ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെ അണിനിരക്കൂ എന്ന സന്ദേശത്തോടെ കൂട്ടയോട്ടം സംഘടിപ്പിച്ചു. പ്രവാസി വ്യാപാരി വി.ആര്‍.രാജേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് ജി.രാജു അധ്യക്ഷത വഹിച്ചു.
ഗുരുവായൂര്‍ ബ്രഹ്മകുളം സെന്റ്‌തോമസ് പള്ളി തിരുനാള്‍ ഭക്തിസാന്ദ്രമായി.
ദിവ്യബലിക്ക് വികാരി ഫാ.ഫ്രാന്‍സിസ് മുട്ടത്ത് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് കോട്ടപ്പടി പള്ളി വികാരി ഫാ.നോബി അമ്പൂക്കന്‍ കാര്‍മ്മികനായി. ഫാ.മത്തായി അക്കര സഹകാര്‍മികത്വം വഹിച്ചു. അതിരൂപതാ ചാന്‍സിലര്‍ ഫാ.മാത്യു കുറ്റിക്കോട്ടയില്‍ സന്ദേശം നല്‍കി. ദിവ്യബലിക്ക് പാവറട്ടി ആശ്രമത്തിലെ ഫാ.വര്‍ഗ്ഗീസ് കാക്കശ്ശേരി കാര്‍മ്മികനായി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഫാന്‍സി വെടിക്കെട്ട് എന്നിവയും ഉണ്ടായിരുന്നു.
ഗുരുവായൂര്‍ ഗുരുവായൂര്‍ നഗരസഭയില്‍ വയോമിത്രം പദ്ധതി ആരംഭിച്ചു.
കേരള സാമൂഹികസുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ പൂക്കോട് ഹെല്‍ത്ത് സെന്ററില്‍ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍മാരായ പ്രൊഫ.പി.കെ.ശാന്തകുമാരി അധ്യക്ഷയായിരുന്നു. വൈസ്‌ചെയര്‍മാന്‍ കെ.പി.വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാര്യര്‍, എം.രതി തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ തൃശൂരില്‍ നടന്നു.
യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.വി.ജോയ്, വി.വി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നംകുളം വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ സമാപിച്ചു.
സമാപന പൊതുസമ്മേളനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ടി.മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.അജിത മുഖ്യപ്രഭാഷണം നടത്തി. എം.എ.കമറുദ്ദീന്‍, സുലൈഖ, അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
ചേര്‍പ്പ് ജലസ്വരാജിന്റെ ഭാഗമായി ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്പ്പ് വല്ലച്ചിറയിലെ പൊതുകിണര്‍ വൃത്തിയാക്കി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.കെ.കൃഷ്ണകുമാര്‍, മുരളീധരന്‍ പാട്ടത്തില്‍, വി.കെ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ കേരള പോലീസ് അസോസിയേഷനു വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ കൊടുങ്ങല്ലൂര്‍ സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് വിനോദിന് സാഗരിക കൊടുങ്ങല്ലൂര്‍ സ്വീകരണം നല്‍കി.
വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ജി.നൈജി, എം.പി.മനോജ്, ആര്‍.എം.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ എ.ഐ.ടി.യു.സി. കൊടുങ്ങല്ലൂര്‍ മണ്ഡലം പഠന ക്യാമ്പ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്തു.
ജി.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ, കെ.ജി.ശിവാനന്ദന്‍, കെ.വി.വസന്തകുമാര്‍, ടി.എം.ബാബു, ലളിത ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
പുതുക്കാട് ആനന്ദപുരം തറയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമര്‍പ്പണം നടന്നു.
ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മൂക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗോപുര സമര്‍പ്പണം നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് പി.മജു അധ്യക്ഷനായി. ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ നിധിയുടെ വിതരണം ഡോ.എന്‍.എസ്.രേഖ നിര്‍വ്വഹിച്ചു. തന്ത്രി അണിമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരി, മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി, മുരിയാട് ഗ്രാമ പഞ്ചായത്തംഗം മോളി ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.
മാള ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനമാല പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു.
തൊണ്ണൂറ്റിയേഴാം വയസിലാണ് അഷ്ടമിച്ചിറ സ്വദേശിയായ മുന്‍ മലയാള അദ്ധ്യാപകന്‍ പി.ചന്ദ്രശേഖര വാര്യര്‍ ദര്‍ശനമാല വിവര്‍ത്തനം ചെയ്തത്. ഏതൊരാള്‍ക്കും വായിച്ച് മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയിലാണ് വിവര്‍ത്തനം. ഗുരുദേവന്റെ നൂറുകണക്കിന് ശ്ലോകങ്ങള്‍ സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് ചന്ദ്രശേഖര വാര്യര്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്തിന്റെ ഭാഗമായി ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് പി.എം.വേലായുധന്‍ പുസ്തകം പ്രകാശനം ചെയ്തു.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി -അധ്യാപക-അനധ്യാപക സംഗമം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീല രാജ്കമല്‍ അധ്യക്ഷത വഹിച്ചു. ഇ.ടി.ടൈസണ്‍ എം.എല്‍.എ ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി.ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ രശ്മി ബാബു, സ്‌കൂള്‍ സൂപ്രണ്ട് പി.കെ.സജീഷ് എന്നിവര്‍ സംസാരിച്ചു. സംഗമത്തിന്റെ ഓര്‍മ്മയ്ക്കായി വിദ്യാലയ വളപ്പില്‍ അഞ്ഞൂറ് ഫലവൃക്ഷ തൈകള്‍ നട്ടു.
തൃശൂര്‍ തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ ചേരും.
സ്റ്റാര്‍ ഹോട്ടല്‍ ഉടമയും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു സംബന്ധിച്ച വിവാദം ചര്‍ച്ച ചെയ്യുന്നതിനാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഫോണ്‍ സംഭാഷണത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ അനൗദ്യോഗികമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെ ഹോട്ടലുകളിലെ പരിശോധനയ്‌ക്കെതിരെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് കോര്‍പ്പറേഷന് തിരിച്ചടിയായി.
തൃശൂര്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ തകരാറിലായ ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണി നാളെ ആരംഭിക്കും.
പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ നേരത്തെ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കുന്നത്. മെഡിക്കല്‍ കോളേജിലെ 17 ലിഫ്റ്റുകളില്‍ 3 എണ്ണം മാത്രമാണ് നിലവില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നത്. ലിഫ്റ്റുകളുടെ അറ്റകുറ്റപണിക്കായി 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
എരുമപ്പെട്ടി വേലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ചിരുന്ന ഫുട്‌ബോള്‍ ഗോള്‍ പോസ്റ്റുകളും വലകളും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.
വേലൂര്‍ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച സെവന്‍സ് ഫുട് ബോള്‍ മത്സരത്തിന് വേണ്ടി സ്ഥാപിച്ചിരുന്നതായിരുന്നു പുതിയ പോസ്റ്റുകളും വലകളും. ഇന്നലെ ഉദ്ഘാടന മത്സരം കഴിഞ്ഞതിന് ശേഷമാണ് സാമൂഹിക വിരുദ്ധര്‍ അക്രമം നടത്തിയിട്ടുള്ളത്. പോസ്റ്റുകളും വലകളും ഗ്രൗണ്ടിലെ ആള്‍മറയില്ലാത്ത കിണറ്റിലിട്ടിരിക്കുകയാണ്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. എരുമപ്പെട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഗ്രൗണ്ടിന് സമീപമുള്ള ബാങ്കിലെ നിരീക്ഷണ കാമറ പോലീസ് പരിശോധിക്കും
വടക്കാഞ്ചേരി പാര്‍ളിക്കാട് തെനംപറമ്പ് അംഗന്‍വാടി റോഡിന്റെ ഉദ്ഘാടനം പി.കെ.ബിജു എം.പി. നിര്‍വ്വഹിച്ചു
വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ്കിഷോര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.എന്‍.ജയന്തന്‍, എന്‍.കെ.പ്രമോദ്കുമാര്‍, പി.ആര്‍.അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.ബിജു എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്.
മാള റോഡ് ആന്റ് ബില്‍ഡിങ് വര്‍ക്കേഴ്‌സ് യൂണിയന്‍-സി.ഐ.ടി.യു. മാള ഏരിയ സമ്മേളനം നടത്തി.
സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് പോള്‍ കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ടി.പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ലോഹിദാക്ഷന്‍, സി.എന്‍.ദേവകി, സി.എന്‍.മാലതി തുടങ്ങിയവര്‍ സംസാരിച്ചു.
എരുമപ്പെട്ടി എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ തിരുന്നാളിന് ഫാ.പോള്‍ പേരാമംഗലം കൊടിയേറ്റി.
വിശുദ്ധ യൗസേപ്പ് പിതാവിന്റേയും പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ സെബാസ്ത്യനോസിന്റേയും സംയുക്ത തിരുന്നാള്‍ ഈമാസം 29 മുതല്‍ മെയ് 2 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ.പ്രിന്റോ കുളങ്ങര അറിയിച്ചു.
മാള ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്ത് ജില്ലാ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള ആത്മീയ സമ്മേളനം മാളയില്‍ നടത്തി.
സ്വാമി അവ്യയാനന്ദ ഉദ്ഘാടനം ചെയ്തു. ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ പ്രസിഡന്റ് എ.ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.എ.മുഹമ്മദ് മൗലവി, അശോകന്‍ ചരുവില്‍, പി.കെ.സാബു എന്നിവര്‍ പങ്കെടുത്തു. ചരിത്ര ഗവേഷകന്‍ അമല്‍ സി.രാജന്‍ പഠന ക്ലാസ് നയിച്ചു. എ.പി.ബാലന്‍, പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഘടനാ വാര്‍ഷിക പൊതുയോഗം നടന്നു.
കയ്പമംഗലം ഡി.വൈ.എഫ്.ഐ. കയ്പമംഗലം പതിനെട്ടുമുറി യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും, മരുന്ന് വിതരണവും നടത്തി.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. കൈപ്പമംഗലം വെസ്റ്റ് മേഖല സെക്രട്ടറി എന്‍.എസ്.പ്രണവ് അദ്ധ്യക്ഷത വഹിച്ചു. സിപി.എം.നാട്ടിക ഏരിയ സെക്രട്ടറി പി.എം.അഹമ്മദ്, ലോക്കല്‍ സെക്രട്ടറി എം.സി.ശശിധരന്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കദീജ പുതിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയില്‍ എം.എസ്‌സി. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി.കെ.ഹരിതയെ ചടങ്ങില്‍ ആദരിച്ചു.
മാള കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തില്‍ കുഴിക്കാട്ടുശേരി ഗ്രാമികയില്‍ ചിത്രകലാ പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു.
അക്കാദമി ചെയര്‍മാന്‍ ടി.എ.സത്യപാല്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ കാര്‍ത്തികേയന്‍ മുരിങ്ങൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി ആദം അനുസ്മരണം വി.കെ.രാജന്‍ നിര്‍വ്വഹിച്ചു. സുരേഷ് മുട്ടത്തി, ചിത്രകാരന്‍ സി.ടി.നാരായണന്‍, പി.കെ.കിട്ടന്‍ എന്നിവര്‍ സംസാരിച്ചു
പാവറട്ടി പാവറട്ടി സെന്റ് തോമസ് ആശ്രമ ദേവാലയത്തില്‍ വിശുദ്ധ തോമസ് ശ്ലീഹായുടെ തിരുനാള്‍ ഭക്തി സാന്ദ്രമായി.
ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയ്ക്ക് ഫാ.സിജേഷ് വാതുക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ആശ്രമാധിപന്‍ ഫാ. ജോസഫ് ആലപ്പാട്ട്, ഫാ.സേവി പുത്തരി എന്നിവര്‍ സഹകാര്‍മ്മികരായി. തിരുന്നാള്‍ ദിവ്യബലിയെ തുടര്‍ന്ന് പ്രദക്ഷിണവും ഉണ്ടായിരുന്നു.
മാള പുത്തന്‍ചിറ കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മ സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്കായി ഫെസ്റ്റ് സംഘടിപ്പിച്ചു.
നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായ വിതരണവും ചടങ്ങില്‍ നടന്നു. അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. സിനിമാ നടന്‍ വിനു മോഹന്‍ മുഖ്യാതിഥിയായിരുന്നു. ബീന സുധാകരന്‍, ബിന്ദു ബാബു, വി.എ.നദീര്‍ എന്നിവര്‍ സംസാരിച്ചു.
കയ്പമഗംലം പെരിഞ്ഞനം ലയണ്‍സ് ക്ലബ്ബ് പാപ്പിനിവട്ടം സഹകരണബാങ്കുമായും ചക്കരപ്പാടം ജെ.ബി.സി ക്ലബ്ബുമായും സഹകരിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പെരിഞ്ഞനം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.സച്ചിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് വി.കെ.ഷണ്മുഖന്‍ അധ്യക്ഷത വഹിച്ചു. പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് ഷഫീര്‍, ജെ.ബി.സി.ക്ലബ്ബ് പ്രസിഡന്റ് ടി.എ.അനസ്, പി.പി.ജോസ് എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ അടുത്ത 3 വര്‍ഷത്തിനുള്ളില്‍ പ്രീപ്രൈമറി മുതലുള്ള സ്‌കൂളുകളും സര്‍വ്വകലാശാലകളും ആധുനീകരിച്ച് ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.
കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സന്ദേശ ജാഥകളുടെ സംഗമം തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ലോക വിദ്യാഭ്യാസത്തിന്റെ ലബോറട്ടറിയായി കേരളം മാറേണ്ടതുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ലോകത്തിന് തന്നെ മാതൃകയാക്കി മാറ്റുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസം, പൊതുവിതരണം തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കി കമ്പോളവല്‍ക്കരണം നടപ്പിലാക്കാനും മൂലധനശക്തികള്‍ക്ക് അടിയറവു പറയാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും പ്രസക്തി കുറച്ച് മൂലധന ശക്തികള്‍ക്ക് പൊതുമേഖല നിയന്ത്രിക്കാന്‍ അവസരം നല്‍കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് മന്ത്രി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസം നശിപ്പിക്കാനും ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേരളം ഇത് അനുവദിക്കില്ല. മൂലധനശക്തികളെ ഭരിക്കാനനുവദിക്കാതെ ഭരണകൂടവും വിദ്യാഭ്യാസ വിചക്ഷണരും പ്രഗത്ഭരും വിദ്യാഭ്യാസ രംഗത്തെ നയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ജി.മോഹനന്‍ അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റന്‍മാരായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജെ.ഹരികുമാര്‍, ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. സംഘാടക സമിതി ചെയര്‍മാന്‍ മുരളി പെരുനെല്ലി എം.എല്‍.എ, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജെയിംസ് പി.പോള്‍ എന്നിവര്‍ സംസാരിച്ചു
തൃശൂര്‍ തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച ഫോണ്‍ കെണി വിവാദമായി.
സ്റ്റാര്‍ ഹോട്ടല്‍ ഉടമയും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ഹോട്ടല്‍ ഉടമയും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന നിലയിലാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഹോട്ടലുകളില്‍ പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ പേരുകള്‍ പ്രസദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്ത് വേണമെങ്കിലും ചെയ്യാമെന്നും പത്രങ്ങളില്‍ പേരുള്‍പ്പടെ വന്നത് നാണക്കേടുണ്ടാക്കുന്നതാണെന്നും ഹോട്ടലുടമ പറയുമ്പോള്‍ നാണകേണ്ടുണ്ടാക്കല്‍ തന്നെയാണ് ലക്ഷ്യമെന്നും തങ്ങള്‍ വിചാരിച്ചാല്‍ ചിലത് നടക്കുമെന്നും മനസിലായില്ലേയെന്ന് ഉദ്യേഗസ്ഥന്‍ മറുപടി പറയുന്നതിന്റെ ശബ്ദരേഖയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫോണ്‍ ശബ്ദരേഖ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷിച്ചു തുടങ്ങി. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാന്‍ ഹോട്ടല്‍ റെയ്ഡില്‍ പങ്കെടുത്ത കോര്‍പറേഷനിലെ മുഴുവന്‍ ആരോഗ്യവകുപ്പ് ഉദ്യോസ്ഥരോടും മേയറുടെ ചേംബറില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്ന് കോര്‍പറേഷന്‍ ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചു.
തൃശൂര്‍ നമ്മള്‍ ഇന്നു കാണുന്ന തൃശൂര്‍ പൂരം ഇത്ര മനോഹരമായി കൊത്തിയെടുത്തത് കൊച്ചി വാണരുളിയ ശക്തന്‍ തമ്പുരാനാണ്. ഒരാളെ പോലും വകവെയ്ക്കാത്ത തമ്പുരാന്റെ ഭരണകാലത്ത് ഒരുക്കിയ ഭരണഘടനയില്‍ നിന്ന് ഒരിഞ്ചു പോലും മുന്നോട്ടോ പിന്നോട്ടോ മാറാതെയാണ് തൃശൂര്‍ പൂരം ആഘോഷിച്ചു പോരുന്നത്. ആ വിശ്വവിസ്മയത്തിന്റെ ഐതിഹ്യങ്ങളിലേക്ക്.
സാംസ്‌കാരിക കേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശൂര്‍ പൂരം മേടമാസത്തിലെ പൂരംനാളിലാണ് ആഘോഷിക്കുന്നത്. എ.ഡി.-1751 മുതല്‍ 1805 വരെ ജീവിച്ചിരുന്ന ശക്തന്‍തമ്പുരാനയാണ് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തൃശൂര്‍ പൂരത്തിന്റെ ശില്പിയായി കണക്കാക്കുന്നത്. ശക്തന്‍ തമ്പുരാന്‍ മരിക്കുന്നതിന് 7 വര്‍ഷം മുമ്പാണ് പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ഏകദേശം 200 വര്‍ഷത്തിലേറെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിന് ആറാട്ടുപുഴ ദേവസംഗമമായും ബന്ധമുണ്ട്. ശക്തന്‍ തമ്പുരാന്റെ കാലത്ത് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിന് പല ദേശങ്ങളില്‍ നിന്നു ദേവതകള്‍ എത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്‍മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാനെത്തുമെന്നായിരുന്നു വിശ്വാസം. തൃശൂരിന് ചുറ്റുമുള്ള 8 ദേശങ്ങള്‍ ഈ പൂരത്തിലെ പങ്കാളികളായിരുന്നു. ഒരു വര്‍ഷത്തിലുണ്ടായ കനത്ത മഴ മൂലം ഈ ദേശങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ കഴിഞ്ഞില്ല. ഇതില്‍ കുപിതനായ ആറാട്ടുപുഴയിലെ നാടുവാഴി ഈ ദേശങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കോപിഷ്ഠനായ ശക്തന്‍ തമ്പുരാന്‍ വടക്കുന്നാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ തൃശൂര്‍ പൂരം രൂപകല്‍പ്പന ചെയ്തുവെന്നാണ് ഐതിഹ്യം. വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനിയിലാണ് പൂരച്ചടങ്ങുകള്‍ നടക്കുന്നത്. നഗരത്തെ ആധുനികവല്‍ക്കരിച്ച് വികസിപ്പിക്കാനുള്ള ശക്തന്റെ തന്ത്രമായും ചരിത്രാന്വേഷികള്‍ പൂരത്തെ കാണുന്നുണ്ട്. പണ്ട് മീനമാസത്തിലാണ് പൂരം ആഘോഷിച്ചിരുന്നത്. ആദ്യകാലത്ത് പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവും മത്സരാടിസ്ഥാനത്തിലാണ് പൂരം ആഘോഷിച്ചിരുന്നത്. പിന്നീട് അതിരു കടന്ന വീറും വാശിയും പൂരം നടത്തിപ്പിനു തടസമായപ്പോള്‍ ഇരുകൂട്ടരും ധാരണയിലാകുകയായിരുന്നു. ഇന്ന് തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലാണ് പൂരം ആഘോഷിക്കുന്നത്. പൂരം ദിനത്തില്‍ രാവിലെ തിരുവമ്പാടി ഭാഗവതിയുടെ മഠത്തില്‍ വരവ് , വടക്കുന്നാഥ മൈതാനം പ്രകമ്പനം കൊള്ളിക്കുന്ന ഇലഞ്ഞിത്തറമേളം, ആചാരപൂര്‍വ്വമുള്ള തെക്കോട്ടിറക്കം, വാശിയോടെയുള്ള കുടമാറ്റം, അങ്ങനെയങ്ങനെ പൂരച്ചടങ്ങുകളെല്ലാം നിരവധി കഥകളാലും ഐതിഹ്യങ്ങളാലും ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇതൊക്കെ കൊണ്ടു തന്നെയാണ് ലോകത്തിലെ ഏറ്റവും നയനാഭിരാമമായ ഉത്സവക്കാഴ്ചയായി യുനെസ്‌കോ തൃശൂര്‍ പൂരത്തെ വിശേഷിപ്പിച്ചത്.
കാണിപ്പയ്യൂര്‍ കാണിപ്പയ്യൂരില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷണം.
അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങളും, 15000 രൂപയും, മുപ്പതിനായിരം രൂപയുടെ വിദേശ കറന്‍സി, വെള്ളിപാത്രങ്ങള്‍, വിളക്ക് തുടങ്ങിയവയുമാണ് മോഷണം പോയത്. കുന്നംകുളം പൊലീസ് കോര്‍ട്ടേഴ്‌സിനടുത്ത് കാണിപ്പയ്യൂര്‍ കരണംകോട്ട് ശിവദാസന്‍ മകന്‍ അജിതന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇയാള്‍ ഗുജറാത്തിലാണ്. ശിദാസന്റെ സഹോദരി വെള്ളമെടുക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ശിവദാസനെ വിളിച്ചുവരുത്തുകയായിരുന്നു.
ചാലക്കുടി ഷോളയാര്‍ ആദിവാസി കോളനിയിലെ 11 കാരി ഭാഗ്യലക്ഷ്മിയുടെ തൂങ്ങിമരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമായി.
തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായില്ല. കശപിശ കൂടിയ അനുജത്തിയ ഭയപ്പെടുത്തുന്നതിനായി അകത്തു കടന്ന് സ്വന്തം ഷാളില്‍ ഭാഗ്യലക്ഷ്മി തൂങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് 5ന് വിട്ടുകിട്ടിയ മൃതദേഹം ഷോളയാര്‍ കാടര്‍ കോളനിയിലേക്ക് കൊണ്ടുപോയി.
തൃശൂര്‍ കേരള ബ്രാഹ്മണസഭയ്ക്ക് കീഴിലുള്ള ശ്രുതിഭാരതി അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സ് നൃത്ത വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടന്നു.
പൂങ്കുന്നം പുഷ്പഗിരി ജാനകീനാഥ് ഹാളില്‍ നടന്ന അരങ്ങേറ്റ ചടങ്ങ് വീണാ വിദ്വാനും സംഗീതസംവിധായകനുമായ എ.അനന്തപദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് എസ്.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്രാഹ്മണസഭാ ടൗണ്‍ സെക്രട്ടറി ടി.എസ്.വിശ്വനാഥ അയ്യര്‍, ജില്ലാ സെക്രട്ടറി ടി.മൂര്‍ത്തി, നൃത്താധ്യാപിക കെ.കലാവല്ലി, ടി.ആര്‍.ഹരിഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപുടി എന്നി വിഭാഗങ്ങളിലായി 19-ഓളം വിദ്യാര്‍ത്ഥികള്‍ അരങ്ങേറ്റം നടത്തി.
കൊടകര സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയരങ്ങളിലെത്താന്‍ കഴിയും എന്ന ചിന്ത രക്ഷിതാക്കളില്‍ ഉണ്ടാക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് പറഞ്ഞു.
കൊടകര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നടക്കുന്ന അവധിക്കാല അധ്യാപക പരിശീലന ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക പരിശീലനത്തിനാണ് ഇത്തവണ ഊന്നല്‍ നല്‍കുന്നത്. ഒന്നര ലക്ഷം അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള പരിശീലനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഓരോ വിദ്യാലയത്തിലെയും പഠന നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. അധ്യാപകര്‍ക്ക് വേണ്ട എല്ലാ ഭൗതിക സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും സി. രവീന്ദ്രനാഥ് കൂട്ടിച്ചേര്‍ത്തു.
മാള പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജനന തിരുനാളും ഊട്ടുനേര്‍ച്ചയും ഈ മാസം 26 ന് ആഘോഷിക്കും.
രാവിലെ എട്ടരയ്ക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദേവാലയത്തില്‍ നിന്ന് തുടങ്ങി മറിയം ത്രേസ്യയുടെ ജന്മഗൃഹം ചുറ്റി പ്രദക്ഷിണം നടക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ചയും ഉണ്ടാകും. തിരുനാളിന് ഞായറാഴ്ച വൈകീട്ട് ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ആന്റോ തച്ചില്‍ കൊടിയേറ്റും. ധന്യന്‍ ജോസഫ് വിതയത്തിലിന്റെ അനുസ്മരണവും പിതൃ സംഗമവും ഈ മാസം 25 ന് നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫാ.ലിജോ ചിറ്റലപ്പിള്ളി, ജോര്‍ജ്ജ് ചിറയത്ത്, ജോപ്പി മങ്കിടിയാന്‍ എന്നിവര്‍ പങ്കെടുത്തു.
പുതുക്കാട് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പുതുക്കാട് തെക്കെ തൊറവില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ മുപ്പതോളം കുടുംബങ്ങള്‍ക്ക് വെള്ളം വിതരണം ചെയ്തു.
കുടിവെള്ളം ലഭ്യമാക്കുന്നതിനായി പ്രദേശവാസികള്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ വെള്ളവുമായി എത്തിയത്. രണ്ട് ടാങ്കറുകളിലായി കൊണ്ടുവന്ന നാലായിരം ലിറ്റര്‍ വെള്ളമാണ് ഹരിജന്‍ കോളനിയുള്‍പ്പെടുന്ന മേഖലയില്‍ വിതരണം ചെയ്തത്. ആര്‍.എസ്.എസ് പുതുക്കാട് മണ്ഡല്‍ സഹ കാര്യവാഹ് ശ്രീഹരി കൃഷ്ണന്‍, കെ.കെ.ശ്രീകാന്ത്, പി.എന്‍.സനീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുന്നംകുളം വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം പ്രസ് ഫോറത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി യുവജന സംഗമം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം ഉദ്ഘാടനം ചെയ്തു.
സംഘപരിവാര്‍ രാജ്യത്ത് ഉയര്‍ത്തുന്നത് വിഭജനത്തിന്റെ രാഷ്ട്രീയമാണെന്നു ശശി പറഞ്ഞു. മണ്ഢലം പ്രസിഡന്റ് അഷറഫ് മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ത്ഥി വിഭാഗം സംസ്ഥാനകോഡിനേറ്റര്‍ കെ.എസ്.നിസാര്‍, ജില്ല കമ്മറ്റിയംഗം എം.എ.കമറുദീന്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടി ഷെബീര്‍ അഹ്‌സന്‍് എന്നിവര്‍ സംസാരിച്ചു.
മാള മാള ആശാന്‍ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കുഴൂരില്‍ നടത്തുന്ന സൗജന്യ പഠന പരിശീലന ക്‌ളാസുകള്‍ ഈ മാസം 23 ന് കുഴൂര്‍ എസ്.എന്‍.ഡി.പി.ശാഖാ ഹാളില്‍ തുടങ്ങും.
ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് നക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. നിര്‍മ്മല്‍ സി. പാത്താടന്‍ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വാഴൂര്‍ വിജയന്‍, എം.പി.അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പുന്നയൂര്‍കുളം വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.
വടക്കേക്കാട് തെക്കേക്കാട് പൊലിയത്ത് രാജന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ക്വാളിസാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ക്വാളിസിന്റെ മുന്‍ വശത്തെയും, പിന്‍ വശത്തെയും ഗ്ലാസ്സുകള്‍ കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തിട്ടുണ്ട്. അയല്‍വാസികള്‍ ശബ്ദം കേട്ട് വന്നപ്പോഴേക്കും ആക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കല്ലൂര്‍ മൂന്നാംകല്ല് സ്വദേശി സജിത്തിന്റെ ഉടമസ്തതയിലുള്ളതാണ് വാഹനം. സുഹൃത്തായ രാജന്റെ വീട്ടിലാണ് സജിത്ത് വാഹനം നിര്‍ത്തിയിട്ടിരുന്നത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൃപ്രയാര്‍ പഴുവില്‍ വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന് അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ തോമസ് കാക്കശേരി കൊടിയേറ്റി.
ഇടവക വികാരി ഫാ. തോമസ് ചൂണ്ടല്‍ അധ്യക്ഷനായിരുന്നു. ഈമാസം 30 നാണ് തിരുനാള്‍. 29ന് കൂടുതുറക്കല്‍ ശുശ്രൂഷ നടക്കും. 30ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ദിവ്യബലിയ്ക്ക് വെണ്ടൂര്‍ പള്ളി വികാരി ഫാ. ഡേവീസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മ്മികനാകും. വൈകീട്ട് നാലിന് നടക്കുന്ന ദിവ്യബലിക്ക് പാലക്കാട് രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുലിക്കോട്ടില്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്ന് പ്രദക്ഷിണവും നടക്കും.
കൊടകര തെരുവുനായ്ക്കള്‍ പിന്തുടര്‍ന്ന് ആക്രമിച്ച മരപ്പട്ടിക്ക് നാട്ടുകാര്‍ രക്ഷകരായി.
കൊടകര മരത്തോമ്പിള്ളിക്കരയിലാണ് മരപ്പട്ടിയെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചത്. അവശനിലയിലായി റോഡില്‍ കിടന്ന മരപ്പട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് സുരക്ഷിതസ്ഥലത്തേക്ക് മാറ്റുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ മരപ്പട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി മരപ്പട്ടിയെ കൊണ്ടുപോയി.
ചാവക്കാട് പാലയൂര്‍ മാര്‍ത്തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ മാര്‍തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാള്‍ ആരംഭിച്ചു.
ശനിയാഴ്ച വൈകീട്ട് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവ ഉണ്ടായി. ഞായറാഴ്ച രാവിലെ നടക്കുന്ന ദിവ്യബലിയ്ക്ക് ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും
കൊടുങ്ങല്ലൂര്‍ ആറ് മാസത്തിനിടയില്‍ 50 വാഹനാപകടങ്ങള്‍. 12 മരണങ്ങള്‍. റോഡപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിക്കുകയാണ് കൊടുങ്ങല്ലൂര്‍.
ദേശീയ പാതയെന്നോ, ബൈപ്പാസെന്നോ , സംസ്ഥാന പാതയെന്നോ വ്യത്യാസമില്ലാതെ കൊടുങ്ങല്ലൂരിലെ റോഡുകള്‍ മരണക്കെണിയൊരുക്കി കാത്തിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ കോട്ടപ്പുറം ബൈപ്പാസില്‍ വിവിധ അപകടങ്ങളിലായി അഞ്ച് പേരാണ് മരിച്ചത്. നാല് പേര്‍ ദേശീയപാതയില്‍ മരിച്ചു. മൂന്ന് പേരുടെ ജീവനെടുത്ത നഗരത്തിലെ ചെറുകിട റോഡുകളും നിലവാര വ്യത്യാസമില്ലാതെ ചതിക്കുഴികളായി മാറുകയാണ്. അപകടങ്ങള്‍ പെരുകുമ്പോഴും മുന്‍കരുതല്‍- പ്രതിരോധ നടപടികള്‍ കടലാസിലൊതുങ്ങുന്നുവെന്നതാണ് വാസ്തവം. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ വാഹനാപകടങ്ങള്‍ തടയാന്‍ കാര്യക്ഷമമായ നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ല. വേഗനിര്‍ണ്ണയ റഡാര്‍ സംവിധാനം, സൂചനാ ബോര്‍ഡുകള്‍, അപകട സാധ്യതാ പ്രദേശങ്ങളില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കല്‍, തെരുവുവിളക്കുകള്‍ തുടങ്ങിയവ തത്വത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനം പ്രാവര്‍ത്തികമാകാത്തതാണ് അപകട പരമ്പരകള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ബൈപ്പാസില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി രണ്ട് കോടി രൂപ അനുവദിച്ചതായി റോഡ് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ടോമിന്‍ തച്ചങ്കരി കൊടുങ്ങല്ലൂരില്‍ പ്രഖ്യാപിച്ചത് എല്ലാവരും മറന്നു. ട്രാഫിക് ബോധവല്‍ക്കരണത്തിന് പുറമേ, ആവശ്യമായ ക്രമീകരണങ്ങള്‍ കൂടി സജ്ജമാക്കാതെ റോഡപകടങ്ങള്‍ ഒഴിവാക്കാനാകില്ലെന്ന് അധികൃതര്‍ക്ക് അറിയാമെങ്കിലും അറിയാത്ത ഭാവം നടിക്കുകയാണ്. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും, സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ സംവിധാനങ്ങളും ഒരുക്കാത്തിടത്തോളം കാലം കൊടുങ്ങല്ലൂരിലെ റോഡുകളില്‍ അപകടം തുടര്‍ക്കഥയാകും.
എരുമപ്പെട്ടി എയ്യാല്‍ സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. കടങ്ങോട് ഗ്രാമപഞ്ചായത്ത് അംഗം പി.സി. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വനജ ഭാസ്‌ക്കര്‍, പി.എസ് പുരുഷോത്തമന്‍, ക്ലബ്ബ് ഭാരവാഹികളായ ശ്യാംലാല്‍ പനയ്ക്കപറമ്പില്‍, അതുല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടകര പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കെ.എസ്. ടി.എ. യുടെ ആഭിമുഖ്യത്തില്‍ നടത്തിയ സന്ദേശ ജാഥയ്ക്ക് കൊടകരയില്‍ സ്വീകരണം നല്‍കി.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. പ്രസാദന്‍, ജാഥാ ക്യാപ്റ്റന്‍ കെ.ജെ. ഹരികുമാര്‍, വൈസ് ക്യാപ്റ്റന്‍ പി.ഡി. ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു.
പാവറട്ടി തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റേയും പരിസ്ഥിതി സംഘടനയായ ന്യൂസ് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ പെരിങ്ങാട് പുഴയോരത്ത് ലോക ഭൗമദിനം ആചരിച്ചു.
കെ.എഫ്.ആര്‍.ഐ യിലെ ശാസ്ത്രജ്ഞന്‍ വി.ബി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ന്യൂസ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി രവി പനയ്ക്കല്‍ അധ്യക്ഷനായിരുന്നു. വനം വകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ. ജയമാധവന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എ. മുഹമ്മദ് ഷെരിഫ്, കെ. സുഗതന്‍, പി.കെ. ദേവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എരുമപ്പെട്ടി വേലൂര്‍ എയ്യാല്‍ പാടശേഖരത്തിലെ വാഴകൃഷിയും മോട്ടോറും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.
വേലൂര്‍ തണ്ടിലം മച്ചിങ്ങല്‍ സുബ്രഹ്മണ്യന്റെ തോട്ടത്തിലെ വാഴകളും മോട്ടോറുമാണ് നശിപ്പിച്ചത്. തോട്ടത്തിലെ വിളകള്‍ക്ക് ജലസേചനത്തിന് ഉപയോഗിച്ചിരുന്ന 3 എച്ച്.പി മോട്ടോറിന്റെ പൈപ്പുകള്‍ മുറിച്ചിട്ടു. നശിപ്പിച്ച മോട്ടോര്‍ കുളത്തില്‍ ഉപേക്ഷിച്ച നിലയിലുമാണ്. സുബ്രഹ്മണ്യന്റെ നേന്ത്രവാഴത്തോട്ടത്തിലെ 20 വാഴകളും വെട്ടിനശിപ്പിച്ചിട്ടുണ്ട്. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി.
തൃശൂര്‍ കുന്നംകുളം ദളിത് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഡോ.അംബേദ്കറുടെ 126-ാം ജന്മവാര്‍ഷിക സമാപന സമ്മേളനം തൃശൂരില്‍ സംഘടിപ്പിച്ചു.
ദളിത് കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ കെ.സി.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ ടി.കെ.ബാബു അധ്യക്ഷത വഹിച്ചു. നര്‍ത്തകന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍, സത്താര്‍ ആദൂര്‍, ബിജു ആട്ടോര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുണ്ടൂര്‍ ലയണ്‍സ് ക്ലബ് നൂറാം വാര്‍ഷികവും അമല നഗര്‍ ലയണ്‍സ് ക്ലമ്പിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുണ്ടൂരില്‍ നടന്നു.
പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണല്‍ ഡയറക്ടര്‍ ജി.എസ്.ഹോറ നിര്‍വഹിച്ചു. അമല നഗര്‍ ലയണ്‍സ് ക്ലബിന്റെ മുണ്ടൂരിലെ പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടനത്തിന്റെ് ഭാഗമായി കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കാഴ്ച്ച പരിമിതരായ കെ.എസ് ധര്‍മ്മന്‍, എ.യു. രാജഗോപാലന്‍ പത്‌നി ജെയ്‌സമ്മ, തുടങ്ങിയവര്‍ക്ക് സ്മാര്‍ട്ട് കെയ്ന്‍ വിതരണം ചെയ്തു. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ജെ.ആന്റോ, സെക്കന്റ് ജില്ലാ വൈസ് ഗവര്‍ണര്‍ ഇ.ഡി.ദിപക്ക് തുടങ്ങിയവര്‍ സംസാരിച്ചു..
പാവറട്ടി തൃശൂര്‍ നെഹ്‌റു യുവകേന്ദ്രയുടെ അയല്‍പക്ക യൂത്ത് പാര്‍ലിമെന്റിന് പാവറട്ടി വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിയില്‍ തുടക്കമായി.
ഗുരുവായുര്‍ നഗരസഭ ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ ജെയിന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കേരള സമൂഹം നേരിടുന്ന ധാര്‍മ്മിക നൈതിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും നടന്നു. ഷാജി വരവൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. റെജി വിളക്കാട്ടുപാടം, കെ.സി.അഭിലാഷ്, അന്‍സാര്‍ എളവള്ളി എന്നിവര്‍ സംസാരിച്ചു.
പുതുക്കാട് ചെങ്ങാലൂര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുനിയാട്ടുകുന്നിലെ പൗരാണികതയുടെ അവശേഷിപ്പുകളായ മുനിയറകള്‍ സന്ദര്‍ശിച്ചു.
സ്‌കൂളില്‍ രണ്ടു ദിവസമായി നടന്നു വന്നിരുന്ന അവധിക്കാല ക്യാമ്പായ കളിക്കൂട്ടത്തിന്റെ ഭാഗമായാണ് കുട്ടികള്‍ മുനിയാട്ടുകുന്നിലെത്തിയത്. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, പ്രധാനാധ്യാപിക ഹൈറുന്നീസ, മുനിയാട്ടുകുന്ന് സംരക്ഷണ സമിതി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
പുന്നയൂര്‍ക്കുളം എല്‍.ഡി.എഫ്. പുന്നയൂര്‍ക്കുളം വെസ്റ്റ്, ഈസ്റ്റ് ലോക്കല്‍ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ 3-ാമത് മുന്‍ എം.എല്‍.എ. - വി.പി മാമു അനുസ്മരണ സമ്മേളനം നടത്തി.
ആറ്റുപുറത്ത് നിന്നാരംഭിച്ച പ്രകടനം പുന്നൂക്കാവ് സെന്ററില്‍ സമാപിച്ചു. മുന്‍ എം.എല്‍.എ ബാബു എം പാലിശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ് അധ്യക്ഷനായിരുന്നു. ബാബു, ഫാത്തിമ ലീനസ്, ധര്‍മ്മന്‍ എന്നിവര്‍ പങ്കെടുത്തു. അന്തരിച്ച തെക്കത്ത് രാമകൃഷ്ണന്റെ ഭവന നിര്‍മ്മാണത്തിനായി സ്വരൂപിച്ച തുക ചടങ്ങില്‍ സി.പി.എം ബ്ലോക്ക് കമ്മറ്റിക്ക് നല്‍കി.
കുന്നംകുളം കമ്മ്യൂണിസ്റ്റ്-കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവര്‍ത്തകന്‍ ചൂണ്ടല്‍ പെലക്കാട്ടുപയ്യൂര്‍ ഇരുമ്പന്‍ വീട്ടില്‍ ഐ.വി. ഇയ്യുകുട്ടി നിര്യാതനായി.
88 വയസായിരുന്നു. നിലവില്‍ സി.പി.എം ചൂണ്ടല്‍ ലോക്കല്‍ കമ്മറ്റിയംഗമാണ്. ചൂണ്ടല്‍ പഞ്ചായത്തംഗം, കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഞായറാഴ്ച്ച വൈകീട്ട് നാലിന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസനപള്ളി സെമിത്തേരിയില്‍ നടക്കും.
പാവറട്ടി ചിറ്റാട്ടുകര പള്ളിക്കുളത്തില്‍ സാമൂഹിവിരുദ്ധര്‍ കോഴി മാലിന്യം തള്ളിയത് പൊതുജനങ്ങളെ ദുരിതത്തിലാക്കി.
കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ഗ്രാമവാസികള്‍ ബുദ്ധിമുട്ടുന്ന അവസരത്തിലാണ് സാമൂഹികവിരുദ്ധരുടെ ക്രൂര വിനോദം. ജാതി-മത വ്യത്യാസമില്ലാതെ നിരവധി പേരാണ് ഒരേക്കറോളം വിസ്തൃതിയുള്ള കുളത്തില്‍ നിത്യവും കുളിക്കാനും അലക്കാനുമായി എത്തുന്നത്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
കുന്നംകുളം കുന്നംകുളം പെരുമ്പിലാവ്- നിലമ്പൂര്‍ സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം പൊട്ടിയ ജലവിതരണ പ്പൈപിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി.
കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് തൃത്താലയില്‍ നിന്നു ജലവിതരണം നടത്തുന്ന പ്രധാന ലൈനിലെ 700 എം.എം പൈപ്പ് പൊട്ടിയത്. ഇതോടെ മൂന്ന് നഗരസഭകളിലേയും, 16 പഞ്ചായത്തുകളിലേയും ജലവിതരണം പൂര്‍ണ്ണമായും തടസപെട്ടിരുന്നു. പ്രദേശത്തെ തകര്‍ന്ന റോഡ് ഉടന്‍ പുനര്‍നിര്‍മ്മാണം നടത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു.
കുന്നംകുളം നിര്‍മാണം തുടങ്ങി നാല് പതിറ്റാണ്ടുകള്‍ പിന്നിട്ട കാട്ടകാമ്പാല്‍ കരിച്ചാല്‍ക്കടവിലെ പാലം പണി പൂര്‍ത്തിയാക്കാന്‍ മന്ത്രി എ.സി.മൊയ്തീന്‍ മുന്‍കൈയ്യെടുക്കുന്നു.
പാലത്തിന് സര്‍ക്കാര്‍ അടുത്തിടെ 10 കോടി അനുവദിച്ചിരുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനായി മന്ത്രി എ.സി.മൊയ്തീനും പൊതുമരാമത്ത് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും കരിച്ചാല്‍കടവ് സന്ദര്‍ശിച്ചു. പൊതുമരാമത്തിനാണ് പാലത്തിന്റെ നിര്‍മാണ ചുമതല. അടുത്ത മാസത്തോടെ സാങ്കേതിക അനുമതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സദാനന്ദന്‍, വൈസ് പ്രസിഡന്റ് സുജിനി ബാബുജി, ബ്ലോക്ക് പഞ്ചായത്തംഗം ഗീത സതീശന്‍ പഞ്ചായത്തംഗങ്ങള്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
തൃശൂര്‍ തൃശൂര്‍ ജില്ലാ സഹകരണാശുപത്രി ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സഹകരണാശുപത്രി സൂപ്രണ്ട് ടി.കെ പൊറിഞ്ചു അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദന്‍, എം.എസ് സമ്പൂര്‍ണ, കെ.എസ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചേലക്കര എഴുപത്തി അഞ്ചാം വര്‍ഷത്തിലേക്ക് എത്തിയ പാഞ്ഞാള്‍ ഗ്രാമീണ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ആഘോഷങ്ങളുടെ ഉദ്ഘാടനം യു.ആര്‍ പ്രദീപ് എം.എല്‍.എ നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഗീത രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കവി പി.പി രാമചന്ദ്രന്‍, നാടക ആചാര്യന്‍ തുപ്പേട്ടന്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് പി.കെ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആനന്ദ് തുപ്പേട്ടന്‍ രചിച്ച ഉയരോ ഉയരം അഥവാ എവിടെപ്പോയി ആകാശം എന്ന നാടകവും, മുളസംഗീതം, കൈകൊട്ടിക്കളി തുടങ്ങിയവയും അരങ്ങേറി. ഡിസംബര്‍ 31 നാണ് ആഘോഷങ്ങളുടെ സമാപനം.
തൃശൂര്‍ കോള്‍ നിലങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ കളക്ടര്‍ ഡോ.എ.കൗശികന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോള്‍ നില വികസന ഏജന്‍സി യോഗത്തില്‍ ധാരണയായി.
കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം താണിശ്ശേരി, മണവലശ്ശേരി, കാറളം വില്ലേജുകളിലെ കോള്‍ കനാലിലൂടെ ഗ്യാസ് പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു. മണലൂര്‍ ഏനമാക്കാല്‍ കനാലിന് കുറുകെ വെങ്കിടങ്ങ്-മണലൂര്‍ കടവില്‍ സ്റ്റീല്‍-ലാറ്റിസ് പാലം പണിയുന്നതിനും സമിതി അനുമതി നല്‍കി. സമിതി അംഗങ്ങള്‍, ഇറിഗേഷന്‍ എഞ്ചിനീയര്‍, കോള്‍ നില വികസന ഏജന്‍സി കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
തൃശൂര്‍ കേരള ലളിതകലാ അക്കാദമി 2016 ലെ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.
ചിത്രകരാനായ അച്ചുതന്‍ കൂടല്ലൂര്‍, പ്രശ്‌സത ചിത്രകാരനും ശില്പിയുമായ വല്‍സന്‍ കൂര്‍മ കൊല്ലേരി എന്നിവരാണ് ഫെലോഷിപ്പിനര്‍ഹരായത്. നാല്‍പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പെരിങ്ങാവ് പെരിങ്ങാവില്‍ നിര്‍മ്മാണത്തിലിരുന്ന ദുരൂഹ സാഹചര്യത്തില്‍ വീടിന് തീപിടിച്ചു.
വിദേശ വ്യവസായിയും മതിലകം സ്വദേശിയുമായ അബ്ദുല്‍ ജബ്ബാറിന്റെ വീടിനാണ് തീപിടിച്ചത്. വീടിന്റെ അടുക്കളയാണ് കത്തിയത് അടുക്കളയിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും , ഇന്റീരയല്‍ വര്‍ക്കുകളും തീപിടിത്തത്തില്‍ നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം . വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കി. പേരാമംഗം സി.ഐ- സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
തൃശൂര്‍ ഹരിതം തൃശൂരിന്റെ ആഭിമുഖ്യത്തില്‍ ഭൗമദിനാചരണവും സെമിനാറും വിവിധ പുരസ്‌കാര വിതരണവും തൃശൂരില്‍ സംഘടിപ്പിച്ചു.
മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹരിതം മുഖ്യ ഉപദേഷ്ടാവ് അഡ്വ.എ.ഡി.ബെന്നി അധ്യക്ഷനായിരുന്നു. ഹരിതം അവാര്‍ഡ് കെ.പി.രാജേന്ദ്രനും സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പിനും സമ്മാനിച്ചു. കൂടാതെ മറ്റ് അവാര്‍ഡ് വിതരണവും ഇതോടൊപ്പം നടന്നു. മണ്ണു പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെസ്റ്റിന്‍ മോഹന്‍, ഡേവീസ് കണ്ണനായ്ക്കല്‍, ജോയ് എം.മണ്ണൂര്‍, മോഹന്‍ദാസ് പാറപ്പുറത്ത്, ഷീല രാജന്‍, രാജന്‍ എലവത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ സി.പി.എം തൃശൂര്‍ ഏരിയാ സെക്രട്ടറിയായി കെ.രവീന്ദ്രനെ തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന ഏരിയ കമ്മിറ്റിയോഗമാണ് കൂര്‍ക്കഞ്ചേരി സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ. രവീന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റി അംഗം പ്രൊഫസര്‍ ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു.
തൃപ്രയാര്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി വലപ്പാട് സെക്ഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കോതകുളത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ബി.ജെ.പി നാട്ടിക നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ധന്‍ പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍, സിജു തയ്യില്‍, രാമചന്ദ്രന്‍ വന്നേരി എന്നിവര്‍ സംസാരിച്ചു.
പാവറട്ടി വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബി.ജെ.പി മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
മുല്ലശേരി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് വൈദ്യുതി ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം പി.എം.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പില്‍ അധ്യക്ഷനായിരുന്നു. ജസ്റ്റിന്‍ ജേക്കബ്, സര്‍ജു തൊയക്കാവ്, പ്രമോദ് ആനേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ തൃശൂര്‍ നഗരത്തിലെ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി തുടങ്ങി.
ദിവാന്‍ജിമൂല -പൂത്തോള്‍ റോഡിലെ പുറമ്പോക്ക് ഭൂമിയാണ് അളന്ന് തിട്ടപെടുത്തുന്നത്. കോര്‍പറേഷന്‍ നഗരാസൂത്രണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുറമ്പോക്ക് ഭൂമി അളക്കുന്നത്. നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ആര്‍.റോസിലി, കോര്‍പ്പറേഷന്‍ റോഡ് വികസന കമ്മിറ്റി കണ്‍വീനര്‍ പി. സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാള ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്ത് ജില്ലാ വാര്‍ഷിക സമ്മേളനം മാളയില്‍ ആരംഭിച്ചു.
ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ്മ പ്രചാരണ സഭ കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണാനന്ദ ബാബു അധ്യക്ഷത വഹിച്ചു. അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുകുമാരന്‍, വാര്‍ഡംഗം നിത ജോഷി, എ.ആര്‍.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട നടവരമ്പില്‍ പാടം നികത്താന്‍ ശ്രമം.
നടവരമ്പിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മണ്ണെടുത്ത് വെള്ളാണ്ടല്ലൂര്‍ പാടം നികത്താനായിരുന്നു നീക്കം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട സി.ഐ.-സുരേഷ്‌കുമാര്‍ ടിപ്പര്‍ ലോറി പിടിച്ചെടുക്കുകയും െ്രെഡവര്‍ നടവരമ്പ് സ്വദേശി മച്ചിടത്ത് വീട്ടീല്‍ സജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മേഖലയിലെ ഭൂമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സി.ഐ. അറിയിച്ചു. ഇരിങ്ങാലക്കുട എസ്.ഐ.-വി.പി. സിബീഷ് , സി.പി.ഒ.മാരായ മുരുകേഷ് കടവത്ത്, മിഥുന്‍ കൃഷ്ണ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത വാഹനം ആര്‍.ഡി.ഒ.യ്ക്ക് കൈമാറി.
തൃശൂര്‍ തൃശൂര്‍ വടക്കേമഠം ബ്രഹ്മസ്വം വേദ വിദ്യാലയത്തിന്റെ വാര്‍ഷികവും പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും രക്ഷാകര്‍തൃദിനവും ഈ മാസം 25, 26 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുറനാട്ടുകര സംസ്‌കൃത കോളേജ് സാഹിത്യ വിഭാഗം അധ്യക്ഷന്‍ ഡോ.പി.സി.മുരളീ മാധവന്‍ ഉദ്ഘാടനം ചെയ്യും. വേദജ്ഞനും മഠത്തിലെ പ്രധാനാധ്യാപകനുമായിരുന്ന പന്താവൂര്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ ചടങ്ങില്‍ അനുസ്മരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പാടിവട്ടം നാരായണന്‍ നമ്പൂതിരി, വടക്കുമ്പാട്ട് നാരായണന്‍, മുല്ലമംഗലം നാരായണന്‍ നമ്പൂതിരി, അടികളേടം നവനീത, കൂക്കമ്പാറ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ ഈ വര്‍ഷത്തെ എലിഫന്റ് ടോര്‍ച്ചര്‍ വീഡിയോഗ്രഫി അവാര്‍ഡ് കാമറാമാന്‍ ഷെഹീര്‍ ഗുരുവായൂരിന് സമ്മാനിക്കുമെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ.വെങ്കിടാചലം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പാവറട്ടി വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരേക്കറോളം വരുന്ന ഏനാക്കുളത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചു.
തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കുളവാഴയും ചണ്ടിയും പടര്‍പുല്ലും നിറഞ്ഞു കിടക്കുന്ന ഏനാക്കുളം വൃത്തിയാക്കി സംരക്ഷിക്കുന്നത്. വരള്‍ച്ചക്കെതിരെ ഒറ്റക്കെട്ടായി എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച ഭൗമദിനാചരണം വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എം.ശങ്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി സുരേന്ദ്രന്‍ അധ്യക്ഷയായിരുന്നു. സണ്ണി വടക്കന്‍, സജാ സാദത്ത്, മുംതാസ് റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട കെപി.എം.എസ്. സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ പി.കെ.ചാത്തന്‍ മാസ്റ്ററുടെ 29-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ അനുസ്മരണ സമ്മേളനം നടത്തി.
കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി.കെ.സുധീഷ്, മുസ്ലീം ലീഗ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ.റിയാസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാജന്‍, .ജില്ലാ പ്രസിഡന്റ് ശാന്ത ഗോപാലന്‍, .സെക്രട്ടറി പി.വി.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
മാള തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കുണ്ടൂര്‍ കുത്തിയതോട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് സംബന്ധിച്ച് കുഴൂര്‍ പഞ്ചായത്തില്‍ ചര്‍ച്ച നടന്നു.
അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥലം ഏറ്റെടുക്കുന്നതും ഒഴുപ്പിക്കലും ഏത് രീതിയില്‍ നടത്തണമെന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇരു ജില്ലകളുമായി ബന്ധപ്പെടുന്നതിനാല്‍ എറണാകുളം ജില്ലാ കളക്ടര്‍ അടക്കമുള്ളവരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാന്തകുമാരി, ജില്ലാ പഞ്ചായത്തംഗം അഡ്വ.നിര്‍മ്മല്‍ സി.പാത്താടന്‍, എന്‍.ഡി.പോള്‍സണ്‍, പൊതുമരാമത്ത് വകുപ്പ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്തിക്കാട് പഴുവില്‍ പഴുവം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട മഹോത്സവത്തിന് കൊടിയേറി.
ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ നമ്പൂതിരി കൊടിയേറ്റ് നിര്‍വ്വഹിച്ചു. ഈ മാസം 27നാണ് ക്ഷേത്രത്തിലെ പ്രധാന പള്ളിവേട്ട മഹോത്സവം. മേളത്തിന് വാദ്യശ്രേഷ്ഠ പഴുവില്‍ രഘുമാരാര്‍ നേതൃത്വം നല്‍കും. ഉത്സവത്തിന്റെ ഭാഗമായി വിവിധ സംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായി.
വടക്കാഞ്ചേരി യുവതലമുറയെ വേദരംഗത്തേക്ക് ആകര്‍ഷിച്ച വേദപണ്ഡിത ശ്രേഷ്ഠന്‍ ഡോ.അഗ്നിശര്‍മ്മന്‍ നമ്പൂതിരിക്ക് വി.കെ.നാരായണ ഭട്ടതിരി സ്മാരക പുരസ്‌കാരം നല്‍കി ആദരിച്ചപ്പോള്‍ തൃക്കണപതിയാരം ഗ്രാമത്തിന് മറ്റൊരു അഭിമാന നേട്ടമായി.
92 കാരനായ നാരായണമംഗലത്ത് അഗ്നിശര്‍മ്മന്‍ നമ്പൂതിരി എന്ന കുഞ്ചു നമ്പൂതിരിപ്പാട് എടപ്പാളിലാണ് ജനിച്ചത്. വളരെ ചെറുപ്രായത്തില്‍ അന്യോന്യത്തില്‍ പങ്കെടുത്ത് വിജകരമായി കടവല്ലൂര്‍ കടന്നിരിക്കല്‍ പൂര്‍ത്തീകരിച്ച വിശിഷ്ട വ്യക്തികൂടിയാണ് ഡോ.അഗ്നിശര്‍മ്മന്‍. 7 പതിറ്റാണ്ടോളം വേദിക് രംഗത്ത് നിറസാന്നിധ്യമായ അഗ്നിശര്‍മ്മന്‍ തൃശൂര്‍ തിരുനാവായ തൃസന്ധകളിലും കേരളത്തിനകത്തും പുറത്തും സംഘടിപ്പിക്കപ്പെട്ട നിരവധി വേദ സമ്മേളനങ്ങളിലും യാഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പാണ്ഡിത്യവും പ്രയോഗ വൈശിഷ്ഠ്യവും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. ഭാരതീയ വിദ്യാഭവന്റെ ഗാംഗേയ പുരസ്‌കാരം, കാഞ്ചികാമകോടി മഠത്തിന്റെ സുവര്‍ണമുദ്ര, യുനെസ്‌കോയുടെ ഗുരുദക്ഷിണ, രേവതി പട്ടത്താന പുരസ്‌കാരം, ഏഴിക്കോട് പരമേശ്വരന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം എന്നിങ്ങനെ നിരവധി ബഹുമതികള്‍ അഗ്നിശര്‍മ്മന് ലഭിച്ചിട്ടുണ്ട്. വേദപണ്ഡിത ശ്രേഷ്ഠനായ വി.കെ.നാരായണഭട്ടതിരിയുടെ പേരിലുള്ള പുരസ്‌കാരം, വടക്കാഞ്ചേരി കേരളവര്‍മ്മ വായനാശാലയുടേയും കോഴിക്കോട് വി.കെ.നാരായണഭട്ടതിരി ട്രസ്റ്റിന്റേയും നേതൃത്വത്തിലാണ് അഗ്നിശര്‍മ്മന്റെ തൃക്കണപതിയാരത്തെ വസതിയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചത്.
കുന്നംകുളം കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സന്ദേശ ജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം നല്‍കി.
കേരള കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാകമ്മറ്റി കണ്‍വീനര്‍ ജയറാം, ജാഥ ക്യാപ്റ്റന്‍ കെ.സി.ഹരികൃഷ്ണന്‍, കെ.ബദറുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടകര പുതുക്കാട് മണ്ഡലത്തിലെ മൂന്ന് പൊതുവിദ്യാലയങ്ങള്‍ക്ക് അനുവദിച്ച സ്‌കൂള്‍ ബസുകളുടെ കൈമാറ്റച്ചടങ്ങ് കോടാലിയില്‍ നടന്നു.
നന്തിപുലം ജി.യു.പി.സ്‌കൂള്‍ , മറ്റത്തൂര്‍ ജി.എല്‍.പി.സ്‌കൂള്‍, കോടാലി ജി.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് അനുവദിച്ച ബസുകളുടെ താക്കോല്‍ദാനമാണ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചത്. വിദ്യാലയങ്ങളിലെ പ്രധാനധ്യാപകരും പി.ടി.എ. പ്രതിനിധികളും ചേര്‍ന്ന് താക്കോല്‍ ഏറ്റുവാങ്ങി. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ പ്രത്യേക വികസന ഫണ്ടി്ല്‍ നിന്നനുവദിച്ച തുക വിനിയോഗിച്ചാണ് സ്‌കൂളുകള്‍ക്ക് ബസുകള്‍ വാങ്ങിയത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ജോസ് മാത്യു, എസ്.എസ്.എ. ജില്ല പ്രോഗ്രാം ഓഫീസര്‍ ബിന്ദു പരമേശ്വരന്‍, മഞ്ജു ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ സംഗമം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ കലാപ്രതിഭകളുടെ സ്‌നേഹസംഗമം തൃശൂരില്‍ സംഘടിപ്പിച്ചു.
ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയില്‍ നിന്ന് ജേതാക്കളായവരെ അണിനിരത്തി സംഗീത നാടക അക്കാദമിയില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തിന്റെ ഉദ്ഘാടനം കവി സി.രാവുണ്ണി നിര്‍വ്വഹിച്ചു. സംഗമം സാംസ്‌കാരികവേദി പ്രസിഡന്റ് ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചാക്കോ ഡി.അന്തിക്കാട്, കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കലാനിരൂപകന്‍ പ്രൊഫ.ജോര്‍ജ് എസ്.പോള്‍, സിനി ആര്‍ട്ടിസ്റ്റുകളായ സോഹന്‍ സീനുലാല്‍, സൂരജ് എസ്.മേനോന്‍, സി.കെ.ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കയ്പമംഗലം കയ്പമംഗലം സെന്റ് ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി.
വികാരി ഫാ.വര്‍ഗീസ് കോന്തുരുത്തി കൊടിയേറ്റ് നിര്‍വ്വഹിച്ചു. തിരുനാള്‍ വരെ എല്ലാദിവസവും വൈകീട്ട് ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി എന്നിവ നടക്കും. ഈ മാസം 30-നാണ് ഊട്ടു തിരുനാള്‍.
കയ്പമംഗലം മൂന്നുപീടിക മജിലിസുന്നൂര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് മജിലിസുന്നൂര്‍ വാര്‍ഷിക സംഗമം നാളെ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വൈകീട്ട് 6.30ന് നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.എം.കെ.തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പാണക്കാട് ശമീറലി ശിഹാബ് തങ്ങള്‍ മജിലിസുന്നൂറിന് നേതൃത്വം നല്കും. ഭാരവാഹികളായ കെ.എ.റഷീദ്, ഹുസൈന്‍ ഫൈസി, ശിഹാബുദ്ദീന്‍ മൗലവി, നൗഫല്‍ റഹ്മാനി, അബ്ദുള്‍ റഹീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
തൃപ്രയാര്‍ ഭക്ഷ്യസുരക്ഷാ നാട്ടിക സര്‍ക്കിള്‍ ഓഫീസ് തിങ്കളാഴ്ച മുതല്‍ തൃപ്രയാര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഗീതാഗോപി എം.എല്‍.എ അറിയിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ മുഖ്യാതിഥിയാകും. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് ഔദ്യോഗിക വാഹനം ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.സുഭാഷിണി, ഭക്ഷ്യസുരക്ഷാ നാട്ടിക സര്‍ക്കിള്‍ ഓഫീസര്‍ ഡോ.രേഖാമോഹന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കയ്പമംഗലം മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കയ്പമംഗലത്ത് നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖദീജ പുതിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.എസ്.തിലകന്‍ പദ്ധതി വിശദീകരണം നടത്തി. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.സി.കെ.സില്‍വര്‍, പഞ്ചായത്തംഗങ്ങളായ ജിസിനി ഷാജി, അഖില വേണി എന്നിവര്‍ സംസാരിച്ചു.
പുതുക്കാട് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പളനി സ്വദേശിനി വള്ളിയാണ് അറസ്റ്റിലായത്. പാലിയേക്കരയില്‍ നിന്ന് ബസ്സില്‍ കയറിയ മാമ്പ്ര സ്വദേശിനി ഒറവന്‍കുഴിപറമ്പില്‍ കൗസല്യയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്. ആമ്പല്ലൂരില്‍ ബസെത്തിയപ്പോള്‍ സംശയം തോന്നിയ കൗസല്യ മറ്റ് യാത്രക്കാരോട് വിവരം പറയുകയായിരുന്നു. ഉടനെ ബസ് പുതുക്കാട് സ്റ്റാന്റില്‍ എത്തിച്ച് യുവതിയെ യാത്രക്കാര്‍ തടഞ്ഞുവെച്ചു. ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ യാത്രക്കാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
പുതുക്കാട് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ ബിജെപി പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അളഗപ്പനഗര്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ആമ്പല്ലൂരില്‍ നിന്നാരംഭിച്ച മാര്‍ച്ച് കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ബിജെപി ജില്ലാ ട്രഷറര്‍ ഇ.വി.കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുബ്രന്‍ പൂത്തോടന്‍ അധ്യക്ഷത വഹിച്ചു. എ.ജി.രാജേഷ്, റീസന്‍ ചെവിടന്‍, കെ.രാജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു
വടക്കാഞ്ചേരി വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ ബിജെപി വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ.ഗിരിജന്‍ നായര്‍, എസ്.രാജു, ഐ.എന്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു
ഗുരുവായൂര്‍ വൈദ്യൂതി നിരക്ക് വര്‍ദ്ധനവിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കത്തിച്ച മെഴുകുതിരികളും റാന്തലുമേന്തിയായിരുന്നു മാര്‍ച്ച്. മഞ്ജുളാല്‍ പരി്‌സരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കെ.എസ്.ഇ.ബി.ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്‍.അനീഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബാലന്‍ തിരുവെങ്കിടം, പി.എം.ഭരതന്‍, അനില്‍ മഞ്ചറമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ചേലക്കര സി. പി. എം. പങ്ങാരപ്പിള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലക്കര പുലാകോട് സര്‍വീസ് സഹകരണ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ബാങ്ക് ഭരണ സമിതി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരം സി.പി.എം. ഏരിയ സെക്രട്ടറി പി.എ.ബാബു ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.മുരുകേശന്‍ അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ഹംസ, ടി.വി.മോഹന്‍ദാസ്, പി.വി.തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചാവക്കാട് മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു.
മണത്തല പുതുവീട്ടില്‍ നിഷാമിന്റെ ഭാര്യ 27 വയസുള്ള ഷിനാസ് ആണ് മരിച്ചത്. ചാവക്കാട് കോടതിയിലെ ബഞ്ച് ക്ലര്‍ക്കായ ഷിനാസ് മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു.
വെങ്ങിണിശേരി വെങ്ങിണിശേരി അയ്കുന്നില്‍ 60 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ നിര്‍മ്മാണ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.
ചാത്താന്‍കടവ് സ്വദേശി അഖിലേഷിനെയാണ് തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു അപകടം. കിണറിലെ ചേറെടുത്തതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെ വടം പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ അഖിലേഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാമവര്‍മ്മപുരം രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ ആദ്യ ബാച്ചിന്റെ നീന്തല്‍ പരിശീലനം സമാപിച്ചു.
പോലീസ് അക്കാദമി ട്രെയിനിങ്ങ് എസ്.പി.-സി.കെ.രാമചന്ദ്രന്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ നീന്തല്‍താരവും അക്കാദമിയിലെ ട്രെയ്‌നിങ്ങ് ഇന്‍സ്ട്രക്ടറുമായ ഐ.സി.പ്രദീപന്‍, എം.എസ്.രജുകുമാര്‍, ഷാജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. 14 ദിവസം നീണ്ടു നിന്ന നീന്തല്‍പരിശീലന ക്യാമ്പില്‍ സ്‌കൂള്‍ കുട്ടികളും മുതര്‍ന്നവരുമടക്കം 301 പേരാണ് പങ്കെടുത്തത്. അടുത്ത ബാച്ചിന്റെ പരിശീലനം ഈമാസം 25ന് ആരംഭിക്കും. പ്രധാന പരിശീലകന്‍ ഐ.സി.പ്രദീപനെ ചടങ്ങില്‍ ആദരിച്ചു. പോലീസ് അക്കാദമി ഡയറക്ടര്‍ കെ.പത്മകുമാറിന്റെ താല്‍പര്യപ്രകാരമാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചില്‍ ഭൂരിഭാഗവും സ്‌കൂള്‍ കുട്ടികളാണ്. വനിതകള്‍ക്കായി ആരംഭിക്കുന്ന നീന്തല്‍ പരിശീലന ക്യാമ്പില്‍ മുന്‍ വനിതാ നീന്തല്‍ താരമായ അള്‍ജനയാണ് പരിശീലനം നല്‍കുക.
കൊടകര ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പഴനിയില്‍ നിന്ന് ആരംഭിച്ച നെല്ലിക്കുഴി തീര്‍ത്ഥയാത്രയ്ക്ക് സ്വീകരണം നല്‍കി.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്.പ്രശാന്ത് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ പി.വി.രാജന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബാബു അവിട്ടപ്പിള്ളി, സംസ്ഥാന നേതാക്കളായ പി.വി.പീതാംബരന്‍, പി.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച തീര്‍ത്ഥാടനയാത്ര നാളെ നെല്ലിക്കുഴിയിലെത്തി സമാപിക്കും.
ഗുരുവായൂര്‍ തൃശൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ മെമു സര്‍വീസാക്കി ഗുരുവായൂരിലേക്ക് നീട്ടണമെന്ന് വൈ.എം.സി.എ. ഗുരുവായൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എം. രതി ഉദ്ഘാടനം ചെയ്തു. തിരുപ്പതി -കോയമ്പത്തൂര്‍ എക്‌സ്പ്രസും ഗുരുവായൂരിലേക്ക് നീട്ടാന്‍ റെയില്‍വേ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.ഡി. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. നടനും സംവിധായകനുമായ ചന്ദ്രന്‍ ചങ്കത്ത് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍-കോളേജ് തലത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വി.വി. കുരിയാക്കോസ്, എം.വി. ജോണ്‍സണ്‍, ജോസ് ലൂയിസ് എന്നിവര്‍ സംസാരിച്ചു.
കൊടകര ഡോ.ബി.ആര്‍.അംബേദ്കര്‍ ജന്മദിനാചരണത്തിന്റെ ഭാഗമായി പട്ടികജാതി ക്ഷേമസമിതി കൊടകര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
'അംബേദ്കര്‍ ചിന്തയും കേന്ദ്രസര്‍ക്കാരിന്റെ ദളിത് വിരുദ്ധനിലപാടുകളും' എന്ന വിഷയത്തെ ആസ്പദമാക്കി നാഡിപ്പാറ സാംസ്‌കാരിക നിലയത്തില്‍ നടത്തിയ സെമിനാര്‍ സി.പി.എം. ജില്ല കമ്മിറ്റിയംഗം സി.സുമേഷ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി ക്ഷേമസമിതി കൊടകര ഏരിയ പ്രസിഡന്റ് എം.കെ.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ.കൃഷ്ണന്‍കുട്ടി, സി.പി.എം. മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ആര്‍.രഞ്ജിത്ത്, വി.എസ്.സുബീഷ് എന്നിവര്‍ സംസാരിച്ചു.
കൊടകര കൊടകര പഞ്ചായത്തില്‍ അവഗണനയില്‍ കിടന്ന മരത്തോമ്പിള്ളി കുളത്തിന് ശാപമോക്ഷമായി.
പായലും ചെളിയും നിറഞ്ഞ് നാശോന്മുഖമായി കിടന്ന കുളം കൊടകര ഗ്രാമപഞ്ചായത്തും അപ്പോളോ ടയേഴ്‌സിന്റെ പരിസ്ഥിതി സംരക്ഷണ വിഭാഗവും ചേര്‍ന്നാണ് നവീകരിച്ചത്. നേരത്തെ മരത്തോമ്പിള്ളി മനയുടെ ഉടമസ്ഥതയിലായിരുന്ന കുളം 1998ല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്നതിന് സൗജന്യമായി വിട്ടു നല്‍കിയിരുന്നു. വേനല്‍ക്കാലത്ത് മരത്തോമ്പിള്ളിയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും മേഖലയിലെ കാര്‍ഷിക വികസനത്തിനും ലക്ഷ്യം വെച്ച് ലിഫ്റ്റ് ഇറിഗേഷന്‍ നടപ്പാക്കിയെങ്കിലും രണ്ടുവര്‍ഷത്തിനു ശേഷം പദ്ധതി നിശ്ചലമായി. ഇതേ തുടര്‍ന്ന് കഴി്ഞ്ഞ പത്തുവര്‍ഷത്തിലേറെയായി കുളവും പമ്പുഹൗസും അനാഥാവസ്ഥയില്‍ കിടന്നു. ഇതിനിടെ സംരക്ഷണഭിത്തികള്‍ ഇടിഞ്ഞും പായലും ചെളിയും നിറഞ്ഞും കുളം നാശത്തിന്റെ വക്കിലായി. കുളത്തിന്റെ നാശം പരിസരപ്രദേശങ്ങളിലെ വീട്ടുകിണറുകളിലെ ജലവിതാനം താഴാനും ഇടവരുത്തി. വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ഉപകരിക്കുന്ന വിധത്തില്‍ മരത്തോമ്പിള്ളി കുളം പുനരുദ്ധരിക്കണമെന്ന ജനങ്ങളുടെ മുറവിളിയെ തുടര്‍ന്നാണ് കൊടകര ഗ്രാമപഞ്ചായത്ത് അപ്പോളോ ടയേഴ്‌സിന്റെ സഹകരണത്തോടെ കുളം നവീകരിച്ചത്.
ചാലക്കുടി ആയ്യൂര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ നാലാമത് സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പതാക ജാഥ ആയൂര്‍വേദാചാര്യന്‍ പത്മഭൂഷന്‍ രാഘവന്‍ തിരുമുല്‍പ്പാടിന്റെ ചാലക്കുടിയിലെ സ്മൃതി മണ്ഡപത്തില്‍ നിന്നു പ്രയാണം ആരംഭിച്ചു.
ഇതോടനുബന്ധിച്ച് തിരുമുല്‍പ്പാടിന്റെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങ് ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തിരുമുല്‍പ്പാടിന്റെ മകന്‍ ഡോ. കെ.മുരളി ദീപശിഖയും പതാകയും ജാഥാ ക്യാപ്റ്റന്‍ ഡോ.കൃഷ്ണകുമാറിന് കൈമാറി. സംസ്ഥാന പ്രസിഡന്റ് ഡോ.വിജയന്‍ നങ്ങേലില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ.ജോജി, ഡോ.ബേബികൃഷ്ണന്‍, ഡോ.മോഹന്‍ കുമാര്‍, ഡോ.നീലകണ്ഠന്‍ മൂസ് തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ പതിമൂന്ന് കരകളിലെ പ്രതിനിധികളെ സാക്ഷിയാക്കി കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ ചെട്ടിക്കുളങ്ങരക്കാരുടെ പരമ്പരാഗത ചടങ്ങുകള്‍ ആചാരപ്പെരുമയോടെ നടന്നു.
കൊടുങ്ങല്ലൂരമ്മയുടെ മകള്‍ എന്ന് വിശ്വസിക്കുന്ന ചെട്ടിക്കുളങ്ങര ഭഗവതിയുടെ ക്ഷേത്രത്തില്‍ നിന്നെത്തുന്ന സംഘം കാലങ്ങളായി നടത്തുന്ന ചടങ്ങാണ് ദേവിക്ക് കിഴി പണവും, പട്ടുടയാടയും സമര്‍പ്പിക്കലും, കലാരൂപമായ കുത്തിയോട്ടം അവതരണവും. പതിമൂന്ന് കരകള്‍ ചേര്‍ന്ന സംഘടനയായ ശ്രീദേവി വിലാസം ഹിന്ദു മത കണ്‍വെന്‍ഷന്റെ നേതൃത്വത്തില്‍ എത്തിയ സംഘം, ദേവിക്ക് സമ്മാനം സമര്‍പ്പിച്ച ശേഷം , വലിയ തമ്പുരാന്റെ പ്രതിനിധിയായ സുരേന്ദ്രവര്‍മ്മയ്ക്ക് കാഴ്ച്ചക്കുലയും കോടിയും നല്‍കി. തുടര്‍ന്ന് ഒന്നാം കരയായ ഈരേഴ തെക്ക് കരക്കാര്‍ കുത്തിയോട്ടം അവതരിപ്പിച്ചു. ശ്രീദേവി വിലാസം ഹിന്ദു മത കണ്‍വെന്‍ഷന്‍ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി ആര്‍.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ വിദ്യാസാഗര്‍, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ടി. സുന്ദരേശന്‍ , എ.പി.വേണുഗോപാല്‍, രാധാകൃഷ്ണന്‍ ,അശോകന്‍ എന്നിവര്‍ പങ്കെടുത്തു
വടക്കാഞ്ചേരി വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയും വി.കെ.നാരായണ ഭട്ടതിരി ട്രസ്റ്റും സംയുക്തമായി നല്‍കുന്ന വി.കെ.നാരായണ ഭട്ടതിരി പുരസ്‌കാര സമര്‍പ്പണം നടന്നു.
വേദപണ്ഡിതന്‍ ഡോ.അഗ്നിശര്‍മ്മന്‍ നമ്പൂതിരിക്ക് മന്ത്രി എ.സി.മൊയ്തീന്‍ പുരസ്‌കാരം സമ്മാനിച്ചു. വായനശാല പ്രസിഡന്റ് വി.മുരളി അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ്കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, പി.ഭാഗ്യലക്ഷ്മിയമ്മ എന്നിവര്‍ സംസാരിച്ചു.
എരുമപ്പെട്ടി വേലൂര്‍ കുറുവന്നൂര്‍ കണ്ണച്ചാട്ടില്‍ ചിറയ്ക്ക് ശാപമോഷമായി.
തലപ്പിള്ളി പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ചിറയുടെ നവീകരണം നടത്തിയത്. വെള്ളാറ്റഞ്ഞൂര്‍, കുറുവന്നൂര്‍, തണ്ടിലം, പാടശേഖരങ്ങളിലേക്ക് ജലസേചനത്തിനായുള്ള ഏക ആശ്രയം കണ്ണച്ചാട്ടില്‍ ചിറയിലെ വെള്ളമാണ് . 20 വര്‍ഷത്തോളം പഴക്കമുള്ള ചിറയിലെ ചീര്‍പ്പ് തുരുമ്പെടുത്തു നശിച്ചുപോയ അവസ്ഥയിലായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ തുലാവര്‍ഷത്തില്‍ ലഭിക്കുന്ന വെള്ളം പൂര്‍ണ്ണമായും ചിറയില്‍ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. അതു കൊണ്ടു തന്നെ പരിസരത്തെ കിണറുകളിലും കൃഷിയിടങ്ങളിലും ജലക്ഷാമം നേരിട്ടിരുന്നില്ല. ചിറ ഉപയോഗശൂന്യമായതിനാല്‍ പ്രദേശത്തെ പ്രധാന വിളകളായ നേന്ത്രവാഴ, പച്ചക്കറി, നെല്‍കൃഷി എന്നിവ രൂക്ഷമായ ജലക്ഷാമമാണ് അഭിമുഖീകരിച്ചത്. ചിറ അറ്റകുറ്റപണി ചെയ്യണമെന്നാവശ്യം ശക്തമായതിനെ തുടര്‍ന്നാണ് തലപ്പിള്ളി പാക്കേജില്‍ ഉള്‍പ്പെടുത്തി നവീകരിക്കുവാനുള്ള നടപടിയാരംഭിച്ചത്. 35 ലക്ഷം രൂപ ചിലവിലാണ് ചിറ നവീകരണം നടത്തിയത്. ചിറ നവീകരിക്കപ്പെട്ടതോടെ വരും വര്‍ഷങ്ങളില്‍ പ്രദേശത്തെ ജലക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും.
കൊടകര കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കൊടകരവാസുപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി മെക്കാഡം ടാറിംഗ് ആരംഭിച്ചു.
മൂന്നുകോടി രൂപ ചെലവിലാണ് കൊടകര മുതല്‍ വാസുപുരം വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരം മെക്കാഡം ടാറിംഗ് നടത്തി വികസിപ്പിക്കുന്നത്. റിഫ്‌ളക്ടറുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിച്ച് ആധുനിക രീതിയില്‍ റോഡ് ടാര്‍ ചെയ്യാന്‍ 2013-ലാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. എന്നാല്‍ കരാറുകാരെ കിട്ടാത്തതിനെ തുടര്‍ന്ന് റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയി. ചാലക്കുടി, പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ജനപ്രതിനിധികളായ ബി.ഡി.ദേവസി, പ്രൊഫ.സി.രവീന്ദ്രനാഥ് എന്നിവര്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും വടക്കാഞ്ചേരി സ്വദേശിയായ കരാറുകാരന്‍ പണി ഏറ്റെടുക്കുകയും ചെയ്തു. 2016 ഫെബ്രുവരിയില്‍ നിര്‍മ്മാണോദ്ഘാടനം നടന്നെങ്കിലും പണികള്‍ ആരംഭിക്കാന്‍ പിന്നേയും സമയമെടുത്തു. ടാറിംഗ് നടക്കുന്നതിനാല്‍ കൊടകര-വാസുപുരം റൂട്ടില്‍ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൈശാഖ മാസാചരണം ഈ മാസം 27ന് തുടങ്ങും.
വൈശാഖത്തില്‍ ക്ഷേത്രദര്‍ശനത്തിന് തിരക്ക് വര്‍ധിക്കും. ബലരാമജയന്തിയായ അക്ഷയ ത്രിതീയ, ശ്രീശങ്കരാചാര്യജയന്തി, ദത്തത്രേയ ജയന്തി, മത്സ്യാവതാരദിനം എന്നിവ വൈശാഖത്തിലെ പ്രധാന ദിനങ്ങളാണ്. ക്ഷേത്രത്തില്‍ നാലു ഭാഗവത സപ്താഹയജ്ഞങ്ങള്‍ നടക്കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ആറ് മുതല്‍ രാത്രി 11.30 വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. മെയ് 25 നാണ് വൈശാഖ മാസം സമാപിക്കുക.
കുതിരാന്‍ ദേശീയപാത കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ ഇരുവശങ്ങളും കൂട്ടിമുട്ടി.
മണ്ണുത്തി - വടക്കുഞ്ചേരി പാതയില്‍ കുതിരാന്‍ മലയില്‍ നിര്‍മ്മിച്ച രണ്ടാം തുരങ്കമാണ് വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ കൂട്ടിമുട്ടിയത്. 962 മീറ്റര്‍ നീളമാണ് തുരങ്കത്തിനുള്ളത്. രാത്രിയും പകലുമായി രണ്ട് ഷിഫ്റ്റില്‍ 250 തൊഴിലാളികളാണ് തുരങ്ക നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഇരുമ്പ് പാലം മുതല്‍ വഴക്കുമ്പാറ നരികിടന്നമല വരെയുള്ള ആദ്യ തുരങ്ക പാത ഇരു ഭാഗത്ത് നിന്നും തുരന്നത് ഫെബ്രുവരി 19 ന് കൂട്ടിമുട്ടിയിരുന്നു.
തൃശൂര്‍ തൃശൂര്‍- വടക്കുഞ്ചേരി ആറുവരിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് ഖനനത്തിന് പാരിസ്ഥിതിക അനുമതി നല്‍കാന്‍ ധാരണയായി.
കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ അതോറിറ്റിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. തൃശൂര്‍ മുതല്‍ വടക്കുഞ്ചേരി വരെയുള്ള ദേശീയപാതയുടെ നിര്‍മ്മാണത്തിനുള്ള മണ്ണ് ഖനനത്തിനാണ് അനുമതി നല്‍കുക. മണ്ണ് ഖനനവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ജില്ലാ കളകടര്‍ അവതരിപ്പിച്ചു.
തൃശൂര്‍ തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ കസ്റ്റഡിയിലെടുത്ത് വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് ഹൈക്കാടതി നിര്‍ദേശം നല്‍കി.
അടാട്ട് ഫാര്‍മേഴസ് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച വിട്ട ഉത്തരവ് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ഔദ്യോഗികമായി തയ്യറാക്കിയതല്ലെന്ന് ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്ന എം.വി രാജേന്ദ്രന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജി ഷാജി പി. ചാലി ഉത്തരവിട്ടത്. ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ സി.സി.ടി.വി. കാമറ ഉള്‍പ്പെടയുള്ള സാങ്കേതിക ഉപകരണങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവായി. ഹൈക്കോടതി അടുത്ത മസം രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷി ചേരുന്നതിനായി അപേക്ഷ നല്‍കിയതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
തൃശൂര്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഇടതുപക്ഷ സ്വഭാവം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് ജിഷ്ണുവിന്റെ അമ്മയോടൊപ്പം സമരം ചെയ്തതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട എം.ഷാജിര്‍ഖാന്‍ പറഞ്ഞു.
എസ്.യു.സി.ഐ തൃശൂരില്‍ നല്‍കിയ സ്വീകരണത്തിലും ജനാധിപത്യ പൗരാവകാശ സംരക്ഷണ സമ്മേളനത്തിലും പങ്കെടുക്കാനെത്തിയതായിരുന്നു എം.ഷാജിര്‍ഖാനും എസ്.മിനിയും. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് എടുത്ത കേസ് പിന്‍വലിച്ച് മാപ്പ് പറയണം. സി.പി.എമ്മിലെ മഹാഭൂരിപക്ഷം ആളുകളും തങ്ങള്‍ക്ക് പിന്തുണ അര്‍പ്പിച്ചിട്ടുണ്ടെന്നും സ്വാശ്രയ മാഫിയക്കുവേണ്ടിയാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ഷാജിര്‍ഖാന്‍ പറഞ്ഞു. എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ഡോ.പി.എസ്.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.കെ.വാസു, ജി.നാരായണന്‍, ഇ.വി.മുഹമ്മദാലി, കെ.വി.ഗണേഷ്, പി.ആര്‍.സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാരനും ഇന്ത്യന്‍ കോഫീ ഹൗസ് സി.ഐ.ടി.യു തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ കോട്ടയം കട്ടപ്പന സ്വദേശി ചെമ്പന്‍ രാജേഷിനെ മര്‍ദ്ദിച്ചതായി പരാതി.
കോഫീ ഹൗസ് പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏറ്റെടുത്തതതിന്റെ തര്‍ക്കങ്ങളും പ്രതിഷേധവും തുടരുന്നതിനിടെയാണ് രാജേഷിന് മര്‍ദ്ദനമേറ്റത്. അഡ്മിനിസ്‌ട്രേറ്റര്‍ കോഫീ ഹൗസിന്റെ ഓഫീസ് അടച്ചിട്ടതിനാല്‍ തൊഴിലാളികളുടെ ശമ്പളം മുടങ്ങിയതായി ടി.സി.വി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധവുമായി എത്തിയ സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ വ്യവസായ വകുപ്പ് ഓഫീസിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതായി രാജേഷ് പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരനായ കെ.പി.ഗോപാലകൃഷ്ണന്റെ ഭാര്യ മഞ്ജു തന്നെ മര്‍ദ്ദിച്ചതായി രാജേഷ് ആരോപിച്ചു. പിന്നീട് ഓഫീസിന് പുറത്ത് വെച്ചും 4 പേര്‍ മര്‍ദ്ദിച്ചതായും ഇയാള്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏറ്റെടുത്തതിലുള്ള വൈരാഗ്യം മൂലം പിരിച്ചുവിട്ട മാനേജിംഗ് കമ്മിറ്റി പ്രതിനിനിധികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സഹകരണവേദി പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്നും രാജേഷ് ആരോപിച്ചു. രാജേഷിനെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യവസായ വകുപ്പ് സ്റ്റാഫിന് നേരെ കയ്യേറ്റം ഉണ്ടായതായും പരാതിയുണ്ട്.
പൊങ്ങണംകാട്, ചോറ്റുപാറ, വട്ടായി വനമേഖലകളില്‍ എക്‌സൈസും പോലീസും വനംവകുപ്പും സംയുക്ത പരിശോധന നടത്തി.
പൊങ്ങണംകാട്, ചോറ്റുപാറ, വട്ടായി എന്നീ വനമേഖലകളിലാണ് സംയുക്ത പരിശോധന നടന്നത്. ജില്ലയിലെ ഭൂരിഭാഗം ബാറുകളും ബിവറേജസ് ഷോപ്പുകളും പൂട്ടിയതിനെ തുടര്‍ന്ന് വനമേഖലകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യ നിര്‍മ്മാണവും വാറ്റും നടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംയുക്ത പരിശോധന നടന്നത്. പരിശോധനയില്‍ കോലഴി എകസൈസും, വിയ്യൂര്‍ പോലീസും, പൊങ്ങണംകാട് വനംവകുപ്പ് അധികൃതരും പങ്കെടുത്തു.
കൊടുങ്ങല്ലൂര്‍ ഐക്യകേരളത്തിനോളം പ്രായമുള്ള പുല്ലൂറ്റ് പാലം ശോച്യാവസ്ഥയില്‍. മലബാര്‍ കൊച്ചി തിരുവിതാംകൂര്‍ ലയന കാലത്താണ് ഈ പാലം നിര്‍മ്മിച്ചത്.
വെള്ളത്താല്‍ ചുറ്റപ്പെട്ട കൊടുങ്ങല്ലൂരെന്ന ഉപ ദ്വീപിനെ പുറം ലോകവുമായി ബന്ധപ്പെടുത്തിയ ആദ്യത്തെ പാലമാണ് പുല്ലൂറ്റിലേത്. പാലം നിര്‍മ്മാണവുമായി ചേര്‍ത്ത് തലമുറകളായി പറഞ്ഞു പോരുന്നൊരു കഥയുണ്ട്. 1954ല്‍ അന്നത്തെ കൊടുങ്ങല്ലൂര്‍ എം.എല്‍.എ ആയിരുന്ന പി.കെ.അബ്ദുള്‍ ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിനായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കൊടുങ്ങല്ലൂരിലെത്തിയിരുന്നു. തൃശ്ശൂരില്‍ നിന്നു കാര്‍ മാര്‍ഗം കൊടുങ്ങല്ലൂരിലേക്ക് വന്ന പ്രധാനമന്ത്രിക്ക് കനോലി കനാലിന്റെ അക്കരെ ചങ്ങാടം വരുന്നതും കാത്ത് കുറച്ചധികം നേരം നില്‍ക്കേണ്ടി വന്നുവത്രെ. എം.എല്‍.എ ആയിരുന്ന പി.കെ.അബ്ദുള്‍ ഖാദര്‍, ജനങ്ങളുടെ യാത്രാക്ലേശം പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്താന്‍ ചങ്ങാടക്കാരനെ ചട്ടം കെട്ടി ബോധപൂര്‍വ്വം ചങ്ങാട യാത്ര വൈകിച്ചുവെന്നാണ് കഥ .എന്നാല്‍ ഇത് വെറും കഥ മാത്രമാണെന്നാണ് അബ്ദുള്‍ ഖാദറിന്റെ മകനായ ഡോ. പി.എ.മുഹമ്മദ് സൈദ് പറയുന്നത്. എന്തുമാകട്ടെ ,ഡല്‍ഹിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി പുല്ലൂറ്റ് പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചുവെന്നത് വാസ്തവം. തിരുകൊച്ചി സംസ്ഥാനത്തിലെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൊന്നായ പുല്ലൂറ്റ് പാലം ഇന്ന് അപകടാവസ്ഥയിലാണ്. കോണ്‍ക്രീറ്റ് അടര്‍ന്നും,കമ്പികള്‍ തുരുമ്പെടുത്തും ശോചനീയാവസ്ഥയിലായ പാലത്തിലൂടെയാണ് നൂറ് കണക്കിന് ബസുകളും ചരക്ക് വാഹനങ്ങളും കടന്നു പോകുന്നത്. പാലത്തിന്റെ ബലക്ഷയം ബോധ്യപെട്ടതിനെ തുടര്‍ന്ന് കനോലി കനാലിന് കുറുകെ പുതിയ പാലം നിര്‍മ്മിക്കാന്‍ തീരുമാനമുണ്ടായി. പല ബജറ്റുകളിലായി പാലം നിര്‍മ്മാണത്തിന് തുക വകയിരുത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ പാലം എവിടെ നിര്‍മ്മിക്കണമെന്നതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തു. നിലവിലുള്ള പാലത്തിന് സമാന്തരമായി പാലം നിര്‍മ്മിക്കണമെന്നും , അതല്ല ചന്തപ്പുരയ്ക്ക് കിഴക്കു ഭാഗം ഉഴുവത്ത് കടവിനെയും പുല്ലൂറ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള ഉഴുവത്ത് കടവിനെയും ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കണമെന്നും വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എങ്ങിനെയെങ്കിലും പുതിയ പാലം നിര്‍മ്മിച്ചാല്‍ മതിയെന്നേ ബഹുഭൂരിപക്ഷം നാട്ടുകാര്‍ക്കും ചിന്തയുള്ളു. ഇക്കുറിയും ബജറ്റില്‍ പുല്ലൂറ്റ് പാലത്തിന് തുക വകയിരുത്തിയിട്ടുണ്ട് . പാലം കടലാസില്‍ നിന്നുമിറങ്ങി വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
കുന്നംകുളം ചൊവ്വന്നൂര്‍ പഞ്ചായത്തിന്റെ കീഴിലുള്ള പോര്‍ക്കളേങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രം കുന്നംകുളം നഗരസഭ ചെയര്‍പഴ്‌സന്റെ നേതൃത്വത്തില്‍ കയ്യേറിയതായി പരാതി.
ചെയര്‍പഴ്‌സന്‍ സീതാ രവീന്ദ്രന്റെ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം ചൊവ്വന്നൂര്‍ പഞ്ചായത്തിന്റെ കീഴിലാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. മുന്‍പ് പഞ്ചായത്തിന്റെ ഭാഗമായിരുന്ന പ്രദേശം പിന്നീട് നഗരസഭയിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ടതോടെ ആരോഗ്യ കേന്ദ്രം പഞ്ചായത്തിന്റെ അധീനതയില്‍ നിലനിര്‍ത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡോക്ടറുള്‍പ്പെടെയുള്ളവര്‍ എത്തിയപ്പോഴാണ് നിലവിലുണ്ടായിരുന്ന പൂട്ട് പോളിച്ച് മാറ്റി പകരം മറ്റൊരു പൂട്ടുപയോഗിച്ച് ആശുപത്രി പൂട്ടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പകടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നഗരസഭ ചെയര്‍പഴ്‌സന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പൂട്ട് തകര്‍ത്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരിശോധനാ റിപ്പോര്‍ട്ടുള്‍പ്പെടെ പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. സര്‍ക്കാര്‍ സ്ഥാപനത്തില്‍ അതിക്രമിച്ചുകടക്കുക, നാശനഷടം വരുത്തുക, കയ്യേറ്റം തുടങ്ങിയവയാണ് പരാതിയിലുന്നയിച്ചിരിക്കുന്നത്. മെഡിക്കല്‍ ഓഫീസറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്നും പല തവണ ഇത് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ചൊവ്വന്നൂരിന് സ്വന്തമായി പി.എച്ച്.സി. ഉള്ളതിനാലാണ് നഗരസഭ താക്കോല്‍ വാങ്ങിയതെന്നും മറ്റു ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
തൃപ്രയാര്‍ വലപ്പാട് കൂരിത്തറയില്‍ പാടം നികത്താനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു.
പാടം നികത്താനായി നാല് ലോഡ് മണ്ണ് നേരത്തെ ഇവിടെ ഇറക്കിയിരുന്നു. വിവരമറിഞ്ഞതോടെ സമീപവാസി വലപ്പാട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനിടെ അഞ്ചാമത്തെ ലോഡ് മണ്ണുമായെത്തിയ ലോറി തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ.യദുകൃഷ്ണയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് എസ്.ഐ.- ഇ.ആര്‍.ബൈജുവും സംഘവും ലോറി കസ്റ്റഡിയില്‍ എടുത്തു. കൂരിത്തറ പാടം നികത്തുന്നതോടെ പ്രദേശത്തെ കോളനിയില്‍ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. പാടം നികത്താനുപയോഗിച്ച മണ്ണ് മുഴുവന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ വലപ്പാട് വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് അഡീഷണല്‍ തഹസില്‍ദാര്‍ കെ.എ.അബൂബക്കര്‍ വില്ലേജ് ഓഫീസറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് അഡീഷണല്‍ തഹസില്‍ദാര്‍ ഉറപ്പു നല്‍കിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.
പാവറട്ടി ബ്രഹ്മകുളം, എളവള്ളി വില്ലേജുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എളവള്ളി ഗ്രാമപഞ്ചായത്തിലെ പണ്ടറക്കാട് പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീയാകാറായി.
നേരത്തെയുണ്ടായിരുന്ന ചെറിയ പാലം മാറ്റിയാണ് 8 മീറ്റര്‍ വീതിയിലും, പതിനഞ്ച് മീറ്റര്‍ നീളത്തിലും പുതിയ പാലം നിര്‍മ്മിക്കുന്നത്. 54 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. പാലം നിര്‍മ്മാണം പൂര്‍ത്തീകകരിച്ചാല്‍ ഈ വഴിയിലൂടെ ബസ് റൂട്ടുള്‍പ്പെടെയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്താനാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് യു.കെ.ലതിക, വൈസ് പ്രസിഡണ്ട് ടി.സി.മോഹനന്‍ എന്നിവര്‍ പറഞ്ഞു.
പുന്നയൂര്‍കുളം വടക്കേക്കാട് പഞ്ചായത്തിലെ കൗക്കാനപ്പെട്ടി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കും, വഴിയാത്രക്കാര്‍ക്കുമായി സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
മഹല്ല് കത്തീബ് അലി അക്ബര്‍ ഇംദാദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡണ്ട് പറയങ്ങാട്ടില്‍ കുഞ്ഞുമൊയ്തു അധ്യക്ഷനായിരുന്നു.
അന്തിക്കാട് പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മസ്ജിദിന്റെ കീഴില്‍ ആരംഭിച്ച ജൈവകൃഷി വിളവെടുത്തു.
താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് സി.പി ജോസ് ഉദ്ഘാടനം ചെയ്തു. മഹല്ല് ജനറല്‍ സെക്രട്ടറി യൂസഫ് പാട്ടോളി, ഖാലിദ് വലിയകത്ത് എന്നിവര്‍ സംസാരിച്ചു.
കയ്പമംഗലം ജില്ലാ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ഈസ്റ്റ് യു.പി.സ്‌കൂളില്‍ നടന്നു.
മതിലകം ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീന വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ത്രോബോള്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.യു.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.സി.രവി, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം അഖില്‍ അനിരുദ്ധന്‍, പി.എസ്.സുമന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഈ മാസം 29, 30 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഇവിടെ നിന്നു തെരഞ്ഞെടുക്കുന്ന ടീം മത്സരിക്കും.
ചാവക്കാട് എടക്കഴിയൂര്‍ പള്ളിക്ക് സമീപം മിനി ബസും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രികന് പരിക്കേറ്റു.
എക്കഴിയൂര്‍ വടക്കത്ത് അബ്ദുല്‍ റസാക്കിനാണ് പരിക്കേറ്റത്. എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ റസാഖിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാവക്കാട് കടപ്പുറം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച മത്സ്യസഭായോഗം പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്നു.
പത്താം വാര്‍ഡംഗം പി.കെ.ബഷീര്‍ അധ്യക്ഷത വഹിച്ചു. പി.എ.അഷ്‌കറിലി, ഫിഷറീസ് ഇന്‍സ്‌പെക്ട്ടര്‍ ഫാത്തിമ. നവാസ് എന്നിവര്‍ സംസാരിച്ചു.
പുന്നയൂര്‍ക്കുളം ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ളമെത്തിച്ച് സന്നദ്ധസംഘടനകള്‍ മാതൃകയാകുന്നു.
പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ 7,8 വാര്‍ഡുകളിലാണ് ചമ്മന്നൂരിലെ മഹല്‍ കമ്മിറ്റി ഭാരവാഹികളും, രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറവും, ടി.കെ.ബാബു കാരുണ്യസംഘവും വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നത.് വെളളം വിതരണം ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാത്ത ഭരണസമിതിക്കെതിരെപ്രതിഷേധമേറിയിട്ടുണ്ട്. പ്രദേശത്തെ ഭൂരിഭാഗം തോടുകളും, കുളങ്ങളും അനധികൃതമായി മണ്ണിട്ടുനികത്തിയതിനെതിരെ ഭരണസമിതി നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രദേശത്തെ ജലക്ഷാമം രൂക്ഷമായത്ിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ചാലക്കുടി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഷീജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.ബാബു, കുമാരി ബാലന്‍, ജെമനീഷ് ജോസ് എന്നിവര്‍ സംസാരിച്ചു.
പുന്നയൂര്‍ക്കുളം വടക്കേക്കാട് വൈലത്തൂര്‍ വിശുദ്ധ കുരിയാക്കോസിന്റെ ദേവാലയത്തില്‍ ഈ മാസം 23 മുതല്‍ 26 വരെ സംയുക്ത തിരുനാള്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇടവക ദിനാഘോഷം 23ന് വൈകീട്ട് അഞ്ചിനു തൃശൂര്‍ അതിരൂപത ചാന്‍സലര്‍ ഫാ.മാത്യു കുറ്റികോട്ടയില്‍ ഉദ്ഘാടനം ചെയ്യും. ഫാ.ജോസ് പുന്നേലിപറമ്പില്‍ അധ്യക്ഷത വഹിക്കും. ദീപാലങ്കാര സ്വിച്ച് ഓണ്‍ ഇതോടൊപ്പം നടക്കും. തിരുനാള്‍ ദിവസമായ 25ന് രാവിലെ 10ന് നടക്കുന്ന ദിവ്യബലിക്ക് ഫാ.ജോബി പുളിക്കന്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ഫാന്‍സി വെടിക്കെട്ട് എന്നിവ ഉണ്ടാകും. വികാരി ഫാ.ഡേവിസ് ചിറമ്മല്‍, ഫാ.മാത്യു മണിയംകേരി, എം.ഡി.ജയിംസ്, മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വിയ്യൂര്‍ വിയ്യൂര്‍ മഹിളാ മന്ദിരത്തില്‍ നിന്നു പതിനാറുകാരിയെ കാണാതായി.
വിയ്യൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കാണാതായ പെണ്‍കുട്ടിയെ ഏതാനും മാസം മുമ്പും മഹിളാ മന്ദിരത്തില്‍ നിന്നു കണാതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുന്നയൂര്‍ക്കുളം പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി.
ഭൂരിഭാഗം കിണറുകളും കുളങ്ങളും വറ്റിയതിനാല്‍ വെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായി. കിണറുകള്‍ വറ്റിവരണ്ടതിനാല്‍ പല കുടുംബങ്ങളും ബന്ധുക്കളുടെ വീട്ടിലാണ് കഴിയുന്നത്. ചമ്മന്നൂര്‍, മാഞ്ചിറ, പരൂര്‍,ആറ്റുപുറം, ആല്‍ത്തറ, പനന്തറ ,ചെറായി ഭാഗങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. മറ്റു സ്ഥലങ്ങളില്‍ നിന്നു വാഹനത്തില്‍ വെള്ളം കൊണ്ടുവന്നാണ് വിവാഹ സദ്യകള്‍ നടത്തുന്നത്.
ചേര്‍പ്പ് പട്ടിക ജാതി വികസന വകുപ്പിന്റെ അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം ചേര്‍പ്പ് പൂത്തറക്കലില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ആലോചനാ യോഗം ചേര്‍ന്നു.
ഗീത ഗോപി എം.എല്‍.എ യാണ് പൂത്തറയ്ക്കലിനെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. അതിലേക്കായി 50 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിന് നടന്ന യോഗം ബ്ലോക്ക് പ്രസിഡന്റ് വി.ആര്‍ സരള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ടി സണ്ണി അധ്യക്ഷനായിരുന്നു. എം. എല്‍. എയുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. ചേര്‍പ്പ് പഞ്ചായത്തു പ്രസിഡന്റ് സി.കെ വിനോദ്., മെമ്പര്‍ ലൗലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊടുങ്ങല്ലൂര്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ എടവിലങ്ങില്‍ നടന്ന സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ പരസ്പരമുള്ള വൈരം അവസാനിപ്പിക്കാന്‍ തീരുമാനമായി.
സി.പി.ഐ നേതാവും, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റുമായ ടി.എം.ഷാഫിയും കുടുംബവും ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് മേഖലയില്‍ സി.പി.എം-സി.പി.ഐ ബന്ധം വഷളായത്. ഷാഫിയും സംഘവും ആക്രമിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും ഏതാനും പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പ്രകോപനപരമായ പ്രവര്‍ത്തനങ്ങളും ,പ്രസ്താവനകളും ഒഴിവാക്കുവാന്‍ യോഗം തീരുമാനിച്ചു .പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗം. ഇ ടി. ടൈസണ്‍ എം.എല്‍.എ, സി.പി.എം ജില്ലാ കമ്മറ്റിയംഗം അമ്പാടി വേണു, ഏരിയ സെക്രട്ടറി പി.കെ.ചന്ദ്രശേഖരന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി.മോഹനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
പാവറട്ടി പാവറട്ടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കിയോസ്‌ക്ക് എവിടെ സ്ഥാപിക്കണമെന്നതിനെ ചൊല്ലി കോണ്‍ഗ്രസും ബി.ജെ. പി യും തമ്മിലുള്ള തര്‍ക്കം ഗ്രാമവാസികളുടെ കുടിവെള്ളം മുട്ടിച്ചു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 5 കിയോസ്‌കുകളാണ് പാവറട്ടി ഗ്രാമപഞ്ചായത്തിന് നല്‍കിയത്. ഇതില്‍ നാലെണ്ണം വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച് കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ജനപ്രതിനിധി തെരഞ്ഞെടുക്കപ്പെട്ട എട്ടാം വാര്‍ഡില്‍ കിയോസ്‌ക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ചു ബി.ജെ.പി.യും കോണ്‍ഗ്രസും വ്യത്യസ്ത നിലപാടുകളില്‍ ഉറച്ചുനിന്നതോടെ പ്രശ്‌നം രാഷ്ട്രീയമായി മാറി. ഇരുകൂട്ടരും പോരടിച്ചതോടെ കിയോസ്‌ക് സ്ഥാപിക്കാനാകാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. 5,000 ലിറ്റര്‍ സംഭരണ ശേഷിേയുള്ള കിയോസ്‌ക്, ആര്‍ക്കും വേണ്ടാതെ രാഷ്ട്രീയ നാടകത്തിന് ഉപകരണമായി മാറിയിരിക്കുകയാണ്.
ചെറുതുരുത്തി വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ എസ്.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, പഠനസാമഗ്രികള്‍ എന്നിവയുടെ വിതരണം നടന്നു.
സൈക്കിള്‍ വിതരണം പി.കെ. ബിജു എം.പി നിര്‍വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍് കെ.പി. രാധാകൃഷ്ണന്‍ പുസ്തക വിതരണം നടത്തി. വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. 182 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കിള്‍ വിതരണം നടത്തിയത്. വരവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വിജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി വിനോദ് , പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം.എ.മോഹനന്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ചാലക്കുടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ കടത്തുന്നതിന് ചാലക്കുടി ഗവണ്‍മെന്റ് സ്‌കൂളില്‍ മതില്‍ പൊളിച്ച നടപടി നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയാക്കി.
വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സ്‌കൂളിന്റെ കിഴക്കുഭാഗത്തുള്ള മതില്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമഗ്രികളും വലിയ വാഹനങ്ങളും കടത്തുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് പി.ടി.എ പ്രസിഡന്റ് ടി.എ. ജയന്‍ പിന്നീട് അറിയിച്ചു. എന്നാല്‍ നഗരസഭയിലെ പ്രതിപക്ഷാംഗങ്ങള്‍ സ്ഥലത്തെത്തി പ്രതിഷേധം അറിയിച്ചു. നഗരസഭ അധികൃതര്‍ അറിയാതെയാണ് മതില്‍ പൊളിച്ചതെന്ന് പ്രതിപക്ഷം പറഞ്ഞു.
ഇരിങ്ങാലക്കുട വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ സദസ് നടത്തി.
ഇരിങ്ങാലക്കുട ടൗണ്‍ കോ- ഓപ്പറേറ്റീവ് ബാങ്ക്, സഹകരണ ആശുപത്രി എന്നിവയുടെ ഭരണസമിതി അഴിമതി നടത്തുകയാണെന്നും എം.സി.പി. കണ്‍വെന്‍ഷന്‍ സെന്റര്‍ നികുതി വെട്ടിപ്പും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ആരോപിച്ചാണ് സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് നടത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്‍.ബാലന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.പി.ദിവാകരന്‍ അധ്യക്ഷനായിരുന്നു.
മാള മാള മഠത്തുംപടി സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ വിശുദ്ധ അഗസ്തീനോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.
വികാരി ഫാ. ലിന്റോ പനംകുളം കൊടിയേറ്റം നിര്‍വ്വഹിച്ചു. ഫാ.ജോബി പയ്യപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ശനിയാഴ്ച അമ്പെഴുന്നള്ളിപ്പ് നടക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. സെബി പുത്തൂര്‍ മുഖ്യകാര്‍മികനാകും.
പുതുക്കാട് വേലൂപ്പാടം വിക്ടറി ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം വരന്തരപ്പിള്ളിയില്‍ അഖില കേരള സെവന്‍സ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കുട്ടോലിപാടത്ത് പ്രത്യേകം സജ്ജമാക്കിയ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് മത്സരം ഉദ്ഘാടനം ചെയ്യും.
ചാലക്കുടി ചാലക്കുടി ഉണ്ണുനീലി വായന ശാലയുടെ നേതൃത്വത്തില്‍ കുരുത്തോല ഉല്‍പ്പന്ന പരിശീലന കളരി സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എ.ഷോജന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ചു. പൂക്കളും അലങ്കാര വസ്തുക്കളുമടക്കം 12 ഇനങ്ങളാണ് പരിശീലിപ്പിച്ചത്. കുട്ടികളടക്കം അമ്പതോളം പേര്‍ പങ്കെടുത്തു.
കയ്പമംഗലം കേരള ഇലക്ട്രിസിറ്റി വര്‍ക്കേ്‌ഴ്‌സ് ഫെഡറേഷന്‍ - എ.ഐ.ടി.യു.സി. കൊടുങ്ങല്ലൂര്‍ ഡിവിഷന്‍ സമ്മേളനം മതിലകം പുന്നയ്ക്ക ബസാറില്‍ നടന്നു.
ഇ.ടി.ടൈസണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.എന്‍.രാമന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ബി.ജി.വിഷ്ണു, അസോസിയേഷന്‍ ഡിവിഷന്‍ പ്രസിഡന്റ് എന്‍.കെ.പ്രദീപ്, സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം എം.എ.മുഹമ്മദ് സാലി എന്നിവര്‍ സംസാരിച്ചു.
പുതുക്കാട് ചെങ്ങാലൂര്‍ രണ്ടാംകല്ല് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പൈപ്പ് പുനഃസ്ഥാപിക്കുന്ന പ്രവൃത്തികള്‍ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി.
മുന്‍പ് തീരുമാനിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പമ്പ് ഹൗസ് റോഡില്‍ പൈപ്പ് ഇടുന്നതാണ് തടസ്സപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കരാറുകാര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. രണ്ടാം തവണയാണ് പൈപ്പ് പുനസ്ഥാപിക്കുന്ന പ്രവൃത്തികള്‍ തടസ്സപ്പെടുന്നത്. രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശത്ത് പദ്ധതി പ്രാവര്‍ത്തികമായാല്‍ ഒരു പരിധി വരെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയും. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെയാണ് പൈപ്പ് ഇട്ടിരുന്നത്. കാലപ്പപഴക്കം വന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് പതിനൊന്നര ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എസ്റ്റിമേറ്റ് പ്രകാരം പമ്പ് ഹൗസ് റോഡില്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി പദ്ധതി ഫണ്ടില്‍ നിന്ന് ആറ് ലക്ഷം രൂപയോളം പഞ്ചായത്തില്‍ കെട്ടിവെച്ചതിന് ശേഷമാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. റോഡില്‍ പൈപ്പ് സ്ഥാപിക്കുന്നത് തടഞ്ഞ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.വി.ചന്ദ്രന്‍, പ്രവര്‍ത്തകനായ അരവിന്ദാഷന്‍ എന്നിവര്‍ക്കെതിരെയാണ് കരാറുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. പമ്പ് ഹൗസ് മുതല്‍ സ്‌നേഹപുരം, രണ്ടാംകല്ല് ഹരിജന്‍ കോളനി,വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളിലുള്ള പൈപ്പുകളാണ് മാറ്റി സ്ഥാപിക്കുന്നത്. ലിഫ്റ്റ് ഇറിഗേഷന്റെ പൈപ്പ് പുനസ്ഥാപിക്കുന്ന പ്രവൃത്തികള്‍ തടഞ്ഞ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പുതുക്കാട് കല്ലൂര്‍ വെള്ളാനിക്കോട് വനഭൂമി പട്ടയമുള്ള ഭൂമിയില്‍ മണ്ണെടുപ്പും കരിങ്കല്‍ ഖനനവും നടക്കുന്നതായി പരാതി.
കെ.എല്‍.ഡി.സി. ബണ്ടു പണിക്കെന്ന വ്യാജേനയാണ് അനധികൃത മണ്ണുകടത്ത് നടക്കുന്നത്. ബണ്ടു നിര്‍മ്മാണത്തിനെന്നു കാണിച്ച് ജിയോളജി വകുപ്പിന്റെ അനുമതി നേടിയാണ് അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവിടെ നിന്ന് കടത്തുന്ന മണ്ണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്താനാണ് കൊണ്ടു പോകുന്നതെന്ന ആരോപണവുമുണ്ട്.
പാവറട്ടി കൃഷി വകുപ്പിന്റെ സഹകരണത്തോടെ പാവറട്ടി ഗ്രാമ പഞ്ചായത്തില്‍ കര്‍ഷക കര്‍മ്മസേന ഗാരേജ് പ്രവര്‍ത്തനം തുടങ്ങി.
കൃഷിഭവന് സമീപം പുതുതായി നിര്‍മ്മിച്ച ഗാരേജ് പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. കാദര്‍ മോന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വിമല സേതുമാധവന്‍ അദ്ധ്യക്ഷ യായിരുന്നു. വൈസ് പ്രസിഡണ്ട് മിനി ലിയോ, പഞ്ചായത്ത് അംഗം .വി.കെ. ജോസഫ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ തെരഞ്ഞെടുത്ത ആറ് പഞ്ചായത്തുകള്‍ക്കാണ് ഒന്‍പത് ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രങ്ങള്‍ നെല്‍കിയിട്ടുള്ളത്
ചാവക്കാട് ബൈപ്പാസില്‍ ഹോട്ടലിനു മുന്നിലെ കാനയ്ക്ക് മീതെയുള്ള സ്ലാബ് പൊളിഞ്ഞത് അപകടക്കെണിയാകുന്നു.
ഇതിലൂടെ നടന്നു പോകുന്ന യാത്രക്കാര്‍ അപകടഭീതിയിലാണ്. സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നേരത്തെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിനു താഴെയുള്ള സ്ലാബ് തകര്‍ന്നിരുന്നു. സ്ലാബുകള്‍ പൊട്ടിയതിനാല്‍ കാനയില്‍ നിന്നുള്ള ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. സ്ലാബ് മാറ്റിസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് - എസ്. ജില്ലാ സെക്രട്ടറി പി.കെ.സെയ്താലിക്കുട്ടി ആവശ്യപ്പെട്ടു.
ചാലക്കുടി നിര്‍മ്മാണ തൊഴലാളി ഫെഡറേഷന്‍ -ബി.എം.എസ് ജില്ലാ സമ്മേളനം ചാലക്കുടിയില്‍ നടന്നു.
പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സലിം തെന്നലാപുരം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സി.ആര്‍.ജിനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.തിലകന്‍, ബി.എം.എസ് ജില്ലാ പ്രസിഡന്റ് സേതു തിരുവെങ്കിടം, സംസ്ഥാന സമിതിയംഗം ടി.സി.സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ അഴീക്കോട് -മുനമ്പം ഫെറിയില്‍ ശനിയാഴ്ചയും യാത്രാ ബോട്ട് സര്‍വ്വീസ് ആരംഭിക്കാനാവില്ല.
യാത്രാ ബോട്ട് അവസാന നിമിഷം ലഭ്യമാകാതിരുന്നതാണ് സര്‍വ്വീസ് പ്രതിസന്ധിയിലായത്. ജങ്കാര്‍ സര്‍വ്വീസ് നിലച്ചതോടെയാണ ് യാത്രാ ബോട്ട ആരംഭിക്കുവാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിക്കുകയും കരാറുകാരനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നത്.ഇതിനായി ഫെറി കരാറുകാരന്‍ ബോട്ട് കൊച്ചിയില്‍ നിന്ന് ഏകദേശം പതിനഞ്ച് ലക്ഷം രൂപക്ക് കരാര്‍ ഉറപ്പിക്കുകയും കേരള തുറമുഖ വകുപ്പിന്റെ പരിശോധനക്കു ശേഷം കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വെളളിയാഴ്ച ബോട്ട് കൊണ്ടുവരുവാന്‍ കൊച്ചിയിലെത്തിയപ്പോഴാണ് ബോട്ട് പെട്ടന്ന് വിട്ട് നല്‍കുവാനാകില്ലന്നെ് ഇതുമായി ബന്ധപ്പെട്ടവര്‍ ബോട്ട് ഉടമയെ അറിയിച്ചത്.
തൃശൂര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് മേയര്‍ അജിതാ ജയരാജന്‍ പറഞ്ഞു.
ജില്ലാ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ 'കേരള സമൂഹം -സ്ത്രീ ബാലപീഡന പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പൗരസമിതി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ എം.കെ.പോള്‍സന്‍ അധ്യക്ഷനായിരുന്നു. തൃശൂര്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.എന്‍.സീത മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം കാണിക്കുന്ന പ്രതികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കുകയാണെങ്കില്‍ പീഡനങ്ങള്‍ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നും ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിതാ വിജയന്‍, കൗണ്‍സിലര്‍മാരായ എ.പ്രസാദ്, ഷീബാ ബാബു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോയ് എം.മണ്ണൂര്‍, അഡ്വ.ആര്‍.കെ.ആശ, വിശാലാക്ഷി മല്ലിശേരി, ജോസഫ് പുന്നമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ അന്തരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്.
അധ്യാപകരുടെ പരിശീലന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈടെക് രീതിയിലുള്ള വിദ്യാഭ്യാസം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഏത് മേഖലയിലും പ്രാവീണ്യം തെളിയിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഹൈടക് വിദ്യഭ്യാസപരിഷ്‌കരണ യഞ്ജത്തിന്റെ ഭാഗമായി അദ്ധ്യാപക പരിശീലനം പുരോഗമിച്ച് വരികയാണ്. ഒന്നര ലക്ഷം അദ്ധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും വിദ്യാഭ്യാസ ഓഫീസുകളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
തൃശൂര്‍ ഭാരതീയ വാണിജ്യ വ്യവസായ സമിതിയുടെ ആഭിമുഖ്യത്തില്‍ ''ചരക്കു സേവന നികുതി ഏകീകരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പരിവര്‍ത്തനം'' എന്ന വിഷയത്തെക്കുറിച്ച് തൃശൂരില്‍ ചര്‍ച്ച സംഘടിപ്പിച്ചു.
സമിതി സംസ്ഥാന പ്രസിഡന്റും ബി.ജെ.പി. ജില്ലാ പ്രസിഡന്റുമായ എ.നാഗേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി.എം.എസ്. മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സി.കെ.സജി നാരായണന്‍ വിഷയാവതരണം നടത്തി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ, നികുതി വിദഗ്ധന്‍ എം.വാസുദേവന്‍, കോസ്റ്റ് ഓഡിറ്റര്‍ എ.പി. മധു, രഘുനാഥ് വെള്ളാട്ട്, സി.കെ. മണികണ്ഠന്‍, പി.വി. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ - സാമ്പത്തിക ചരിത്രത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിക്കുന്ന ചരക്കു സേവന നികുതി ഏകീകരണം രാജ്യത്ത് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമിതി ചര്‍ച്ച സംഘടിപ്പിച്ചത്.
കുന്നംകുളം തിപ്പിലശേരിയില്‍ നിന്ന് വാഷ് പിടികൂടി നശിപ്പിച്ചു.
കോഴിക്കുളത്തിനടുത്ത് പാടത്തിനോട് ചേര്‍ന്ന കല്‍ഗുഹയില്‍ നി ന്നാണ് വാഷ് പിടിച്ചെടുത്തത്. എട്ട് കുടങ്ങളിലായി പതിനഞ്ച് ലിറ്ററോളം വരുന്ന വാഷാണ് സൂക്ഷിച്ചിരുന്നത്. പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് അധികൃതര്‍ വാഷ് പിടിച്ചെടുത്ത് ഒഴുക്കിക്കളയുകയായിരുന്നു
ഗുരുവായൂര്‍ ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ മോഷണം.
ക്ഷേത്രവളപ്പിലെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് മോഷണം പോയത്. നവഗ്രഹക്ഷേത്രത്തിന് മുന്നിലെ റെഡിമെയ്ഡ് ഭണ്ഡാരം ഇന്നലെ രാത്രി ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. ഒരു മാസത്തിനിടെ രണ്ട് തവണ ക്ഷേത്രത്തില്‍ മോഷണം ശ്രമം നടന്നിരുന്നു. ഭണ്ഡാരത്തിന്റെ പൂട്ടുകള്‍ തകര്‍ക്കാനായിരുന്നു ശ്രമം. രാത്രി ട്രെയിനിലെത്തുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ടെമ്പിള്‍ സി.ഐ.- യു.എച്ച്.സുനില്‍ദാസിന്റെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം തുടങ്ങി.
ഒല്ലൂര്‍ കോര്‍പ്പറേഷന്‍ ഒല്ലൂര്‍ സോണല്‍ ഓഫീസിലെ സൂപ്രണ്ടിനെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
കുട്ടനെല്ലൂര്‍ -പടവരാട് മേഖലയില്‍ പകര്‍ച്ചവ്യാധി തടയുന്നതിന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യന്‍, ഒല്ലൂര്‍ മണഡലം പ്രസിഡന്റ് സനോജ് കാട്ടുക്കാരന്‍, കൗണ്‍സിലര്‍മാരായ ജയ മുത്തുപീടിക, ബിന്ദു കുട്ടന്‍ എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.
കുന്നംകുളം പെരുമ്പിലാവ് അറയ്ക്കലില്‍ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപെട്ടു.
ഇന്നലെ രാത്രിയില്‍ പെരുമ്പിലാവ് നിലമ്പൂര്‍ സംസ്ഥാനപാതയില്‍ അറയ്ക്കല്‍ പാടശേഖരത്തിന് സമീപത്തായി 700 എം.എം കാസ്റ്റ് അയേണ്‍ പൈപ്പാണ് പൊട്ടിയത്. ഇതോടെ കുന്നംകുളം ഗുരുവായൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, കടവല്ലൂര്‍ തുടങ്ങി മൂന്ന് നഗരസഭകളിലേയും 16 പഞ്ചായത്തുകളിലേയും ജലവിതരണം പൂര്‍ണമായും തടസപെട്ടു. പൈപ്പ് പൊട്ടിയതോടെ ജലം പുറത്തേക്കൊഴുകി പരിസരത്തെ വീടുകളും, റോഡും വെള്ളത്തിലായി. റോഡ് പൂര്‍ണമായും തകര്‍ന്നതിനാല്‍ വാഹനഗതാഗതവും സ്തംഭിച്ചു. കുന്നംകുളം പൊലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മറ്റു വഴികളിലൂടെ വാഹനങ്ങള്‍ തിരിച്ചുവിടുകയായിരുന്നു. പാവറട്ടി ജല വിതരണ പദ്ധതിയുടെ പമ്പിംഗ് സ്രോതസായ തൃത്താലയില്‍ നിന്നുള്ള പ്രധാന പൈപ്പാണ് പൊട്ടിയത്. ഗുരുവായൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള തൊഴിലാളികളെ നിര്‍ത്തി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം റോഡിന്റെ പൊളിഞ്ഞ ഭാഗങ്ങള്‍ നന്നാക്കിയശേഷം മാത്രമേ വാഹനഗതാഗതം സാധ്യമാകൂ.
ഗുരുവായൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വവിദ്യ സംഘടനയായ പ്രജ്യോതിയുടെ ആഭിമുഖ്യത്തില്‍ 54 പൂര്‍വ്വകാല അധ്യാപകരെ ആദരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
'തിരികെ' എന്ന പേരില്‍ സ്‌കൂളിലെ സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന പരിപാടി പത്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. ഗുരുവന്ദനം, ഗുരുപൂജ, കുടുംബസംഗമം, വിവിധ പദ്ധതികളുടെ ഉദ്ഘാടനം, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഗാനമേള എന്നിവയും ഉണ്ടാകും. സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ പ്രഖ്യാപനം ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശീധരന്‍ നടത്തും. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.രാധാകൃഷ്ണന്‍, പ്രധാനദ്ധ്യാപിക സരസ്വതി അന്തര്‍ജനം, വേണുഗോപാല്‍ പാഴൂര്‍, സീമ നായര്‍, ഒ.ജി.രവീന്ദ്രന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വടക്കാഞ്ചേരി തലപ്പിള്ളി താലൂക്ക് എന്‍.എസ്.എസ്. ബാലകലോത്സവത്തിന് തുടക്കമായി.
വടക്കാഞ്ചേരി എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബാലകലോത്സവത്തില്‍ ആയിരത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. യൂണിയന്‍ പ്രസിഡന്റ് അഡ്വ.ഋഷികേശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കൃഷ്ണകുമാര്‍, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീകുമാര്‍, ഹരിനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചു പഠിക്കുന്നതിനു നാഗാലാന്റിലെ സ്റ്റേറ്റ് സിവില്‍ സര്‍വീസിലെ പ്രൊബേഷണറി ഓഫീസര്‍മാര്‍ കിലയിലെത്തി.
അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഇവര്‍ക്കു നാലു ദിവസത്തെ പരിശീലനം നല്‍കി. കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ പി.വി.രാമകൃഷ്ണന്‍ സംസാരിച്ചു. പ്രൊഫ.ടി.രാഘവന്‍, എം.രേണുകുമാര്‍, ഹേമലത എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.
ഇരിങ്ങാലക്കുട കല്ലേറ്റുംകര ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ബി.വി എം ട്രോഫി അഖില കേരള ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
കല്ലേറ്റുംകര ബി.വി .എം ഹൈസ്‌കൂള്‍ ഫ്‌ളഡ്‌ലിറ്റ് മൈതാനിയില്‍ ഈമാസം 23 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ്. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍. 22ന് വൈകിട്ട് 5.30ന് ചലഞ്ചര്‍ ട്രോഫി ടൂര്‍ണമെന്റ് ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്യും. 24 ന് വൈകിട്ട് 7 ന് ചലഞ്ചര്‍ ട്രോഫി ഫൈനല്‍ നടക്കും. 23 ന് വൈകീട്ട് 7 ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചാലക്കുടി ഡിവൈ.എസ്.പി -സി.എസ്.ഷാഹുല്‍ ഹമീദ് നിര്‍വ്വഹിക്കും. 30ന് ഫൈനലിനു ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കെ പി സണ്ണി സമ്മാനദാനം നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ റോയ് കോപ്പുള്ളി, ഫിനാന്‍സ് കണ്‍വീനര്‍ ബെര്‍ട്ട് കരിയാട്ടില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ കോക്കാട്ട്, പഞ്ചായത്ത് മെമ്പര്‍ ഐ.കെ.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഗാനമേളകള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായ കൊച്ചിന്‍ ശ്രീരാഗത്തിന്റെ 63-ാമത്തെ ചികിത്സാ സഹായം തൃശൂരില്‍ വിതരണം ചെയ്തു.
ചാലക്കുടി മേലൂര്‍ സ്വദേശി സുബ്രഹ്മണ്യന്‍-സത്യഭാമ ദമ്പതികളുടെ മകളായ അജിഷ്മക്കാണ് 50,000 രൂപ നല്‍കിയത്. കാന്‍സര്‍ ബാധിതയായി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് അജിഷ്മ. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ അജിഷ്മയുടെ മാതാപിതാക്കള്‍ക്ക് ഗായകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സജീവ് ആലുവ ധനസഹായം കൈമാറി. എ.ഡി.എം.-സി.കെ.അനന്തകൃഷ്ണന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ബ്ലെസന്‍ മേനാച്ചേരി എന്നിവര്‍ സന്നിഹിതരായിരുന്നു.
മാള മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജിലെ ആരോപണ വിധേയനായ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുരോഗമന കലാ സാഹിത്യ സംഘം നേതാക്കളെത്തി.
ഇതോടനുബന്ധിച്ച് നടന്ന യോഗം സാഹിത്യ പ്രവര്‍ത്തകന്‍ സോബിന്‍ മഴവീട് ഉദ്ഘാടനം ചെയ്തു. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍ ടി.സി.നാരായണന്‍, ചന്ദ്രന്‍ കുന്നപ്പിള്ളി, സോനാ കെ.കരീം എന്നിവര്‍ സംസാരിച്ചു.
കയ്പമംഗലം കാളമുറി-ചളിങ്ങാട് റോഡില്‍ ടാറിംഗ് നടത്തിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് യു.ഡി.എഫ്. കൈപ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു.
കെ.പി.സി.സി. എക്‌സിക്യുട്ടീവ് അംഗം പി.എ.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.എഫ്.ഡോമിനിക്, പി.ബി.താജുദ്ദീന്‍, ബഷീര്‍ തൈവളപ്പില്‍ എന്നിവര്‍ സംസാരിച്ചു.
വെള്ളാനിക്കര പടിഞ്ഞാറെ വെള്ളാനിക്കര മരാശേരി രുധിരമാല അന്തിമഹാകാളന്‍ സുബ്രഹ്മണ്യന്‍ സ്വാമി ക്ഷേത്രത്തിലെ സര്‍പ്പംപാട്ട് മഹോത്സവവും തോറ്റംപാട്ടും ഭക്തിനിര്‍ഭരമായി.
നാഗക്കളത്തിന് സുധീര്‍ മുള്ളൂര്‍ക്കരയും തോറ്റംപാട്ട് മഹോത്സവത്തിന് പാലയ്ക്കല്‍ ജയനും നേതൃത്വം നല്‍കി. രുധിരമാല ഭഗവതിയുടെ എഴുന്നള്ളിപ്പും സുബ്രഹ്മണ്യസ്വാമിയുടെ ആണ്ടൂട്ടും നടന്നു. അന്നദാനത്തിലും നിരവധി പേര്‍ പങ്കെടുത്തു.
വടക്കാഞ്ചേരി വടക്കാഞ്ചേരി രുധിര മഹാകാളിക്കാവ് ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി.
പ്രതിഷ്ഠാദിനത്തിന് തന്ത്രി പുലിയന്നൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. പഞ്ചാരിമേളത്തോടെ കാഴ്ചശീവേലിയും തുടര്‍ന്ന് അന്നദാനവും ഉണ്ടായി. വൈകീട്ട് 7ന് കലാമണ്ഡലം വിനയന്‍, സുഭാഷ്, സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറും.
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവ ത്തോടനുബന്ധിച്ച് ആദ്യമായി ഠാണ മുതല്‍ ക്ഷേത്രം വരെ ആധുനികരീതിയിലുള്ള എല്‍.ഇ.ഡി ദീപങ്ങളെ കൊണ്ട് അലങ്കരിച്ച് ദീപക്കാഴ്ചയൊരുക്കുന്നു.
ദീപക്കാഴ്ച 2017 എന്ന പേരിലാണ് പരിപാടി നടക്കുന്നത്. കൂടാതെ ദീപാലങ്കാരത്തോടെയുള്ള ബഹുനിലപന്തല്‍, കടകളും കെട്ടിടങ്ങളും അലങ്കരിക്കല്‍ എന്നിവയും ഉണ്ടാകും. ദീപക്കാഴ്ച 2017ന്റെ ഓഫീസ് ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു നിര്‍വ്വഹിച്ചു. ആല്‍ത്തറയ്ക്ക് സമീപമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. യോഗത്തില്‍ റോളി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീകൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, സംഘാടകസമിതി ചീഫ് കോഡിനേറ്റര്‍ കൃപേഷ് ചെമ്മണ്ട, എസ്.എന്‍.ഡി.പി മുകുന്ദപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖരും ബിസിനസ്, പ്രവാസി പ്രമുഖരും, പൊതുജനങ്ങളും ഒത്തുചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മാള മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജിനെതിരെ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചക്ക് സാധ്യത തെളിയുന്നു.
സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സാങ്കേതിക സര്‍വ്വകലാശാല ഇടപെടുമെന്നും സൂചനയുണ്ട്. സമരത്തെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് ജില്ലാ കളക്ടറും സര്‍വ്വകലാശാല അധികൃതരും ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു. അടുത്ത ആഴ്ച ആദ്യം ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തുമെന്നാണ് എസ്.എഫ്.ഐ. നേതാക്കള്‍ നല്‍കുന്ന സൂചന. പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ എസ്.എഫ്.ഐ. ഉറച്ചുനില്‍ക്കുകയാണ്. അതേസമയം കോളേജ് അധികൃതര്‍ ഈ ആവശ്യത്തോട് ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല.
തൃപ്രയാര്‍ തളിക്കുളം എടശേരി പുളിയംതുരുത്തി യുവശക്തി ക്ലബ് വായനശാല കെട്ടിടം നിര്‍മ്മിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
നാട്ടുകാരുടെ സഹായത്തോടെ 4 ലക്ഷം രൂപ ചിലവഴിച്ചാണ് വായനശാല കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3ന് നടക്കുന്ന ചടങ്ങില്‍ സി.എന്‍.ജയദേവന്‍ എം.പി. വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഗീതാഗോപി എം.എല്‍.എ അധ്യക്ഷയാകും. മുരളിപെരുന്നെല്ലി എം.എല്‍.എ വായനശാല സമര്‍പ്പണം നിര്‍വഹിക്കും. ഗിന്നസ് മുരളിനാരായണന്‍ കലാ-കായിക രംഗങ്ങളില്‍ മികവ് തെളിയിച്ച രഖില്‍ഘോഷ്, ഗോപിക നന്ദന, ദേവികൃഷ്ണ, അശ്വതി എന്നിവരെ ചടങ്ങില്‍ ആദരിക്കും. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രജനി, സി.ബി.ഷിബു, പി.പി.ബഷീര്‍, വി.ജി.ശശിധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തൃശൂര്‍ കഴിഞ്ഞ ആറുമാസമായി നല്‍കാത്ത വേതന കുടിശിക ഉടന്‍ വിതരണം ചെയ്യാണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് -ഐ.എ.ടി.യു.സി അവണുര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
അവണൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി. വൈസ് പ്രസിഡണ്ട് രാജേന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ഐ.ആര്‍.മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം.എ.രാമകൃഷണന്‍, സുരേഷ് അവണൂര്‍, മുരളിധരന്‍ ചേലാട്ട് എന്നിവര്‍ പങ്കെടുത്തു
തൃശൂര്‍ തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പാറമേക്കാവ് വിഭാഗത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം മണികണ്ഠനാലില്‍ നടന്നു.
പാറമേക്കാവ് ക്ഷേത്രം മേക്കാവ് മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരി ഭൂമിപൂജ നടത്തി. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.സതീഷ്‌മേനോന്‍, വൈസ് പ്രസിഡന്റ് വി.എം.ശശി, സെക്രട്ടറി ജി.രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ.മഹേഷ്, ദേവസ്വം മുന്‍ പ്രസിഡന്റ് കെ.മനോഹരന്‍, മുന്‍ സെക്രട്ടറി രാമചന്ദ്ര പിഷാരി. പന്തല്‍ കമ്മിറ്റി കണ്‍വീനര്‍മാരായ ടി.ബൈജു, എം.രമേഷ്, വി.ജയന്‍, മോഹന്‍നായര്‍, എം.അരുണ്‍, ദേവസ്വം അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പന്തലിന് കാല്‍നാട്ടി. ആറാട്ടുപുഴ സ്വദേശി എം.കൃഷ്ണകുമാറാണ് പന്തലിന്റെ നിര്‍മ്മാണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ വാഹന ഗതാഗതത്തിന് തടസമുണ്ടാവാത്ത രീതിയിലാണ് സ്വരാജ് റൗണ്ടില്‍ ഇത്തവണയും പാറമേക്കാവ് വിഭാഗത്തിന്റെ പന്തല്‍ നിര്‍മ്മാണം.
ചാവക്കാട് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി ദമ്പതികളായ 2 പേര്‍ക്ക് പരിക്കേറ്റു.
കൂറ്റനാട് വേറൂര്‍ സുജിത്ത്, ഭാര്യ റോഷ്‌നി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം . സുജിത്തിന്റെ ഭാര്യവീടായ തിരുവല്ലയില്‍ നിന്നു കൂറ്റനാടിലേക്കു പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ചാവക്കാട് സെന്ററില്‍ ചേറ്റുവ റോഡിലെ ബില്‍ഡിംഗില്‍ ഇടിച്ചു കയറുകയായിരുന്നു. ചാവക്കാട് പോലീസും ടോട്ടല്‍ കെയര്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ ദമ്പതികളെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടാട്ട് അടാട്ട് ബാങ്ക് ഭരണസമിതി സസ്‌പെന്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാങ്കിലെ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ അനില്‍ അക്കര എം.എല്‍.എ പരസ്യമായി അവഹേളിച്ചെന്ന് ആരോപിച്ച് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത്.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണീയന്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവനക്കാര്‍ നടത്തിയ അഴിമതി എന്താണെന്നും എന്തിനാണ് ജീവനക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും എം.എല്‍.എ വ്യക്തമാക്കണംമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എം.എല്‍.എയുടെ സ്വാധീനത്തിന് വഴങ്ങി ഒട്ടനവധി ക്രമക്കേടുകളാണ് താല്‍ക്കാലിക ജീവനക്കാരെ മുന്‍ നിര്‍ത്തി ബാങ്കില്‍ ചെയ്തു വരുന്നതെന്നും ഇവര്‍ ആരോപിച്ചു. എം.എല്‍.എയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് നാളെ വൈകീട്ട് മുതുവറ സെന്ററില്‍ ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കും. യൂണിയന്‍ ജില്ലാ സെക്രട്ടറി സുകു കെ.ഇട്ട്യേശന്‍, പത്മജാ ദേവി, കെ.ബി.പ്രദീപ്, മനോജ് ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പുതുക്കാട് കള്ളായിയില്‍ വൈദ്യുത കമ്പിയില്‍ തൊട്ടു നിന്ന തെങ്ങിന്‍ പട്ടയില്‍ നിന്നു ഷോക്കേറ്റ് വീണ് തെങ്ങ് കയറ്റ തൊഴിലാളിക്ക് പരിക്കേറ്റു.
കള്ളായി തുരുത്തേല്‍ ജോസിനാണ് പരിക്കേറ്റത്. യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ വൈദ്യുത കമ്പിയില്‍ തൊട്ടുനിന്ന പട്ടയില്‍ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ ജോസിന്റ മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റു. കല്ലൂര്‍ സൗഹൃദ യുവസംഗമം പ്രവര്‍ത്തകര്‍ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡിനരികിലുള്ള മരം ലേലം ചെയ്യാനുള്ള ശ്രമം സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞു.
പത്താം വാര്‍ഡിലെ പൊഞ്ഞനം സ്റ്റോപ്പിനു സമീപമുള്ള കൂറ്റന്‍ മാവാണ് അപകടാവസ്ഥയിലുള്ളതെന്ന് ചൂണ്ടിക്കാട്ടി പി.ഡബ്ല്യൂ.ഡി. അധികൃതര്‍ ലേലം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ യാതൊരു അപകടാവസ്ഥയുമില്ലെന്നും മരം സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. സി.പി.എം കാട്ടൂര്‍ ലോക്കല്‍ സെക്രട്ടറി എം.ബി.പവിത്രന്‍, കെ.ജി.സനു, പി.എഫ്. അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍ കേരളത്തില്‍ എന്‍.എ.ബി.എച്ച്. അംഗീകാരത്തിനായി പരിശ്രമിക്കുന്ന ആശുപത്രിയിലേക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ക്വാളിറ്റി പ്രമോഷന്‍ പരിപാടി ഈ മാസം 23ന് തൃശൂര്‍ ദയ ആശുപത്രിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡോ.വിജയ് അഗര്‍വാള്‍, ഡോ.ലല്ലു ജോസഫ് തുടങ്ങിയവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ സി.ഇ.ഒ.മാര്‍, ഡയറ്കടര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ദയ ആശുപത്രി ഡയറക്ടര്‍ എം.എം.അബ്ദുള്‍ ജബ്ബാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.ജയരാജന്‍, ക്വാളിറ്റി മാനേജര്‍ കൃഷ്ണമധു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചാവക്കാട് പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ഇന്നു മുതല്‍ 24വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തിരുനാള്‍ ചെലവിന്റെ നാലിലൊരു ഭാഗം നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സഹായമായി നല്കും. ഇന്ന് വൈകീട്ട് ആറിന് ഫാ.ആന്റണി മേനാച്ചേരിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. ഏഴിന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ ഗുരുവായൂര്‍ സി.ഐ-ഇ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. കാരുണ്യ നിധി ഏല്‍പ്പിക്കല്‍ പി.എസ്.സി ചെയര്‍്മാന്‍ അഡ്വ.എം.കെ.സക്കീര്‍ നടത്തും. നാളെ രാത്രി പത്തിന് അമ്പെഴുള്ളിപ്പുകള്‍ ദേവാലയത്തിലെത്തി സമാപിക്കും. ഞായറാഴ്ച രാവിലെ പത്തുമണിക്ക് തിരുനാള്‍ ദിവ്യബലിക്ക് ഫാ.ജെയ്‌സന്‍ പുന്നശേരി മുഖ്യ കാര്‍മികത്വം വഹിക്കും. വൈകീട്ട് 4.30ന് ് തിരുനാള്‍ പ്രദക്ഷിണം, മിന്നല്‍ വെടിക്കെട്ട് എന്നിവയും നടക്കും. വികാരി ഫാ. സൈജന്‍ വാഴപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ അഡ്വ.ജെയ്‌സന്‍ ചെമ്മണ്ണൂര്‍, പബ്ലിസിറ്റി കണ്‍വീനര്‍ സി.ആര്‍.ലാസര്‍കുട്ടി, ട്രസ്റ്റിമാരായ സാബു ചൊവ്വല്ലൂര്‍, ടി.വി.ജോബ് എന്നിവര്‍ വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തു.
കയ്പമംഗലം ബി.ജെ.പി. പെരിഞ്ഞനം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് പറപറമ്പില്‍ അധ്യക്ഷത വഹിച്ചു. എ.ആര്‍.അജിഘോഷ്, പി.എസ്.അനില്‍കുമാര്‍, ജ്യോതിബാസ് തേവര്‍ക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
എരുമപ്പെട്ടി ചത്തീസ്ഗഡില്‍ നടക്കുന്ന അഖിലേന്ത്യ യൂത്ത് ഫുട്‌ബോള്‍ ടീമിലേക്ക് എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി മുര്‍ഷിദിനെ തിരഞ്ഞെടുത്തു.
പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ മുര്‍ഷിദ് നിലവില്‍ അണ്ടര്‍- 17 കേരള സ്‌കൂള്‍ ടീമില്‍ അംഗമാണ്. കറുകപുത്തൂര്‍ മുഹമ്മദുണ്ണിയുടെ മകനാണ് മുര്‍ഷിദ്.
കയ്പമംഗലം എടത്തിരുത്തി സര്‍ദാര്‍ വായനശാല ഹാളിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പി. നിര്‍വഹിച്ചു.
ഇ.ടി.ടൈസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വൈസ് പ്രസിഡന്റ് എ.വി.സതീഷ്, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റിചെയര്‍പേഴ്‌സന്‍ മഞ്ജുള അരുണന്‍ എന്നിവര്‍ സംസാരിച്ചു. എം.പി.ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചിലവിട്ടാണ് വായനശാല ഹാള്‍ നിര്‍മിച്ചത്.
തൃശൂര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെയ് 1 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും.
പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഈ മാസം 24ന് കളക്‌ട്രേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. തൃശൂരില്‍ നടത്തുന്ന ധര്‍ണ മുന്‍ എം.എല്‍.എ ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ വേതനം അനുവദിക്കുക, സൗജന്യ റേഷന്‍ വിതരണം ചെയ്ത വകയില്‍ ലഭിക്കാനുള്ള കമ്മീഷന്‍ കുടിശിക ഉടന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നതെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യന്‍ ചൂണ്ടല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ തൃശൂര്‍ പൂരത്തിന്റെ ശ്രാവ്യസൗന്ദര്യം പകര്‍ത്താന്‍ റസൂല്‍പൂക്കുട്ടി വരുന്നു. പൂരം ഡോക്യുമെന്ററി ഒരുക്കുന്നത് ആറരക്കോടി രൂപ ചിലവില്‍. ടി.സി.വി എക്‌സ്‌ക്ലൂസീവ്.
പൂരത്തിന്റെ ശ്രാവ്യസൗന്ദര്യം പകര്‍ത്തി വെയ്ക്കാന്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് പത്മശ്രീ റസൂല്‍പൂക്കുട്ടിയെത്തുന്നു. അമേരിക്ക ആസ്ഥാനമായുള്ള പാംസ്റ്റോണ്‍ മള്‍ട്ടിമീഡിയ ഒരുക്കുന്ന പൂരം ഡോക്യുമെന്ററിക്ക് വേണ്ടിയാണ് റസൂല്‍പൂക്കൂട്ടി തൃശൂരിലെത്തുന്നത്. മെയ് 2ന് തൃശൂരിലെത്തുന്ന പൂക്കൂട്ടി മഠത്തില്‍വരവും, ഇലഞ്ഞിത്തറ മേളവും തുടങ്ങി പൂരത്തിന്റെ ശ്രാവ്യഭംഗി നൂതന സാങ്കേതിക വിദ്യയില്‍ പകര്‍ത്തും. ആറരക്കോടി രൂപ ചിലവിലാണ് ഡോക്യൂമെന്ററി തയ്യാറാക്കുന്നതെന്ന് പാംസ്റ്റോണ്‍ മള്‍ട്ടിമീഡിയ സി.ഇ.ഒ.യും പേരാമംഗലം സ്വദേശിയുമായ രാജീവ് പനയ്ക്കല്‍ പറഞ്ഞു. പൂരത്തിന്റെ ചരിത്രവും പൂരപങ്കാളി ക്ഷേത്രങ്ങളെക്കുറിച്ചും പറയുന്ന ഡോക്യുമെന്റിയുടെ ദൈര്‍ഘ്യം പത്ത് മണിക്കൂറാണ്. 40 കാമറകള്‍ ഉപയോഗിച്ചാണ് പൂരത്തിന്റെ വിവിധ ചടങ്ങുകള്‍ പകര്‍ത്തുക. റെക്കോര്‍ഡിംഗിന്റെ ഭാഗമായി മെയ് 2ന് റസൂല്‍പൂക്കൂട്ടി തൃശൂരിലെത്തും.
തൃശൂര്‍ തൃശൂര്‍ പൂരത്തിന്റെ നിശബ്ദ പങ്കാളികളാണ് പൂരനഗരിയിലെ പൂമരങ്ങള്‍. നടുവിലാലും നായ്ക്കനാലും മണികണ്ഠനാലും ഇലഞ്ഞിയുമെല്ലാം ആതിഥ്യമരുളാതെ തൃശൂരിന് പൂരമില്ല. തലമുറകള്‍ കൈമാറിയ പൂരസ്മൃതികള്‍ നടുവിലാലിലെ അരയാല്‍ മുത്തശി അയവിറക്കുകയാണിവിടെ.
പ്രാര്‍ത്ഥനാ നിര്‍ഭരമാണ് പൂരനഗരിയുടെ മനസ്, എന്റെയും. വിഘ്‌നങ്ങളൊന്നും കൂടാതെ നമ്മുടെ പൂരം നടത്താനാകണേയെന്ന പ്രാര്‍ത്ഥന. നിയമങ്ങളും നിയന്ത്രണങ്ങളും പലപ്പോഴും പൂരത്തിനു നേരെ കൊമ്പുകുലുക്കിയെത്താറുണ്ടെങ്കിലും എന്റെ തണലില്‍ കുടിക്കൊള്ളുന്ന വിഘ്‌നേശ്വരന്‍ എല്ലാ തടസങ്ങളും ഒഴിവാക്കി തരാറുള്ളതാണ് ചരിത്രം. ഗണപതി നാളികേരമുടയ്‌ക്കേണ്ട താമസം. ദാ ...അതിന്റെ അവകാശികളെത്തി. ഇവിടെ ഉടയ്ക്കുന്ന നാളികേരം കൊണ്ട് ജീവിത വിഘ്‌നങ്ങള്‍ മാറ്റുന്ന കുറെ മനുഷ്യാത്മക്കള്‍ക്കും ഞാന്‍ തണലേകുന്നുണ്ട്. മണികണ്ഠനാലിനും നായ്ക്കനാലിനും ഇടയ്ക്കായതു കൊണ്ടാകണം എനിക്ക് നടുവിലാല്‍ എന്നു പേരു വീണത്. എത്രയെത്ര പൂരങ്ങളും പുലിക്കളിയുമാണ് മുന്നിലൂടെ കടന്നു പോയിട്ടുള്ളത്. പൂരം എത്ര കണ്ടാലും കൊണ്ടാലും അത് മതി വരില്ല. കാരണം അത് പൂരനാടിന്റെ രക്തത്തിലലിഞ്ഞ വികാരമാണ്. എനിക്കു മുന്നില്‍ തിരുവമ്പാടി പന്തല്‍ ഉയരുന്നത്, ഘടക പൂരങ്ങള്‍ നിരയായെത്തുന്നത് തിരുവമ്പാടി ഭഗവതി മഠത്തില്‍ നിന്നെഴുന്നെള്ളുമ്പോള്‍ വടക്കുന്നാഥന് മുഖം കാട്ടുന്നത് എല്ലാം എന്റെ തണലിലാണ്. ഏറെ അഭിമാനം തോന്നുന്ന മുഹൂര്‍ത്തങ്ങളുടെ പകര്‍ന്നാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഞാനും. പൂരം പെയ്തിറങ്ങി കഴിഞ്ഞാല്‍ ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്ന കാഴ്ചയുടെ വിദൂരദൃശ്യം. അതാണ് നെഞ്ചു കലക്കുന്ന പൂരക്കാഴ്ച. അതുവരെ പൂരാവേശത്താല്‍ തലയാട്ടി നിന്ന ഞാനും എന്റെ ഓരോ ഇലച്ചാര്‍ത്തും. അതോടെ മിഴികൂമ്പി നില്‍ക്കും. ഓരോ പൂരപ്രേമിയുടേയും മനസു പോലെ തന്നെ. എന്റെ മുന്നില്‍ ഉണ്ടായിരുന്ന പ്രസിദ്ധമായ കറന്റ് ബുക്‌സും കൊച്ചി രാജകുടുംബം പൂരം കണ്ടിരുന്ന രാമവര്‍മ്മ ബില്‍ഡിംഗുമെല്ലാം അല്‍പനാളുകള്‍ക്കു മുന്നേ നാടു നീങ്ങി കഴിഞ്ഞു. എന്നിട്ടും മേടമാസത്തിലെ പൂരനാളിനായി ആവേശമൊട്ടും ചേരാതെ ഞാന്‍ കാത്തിരിക്കുകയാണ്. എനിക്കൊപ്പം പൂരനാട്ടിലെ ഓരോ പൂരപ്രേമിയുടെ മനസും.
എരുമപ്പെട്ടി എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് മന്ത്രി എ.സി.മൊയ്തീന്‍ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു.
2016-17 സാമ്പത്തിക വര്‍ഷത്തിലെ വികസ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് മന്ത്രിയും കുന്നംകുളം നിയോജക മണ്ഡലം എം.എല്‍.എ യുമായ എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നു എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായാണ് ഒരു കോടി 10 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചത്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതിയും ലഭിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ കിടത്തി ചികിത്സ വാര്‍ഡ്, പ്രസവ വാര്‍ഡ്, ലാബ് തുടങ്ങിയവയായിരിക്കും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. കിടത്തി ചികിത്സയ്ക്ക് ബെഡുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുന്നതോടെ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും. ഇതോടെ ആശുപത്രിയില്‍ കിടത്തി ചികിത്സ സുഖമമായി തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജീവക്കാരുടെ കുറവ് മൂലം കിടത്തി ചികിത്സ ഭാഗികമായാണ് നടക്കുന്നത്. 12 കിലോമീറ്ററിനുള്ളില്‍ മറ്റ് ആശുപത്രികളില്ലാത്തതിനാല്‍ എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ ,വരവൂര്‍ എന്നീ പഞ്ചായത്തിലെ രോഗികള്‍ക്ക് ഏക ആശ്രയ കേന്ദ്രം എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രി മാത്രമാണ്. അതിനാല്‍ തന്നെ നൂറ് കണക്കിന് രോഗികളാണ് ദിവസവും ഇവിടെ ചികിത്സതേടിയെത്തുന്നത്. മന്ത്രി എ.സി. മൊയ്തീന്റെ കരുതലും പരിഗണനയും അരനൂറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സര്‍ക്കാര്‍ ആതുരാലയത്തിന് പുതുജീവന്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. അസൗകര്യങ്ങളുടെ നെറുകയില്‍ കഴിയുന്ന ഈ സര്‍ക്കാര്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ആശുപത്രിയുടെ ചുമതലയുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ നടത്തുന്ന ഇടപെടലും ശ്രദ്ധേയമാണ്.
മാള പുത്തന്‍ചിറയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുജിത്ത് ലാല്‍ നേതൃത്വം നല്‍കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് സി.പി.ഐ. യില്‍ ലയിക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതുസംബന്ധിച്ച് സി.പി.ഐ.ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് തീരുമാനമുണ്ടായത്. സി.പി.എമ്മിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ജെ.സി.എം. രൂപീകരിച്ചതെന്നും കമ്മ്യൂണിസ്റ്റ് നയങ്ങളില്‍ താല്പര്യമുള്ളതിനാലാണ് സി.പി.ഐ. ല്‍ ചേരുന്നതെന്നും സുജിത്ത്‌ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 29 ന് വൈകീട്ട് വെള്ളൂരില്‍ നടക്കുന്ന പൊതുയോഗത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അംഗത്വം വിതരണം ചെയ്യും. 22 ന് പൊതുയോഗം സംഘടിപ്പിച്ച് ജെ.സി.എം. പിരിച്ച് വിട്ടുള്ള പ്രഖ്യാപനം നടത്തും. സി.പി.എം. മുന്‍ അംഗങ്ങളായിരുന്ന 75 പേരാണ് ജെ.സി.എം. വിട്ട് സി.പി.ഐ. യില്‍ ചേരുന്നത്. ഇവര്‍ക്കൊപ്പം എട്ട് ബ്രാഞ്ച് കമ്മറ്റികളും 750 - ഓളം പ്രവര്‍ത്തകരും സി.പി.ഐ. യില്‍ ചേരുമെന്ന് ജെ.സി.എം. നേതാക്കള്‍ അവകാശപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് സി.പി.ഐ. യുടെ തീരുമാനം അനുസരിക്കുമെന്നും സുജിത്ത്‌ലാല്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ടി.എ.കാസിം, ഇ.എം.രാധാകൃഷ്ണന്‍, സജീവ് തിരുക്കുളം, ടി.കെ.ഭാനുവിക്രമന്‍, കെ.സി.പത്മനാഭന്‍ എന്നിവരും പങ്കെടുത്തു.
ഗുരുവായൂര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി.
ചെന്നൈ രാജാജി നഗര്‍ എസ്.കെ മൂര്‍ത്തി എന്ന ഭക്തന്റെ വകയായിരുന്നു വഴിപാട്. ആനയില്ലെങ്കില്‍ 10 ലക്ഷം രൂപയടച്ചാല്‍ ദേവസ്വം ആനയെ കൊണ്ടുവന്ന് നടയിരുത്തുന്ന വഴിപാടാണ് പ്രതീകാത്മക ആനയെ നടയിരുത്തല്‍. ആനത്താവളത്തിലെ കൊമ്പന്‍ ഗോപീകൃഷ്ണനായിരുന്നു ചടങ്ങിനെത്തിയത്. ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി ഗോപീകൃഷ്ണന് കളഭം തൊടുവിച്ച് മാല ചാര്‍ത്തി. പാരമ്പര്യ അവകാശികളായ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, മാധേമ്പാട്ട് നമ്പ്യാര്‍, കണ്ടിയൂര്‍ പട്ടത്ത് നമ്പീശന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കുന്നംകുളം കുന്നംകുളം തുറക്കുളം മാര്‍ക്കറ്റ് നിര്‍മ്മാണത്തിന്റെ തടസങ്ങള്‍ നീങ്ങുന്നു. ബി ഒടി കമ്പനിക്ക് കരാര്‍ പുതുക്കിനല്‍കാമെന്ന് നിയമോപദേശം ലഭിച്ചു. കിന്‍ഫ്രയുടെ പരിശോധനകൂടി കഴിഞ്ഞാല്‍ മാര്‍ക്കറ്റ് നിര്‍മ്മാണം പുനരാരംഭിക്കാനാകും.
കുന്നംകുളം നഗരത്തിലെ തുറക്കുളം മാര്‍ക്കറ്റ് നിര്‍മ്മാണത്തിലൂടെ കുന്നംകുളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ചുവടുവെയ്പ്പിനാണ് നഗരസഭ തുടക്കമിടുന്നത്. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ബസ്സ്റ്റാന്റിന്റെ മാറ്റവും, റോഡിന്റെ വീതി കൂട്ടലും, പുതിയ ബസ്സ്റ്റാന്റ് നിര്‍മ്മാണവും എല്ലാം തുറക്കുളത്തിന്റെ തര്‍ക്കത്തില്‍ അന്ത്യ ശ്വാസം വലിക്കുകയായിരുന്നു.നിലവില്‍ പട്ടാമ്പി റോഡിലുള്ള മത്സ്യ മാംസ മാര്‍ക്കറ്റ് പൂര്‍ണമായും തുറക്കുളത്തിലേക്ക് പറിച്ച് നട്ട്, ഈ സ്ഥലത്ത് പുതിയകെട്ടിടം നിര്‍മ്മിക്കുകയും നഗരത്തില്‍ നിന്ന് കുടി ഒഴിപ്പിക്കുന്ന കച്ചവടക്കാരെ ഇവിടെ പുനരധിവസിപ്പിക്കുകയും വേണം. തുടര്‍ന്ന് നിലവിലുള്ള ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ച് റോഡ് വീതി കൂട്ടുകയും, പുതിയ ബസ്സ്റ്റാന്റ് പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. റോഡിലെ തിരക്കൊഴിഞ്ഞ് വാഹന ഗതാഗതം സുഗമമായാല്‍ ഇപ്പോള്‍, ചാവക്കാട്, കേച്ചേരി ബൈപാസ് വഴി പോകുന്ന വാഹനങ്ങള്‍ നഗരത്തിലൂടെ യാത്ര തുടങ്ങും, അതോടെ നഗരത്തിലെ കച്ചവട, ടൂറിസം, സാധ്യതകള്‍ വര്‍ദ്ധിക്കും. ഇതാണ് പദ്ധതി വിഭാവനം ചെയ്യുന്ന കാഴ്ചപാടില്‍ ഒന്ന്. നിലവില്‍ റോഡ് വീതി കൂട്ടുന്നതോടെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥലത്തെ ചൊല്ലിയാണ് ഇപ്പോള്‍ കച്ചവടക്കാര്‍ക്കിടയില്‍ ആശങ്ക. പട്ടാമ്പി റോഡിന്റെ വീതി കൂടുമ്പോള്‍ സ്ഥലം നഷ്ടപെടുന്നവര്‍ക്ക് പൊന്നുവിലയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിനായി തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടിയിലാണ് തുറക്കുളം മാര്‍ക്കറ്റ് പുതിയ വിവാദങ്ങളുമായി തലപൊക്കിയത്. 7 വര്‍ഷം മുന്‍പാണ് തുറക്കുളം മാര്‍ക്കറ്റ് നിര്‍മ്മാണം ബി ഒ ടി വ്യവസ്ഥയില്‍ ആല്‍ക്കോം എ്ന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയത്. 36 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ നിര്‍ദ്ദിഷ്ട സ്ഥലത്തേക്കുള്ള വഴിയെ ചൊല്ലിയുള്ള കോടതി വ്യവഹാരം മൂലം പ്രവൃത്തികള്‍ നീണ്ടു. കേസവസാനിച്ചതോടെ പദ്ധതി പ്രവര്‍ത്തനം തുടരാനുള്ള നീക്കത്തിനിടെയാണ് വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ അഴിമതി ആരോപണവുമായി രംഗത്തിറങ്ങിയത്. പ്രവൃത്തിയുടെ 70 ശതമാനം പിന്നിട്ടതായും അടുത്ത ഘട്ടത്തില്‍ അടിയന്തിരമായി പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നുമാണ് നഗരസഭയെ കമ്പനി അറിയിച്ചത്. അടുത്ത 12 മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി കരാര്‍ പുതുക്കി നല്‍കാനാണ് ഇപ്പോള്‍ നഗരസഭ ആലോചിക്കുന്നത്. കൗണ്‍സിലില്‍ ആവശ്യത്തിന് ഭൂരിപക്ഷം ഇല്ലെന്നതിനാല്‍ ഇതിനായി പ്രതിപക്ഷത്തെ കൂടി കാര്യങ്ങള്‍ ബോധ്യപെടുത്തി കൂടെ നിര്‍ത്താനുള്ള പരിശ്രമത്തിലാണ് ഭരണസമിതി. ബി ഒ.ടി റദ്ദ് ചെയ്ത് മാര്‍ക്കറ്റ് നിര്‍മ്മാണം നഗരസഭ തന്നെ എറ്റെടുക്കണമെന്നാണ് ആര്‍.എം.പിയുടെ നിലപാട്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് വിഷയത്തില്‍ കൃത്യമായ നിലപാട് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
പുന്നയൂര്‍കുളം പുന്നയൂര്‍ക്കുളം പഞ്ചായത്തിന്റെ ലാപ്‌ടോപ് വിതരണത്തില്‍ ആക്ഷേപമുന്നയിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു.
അപേക്ഷ നല്‍കിയിരുന്ന പനന്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്ക് ലാപ്‌ടോപ്പ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് 20 പ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാവിലെ പഞ്ചായത്തിലെത്തി അസിസ്റ്റന്റ് സെക്രട്ടറി സി.ശങ്കരനാരായണനെ തടഞ്ഞുവച്ചത്. വടക്കേക്കാട് പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥിനിയായതിനാലാണ് പനന്തറ സ്വദേശിക്ക് ആനുകൂല്യം നല്‍കാതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ് പറഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ് കോളജില്‍ പഠിക്കുന്ന പട്ടികജാതിക്കാരായ ബിരുദ, ബിരുദാനന്തര, പ്രഫഷനല്‍ വിദ്യാര്‍ത്ഥികളായ 19 പേര്‍ക്കാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം അഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ട് ലാപ്‌ടോപ് നല്‍കിയത്.
തൃപ്രയാര്‍ എടമുട്ടം പാലപ്പെട്ടി കിഴക്കെ വളവിന് സമീപം കലാന ഫിഷ് സെന്ററിന് നേരെ ആക്രമണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. മത്സ്യമാര്‍ക്കറ്റിലേക്കുള്ള വാഹന പാര്‍ക്കിംഗ് നിയന്ത്രിച്ചിരുന്ന ചെന്ത്രാപ്പിന്നി സ്വദേശി സൂരജിനെയാണ് എട്ടംഗ സംഘം ആക്രമിച്ചത്. ഇതോടെ ഇയാള്‍ ഓഫീസിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ എത്തിയ സംഘം സൂരജിനെ തുടര്‍ന്നും മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ജീവനക്കാരായ സനില്‍ കുമാര്‍, ശിവദാസ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ഓഫീസിലെ ഫര്‍ണിച്ചറും അടിച്ചു തകര്‍ത്താണ് അക്രമിസംഘം രക്ഷപ്പെട്ടത്. സംഭവത്തില്‍ വലപ്പാട് പോലീസ് കേസെടുത്തു.
പുതുക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കാട് യൂണിറ്റിന്റെ കുടുംബ സംഗമവും അവാര്‍ഡ് ദാനവും നടത്തി.
ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍.ആര്‍. ജോഷി അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ നിര്‍വ്വഹിച്ചു. ആര്‍.വിനോദ് കുമാര്‍, ഡയറക്ടറി പ്രകാശനവും പുതുക്കാട് സി.ഐ. - എസ്.പി. സുധീരന്‍ അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു. പുതുക്കാട് ഫൊറോന വികാരി ഫാ. പോള്‍സണ്‍ പാലത്തിങ്കല്‍, അഡ്വ: ലിന്റാ, ജോളി ചുക്കിരി, സെബാസ്റ്റ്യന്‍ മഞ്ഞളി എന്നിവര്‍ സംസാരിച്ചു.
മാള ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്തു ജില്ലാ വാര്‍ഷിക സമ്മേളനം മാളയില്‍ ഈ മാസം 22,23 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മാള ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന മീമാംസാ പരിഷത്ത് ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിക്കും. അരുവിപ്പുറം പ്രതിഷ്ഠ എന്ന വിഷയത്തിലുള്ള സെമിനാര്‍ മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ നയിക്കും. 23ന് നടക്കുന്ന ആത്മീയ സമ്മേളനം സ്വാമി അവ്യയാനന്ദ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എ.ആര്‍. രാമകൃഷ്ണന്‍, പി.എം.വേലായുധന്‍, കെ.വി.രാജു, പി.എന്‍.ഗോപി, പി.കെ.സാബു എന്നിവര്‍ പങ്കെടുത്തു.
വാടാനപ്പിള്ളി വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് നടുവില്‍ക്കര വെസ്റ്റിലെ ഉപതെരഞ്ഞെടുപ്പ് മെയ് 17 ന് നടക്കും.
മെയ് 18 ന് വോട്ടെണ്ണും. നാമനിര്‍ദേശ പത്രക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 28 നും, സൂക്ഷ്മ പരിശോധന 29 നും നടക്കും.
പുതുക്കാട് തൃക്കൂര്‍ സര്‍വ്വോദയം സ്‌കൂളിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം.
സ്‌കൂളിനകത്തേക്ക് അതിക്രമിച്ചു കയറി ജനാലകള്‍ തകര്‍ക്കുകയും, വാട്ടര്‍ കണക്ഷനുകള്‍ നശിപ്പിക്കുകയും, എന്‍.സി.സി. റൂമിന്റെ പൂട്ട് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ക്ലാസ് മുറികളുടെ വാതിലുകളും ഷട്ടറുകളും ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം. മുന്‍പും സ്‌കൂളിനുനേരെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. പുതുക്കാട് പോലീസെത്തി അന്വേഷണം ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.എ.ഓമന, ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റിമ സ്റ്റീഫന്‍, വാര്‍ഡംഗം വാസു മേപ്പുറത്ത് എന്നിവരും പി.ടി.എ ഭാരവാഹികളും സ്‌കൂളിലെത്തിയിരുന്നു.
കുന്നംകുളം കുന്നംകുളം പാറേമ്പാടത്ത് രണ്ട് മാസത്തിലേറെയായി ബൈക്ക് ഉപേക്ഷിച്ചനിലയില്‍.
അയ്യപ്പത്ത് പാടശേഖരത്തിന് സമീപത്തായി ഹീറോഹോണ്ട സ്പ്ലണ്ടര്‍ പ്ലസ്സ് ബൈക്കാണ് ഉപേക്ഷിച്ചിരിക്കുന്നത്. പരിസരവാസികള്‍ പോലീസിനെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചതാകാമെന്നും ബൈക്കിന്റെ ബാറ്ററി ഉള്‍പ്പെടേയുള്ളവ ആരോ ഊരിയെടുത്തെന്നും പരിസരവാസികള്‍ പറഞ്ഞു.
പുതുക്കാട് മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തൃക്കൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം കല്ലൂര്‍ മാവിന്‍ ചുവട് സെന്ററില്‍ നടത്തി.
ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടന്‍ നിര്‍വ്വഹിച്ചു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ റസാഖ്, അശ്വതി, സിജി, മിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജു സൈമണ്‍, മിനി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
പാവറട്ടി വെങ്കിടങ്ങ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നാല്‍പതാം വാര്‍ഷികം വ്യാപാരഭവന്‍ ഹാളില്‍ നടന്നു.
കേരളവ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ.വി.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.വി.മുകുന്ദന്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പി.ചന്ദ്രശേഖരന്‍, കെ.സി. ജോസഫ്, ജോര്‍ജ് മണ്ണുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രതിഭകളായ അസോസിയേഷന്‍ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
അന്തിക്കാട് പെരിങ്ങോട്ടുകര മലയാളം സംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന വേനല്‍കൂടാരം സഹവാസ ക്യാമ്പിന്റെ ഭാഗമായി സെമിനാര്‍ നടത്തി.
ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ 'സ്ത്രീകളും കുട്ടികളും' എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി. ജില്ലാ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജ്യോതിഷ് തണ്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.ജോസ്, വൈസ് പ്രസിഡന്റ് ശുഭ സുരേഷ്, അഡ്വ.എ.യു.രഘുരാമപണിക്കര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ സംസാരിച്ചു.
കുന്നംകുളം സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും, പ്രതികളെ സംരക്ഷിക്കുന്ന സംഘപരിവാര്‍ നിലപാടിനെതിരെയും എന്ന മുദ്രാവാക്യവുമായി മഹിളാ അസോസിയേഷന്‍ കുന്നംകുളത്ത് ജാഗ്രതാ സദസ് സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പത്മ വേണുഗോപാല്‍ അധ്യക്ഷയായി. നഗരസഭ പരിധിയില്‍ മൂന്ന് പിഞ്ചുബാലികമാരെ ലൈംഗികമായി പീഢിപ്പിച്ച പതിനേഴുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിച്ചതെന്ന് ജാഗ്രതാ സദസ് ചൂണ്ടിക്കാട്ടി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, ഉഷ പ്രഭുകുമാര്‍, എ.വി.സുമതി എന്നിവര്‍ സംസാരിച്ചു.
അന്തിക്കാട് ശ്രീ സോമശേഖരക്ഷേത്രത്തിന്റേയും ശ്രീനാരായണ ആശ്രമത്തിന്റേയും സെക്രട്ടറിയായി ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ ചുമതലയേറ്റു.
ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സാന്ദ്രാനന്ദസ്വാമി ക്ഷേത്രത്തിലെത്തിയാണ് ചുമതല കൈമാറിയത്. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡംഗം ശിവസ്വരൂപാനന്ദസ്വാമി, ഗുരുമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്കും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍ പള്ളിമുറ്റത്ത് വെച്ചിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മേത്തല സ്വദേശി സംജാദിനെയാണ് കൊടുങ്ങല്ലൂര്‍ എസ്.ഐ.- കെ.ജെ. ജിനേഷ്, എ.എസ്.ഐ. -സാദത്ത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 22 ന് അഴീക്കോട് പുത്തന്‍പള്ളിയുടെ മുറ്റത്ത് വെച്ചിരുന്ന ഉസ്താദ് മാഹിന്റെ ബൈക്കാണ് മോഷ്ടിച്ചത്.
അന്തിക്കാട് വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ താന്ന്യം മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററില്‍ നിന്നു കിഴക്കേനടയിലേക്ക് നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് വി.കെ സുശീലന്‍, സി.സി.ശിവാനന്ദന്‍, ആന്റോ തൊറയന്‍ എന്നിവര്‍ നേതൃത്യം നല്‍കി.
ഗുരുവായൂര്‍ ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ബസ് സ്റ്റോപ്പില്‍ 18-കാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തി.
പെരുവല്ലൂര്‍ ആനേടത്ത് അജയന്റെ മകള്‍ അഞ്ജനെയായാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ നമ്പറില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി യുവതിയെ നാട്ടുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി ഇപ്പോഴും അബോധാവസ്ഥയിലാണ്.
അന്തിക്കാട് കെ.രാജന്‍ എം.എല്‍.എ അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ സ്വന്തം വാര്‍ഡിലെ ഗ്രാമസഭയില്‍ പങ്കെടുത്തു.
ഗ്രാമസഭയുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിച്ചു. അന്തിക്കാട് ഹൈസ്‌കൂളില്‍ നടന്ന അഞ്ചാം വാര്‍ഡ് ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.കിഷോര്‍ കുമാര്‍ അദ്ധ്യക്ഷനായി. ബ്ലോക്കംഗം മേനുജ പ്രതാപന്‍, എ.വി.ശ്രീവത്സന്‍, എബി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. അന്തിക്കാടിന് തനതായ കുടിവെള്ള പദ്ധതി ആരംഭിക്കണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു.
മുളങ്കുന്നത്ത്കാവ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു സംഘം ഉദ്യോഗസ്ഥര്‍ തന്നെ പുകച്ചു ചാടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്.
മുളങ്കുന്നത്ത്കാവ് കിലയിലൊരുക്കിയ സ്‌നേഹാദരത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു അത്. ഇഷ്ടമില്ലാഞ്ഞിട്ടു കൂടി ഡല്‍ഹിക്ക് പോകാന്‍ താന്‍ തീരുമാനിച്ചതും അത് കൊണ്ടായിരുന്നു. എന്നെ ദ്രോഹിച്ചവരുടെ ചിത്രങ്ങള്‍ വീട്ടില്‍ ചില്ലിട്ടു വയ്ക്കണമെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ അധ്യക്ഷത വഹിച്ചു.
വിയ്യൂര്‍ വിയ്യൂര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച മലപ്പുറം കളക്ടറേറ്റ് സ്‌ഫോടനക്കേസിലെ പ്രതിയെ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി.
മധുര സ്വദേശി അബ്ബാസ് അലിയെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ബാസ് അലിയെ ജയിലിലെ കുളിമുറിക്കു സമീപത്തെ വരാന്തയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജയിലധികൃതര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലപ്പുറം സ്‌ഫോടന കേസുള്‍പ്പടെ അഞ്ചോളം തീവ്രവാദ കേസുകളില്‍ പ്രതിയായ അബ്ബാസിനെ തിവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയതതിനു തൊട്ടുപിന്നാലെയാണ് ആത്മഹത്യക്ക് ശ്രമം നടന്നത്. സംഭവത്തെ പറ്റി സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
തൃശൂര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍കട ഉടമകള്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി.
കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജ് ഉദ്ഘാടനം ചയ്തു. പി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
തൃശൂര്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന അനധികൃത മണ്ണെടുപ്പിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ പോലീസ് മനപൂര്‍വം കേസില്‍ കുടുക്കിയെന്ന് പീച്ചി സ്വദേശി മാര്‍ക്കോസ് തുരുത്തികാട്ടില്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അനധികൃത മണ്ണെടുപ്പിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ പീച്ചി എസ്.ഐ-ജോണി തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മാര്‍ക്കോസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മാര്‍ക്കോസ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്കോസിനൊപ്പം ബെന്നി കൊടിയാട്ടില്‍, ജോസഫ് ജോര്‍ജ്, സി.രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശൂര്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പഞ്ചവത്സര പദ്ധതിയുടേയും വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റേയും ഭാഗമായി സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, യുവജനങ്ങള്‍, ഭിന്നലിംഗക്കാര്‍ എന്നിവരുടെ പ്രത്യേക യോഗം ചേര്‍ന്നു.
അരണാട്ടുകര ടാഗോര്‍ സെന്ററിനറി ഹാളില്‍ ചേര്‍ന്ന യോഗം മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിതാ വിജയന്‍, കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, ഐ.ലളിതാംബിക, സി.ഡി.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട ദുബായ് ആസ്ഥാനമാക്കിയുള്ള വിദേശ മലയാളികളുടെ സംഘടനയായ ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി അസോസിയേഷന്റെ സാമൂഹികസേവന വിഭാഗമായ ലവ് ആന്റ് കെയറിന്റെ ആഭിമുഖ്യത്തില്‍ വേളൂക്കര പഞ്ചായത്തിലെ മുന്നൂറോളം നിര്‍ധനരായ രോഗികള്‍ക്കു 35 ലക്ഷത്തോളം രൂപയുടെ ധനസഹായം നല്‍കും.
അസോസിയേഷന്‍ അംഗമായ റാഫേല്‍ പൊഴോലിപറമ്പിലിന്റെ ഗൃഹപ്രവേശത്തോടനുബന്ധിച്ചു വേളൂക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഈ മാസം 21ന് ധനസഹായം വിതരണം ചെയ്യും. പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിക്കും. ടോണി കോയിത്തറ, ഡേവിഡ് വര്‍ഗീസ് , റാഫേല്‍ പൊഴോലിപറമ്പില്‍, ജോര്‍ജ് മാനെഞ്ചെരി, ജോജി ഊക്കന്‍, ടി.പി.ജോയ്, ചാക്കോ ഊളക്കാടന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .
പാവറട്ടി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാവറട്ടി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു.
പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.കാദര്‍ മോന്‍ സൈക്കിള്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ അബു വടക്കയില്‍ അദ്ധ്യക്ഷനായിരുന്നു. രവി ചേറാട്ടി, വി.കെ.ജോസഫ്, പി.പി.സലാഹുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചേലക്കര ചേലക്കര ശ്രീമൂലം തിരുനാള്‍ ഗവണ്മെന്റ് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സ്‌കൂളില്‍ പ്രാരംഭ യോഗം ചേര്‍ന്നു.
യു.ആര്‍.പ്രദീപ് എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാദ്ധ്യപിക എം.ബേബി, ജില്ലാ പഞ്ചായത്തംഗം ഇ. വേണുഗോപാലമേനോന്‍, പ്രിന്‍സിപ്പാള്‍ പി.വിനോദ്, പി.ടി.എ. പ്രസിഡന്റ് സി.സുരേഷ്, പി.ടി.എ.അംഗങ്ങള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എരുമപ്പെട്ടി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കുന്ന ഹരിത കേരളം- ഹരിത ക്ഷേത്രം പദ്ധതിയുടെ ഉദ്ഘാടനം നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിലെ ആയൂര്‍വ്വേദ ആശുപത്രിയില്‍ നടന്നു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. തിരുവില്വാമല ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ പി.ഡി.ശോഭന അധ്യക്ഷയായി. കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല ഭരണസമിതി അംഗം ടി.കെ.വാസു, ദേവസ്വം ഓഫീസര്‍ മോഹന്‍മാരാര്‍ , മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ കൈമള്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറും, സൗജന്യ ഔഷധ വിതരണവും നടന്നു.
കൊടകര കൊടകര പേരാമ്പ്രയില്‍ കിണറ്റില്‍ വീണ കുറുക്കന്മാരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
പേരാമ്പ്ര മണ്ടാലില്‍ ജോയിയുടെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടു കുറുക്കന്മാര്‍ വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്ത്ി കുറുക്കന്മാരെ പുറത്തെടുത്ത് വനത്തില്‍ വിട്ടയച്ചു.
ചെറുതുരത്തി ചെറുതുരുത്തിയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച സ്ത്രീയുടെ പേരില്‍ പോലീസ് കേസെടുത്തു.
അയല്‍വാസിയായ സ്ത്രീയാണ് 3 വയസുള്ള പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയപ്പോഴാണ് വിവരമറിയാന്‍ ഇടയായത്. ചെറുതുരുത്തി പൈങ്കുളം സ്വദേശിനിയായ സ്ത്രീക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ചെറുതുരുത്തി പഴയന്നൂര്‍ ബി.ആര്‍.സിയുടെ കീഴില്‍ സ്‌കൂള്‍ അധ്യാപികമാര്‍ക്ക് പരിശീലന ക്ലാസ് ആരംഭിച്ചു.
എല്‍.പി.വിഭാഗം അധ്യാപികമാര്‍ക്കുള്ള പരിശീലനമാണ് ചെറുതുരുത്തി എല്‍.പി.സ്‌കൂളില്‍ നടക്കുന്നത്. ഈ മാസം 28ന് ക്ലാസ് സമാപിക്കും.
ചാലക്കുടി ചാലക്കുടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ 14 വയസിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദീര്‍ഘകാല ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു.
കാര്‍മ്മല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, കൗണ്‍സിലര്‍മാരായ അഡ്വ.ബിജു ചിറയത്ത്, വി.ജെ.ജോജി എന്നിവര്‍ സംസാരിച്ചു. നഗരസഭ പരിധിയിലുള്ള വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുവര്‍ഷമാണ് പരിശീലനം നല്‍കുന്നത്. നഗരസഭയുടെ തനതു ഫണ്ടില്‍ നിന്ന് ഈവര്‍ഷം ഇതിനായി 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഫുട്‌ബോള്‍, ജേഴ്‌സി എന്നിവയടങ്ങിയ കിറ്റുകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനവും ചെയര്‍പേഴ്‌സണ്‍ നിര്‍വ്വഹിച്ചു.
കൊടകര കൊടകര മരത്തോമ്പിള്ളി എടവന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിനാഘോഷവും ഈ മാസം 23 മുതല്‍ 30 വരെ നടക്കുമെന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.
23ന് ആരംഭിക്കുന്ന സപ്താഹയജ്ഞത്തിന് ആനന്ദപുരം അരിത്തോട്ടത്ത് മന രാമന്‍ നമ്പൂതിരി നേതൃത്വം നല്‍കും. 26ന് വൈകുന്നേരം ഗുരുവായൂര്‍ കലാനിലയത്തിന്റെ കൃഷ്ണനാട്ടം ഉണ്ടാകും. 29ന് നടക്കുന്ന പ്രതിഷ്ഠാ ദിനാഘോഷത്തില്‍ വിശേഷാല്‍പൂജകള്‍, പ്രസാദഊട്ട്, സര്‍വ്വൈശ്വര്യപൂജ എന്നിവയുണ്ടാകും. 30ന് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സദാശിവന്‍ കുറുവത്ത്, സുനില്‍കുമാര്‍ കോമ്പാത്ത് , ഗോപകുമാര്‍ വൃന്ദാവന്‍ എന്നിവര്‍ പങ്കെടുത്തു.
ചാലക്കുടി ചാലക്കുടി നഗരസഭയുടെ സൗത്ത് ബസ്സ്റ്റാന്റില്‍ ആരംഭിക്കുന്ന ആധുനിക രീതിയിലുള്ള പുതിയ കംഫര്‍ട്ട് സ്‌റ്റേഷന്റെ നിര്‍മ്മാണം തുടങ്ങി.
ബി.ഡി.ദേവസ്സി എം.എല്‍.എ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്ണ്‍ ഉഷാ പരമേശ്വരന്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ യു.വി. മാര്‍ട്ടിന്‍, കൗണ്‍സിലര്‍ വി.ജെ. ജോജി എന്നിവര്‍ സംസാരിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം ചിലവു ചെയ്താണ് പുതിയ കംഫര്‍ട്ട് സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നത്.
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട കരൂപ്പടന്ന തെക്കുംകരയില്‍ സ്ഥലം നല്‍കാമെന്ന് പറഞ്ഞ് വൃദ്ധ ദമ്പതികളുടെ 2 ലക്ഷം രൂപ സ്വകാര്യ വ്യക്തി തട്ടിയെടുത്തതായി പരാതി.
മുപ്പതുറ്റി പറമ്പില്‍ ഖാലിദും ഭാര്യ സീനത്തുമാണ് തട്ടിപ്പിനിരയായത്. വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് 3 സെന്റ് നല്‍കാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപ കരാറെഴുതി വാങ്ങുകയായിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സ്ഥലം നല്‍കാനോ വാങ്ങിച്ച അഡ്വാന്‍സ് തുക തിരികെ നല്‍കാനോ സ്വകാര്യവ്യക്തി തയ്യാറായില്ല. ഇതേ തുടര്‍ന്ന് തട്ടിപ്പ് നടത്തിയ കരൂപ്പടന്ന സ്വദേശിയായ അബ്ദുള്‍ ഖാദറിനെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയതായി വൃദ്ധ ദമ്പതികള്‍ പറഞ്ഞു. വാടക വീട് ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ എവിടേക്കു പോകുമെന്നറിയാത്ത അവസ്ഥയിലാണ് രോഗികളായ ദമ്പതികള്‍. അധികൃതര്‍ ഇടപെട്ട് സ്ഥലം നല്‍കാനോ അഡ്വാന്‍സ് തുക തിരികെ നല്‍കാനോ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ദമ്പതികളുടെ ആവശ്യം.
മാള വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മറ്റി മാളയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. വി.എസ്.ജമാല്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് മുണ്ടശ്ശേരി, ടി.കെ.മുഹമ്മദലി, എ.എ.ഉബൈസ് എന്നിവര്‍ സംസാരിച്ചു.
എരുമപ്പെട്ടി തയ്യൂര്‍ ലോകരത്തിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിത ക്ഷേത്രം പദ്ധതിയുടെ ഭാഗമായി നടത്തുന്ന നക്ഷത്ര വനത്തിന്റെ ഉദ്ഘാടനം നടന്നു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്‍ശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഓഫീസര്‍ മോഹന്‍ മാരാര്‍ അധ്യക്ഷനായി. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി.ശോഭന, ക്ഷേത്രസമിതി ഭാരവാഹികളായ ടി.എസ് സുമന്‍, ശശി എന്നിവര്‍ പങ്കെടുത്തു. 27 നക്ഷത്രങ്ങളിലുള്ള വൃക്ഷതൈകളാണ് നക്ഷത്ര വനത്തില്‍ നട്ടിട്ടുള്ളത്.
ഇരിങ്ങാലക്കുട ശിവദ്വിജ സേവാ സമിതിയുടെ സംസ്ഥാന സമ്മേളനവും വനിത സമ്മേളനവും ഈ മാസം 30ന് ഇരിങ്ങാലക്കുട കാരുകുളങ്ങര നൈവേദ്യം കല്യാണ മണ്ഡപത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിളി രാഘവമേനോന്‍ ഉദ്ഘാടനം ചെയ്യും. സദനം കൃഷ്ണന്‍കുട്ടി ആശാന്‍, അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍, കുഴല്‍മന്ദം രാമകൃഷ്ണന്‍, ഡോ. വി.പി.ഗംഗാധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും . ശിവദ്വിജ സേവാ സമിതിയുടെ വൈസ് പ്രസിഡന്റ് എന്‍.സുരേഷ് മൂസത്, ജനറല്‍ കണ്‍വീനര്‍ ഷൈലജ ഉണ്ണികൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ ശ്രീകുമാര്‍ ശര്‍മ്മ, പ്രാദേശിക സെക്രട്ടറി സുന്ദര്‍ എന്നിവര്‍ വാര്‍ത്താ സമ്മേള്ളനത്തില്‍ പങ്കെടുത്തു.
പാവറട്ടി സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപനത്തിന്റെ ഇരുപത്തിയാറാം വാര്‍ഷികം വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് ലൈബ്രറി തുടര്‍ വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി എം.ശങ്കര്‍ അക്ഷര ദീപം തെളിയിച്ചു. കണ്ണോത്ത് മദര്‍ കോളനിയില്‍ നടന്ന സാക്ഷരത തുല്യതാ പഠിതാക്കളുടെ അക്ഷര സംഗമത്തില്‍ വാര്‍ഡ് അംഗം എന്‍.കെ.വിമല അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരക് പി.ഐ..ബിജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രേസി ജേക്കബ്, ശോഭന മുരളി, ഷൈലജ മധു തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ഓള്‍ കേരള കോമണ്‍ സര്‍വ്വീസ് സെന്റര്‍ വില്ലേജ് ലെവല്‍ എന്റര്‍പ്രണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനസേവന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കായി തൃശൂരില്‍ പരിശീലനം സംഘടിപ്പിച്ചു.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ഡയറക്ടര്‍ സുരേഷ് മേനോന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.മുരളി അധ്യക്ഷത വഹിച്ചു. സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ പൈക്കാട്ട്, അഖില്‍കുമാര്‍, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നായി നൂറോളം തൊഴില്‍ സംരംഭകര്‍ പങ്കെടുത്തു.
എരുമപ്പെട്ടി എരുമപ്പെട്ടി മണ്ടംപറമ്പ് സ്വദേശി വൈശാഖ് വിജയന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാജസ്ഥാന്‍, കേരള മുഖ്യമന്ത്രിമാര്‍ക്കും നിവേദനം നല്‍കിയതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
മണ്ടംപറമ്പ് കോഴിക്കാട്ടില്‍ വിജയന്‍ നായരുടെ മകനും രാജസ്ഥാന്‍ പ്രിസര്‍വ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയിലെ എഞ്ചിനിയറുമായ വൈശാഖിനെ രാജസ്ഥാനിലെ ബര്‍മര്‍ റെയില്‍വെ സ്റ്റേഷന് സമീപം റയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജസ്ഥാന്‍ പോലീസ് കൊലപാതകത്തിന് കേസെടുത്തെങ്കിലും അന്വേഷണം നടത്താന്‍ ഇതുവരേയും തയ്യാറായിട്ടില്ല. ആന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍, ഗുജറത്ത് മലയാളി അസോസിയേഷനുകള്‍ രംഗത്ത് വന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും രാജസ്ഥാന്‍, കേരള മുഖ്യമന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി.ജോസഫ്, വൈസ് ചെയര്‍മാന്‍ രമേഷ് വെളുത്താര്‍, കണ്‍വീനര്‍ പി.പി.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ ആയൂര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പ്രൊഫ.ടി.എന്‍.കൃഷ്ണന്‍ മൂസതിന്റെ അനുസ്മരണവും സെമിനാറും തൃശൂരില്‍ സംഘടിപ്പിച്ചു.
കേരള ആരോഗ്യ സര്‍വ്വകലാശാല പ്രോ-വൈസ്ചാന്‍സിലര്‍ ഡോ.എ.നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യരത്‌നം ആയൂര്‍വേദ ഫൗണ്ടേഷന്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി.രാമന്‍കുട്ടി വാരിയര്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.എം.വാരിയര്‍, പ്രൊഫ.ടി.എന്‍.കെ.മൂസത് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ഡി.രാമനാഥന്‍, ഡോ.പി.എല്‍.ജോസ്, ഡോ.കെ.ആര്‍.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകളും നടന്നു. ഡോക്ടര്‍മാരായ കെ.തങ്കരാജ്, പി.ടി.ചാക്കോ, എം.പി.ഈശ്വരവര്‍മ്മ, പി.പി.കിരാതമൂര്‍ത്തി തുടങ്ങിയവര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കി.
തൃശൂര്‍ ലയണ്‍സ് ക്ലബിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലയണ്‍സ് 318 - ഡിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ 500 വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സൈക്കിളുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 22ന് വെള്ളാനിക്കര അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലയണ്‍സ് ക്ലബിന്റെ നൂറാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ലയണ്‍സ് ഡിസ്ട്രിക്ട് 318-ഡിയുടെ പരിധിയില്‍ വരുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥിനികള്‍ക്കാണ് സൈക്കിളുകള്‍ നല്‍കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.പി.നന്ദകുമാര്‍, കെ.എം.അഷറഫ്, വി.എസ്.പ്രസന്നന്‍, പി.ജെ.ജോര്‍ജ്കുട്ടി എന്നിവര്‍ പങ്കെടുത്തു.
മാള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ്.അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി.
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന സമരത്തിന് യു.ഡി.എഫ്. നേതാക്കളായ വി.എ.നദീര്‍, പി.ഐ.നിസാര്‍, വാസന്തി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍ കേരള ആം റസ്‌ലിങ്ങ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ആം റസ്‌ലിങ്ങ് ചാമ്പ്യന്‍ഷിപ്പ് ഈമാസം 23ന് തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തേക്കിന്‍കാട് മൈതാനിയിലെ തെക്കോഗോപുരനടയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷത വഹിക്കും. സിനിമാതാരം രാജീവ്പിള്ള വിശിഷ്ടാതിഥിയാകും. വൈകീട്ട് 7ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിക്കും. വിവിധ കാറ്റഗറികളിലായി ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ മനോജ് പൊറ്റേക്കാട് സുരേന്ദ്രന്‍ ഐനിക്കുന്ന്, എ.യു.ഷാജു, പി.എ.അബ്ദുള്‍ അസീസ്, ഷെറിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
എരുമപ്പെട്ടി കെ.എഫ്.എ കുട്ടഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തിയ ഫ്‌ളഡ്‌ലിറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാവക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ ജേതാക്കളായി.
മുല്ലയ്ക്കല്‍ ഫ്രണ്ട്‌സ്, റണ്ണേഴ്‌സ് കപ്പിന് അര്‍ഹരായി. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് അംഗം വി.സി.ബിനോജ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.എഫ്.എ.പ്രസിഡന്റ് കണ്ണന്‍ പട്ടിയില്‍, സെക്രട്ടറി ടി.എ.അജയഘോഷ്, കെ.അര്‍.ദിനേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആറ് ദിവസങ്ങളായി നടന്ന മത്സരങ്ങളില്‍ 16 ടീമുകള്‍ പങ്കെടുത്തു.
തൃശൂര്‍ ഐ.എന്‍.ടി.യു.സി തൃശൂര്‍ നിയോജകമണ്ഡലം സമ്മേളനം ഈ മാസം 23ന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ സംഘടിത - അസംഘടിത മേഖലയിലെ ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് നാളെ വൈകീട്ട് 4ന് കോര്‍പ്പറേഷനിലേക്ക് വിളംബര ജാഥ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഐ.എന്‍.ടി.യു.സി തൃശൂര്‍ റീജണല്‍ പ്രസിഡന്റ് വി.എ.ഷംസുദ്ദീന്‍, ജില്ലാ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ ആവോക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാള കടുത്ത വേനലില്‍ മാള കരിങ്ങോള്‍ച്ചിറ കോള്‍പടവുകള്‍ വറ്റുന്നതിനിടയില്‍ പരമ്പരാഗത മത്സ്യബന്ധനം സജീവമായി.
ആഴം കുറഞ്ഞ ഭാഗത്തും വലയെറിഞ്ഞ് മത്സ്യബന്ധനം നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തുന്നവര്‍ നിരവധിയാണ്. വേനല്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ പടവിലെ വെള്ളം ഒരാഴ്ചക്കുള്ളില്‍ വറ്റി വരളും.
കൊടുങ്ങല്ലൂര്‍ ബാലവേദി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീനാരായണപുരത്ത് ശില്പശാല നടത്തി.
ഇ.ടി.ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. പി.വി.മോഹനന്‍, മിനി ഷാജി, ടി.പി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു. എന്‍.സി. പ്രശാന്ത്, എന്‍.ആര്‍.രമേഷ് ബാബു, എന്‍.വി.വിപിന്‍നാഥ് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.
കൊടുങ്ങല്ലൂര്‍ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസില്‍ ടെമ്പോയില്‍ സ്‌കൂട്ടറിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു.
സ്‌കൂട്ടര്‍ യാത്രക്കാരായ മേത്തല കണ്ടംകുളം മനയില്‍ സുകേശന്റെ മകള്‍ ആര്യ, ചെറായി മാലാത്തപറമ്പില്‍ ശശിയുടെ മകള്‍ ദീപ്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.ഐ. ഓഫീസ് ജംഗ്ഷനില്‍ ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. സിഗ്‌നല്‍ തെറ്റിച്ചുവന്ന സ്‌കൂട്ടര്‍ ചാണകം കയറ്റിയ ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കുറ്റുമുക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി തൃശൂര്‍ സിറ്റി ജില്ലാ സമ്മര്‍ ക്യാമ്പ് -'ബ്ലോസം 2017ന് കുറ്റുമുക്ക് സാന്ദീപനി സ്‌കൂളില്‍ തുടക്കമായി.
മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍ അധ്യക്ഷനായിരുന്നു. എ.സി.പിമാരായ പി.വാഹിദ്, മുഹമ്മദ് ആരിഫ്, പി.എ.ശിവദാസന്‍, കൗണ്‍സിലര്‍ ശാന്താ അപ്പു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുമതി, സി.ഐ.മാരായ എ.സന്തോഷ്, കെ.സി.സേതു, ഫയര്‍ ഓഫീസര്‍ എ.എല്‍.ലാസര്‍ എന്നിവര്‍ സംസാരിച്ചു. ഈ മാസം 23ന് ക്യാമ്പിന് സമാപനമാകും.
വടക്കാഞ്ചേരി വടക്കാഞ്ചേരി എങ്കക്കാട് ഗ്രാമത്തിലെ പ്രമുഖ ജലസ്രോതസായ വീരാണിമംഗലം ക്ഷേത്രക്കുളം പുനര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു.
65 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കുളം വര്‍ഷങ്ങളായി ചെളിനിറഞ്ഞ് ശോചനീയാവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്ര സമിതി നാട്ടുകാരുടെ സഹകരണത്തോടെ കുളം വൃത്തിയാക്കി സംരക്ഷിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്ര കുളത്തിലെ ചെളി പൂര്‍ണമായും നീക്കിയതിന് ശേഷം വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ന്ന് ക്ഷേത്രക്കുളത്തിന്റെ കുളപ്പുര പുനര്‍നിര്‍മ്മിക്കും. ഒന്നരമാസത്തോളം വേണ്ടി വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 25 ലക്ഷം രൂപ ചിലവഴിച്ചാണ് നടത്തുന്നത്. ക്ഷേത്രക്കുളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 45 ലക്ഷം രൂപ ചിലവില്‍ പത്തായപ്പുര പുനര്‍ നിര്‍മ്മിക്കും
വടക്കാഞ്ചേരി ഉത്രാളിക്കാവ് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഉല്‍പ്പന്ന സമര്‍പ്പണം നടന്നു.
പ്രസാദ ഊട്ടിനുള്ള പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഭക്തജനങ്ങള്‍ ദേവി സന്നിധിയില്‍ സമര്‍പ്പിച്ചു. നാളെയാണ് പ്രതിഷ്ഠാദിനാഘോഷം. നാളെ രാവിലെ 9ന് കാഴ്ചശീവേലി, 11ന് പ്രസാദഊട്ട്, വൈകീട്ട് 4ന് പാണ്ടിമേളം, സമ്പൂര്‍ണ നെയ് വിളക്ക്, പഞ്ചവാദ്യം എന്നിവ ഉണ്ടാകും.
കയ്പമംഗലം കൈപ്പമംഗലം സംഘവേദി സംസ്‌കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന ഗ്രാമോത്സവം ഈമാസം 23 മുതല്‍ 26 വരെ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇതോടനുബന്ധിച്ച് ഘോഷയാത്ര, ഫുഡ്‌ഫെസ്റ്റ്, കാര്‍ഷികമേള, മാമ്പഴഫെസ്റ്റ്, അനുസ്മരണ സമ്മേളനം, കലാപരിപാടികള്‍, ചിത്രപ്രദര്‍ശനം എന്നിവ നടക്കും. 23ന് വൈകീട്ട് 5ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യും. ഇ.ടി.ടൈസന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. 24 ന് വൈകീട്ട് അഞ്ചിന് ടി.കെ.ശേഖരന്‍ അനുസ്മരണ സമ്മേളനം നടത്തും. 25ന് വൈകീട്ട് ഏഴിന് തൃശൂര്‍ ജനനയന അവതരിപ്പിക്കുന്ന ഫോക്ക് ഈവ് ഉണ്ടാകും. 26 ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സംഘവേദി ഭാരവാഹികളായ ടി.വി.സുരേഷ്, കെ.ആര്‍.രാമചന്ദ്രന്‍, സി.ഡി.കിഷോര്‍ ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അന്തിക്കാട് ഗീതഗോപി എം.എല്‍.എ.യുടെ വികസന ഫണ്ടില്‍ നിന്നു മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് ആലപ്പാട് സെന്ററില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
ലൈറ്റിന്റെ സമര്‍പ്പണം എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അദ്ധ്യക്ഷയായി. ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന്‍, സിഡ്‌കോ മാനേജര്‍ കാര്‍ത്തിക്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്‍.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശൂര്‍ അഗ്‌നിശമന വാരാചരണ സമാപനത്തിന്റെ ഭാഗമായി തൃശൂര്‍ ഫയര്‍ സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറേകോട്ട ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രത്തില്‍ ബോധവല്‍ക്കരണ ക്ലാസും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി.
മാനസികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടങ്ങളും പരിസരവുമെല്ലാം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശുചീകരിച്ചു. തുടര്‍ന്ന് അഗ്നിബാധയുണ്ടായാല്‍ നടത്തേണ്ട രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും മറ്റും ലീഡിംഗ് ഫയര്‍മാന്‍ ബി.ഹരികുമാര്‍ ക്ലാസെടുത്തു. തൃശൂര്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ മാസ്റ്റര്‍ പി.എല്‍.ലാസര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ജിജി മോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
എരുമപ്പെട്ടി വഴിയില്‍ നിന്നു ലഭിച്ച പണം തിരിച്ചു നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ മാതൃകയായി.
എരുമപ്പെട്ടി പ്രസ് ഫോറം പ്രസിഡന്റ് കബീര്‍ കടങ്ങോടാണ് പണം ഉടമയ്ക്ക് തിരികെ നല്‍കിയത്. ഞായറാഴ്ച്ച രാത്രി പന്നിത്തടം പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് കബീറിന് പണവും ബാങ്ക് രേഖകളും വീണു കിട്ടിയിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ ഇവ ഏല്‍പ്പിച്ചു. ബാങ്ക് രേഖകളിലെ മേല്‍വിലാസം ഉപയോഗിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു. കുന്നംകുളം ആനായ്ക്കല്‍ ചന്ദനത്തില്‍ വീട്ടില്‍ പ്രവീണ്‍ കുമാറിന്റേതായിരുന്നു 9200 രൂപയും ബാങ്ക് രേഖകളും. എരുമപ്പെട്ടി സ്റ്റേഷനില്‍ എസ്.ഐ-വനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ പണവും രേഖകളും പ്രവീണ്‍കുമാറിന് കബിര്‍ കടങ്ങോട് കൈമാറി.
ചേലക്കര ചേലക്കര കൃഷിഭവന്റെയും ചേലക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി വിത്ത് വിതരണം നടത്തി.
യു. ആര്‍. പ്രദീപ്. എം. എല്‍. എ. വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഇ.വേണുഗോപാലമേനോന്‍, കൃഷി ഓഫീസര്‍ പി.പി.ആശമോള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ജയന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ആയൂര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പ്രൊഫ.ടി.എന്‍.കൃഷ്ണന്‍ മൂസതിന്റെ അനുസ്മരണവും സെമിനാറും തൃശൂരില്‍ സംഘടിപ്പിച്ചു.
കേരള ആരോഗ്യ സര്‍വ്വകലാശാല പ്രോ-വൈസ്ചാന്‍സിലര്‍ ഡോ.എ.നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യരത്‌നം ആയൂര്‍വേദ ഫൗണ്ടേഷന്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി.രാമന്‍കുട്ടി വാരിയര്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.എം.വാരിയര്‍, പ്രൊഫ.ടി.എന്‍.കെ. മൂസത് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ഡി.രാമനാഥന്‍, ഡോ.പി.എല്‍.ജോസ്, ഡോ.കെ.ആര്‍.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകളും നടന്നു. ഡോക്ടര്‍മാരായ കെ.തങ്കരാജ്, പി.ടി.ചാക്കോ, എം.പി.ഈശ്വരവര്‍മ്മ, പി.പി.കിരാതമൂര്‍ത്തി തുടങ്ങിയവര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കി.
തൃശൂര്‍ ഐ.എന്‍.ടി.യു.സി തൃശൂര്‍ നിയോജകമണ്ഡലം സമ്മേളനം ഈ മാസം 23ന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ സംഘടിത - അസംഘടിത മേഖലയിലെ ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് നാളെ വൈകീട്ട് 4ന് കോര്‍പ്പറേഷനു മുന്നിലേക്ക് വിളംബര ജാഥ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഐ.എന്‍.ടി.യു.,സി തൃശൂര്‍ റീജണല്‍ പ്രസിഡന്റ് വി.എ.ഷംസുദ്ദീന്‍, ജില്ലാ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ ആവോക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചാലക്കുടി നായരങ്ങാടി ഉതിനിപ്പറമ്പന്‍ ജംഗ്ഷനിലെ കടയില്‍ മദ്യവും കഞ്ചാവും വില്‍പ്പന നടത്തിവന്നിരുന്ന യുവാവും കൂട്ടാളിയും പൊലീസ് പിടിയിലായി.
കൊടാപറമ്പില്‍ രാജേഷ്, പുത്തൂര്‍ വെളിയത്തുപറമ്പില്‍ രമേഷ് എന്നിവരെയാണ് ചാലക്കുടി എസ്.ഐ. - ജയേഷ് ബാലനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നാലര ലിറ്റര്‍ വിദേശ മദ്യം, ഒന്നര കിലോ കഞ്ചാവ്, നിരവധി ഹാന്‍സ് പാക്കറ്റുകള്‍ എന്നിവ രാജേഷിന്റെ കടയിലും തൊട്ടടുത്ത കോഴിക്കടയില്‍ നിന്നുമായി പോലീസ് കണ്ടെടുത്തു. ആവശ്യക്കാര്‍ക്ക് മദ്യവും മയക്കുമരുന്നും വാഹനത്തില്‍ സ്ഥലത്തെത്തിക്കലായിരുന്നു ഇവര്‍ നടത്തിയിരുന്നത്. സേലത്തു നിന്നു മൊത്തമായി കൊണ്ടു വരുന്ന കഞ്ചാവ് പാക്കറ്റ് ഒന്നിന് അഞ്ഞൂറ് രൂപയ്ക്കായിരുന്ന വില്‍പ്പന. രാജേഷിനെ സഹായിക്കാന്‍ പരിസരത്തെ മറ്റു ചിലരുമുണ്ടെന്ന് പൊലീസ് പറഞ്ഞു. അയല്‍ വീട്ടില്‍ മന്ദബുദ്ധിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ രാജേഷ് പ്രതിയാണ്. കുഴല്‍പ്പണം തട്ടിയെടുക്കുന്ന ഒരു സംഘത്തിന്റെ കൂടെ ഇയാള്‍ കുറേക്കാലം പ്രവര്‍ത്തിച്ചു. അവിടെവെച്ചു പരിയപ്പെട്ട രമേഷ് പിന്നീട് ഇയാള്‍ക്കൊപ്പം ചേര്‍ന്നു. ചില മോഷണക്കേസുകളിലും ഇവര്‍ പ്രതികളാണ്.
തൃശൂര്‍ വിവരാവകാശ നിയമ പ്രകാരം ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ പേരില്‍ അപേക്ഷിച്ചാല്‍ പോലും ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ പറഞ്ഞു.
വിവരാവകാശത്തെക്കുറിച്ച് തൃശൂരില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും നടന്നാല്‍ അത് അറിയാനുള്ള അവകാശം അപേക്ഷകനുണ്ട്. രാജ്യ സുരക്ഷയടക്കമുള്ള ചുരുക്കം ചില കാര്യങ്ങള്‍ക്ക് മാത്രം വിവരം നല്‍കില്ലെന്ന് വിന്‍സന്‍ എം. പോള്‍ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ല. 2011 ലെ സുപ്രീം കോടതി വിധിപ്രകാരം കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും എന്നാല്‍ വളരെ ഗുരുതരമായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കാര്യമാണെങ്കില്‍ രജിസ്ട്രാര്‍ മുഖേന വിവരം തേടാവുന്നതാണെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. ഓര്‍ഗ് പീപ്പിള്‍ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള അധ്യക്ഷത വഹിച്ചു. കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍ സംസാരിച്ചു.
തൃശൂര്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ തകരാറിലായ ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണി തിങ്കാളാഴ്ച ആരംഭിക്കും.
പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കാന്‍ തീരുമാനമായത്. മെഡിക്കല്‍ കോളേജിലെ ആകെയുള്ള 17 എണ്ണത്തില്‍ മൂന്നെണ്ണം ഒഴികെയുള്ള ലിഫ്റ്റുകള്‍ തകരാറിലാകുന്നത് പതിവാണ്. ലിഫ്റ്റുകളുടെ അറ്റകുറ്റപണിക്കായി 17 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതിനിടെ മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായത് വൈദ്യുതി പ്രതിസന്ധിക്കും കാരണമായി. വലിയ ജനറേറ്റര്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിച്ചാണ് വൈദ്യുതി ലഭ്യമാക്കിയിരിക്കുന്നത്.
തൃശൂര്‍ സൊണോറോ ദി സ്ട്രീംഗ് ബാന്റിന് തൃശൂരില്‍ തുടക്കം കുറിച്ചു.
റീജണല്‍ തിയേറ്ററില്‍ നടന്ന ചടങ്ങ് മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മ്യൂസിക് കണ്ടക്ടര്‍ സണ്ണി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ചലച്ചിത്ര കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ജോസഫ്, ഫാ.തോമസ് ചക്കാലമറ്റത്ത്, സൈമണ്‍ താണിക്കല്‍, വയലിനിസ്റ്റ് സദാനന്ദന്‍, പ്രദീപ് സോമസുന്ദരം, എം.ഡി.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സോണോറോ ദി സ്ട്രിങ്ങ് ബാന്റ് സാരഥിയും വയലിനിസ്റ്റുമായ സദാനന്ദനെ മുഖ്യ സ്‌പോണ്‍സറായ ന്യൂ ട്രിച്ചൂര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബിജു ജോസ് ആദരിച്ചു. തുടര്‍ന്ന് സോണോറോയുടെ ബാന്റ് അവതരണവും നടന്നു.
തൃശൂര്‍ തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയില്‍ ഔഷധി പവലിയന്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഔഷധി ചെയര്‍മാന്‍ ഡോ.കെ.ആര്‍.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ കെ.ശശിധരന്‍, സെക്രട്ടറി വിനീത, മാര്‍ക്കറ്റിംഗ് മാനേജര്‍, രഘുനന്ദനന്‍ മേനോന്‍, ലതാകുമാരി, ഡോ.സതീഷ്‌നാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഔഷധിയുടെ 450ല്‍പരം മരുന്നുകളും മറ്റ് ഉല്‍പ്പന്നങ്ങളുമാണ് പവലിയനിലുള്ളത്. മരുന്നുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.
മാള മാള മാരേക്കാട് തെക്കേവീട്ടില്‍ അലികുഞ്ഞിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷണം പോയതായി പരാതി.
വീട്ടുകാര്‍ ആത്മീയ സദസില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. പോലീസില്‍ പരാതി നല്‍കി.
അയ്യന്തോള്‍ അയ്യന്തോള്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ അതിക്രമിച്ച് കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കതിരെ തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തു.
അടാട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആര്‍ ജയചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്കതിരെയാണ് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ നിര്‍ദ്ദശ പ്രകാരം കേസെടുത്തത്. അടാട്ട് ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ അതിക്രിച്ച് കയറിയത്.
പുതുക്കാട് മാലിന്യപ്രശ്‌നത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടും പുലക്കാട്ടുകരയിലെ അനധികൃത പശുഫാം അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധം.
ഈ മാസം അഞ്ചിനാണ് നെന്മണിക്കര പഞ്ചായത്ത് സെക്രട്ടറി ഫാം അടച്ചു പൂട്ടുന്നതിനുള്ള നടപടിയെടുക്കാന്‍ പുതുക്കാട് പോലീസിന് നോട്ടീസ് നല്‍കിയത്. ഫാമില്‍ നിന്നു പുറത്തേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ സമീപത്തെ കിണറുകളില്‍ കലരുന്നതുമൂലം വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. രണ്ട് മാസം മുന്‍പ് സമീപവാസികളുടെ പരാതിയില്‍ പഞ്ചായത്ത് ഫാമിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമിന്റെ ഉടമക്ക് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലൈസന്‍സിന് അപേക്ഷിക്കുവാനും മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുവാനും അധികൃതര്‍ ഒരു മാസം സമയം നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ലൈസന്‍സ് എടുക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയുമാണ് ഫാം പ്രവര്‍ത്തിച്ചത്. പിന്നീട് പഞ്ചായത്ത്, ഫാമിന് ഷോ കോസ് നോട്ടീസും നല്‍കിയിരുന്നു. ഇതൊന്നും വകവെയ്ക്കാതെയാണ് ഫാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഫാമിന്റെ പ്രവര്‍ത്തനം തുടരുന്നതുമൂലം സമീപവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. സുലഭമായി വെള്ളമുള്ള കിണറുകളില്‍ മാലിന്യം കലര്‍ന്നതോടെ പണം കൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് സമീപവാസികള്‍. പഞ്ചായത്ത് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും അടച്ചുപൂട്ടാത്ത ഫാമിനെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാവറട്ടി ഏനാമാവ് നെഹ്‌റു പാര്‍ക്കില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം നടന്നു.
വെങ്കിടങ്ങ് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ നൂറോളം തൊഴിലുറപ്പ് തൊഴിലാളികള്‍ സംഗമത്തില്‍ പങ്കെടുത്തു. വാര്‍ഡംഗം കെ.വി.വേലുകട്ടി സംഗമം ഉദ്ഘാടനം ചെയ്തു. കെ.സരസ്വതി അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുംതാസ് റസാക്ക്, സി.എസ്. രമ, ജാന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു. ഏറ്റവും പ്രായം കൂടിയ തൊഴിലുറപ്പ് തൊഴിലാളിയെയും നൂറു തൊഴില്‍ ദിനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.
അന്തിക്കാട് പെരിങ്ങോട്ടുകര താന്ന്യം മേഖലയില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.
താന്ന്യം സെന്റര്‍ മുതല്‍ തോട്ടാന്‍ചിറ വരെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടികളും തോരണങ്ങളും വ്യാപകമായി നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ്-ഐ താന്ന്യം മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മേഖലയില്‍ കഞ്ചാവ് മാഫിയ സജീവമാണ്. മേഖലയിലെ ക്രമസമാധാനപാലനത്തിന് പോലീസ് ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നു കോണ്‍ഗ്രസ്സ് നേതാക്കളായ വി.കെ.സുശീലന്‍, ആന്റോ തൊറയന്‍, സി.സി.ശിവാന്ദന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ ഗുരുവായൂര്‍ ആനത്താവളത്തില്‍ ഇടഞ്ഞ കൊമ്പന്‍ കൂട്ടാനയെ കുത്താന്‍ ശ്രമിച്ചത് കണ്ട് രണ്ടാനകള്‍ വിരണ്ടിയോടിയത് പരിഭ്രാന്തിക്കിടയാക്കി.
ഊട്ടിനായി ആനത്താവളത്തിന്റെ തെക്കേമുറ്റത്ത് ആനകളെ നിരയായി നിര്‍ത്തിയിരുന്നു. ഇതിനിടെ കൊമ്പന്‍ വലിയ വിഷ്ണുവാണ് ഇടഞ്ഞ് അടുത്ത് നിന്നിരുന്ന ഗോപീകൃഷ്ണനെ കുത്താനാഞ്ഞത്. ഗോപീകൃഷ്ണന്‍ പരിഭ്രമച്ച് ഒഴിഞ്ഞ് മാറിയതോടെ വലിയ വിഷ്ണു കൊമ്പ് കുത്തി വീണു. സംഭവം കണ്ടതോടെ ഗോപീകൃഷ്ണനും തൊട്ടടുത്ത് നിന്നിരുന്ന ലക്ഷ്മികൃഷ്ണയും വിറളിപിടിച്ചോടി. ഗോപീകൃഷ്ണന്‍ നേരെ ഓടിയെത്തി കെട്ടുംതറിയില്‍ നിന്നു. ലക്ഷ്മികൃഷ്ണയെ തെക്കേപറമ്പില്‍ വച്ച് പാപ്പാന്മാര്‍ തളച്ചു. മറ്റു ആനകളെ മാറ്റി ഉടന്‍ തന്നെ വലിയ വിഷ്ണുവിനെ തളയ്ക്കാനായതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മദപ്പാടിന്റെ ലക്ഷണമാണ് വലിയ വിഷ്ണുവിനെ പ്രകോപിപ്പിച്ചതെന്ന് പാപ്പാന്മാര്‍ പറഞ്ഞു. വലിയ വിഷ്ണുവിനെ പിന്നീട് നീരില്‍ തളച്ചു.
ചേര്‍പ്പ് ചേര്‍പ്പ് വല്ലച്ചിറ ഭഗവാന്‍ ഭഗവതി ക്ഷേത്രത്തിലെ ഹരിതക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തി.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ ക്ഷേത്രത്തില്‍ ജന്മ നക്ഷത്ര വൃക്ഷങ്ങള്‍ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി അവാര്‍്ഡ് ജേതാവ് നന്ദകിഷോര്‍ അധ്യക്ഷനായിരുന്നു. വല്ലച്ചിറ ദേവസ്വം ഓഫീസര്‍ പി.യു. നന്ദകുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡംഗങ്ങളായ കെ.എം.ഉണ്ണികൃഷ്ണന്‍, അഡ്വ.ടി.എന്‍ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചാലക്കുടി അഞ്ചുതലമുറകളുടെ റാണിയായ കല്യാണി മുത്തശ്ശിക്ക് വീണ്ടുമൊരു പേരക്കുട്ടിയുടെ കല്യാണത്തില്‍ പങ്കെടുക്കാനുള്ള സൗഭാഗ്യം. ബന്ധുക്കളെയും തലമുറകളുടെ മറുതലക്കുള്ള പൈതങ്ങളെയും മറ്റും കണ്ടപ്പോള്‍ 93 കാരി മുത്തശ്ശിയുടെ മനസ്സില്‍ ഒരിക്കല്‍കൂടി ആഹ്ലാദം അലതല്ലി.
ചാലക്കുടി കൂടപ്പുഴയിലെ പരേതനായ തയ്യില്‍ കൃഷ്ണന്റെ ഭാര്യ കല്യാണി ഇന്ന് അഞ്ചു തലമുറകള്‍ക്ക് നായികയാണ്. അവരെല്ലാം ഒത്തുചേര്‍ന്ന കല്യാണമായിരുന്നു ബുധനാഴ്ച ചാലക്കുടി ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടന്നത്. മൂത്തമകള്‍ കൗസല്യ ചടങ്ങിനിടെ അമ്മയെ ഓര്‍മ്മകളിലൂടെ കാലത്തിന്റെ കഴിഞ്ഞ അധ്യായങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കസൗല്യ പറയുന്നതനുസരിച്ച് അമ്മ പാട്ടുപാടി, കൂപ്പുകൈകളുമായി അതിഥികളെ വരവേറ്റു. മാള കോട്ടവാതിലിലെ പരേതനായ തോട്ടത്തിപറമ്പില്‍ പരമേശ്വരന്റെ ഭാര്യയാണ് 71-കാരിയായ കൗസല്യ. ഇവരുടെ മകള്‍ വാസന്തി കൂടപ്പുഴയിലെ കുഞ്ഞുകോരപറമ്പില്‍ ബാബുവിന്റെ ഭാര്യ. വാസന്തിയുടെ മകള്‍ ഗീതുവിനെ പാലക്കാട് സ്വദേശി മന്ദത്ത് മണികണ്ഠനാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒമ്പതും ഏഴും വയസ്സുള്ള കാര്‍ത്തിക്കും, കൈലാസ്‌നാഥുമാണ് ഗീതുവിന്റെ മക്കള്‍. തന്റെ ചാരത്ത് കുട്ടിക്കുറുമ്പുകള്‍ കാട്ടിനിന്ന കാര്‍ത്തിക്കിനേയും കൈലാസിനെയും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കാലംതീര്‍ത്ത മാറാലയാല്‍ കല്യാണി മുത്തശ്ശിക്കായില്ല. ഇളയ മകന്‍ ധര്‍മ്മരാജന്റെ മകള്‍ അപര്‍ണ്ണയുടെ വിവാഹമായിരുന്നു എസ്.എന്‍. ഹാളിലേത്. പ്രായം ഇത്രയുമായെങ്കിലും അമ്മ ഇപ്പോഴും തികച്ചും ആരോഗ്യവതിയാണെന്ന് കൗസല്യ പറയുന്നു. ഇതുപോലുള്ള ചടങ്ങുകളിലാണ് എല്ലാവരുമായുള്ള ഒത്തുചേരലെന്നും അവര്‍ പറഞ്ഞു. കുട്ടികാലത്ത് അമ്മൂമ്മയുടെ കൂടെ ചിലവഴിച്ച കാലഘട്ടമാണ് വാസന്തി വിവരിച്ചത്. തന്റെ മക്കളെയും മുതുമുത്തശ്ശി ഏറെ താലോലിച്ചിട്ടുണ്ടെന്ന് ഗീതു പറഞ്ഞു. കല്യാണി മുത്തശ്ശിക്ക് 42 വയസ്സുള്ളപ്പോള്‍ ചെത്തുതൊഴിലാളിയും വിഷവൈദ്യനുമായിരുന്ന ഭര്‍ത്താവ് കൃഷ്ണന്‍ ജീവിതത്തോടു വിട പറഞ്ഞു. തുടര്‍ന്നുള്ള കാലഘട്ടം കല്യാണിക്ക് ദുരിതം നിറഞ്ഞതായിരുന്നു. നെല്‍കൃഷിയും മക്കളുടെ പഠനവുമൊക്കെയായി കഷ്ടപ്പെട്ടതിന് കൈയ്യുംകണക്കുമില്ല. നാട്ടുകാര്‍ കല്യാണിയമ്മായിയെന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നു ഇവര്‍ ജീവിതത്തിന് മുന്നില്‍ മുട്ടുമടക്കിയില്ല. എല്ലാ പ്രതിസന്ധികളേയും കരുത്തോടെ നേരിട്ടു. കൃഷിയും കാര്‍ഷികവൃത്തികളുമായി മണ്ണിനോട് മല്ലിടുമ്പോള്‍ കൈവന്ന ആത്മധൈര്യവും ആരോഗ്യവുമായിരിക്കും മുത്തശ്ശിയെ ഇന്നും മുന്നോട്ടു നയിക്കുന്നത്.
പുതുക്കാട് പുതുക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിന് സമീപം കാന നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ചു.
സ്ലാബുകള്‍ തകര്‍ന്ന കാനയില്‍ യാത്രക്കാര്‍ വീണ് അപകടം പതിവാകുന്നു. നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ച കാനകളുടെ കോണ്‍ക്രീറ്റ് സ്ലാബുകളും കമ്പികളും ഉയര്‍ന്ന് നില്‍ക്കുന്ന നിലയിലാണ്. സ്റ്റാന്റിന് മുന്‍പില്‍ ബസ് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഇത് ദുരിതമാകുകയാണ്. രാത്രി എട്ടുമണിക്ക് ശേഷം സ്റ്റാന്റിലേയ്ക്ക് ബസുകള്‍ പ്രവേശിക്കാത്തതുമൂലം ഈ കാനയുടെ മുകളിലും സര്‍വ്വീസ് റോഡിന്റെ അപ്പുറത്തുമാണ് യാത്രകാര്‍ ബസ് കാത്ത് നില്‍ക്കുന്നത്. ബസ് വരുന്നത് കണ്ട് ഓടി ദേശീയപാതയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതുമൂലം കാനയില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. എത്രയും വേഗം ടോള്‍ കമ്പനി അധികൃതര്‍ ഇടപ്പെട്ട് കാനകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീ കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാവറട്ടി പാവറട്ടിയില്‍ മല്‍സ്യ കൃഷി നടത്തിയിരുന്ന സ്വകാര്യ ജലാശയത്തില്‍ നിന്നു മല്‍സ്യം മോഷ്ടിച്ചു.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തില്‍ മത്സ്യസമൃദ്ധി പദ്ധതിയില്‍ കൃഷി ചെയ്യുന്ന മത്സ്യകര്‍ഷകന്‍ മഞ്ചറമ്പത്ത് മുരളീധരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള 10 സെന്റ് കുളത്തില്‍ നിന്നാണ് മത്സ്യങ്ങള്‍ മോഷണം പോയത്. അടുത്ത ദിവസം വിളവെടുക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു മുരളീധരന്‍. മല്‍സ്യ കര്‍ഷകന്‍ പാവറട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എരുമപ്പെട്ടി പന്നിത്തടം സെന്ററിലുള്ള ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സോളാര്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും പഞ്ചായത്തിലെ പി.എച്ച്.സി.യില്‍ രോഗികളെ കിടത്തി ചികിത്സിക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കണമെന്നും മുസ്ലിം ലീഗ് കടങ്ങോട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് കെ.സി.മൊയ്തുട്ടി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ കടങ്ങോട് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എം.എസ്.ബഷീര്‍, പി.പി.സെയ്തുമുഹമ്മദ്, എ.വൈ.മുഹമ്മദ്ക്കുട്ടി എന്നിവര്‍ സംസാരിച്ചു.
തൃപ്രയാര്‍ തൃപ്രയാര്‍ ടി.എസ്.ജി.എ. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ടീമും ഉദ്യോഗസ്ഥ ടീമും തമ്മില്‍ നടന്ന സൗഹൃദ വോളിബോള്‍ മത്സരത്തില്‍ ഉദ്യോഗസ്ഥരുടെ ടീമിന് വിജയം.
മറുപടിയില്ലാത്ത 3 സെറ്റുകള്‍ക്കാണ് തടവുപുള്ളികളുടെ ടീമിന് ഉദ്യോഗസ്ഥ ടീം പരാജയപ്പെടുത്തിയത്. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. മത്സരം ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷനായിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എം.കെ. വിനോദ് മുഖ്യാതിഥിയായി. പരിശീലകന്‍ ഇ.കെ. കിഷോര്‍കുമാര്‍, ടി.എസ്.ജി.എ. ജനറല്‍ സെക്രട്ടറി സി.ജി. അജിത്കുമാര്‍, സാലി ജെ. തോട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഉദ്യോഗസ്ഥരുടെ ടീമിനുള്ള സമ്മാനദാനം ജയില്‍ സൂപ്രണ്ട് എം.കെ. വിനോദും, തടവുപുള്ളികളുടെ ടീമിനുള്ള സമ്മാനദാനം വലപ്പാട് എസ്.ഐ. - സി.ആര്‍ ബൈജുവും വിതരണം ചെയ്തു.
ചേലക്കര ചേലക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൂത്ത് പ്രസിഡന്റുമാര്‍ക്ക് സ്വീകരണം നല്‍കി.
ചേലക്കര സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ഡി.സി.സി. സെക്രട്ടറി ഇ. വേണുഗോപാലമേനോന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാന്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. എം. കൃഷ്ണന്‍, പി. എ. അച്ചന്‍കുഞ്ഞ്, ടി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുന്നയൂര്‍ക്കുളം പുന്നയൂര്‍ക്കുളത്ത് സാമൂഹിക വിരുദ്ധര്‍ വീടിന് നേരെ ആക്രമണം നടത്തി.
പരൂരിലെ വീട്ടിലായില്‍ സുലൈമാന്റെ വീടിന് നെരെയാണ് കല്ലെറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 9മണിയോടെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടിയോട്ടോറിക്ഷയ്ക്കും ആക്രമികള്‍ കല്ലെറിഞ്ഞു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഒന്‍പതാം വാര്‍ഡില്‍ നമ്പ്യാങ്കാവ് ആനന്ദപുരം റോഡില്‍ മുന്‍ പഞ്ചായത്തു മെമ്പറുടെ സ്ഥലത്തെ അനധികൃത മണ്ണെടുപ്പ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു.
നമ്പ്യങ്കാവ് ക്ഷേത്രത്തില്‍ നിന്ന് ആനന്ദപുരത്തേക്ക് പോകുന്ന ബണ്ട് റോഡിനു സമീപത്താണ് മണ്ണെടുപ്പ് നടന്നിട്ടുള്ളത്. റോഡിന് അരികില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലെ മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടുള്ളു എന്ന നിയമം കാറ്റില്‍ പറത്തിയാണ് മണ്ണെടുപ്പ് നടന്നിട്ടുള്ളത്. ബി.ജെ.പി. മുനിസിപ്പല്‍ പ്രസിഡന്റ് വി.സി. രമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ രമേഷ് വാരിയര്‍, ബൂത്ത് പ്രസിഡന്റ് കെ.വി. സുബാഷ് എന്നിവര്‍ നേതൃത്വം നല്‍കി.
അടാട്ട് അടാട്ട് കോള്‍ പാടമായ ആക്കാറ്റന്‍ കുരുഡന്‍ പുത്തന്‍ കോളിലെ കൃഷിയിടത്തിലേക്ക് കര്‍ഷക കൂട്ടായമയില്‍ പുതിയ റോഡ് നിര്‍മ്മിച്ചു.
കൃഷിയിടത്തിലേക്ക് സഞ്ചാരയോഗ്യമായ റോഡ് ഇല്ലാത്തത് കര്‍ഷകരെ ഏറേ ദുരിതത്തിലാക്കിയിരുന്നു ഇതുമൂലം കൃഷിക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുവാനോ കൊയത്ത് യന്ത്രങ്ങള്‍ എത്തിക്കുവാനോ സാധിക്കാത്ത അവസഥയായിരുന്നു. 450 ഏക്കര്‍ വരുന്ന കോള്‍ നിലത്തിലെ കര്‍ഷക കൂട്ടായമയുടെ നേതൃത്വത്തിലാണ് റോഡ് നിര്‍മ്മിച്ചത്.
ചാവക്കാട് പുത്തന്‍ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി ഈ സീസണില്‍ നാലാം തവണ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കി.
ഇത്തവണ 47 കടലാമ കുഞ്ഞുങ്ങളെയാണ് കടലിലേക്ക് ഇറക്കിവിട്ടത്. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച്.സലാം, പുത്തന്‍കടപ്പുറം കടലാമ സംരക്ഷണ സമിതി പ്രസിഡണ്ട് പി.എ.സെയ്തുമുഹമ്മദ,് കെ.എം.അലി തുടങ്ങിയവര്‍ പങ്കെടുത്തു
പുതുക്കാട് പുതുക്കാട് സ്റ്റാന്റിന് മുന്‍പില്‍ കെ.എസ്.ആര്‍.ടി.സി. ബസും ക്വാളിസ് ജീപ്പും കൂട്ടിയിടിച്ചു.
ആലുവയില്‍ നിന്നു വന്നിരുന്ന ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നു. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതുമൂലം ഇവിടെ അപകടങ്ങള്‍ പതിവാണ്.
കൊടകര കൊടകര പേരാമ്പ്ര ചെറുകുന്ന് ശ്രീ മഹാഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ ധര്‍മ്മദൈവ പ്രതിഷ്ഠാചടങ്ങുകള്‍ നടന്നു.
സ്വാമി ബ്രഹ്മസ്വരൂപാനന്ദ ആചാര്യനായിരുന്നു. തുടര്‍ന്ന് അമൃതഭോജനം, പറനിറയ്ക്കല്‍, കളമെഴുത്ത്പാട്ട്, ഗാനസന്ധ്യ, ദീപാരാധന എന്നിവയുണ്ടായി.
പാവറട്ടി തൊയക്കാവ് കോടമുക്ക് തല്‍വാര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ വിവിധ കോളനികളില്‍ കുടിവെള്ളം വിതരണം ചെയ്തു.
പാവറട്ടി എസ്.ഐ-ജയപ്രകാശ് കുടിവെള്ള വിതരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു. തല്‍വാര്‍ ഗ്രൂപ്പ് പ്രസിഡന്റ് പി.എം.ഷാഹിം അധ്യക്ഷനായിരുന്നു.
കിഴൂര്‍ കിഴൂരില്‍ അംഗന്‍വാടി വിദ്യാര്‍ത്ഥിനിയുള്‍പ്പടെയുള്ള 3 പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 16-കാരന്‍ കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്കു മുന്നില്‍ കീഴടങ്ങി.
വിഷയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് കീഴടങ്ങല്‍. പ്രതിയെ ജുവൈല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ജുവൈന്‍ഹോമിലേക്ക് മാറ്റി. ഒരാഴ്ച മുന്‍പാണ് കിഴൂരിലെ 5 വയസ്സു പ്രായമുള്ള മൂന്ന് പെണ്‍കുട്ടികള്‍ പീഢനത്തിനിരയായത്. സംഭവം ഒതുക്കി തീര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. പീഡനത്തിനിരയായി എന്നു പറയപ്പെടുന്ന കുട്ടികളെ മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം വടക്കാഞ്ചേരി കോടതി രഹസ്യമൊഴിയെടുത്തു.
ചേലക്കര ചികിത്സ കിട്ടാതെ തിരുവില്വാമല എരവത്തൊടി സ്വദേശി മരിച്ചു.
എരവത്തൊടി ജയം നിവാസില്‍ 40 വയസുള്ള ജയരാജനാണ് മരിച്ചത്. കാന്‍സര്‍ രോഗിയായ ജയരാജന് കഴിഞ്ഞ ദിവസം രാത്രിയില്‍ ശ്വാസതടസമുണ്ടായപ്പോള്‍ ബന്ധുക്കള്‍ തിരുവില്വാമല സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞു മടക്കി അയച്ചു. കൃത്രിമ ശ്വാസോച്ഛാസം കൊടുക്കുവാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ നല്‍കുവാനാകില്ലെന്നു ജീവനക്കാര്‍ പറഞ്ഞു. പിന്നീട് രോഗിയെ ഒറ്റപ്പാലത്തേക്കു കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. തിരുവില്വാമല സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം രണ്ടു ദിവസമായി കിടത്തി ചികിത്സ ഇല്ലന്നും വേണ്ടത്ര സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മെഴുകുതിരി കമ്പനിയില്‍ ജോലിക്കാരനായിരുന്നു ജയരാജന്‍.
പാവറട്ടി പാവറട്ടി പോസ്റ്റ് ഓഫീസിനു സമീപം ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്കേറ്റു.
എതിര്‍ദിശയില്‍ വരികയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയും പാസഞ്ചര്‍ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. പാസഞ്ചര്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന പാവറട്ടി പൈങ്കണ്ണിയൂര്‍ സ്വദേശി നാലകത്ത് കരിയംപറമ്പ് ജലീല്‍, മകള്‍ ഹസീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാവറട്ടി പോലീസ് സ്ഥലത്തെത്തി കേസെടുത്തു. ഓട്ടോറിക്ഷകള്‍ രണ്ടും തകര്‍ന്ന നിലയിലാണ്.
കക്കാട് കക്കാട് പ്രവാസിയുടെ വീടിനു നേരെ ആക്രമണം.
കൊടാട്ട് പരമേശ്വരന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ ആക്രമികള്‍ വീടിനു നേരെ കല്ലെറിയുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടുകാര്‍ ബഹളം വെച്ചതോടെ ആക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി.
ഗുരുവായൂര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാവുകള്‍ കൂട്ടത്തോടെ പറന്ന ശബ്ദംകേട്ട് ശീവേലിക്ക് കൊണ്ടുവന്ന ആന വിരണ്ടത് പരിഭ്രാന്തി പരത്തി.
കരുതലായി നിര്‍ത്തിയിരുന്ന കുട്ടിക്കൊമ്പന്‍ അയ്യപ്പന്‍ കുട്ടിയാണ് വിരണ്ടത്. ചങ്ങലയിലായിരുന്നതിനാല്‍ ആനയ്ക്ക് ഓടാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ പാപ്പാന്മാര്‍ ആനയെ വരുതിയിലാക്കി പുറത്തേക്ക് കൊണ്ടു വന്നു. പിന്നീട് ലോറിയില്‍ ആനത്താവളത്തില്‍ കൊണ്ടുപോയി തളച്ചു.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തയുടെ പേഴ്‌സ് മോഷ്ടിച്ച സ്ത്രീയെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
പറവൂര്‍ സ്വദേശി ശാന്തയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രദര്‍ശനത്തിനെത്തിയ പൊടിയന്‍ബസാര്‍ പഴംകണ്ടത്തില്‍ സുധീഷിന്റെ ഭാര്യ ദിവ്യയുടെ പേഴ്‌സാണ് ഇവര്‍ മോഷ്ടിച്ചത്.
ചാലക്കുടി കാതികുടത്ത് വച്ച് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു.
കാടുകുറ്റി പറമ്പത്ത് ശിവന്റെ മകന്‍ 25 വയസുള്ള അഖിലാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അഖില്‍ ഓടിച്ചിരുന്ന ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടപ്പിള്ളി അമൃത ആശുപത്രിയിലെ അക്കൗണ്ടന്റാണ് അഖില്‍.
വിയ്യൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അസമിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി അന്വേഷണം തുടങ്ങി.
എ.ആര്‍ ക്യാപിലെ നാല് പോലീസ്‌കാരുടെ അകമ്പടിയോടെ ട്രെയിനില്‍ പോകുന്നതിനിടെയാണ് എ.ടി.എം കവര്‍ച്ച ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ അസം സ്വദേശി ഗുല്‍ബര്‍ സിങ്ങ് കോയമ്പത്തൂരിനും വിജയവാഡയ്ക്കുമിടയില്‍ വെച്ച് രക്ഷപെട്ടത്. കൈവിലങ്ങുമായി രക്ഷപെട്ട പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ ഷാഡോ പോലീസ് സംഘത്തെ നിയോഗിച്ചു.
കൊടുങ്ങല്ലൂര്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയും കൊടുങ്ങല്ലൂര്‍ സ്വദേശിയുമായ സിദ്ധാര്‍ത്ഥ് വിനോദ് കേരള പോലീസ് അസോസിയേഷനു വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി.
ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും ഫോണ്‍ നമ്പറുകള്‍, പോലീസ് അറിയിപ്പുകള്‍ തുടങ്ങിയവയെല്ലാം വിരല്‍ തുമ്പിലെത്തിക്കുന്നതാണ് 'ഹലോ കെപ' ആപ്ലിക്കേഷന്‍. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്‍ സമയാസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് വിനോദ് തയ്യാറാക്കിയ ആപ്ലിക്കേഷന്‍ പോലീസ് അക്കാദമി ഡയറക്ടര്‍ കെ.പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എഞ്ചിനീയറിംഗ് സ്‌പോട്ട് അഡ്മിഷന്‍ പരാതികളില്ലാതെ നടത്താന്‍ സഹായിച്ചത് സിദ്ധാര്‍ത്ഥ് വിനോദും കൂട്ടുകാരും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത സോഫ്റ്റ്‌വെയറാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ഹാജര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും അതത് ക്ലാസ് അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ വിവരങ്ങളും അറിയിപ്പുകളും രക്ഷിതാക്കളെ അറിയിക്കുന്നതിനും ഉപകരിക്കുന്ന സിന്‍ഫോറ എന്ന സോഫ്റ്റ്‌വെയര്‍ സിദ്ധാര്‍ത്ഥ് വിനോദിന്റെ സംഭാവനയാണ് . മലപ്പുറം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം, വങ്ങര പഞ്ചായത്തിനു വേണ്ടി വിദ്യാര്‍ത്ഥി കണ്‍സെഷന്‍ സിസ്റ്റം എന്നിവയും സിദ്ധാര്‍ത്ഥ് വിനോദ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരത്ത് ഡോ. ഒ.ജി വിനോദിന്റെ മകനാണ് സിദ്ധാര്‍ത്ഥ്
വിയ്യൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം കളകട്‌റേറ്റ് സ്‌ഫോടനക്കേസ് ഉള്‍പ്പെടെ നിരവധ ികേസുകളിലെ പ്രതിയായ മധുര സ്വദേശി അബ്ബാസ് അലിയുടെ നില ഗുരുതരമായി തുടരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന അബ്ബാസിന്റെ നില അതീവ ഗുരുതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അബ്ബാസ് അലിയെ തൂങ്ങിമരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ജയിലിലെത്തി ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് അബ്ബാസ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് അബ്ബാസ് അലിക്കെതിരെ വിയ്യൂര്‍ പോലീസ് കേസ് എടുത്തു.
അത്താണി അത്താണിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എത്തിയയാള്‍ വീട്ടമ്മയുടെ മൂന്ന് പവന്റെ മാല മോഷടിച്ചു.
അത്താണി സില്‍ക്ക് ലൈനില്‍ സിത്താര വീട്ടില്‍ പത്മിനിയുടെ മാലയാണ് മോഷടിച്ചത്. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.
തൃശൂര്‍ കേരളം സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 26-ാം വാര്‍ഷികത്തിന്റെ ഭാഗമായി മേയര്‍ അജിത ജയരാജന്‍ അക്ഷരദീപം തെളിയിച്ചു.
വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ബാബുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജേക്കബ് പുലിക്കോട്ടില്‍, അജിത വിജയന്‍, മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകനായ എം.കെ. പശുപതി, കോ-ഓഡിനേറ്റര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊടകര സംസ്ഥാനത്തെ വരള്‍ച്ചാകെടുതികള്‍ വിലയിരുത്താനെത്തിയ പ്രത്യേക കേന്ദ്രസംഘം കൊടകരയിലെത്തി.
വരള്‍ച്ചാ പ്രതിരോധനടപടിയുടെ ഭാഗമായി പെരിങ്ങാംകുളത്തില്‍ ഏര്‍പ്പെടുത്തിയ മൊബൈല്‍ ജലശുദ്ധീകരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം സംഘം പരിശോധിച്ചു. കളക്ടര്‍ ഡോ.എ .കൗശിഗന്‍, ചാലക്കുടി തഹസില്‍ദാര്‍ മധുസൂദനന്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
ഇരിങ്ങാലക്കുട 2015ല്‍ പുതുക്കാട് പറപ്പൂക്കരയിലുണ്ടായ ഇരട്ട കൊലപാതകത്തിന്റെ വിചാരണ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോടതിയില്‍ ആരംഭിച്ചു.
വരാക്കര സ്വദേശി മെല്‍വിന്‍, ആനന്ദപുരം സ്വദേശി വിശ്വജിത്ത് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് വിചാരണ. സുഹൃത്തിന്റെ ഭാര്യയെ കളിയാക്കിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒന്നും രണ്ടും സാക്ഷികളായ മിഥുന്‍, പ്രശാന്ത് എന്നിവരെയാണ് കോടതി ഇന്ന് വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി.ബാബു ഹാജരായി.
പുന്നയൂര്‍ക്കുളം വടക്കേക്കാട് പഞ്ചായത്ത് ഓഫീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
നവീകരിച്ച ക്രിമിറ്റോറിയത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. വടക്കേക്കാട് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.നായരങ്ങാടി സെന്ററില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ ലോക്കല്‍ സെക്രട്ടറി മനോജ്, സി.പി.എം ലോക്കല്‍ സെക്രട്ടറി ഷംസു കല്ലൂര്‍, സി.പി.എം ഏരിയ സെക്രട്ടറി എം.ആര്‍.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചെറുതുരുത്തി ദേശമംഗലം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി ഒന്നാം വാര്‍ഷികം ആഘോഷിച്ചു.
ദേശമംഗലം കാളകണ്‌ഠേശ്വരം ക്ഷേത്ര പരിസരത്ത് നിന്നു ബഹുജനറാലിയോടു കൂടി ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടിയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 400 കുടുംബങ്ങള്‍ക്ക് അരി വിതരണം നടത്തി. ദേശമംഗലം സെന്ററില്‍ നടന്ന വാര്‍ഷികാഘോഷ സമ്മേളനം ഷാഫി പറമ്പില്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനും യു.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ പി.എസ്.ലക്ഷ്മണന്‍ അധ്യക്ഷതവഹിച്ചു. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ എം.പി.കുഞ്ഞിക്കോയ തങ്ങള്‍ അരി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലിമെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ഐ.ഷാനവാസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെഹീര്‍ ദേശമംഗലം, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരെ ആദരിച്ചു. തുടര്‍ന്ന് നാടന്‍ പാട്ടുകളും ഗാനസന്ധ്യയും നടന്നു.
പൂങ്കുന്നം തൃശൂര്‍ പൂങ്കുന്നം ഹരിനഗറില്‍ യുവാവിനെ ചവിട്ടിക്കൊന്ന കേസിലെ പ്രതികളെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഹരിനഗര്‍ സ്വദേശികളായ പ്ലക്കാട്ടുപറമ്പില്‍ പ്രസാദ്, കാട്ടൂക്കാരന്‍ പവീട്ടില്‍ സജി, കാച്ചപ്പിള്ളി വീട്ടില്‍ അനു, കുറ്റൂര്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ബിജോയ് എന്നിവരെയാണ് വെസ്റ്റ് സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ഹരിനഗറിലെ ഒഴിഞ്ഞ പറമ്പില്‍ വെച്ച് മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹരിനഗര്‍ കോലോത്തും പറമ്പില്‍ ജയകുമാറിനെ പ്രതികള്‍ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വെസ്റ്റ് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന തൃശൂര്‍ ഈസ്റ്റ് സി.ഐ - സേതുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തെളിവെടുപ്പിനിടെ മരിച്ച ജയകുമാറിന്റെ ബന്ധുക്കള്‍ രോഷാകുലരായി പ്രതികള്‍ക്കു നേരെ രംഗത്തെത്തിയെങ്കിലും പോലീസ് ഇടപ്പെട്ട് ശാന്തരാക്കി.
തൃശൂര്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സന്ദേശ ജാഥകളുടെ സംഗമം സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വടക്കന്‍ മേഖലാ ജാഥയും തെക്കന്‍ മേഖലാ ജാഥയും ഏപ്രില്‍ 22ന് തൃശൂരില്‍ പര്യടനം നടത്തും. വൈകീട്ട് സി.എം.എസ്. പരിസരത്ത് ഇരുജാഥകളും സംഘടിച്ച് തെക്കേ ഗോപുരനടയില്‍ പ്രകടനമായി എത്തിച്ചേരും. 5ന് തൃശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന സന്ദേശജാഥകളുടെ സംഗമം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ മുരളി പെരുനെല്ലി എം.എല്‍.എ, കെ.കെ.രാജന്‍, ജെയിംസ് പി.പോള്‍, കെ.ജി.മോഹനന്‍, വി.കല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അന്തിക്കാട് പഴുവില്‍ കെ.എല്‍.ഡി.സി. കനാലില്‍ കക്കൂസ് മാലിന്യവും ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യവും വ്യാപകമായി തളളി.
രാത്രിയിലാണ് സമൂഹിക വിരുദ്ധര്‍ മാലിന്യം തള്ളുന്നത്. മാലിന്യം തള്ളിയ ഭാഗങ്ങളില്‍ അണുനശീകരണം നടത്തി. കെ.എല്‍.ഡി.സി. കനാലില്‍ ശേഷിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് സമീപപ്രദേശത്തെ ജനങ്ങള്‍ കഴിയുന്നത്. മലിനീകരണം തടയുന്നതിനാവശ്യമായ നടപടികള്‍ അധികാരികള്‍ കൈക്കൊള്ളണമെന്ന് കേരള മത്സ്യതൊഴിലാളി യൂണിയന്‍ ചാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു
ചേലക്കര പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 13-ാം പഞ്ചവത്സര പദ്ധതി പ്രകാരം ഈ വര്‍ഷത്തെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് വി. തങ്കമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. പത്മകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സത്യന്‍, ഖുര്‍ഷിദ്, നിര്‍മ്മല രവികുമാര്‍, തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പാവറട്ടി മുല്ലശേരി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ.രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. ബി.ആര്‍.സന്തോഷ്, മേരി പ്രിന്‍സ്, വാസന്തി മേലേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 13 ഗ്രൂപ്പുകളായി തിരിഞ്ഞ് വാര്‍ഷിക പദ്ധതിക്ക് കരട് രൂപം നല്‍കി.
ചേലക്കര തൃശൂര്‍ 23 കേരള ബറ്റാലിയന്‍ എന്‍. സി. സി. യുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷത്തെ ഡല്‍ഹി റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് എറണാകുളം എന്‍.സി.സി. ഗ്രൂപ്പില്‍ നിന്നുള്ള കേഡറ്റുകളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പ് തിരുവില്വാമല ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു.
കമാന്റന്റ് മേജര്‍ ടി.വി.ജനാര്‍ദ്ദനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നും മറ്റു വിദ്യാലയങ്ങളില്‍ നിന്നും 656 കേഡറ്റുകളും ഓഫീസര്‍മാരുമടക്കം 700 പേര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. കേണല്‍ എസ്. മാത്യു, ലെഫ്റ്റന്റ് കേണല്‍ ദീന്‍ ദയാല്‍, മേജര്‍ തോമസ്, റസില്‍ ദാര്‍, മേജര്‍ യാദവ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ 27ന് ക്യാമ്പ് സമാപിക്കും.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂരില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം നടന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ.വി.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍.വിനോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് വി.ഇ.ധര്‍മ്മപാലന്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂസഫ്, ടി.കെ.ഷാജി, കെ.ജെ.ശ്രീജിത്ത്, പി.കെ.സത്യശീലന്‍ എന്നിവര്‍ പങ്കെടുത്തു
ഇരിങ്ങാലക്കുട കാട്ടൂര്‍ മുനയത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണശ്രമം.
അമ്പലത്ത് വീട്ടില്‍ അഷറഫിന്റെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്താണ് മോഷണ ശ്രമം നടന്നത്. അഷറഫും കുടുംബവും വിദേശത്താണ്. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
എരുമപ്പെട്ടി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
എയ്യാല്‍ ചിറ്റിലംങ്ങാട് മൂരായില്‍ വീട്ടില്‍ പരേതനായ കേശവന്റെ മകന്‍ രാധാകൃഷ്ണനാണ് മരിച്ചത്. ഒമ്പത് മാസം മുമ്പ് പന്നിത്തടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ മേത്തലയില്‍ വീട് തകര്‍ന്ന് വീണു യുവാവിന് പരിക്കേറ്റു.
മേത്തല ഫിനിക്‌സ് സ്‌കൂള്‍ ജംഗ്ഷന് പടിഞ്ഞാറ് വശം കുരിശിങ്ങ പറമ്പില്‍ ജ്യോതി ലക്ഷ്മിയുടെ ഓട് മേഞ്ഞ വീടാണ് നിലംപതിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. വീടിന്റെ മേല്‍ക്കൂര താങ്ങി നിര്‍ത്തിയിരുന്ന കോണ്‍ക്രീറ്റ് തൂണ് ഒടിഞ്ഞതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ജ്യോതി ലക്ഷ്മിയും മകന്‍ മനോജും പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീടിന്റെ മേല്‍ക്കൂര ഇവരുടെ ദേഹത്തേക്ക് വീണു. അമ്മയെ രക്ഷിക്കാനായി ശ്രമിച്ച മനോജിന് പരിക്കേറ്റു. ജ്യോതി ലക്ഷ്മി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സര്‍ക്കാരിന്റെ ഭൂവില നിര്‍ണ്ണയത്തിലെ അപാകത മൂലം വിലയ്ക്കു വാങ്ങിയ ഭൂമി രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ഭൂമിക്ക് വന്‍ വില നിശ്ചയിച്ചിട്ടുള്ളത് കൊണ്ട് മുദ്രപത്രത്തിനും രജിസ്‌ട്രേഷന്‍ ഫീസിനുമായി ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരും. ഭര്‍ത്താവ് മരിച്ച ഹോട്ടല്‍ തൊഴിലാളിയായ ജ്യോതി ലക്ഷ്മിക്ക് ഈ തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. പണമില്ലാത്തതു മൂലം ഭൂമിയുടെ രജിസ്‌ട്രേഷന്‍ നീണ്ടുപോകുന്നതിനാല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വീടുപണിയാനും സാധിക്കാതെ വിഷമിക്കുകയാണ് ഈ കുടുംബം.
കൊടകര കൊടകര പഞ്ചായത്തിലെ പുത്തൂക്കാവിലുള്ള പുളിഞ്ചേരിക്കുളം വറ്റിവരണ്ടു.
നൂറുവര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന കുളം ജലസമൃദ്ധമാക്കി നിലനിര്‍ത്തുന്നതില്‍ അധികൃതര്‍ പുലര്‍ത്തിയ അനാസ്ഥയാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പുത്തൂക്കാവ് മേഖലയിലെ നിരവധി കിണറുകളില്‍ ജലവിതാനം നിലനില്‍ക്കുന്നത് പുളിേേഞ്ചരികുളത്തെ ആശ്രയിച്ചാണ്. കുളം വറ്റിയതോടെ പ്രദേശത്തെ കിണറുകളും വറ്റിവരണ്ടു. വേനല്‍ക്കാലത്ത് പുത്തൂക്കാവ് ഇറിഗേഷന്‍ കനാലിലെ വെള്ളം തോടുവഴി എത്തിച്ചാണ് കുളം നിറയ്ക്കാറുള്ളത്. എന്നാല്‍ പുല്ലും പാഴ്‌ച്ചെടികളും മലിനവസ്തുക്കളും നിറഞ്ഞ് കിടക്കുന്ന കനാല്‍ ഇത്തവണ വൃത്തിയാക്കാതിരുന്നതാണ് കുളത്തിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയാതെ പോയതിനു കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. കുളത്തിന്റേയും കനാലിന്റേയും നവീകരണത്തിന് ഗ്രാമസഭയില്‍ നിരന്തരം ആവശ്യമുയര്‍ന്നിട്ടും നടപടികള്‍ ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. അടുത്തവേനലിലെങ്കിലും കുളത്തില്‍ ജലസമൃദ്ധി ഉറപ്പുവരുത്തുന്നതിന് നടപടിയുണ്ടാകണമെന്ന് കൊടകര പഞ്ചായത്ത് 12-ാം വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ ബാബു ഐസക് ആവശ്യപ്പെട്ടു.
ചേലക്കര വിവിധ ആവശ്യങ്ങുളന്നയിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പഴയന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലക്കര എസ്.ബി.ടി. ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി.
യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.ജനാര്‍ദ്ദനന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി. ഗോവിന്ദന്‍കുട്ടി, വി.ചന്ദ്രന്‍, ആന്റണി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
കയ്പമംഗലം മഴുവഞ്ചേരി തുരുത്തിലേക്ക് പെരിഞ്ഞനം ചക്കരപ്പാടത്തു നിന്നുള്ള പാലം ശോച്യാവസ്ഥയില്‍.
കനോലി കനാലിനു കുറുകെയുള്ള പാലം ഏകദേശം നാല്‍പ്പതാണ്ട് പഴക്കമുള്ളതാണ്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നും തൂണുകള്‍ ദ്രവിച്ച് കമ്പി പുറത്തായ നിലയിലുമാണ്. കാല്‍നൂറ്റാണ്ട് കാലത്തെ ഉറപ്പ് മാത്രം രേഖപ്പെടുത്തിയ പാലം ഒന്നര പതിറ്റാണ്ടു കൂടി അധികം പിന്നിട്ടിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. തുരുത്തിലെ 140-ഓളം വരുന്ന കുടുംബങ്ങള്‍ക്ക് ആശ്രയമാണ് ഈ പാലം. പാലം തകരുന്ന പക്ഷം ആറു കിലോമീറ്ററിലധികം ചുറ്റിവളഞ്ഞേ തുരുത്തുകാര്‍ക്ക് വീടണയാന്‍ സാധിക്കൂ. പാലം ഭീഷണിയിലായത്തോടെ പെരിഞ്ഞനം പഞ്ചായത്തധികൃതര്‍ അപായ സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്
കൊടകര കൊടുംചൂടില്‍ വെയിലേറ്റു വാടുന്നവര്‍ക്ക് കോടാലിയിലെ ഡ്രൈവര്‍മാരുടെ കൂട്ടായ്മ ദാഹജലം നല്‍കുന്നു.
ഇതിനായി മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റ് ദാഹജലം നിറച്ച മണ്‍കൂജകള്‍ സ്ഥാപിച്ചു. വെള്ളിക്കുളങ്ങര, കിഴക്കേ കോടാലി, മുരിക്കുങ്ങല്‍, അന്നാംപാടം, അവിട്ടപ്പിള്ളി എന്നിവിടങ്ങളിലാണ് പൊതുജനങ്ങള്‍ക്കായി മണ്‍കൂജകളില്‍ ദാഹജലം ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനം വെള്ളിക്കുളങ്ങരയില്‍ നടന്ന ചടങ്ങില്‍ ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസറ്റ് രക്ഷാധികാരി ഒ.പി.ജോണി നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ടി.ആര്‍.ഔസേപ്പുകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ.കെ.പുഷ്പാകരന്‍, വി.കെ.കാസിം, റഷീദ് ഏറത്ത് എന്നിവര്‍ സംസാരിച്ചു.
അരിമ്പൂര്‍ അരിമ്പൂര്‍ കൈപ്പിള്ളിയില്‍ വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്തു.
ട്രസ്റ്റ് ചെയര്‍മാന്‍ വി.ടി.രാജ്‌മോഹന്‍ നായര്‍ കുടിവെള്ള വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടനാ പ്രവര്‍ത്തകരായ സത്യഭാമ, ദേവിപ്രസാദ്, ഐശ്വര്യ എന്നിവര്‍ നേതൃത്വം നല്‍കി.
പാവറട്ടി തൊഴിലുറപ്പ് തൊഴിലാളികള്‍ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.
തൊഴിലാളികള്‍ക്ക് ആറു മാസത്തെ കൂലി കുടിശിക വിതരണം ചെയ്യുക, 150 ദിവസം തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധര്‍ണ നടത്തിയത്. ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് സലാം വെന്മേനാട് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി മുല്ലശേരി മണ്ഡലം പ്രസിഡന്റ് പി.വി.സുബ്രഹ്മണ്യന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി സെക്രട്ടറി പി.കെ.രാജന്‍ കോണ്‍ഗ്രസ് നേതാക്കളായ വിമല സേതുമാധവന്‍, ഉമ്മര്‍ സലിം തുടങ്ങിയവര്‍ സംസാരിച്ചു.
മാള മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജിലെ ആരോപണ വിധേയനായ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. യുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കര്‍ഷക സംഘം മാര്‍ച്ച് സംഘടിപ്പിച്ചു.
മാര്‍ച്ചിന് ശേഷം നടന്ന പൊതുയോഗം കര്‍ഷക സംഘം മാള ഏരിയ കമ്മറ്റി പ്രസിഡന്റ് എം.എസ്.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എ.ബി.മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.അരവിന്ദന്‍, കെ.എ.അനീഫ, എ.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം കോളേജ് മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് സോനാ കെ.കരീം അറിയിച്ചു.
കയ്പമംഗലം ദേശീയപാത 17 ന്റെ സമാന്തര പാതയായ ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞു.
കാക്കാത്തിരുത്തി പള്ളിവളവ് മുതല്‍ മതിലകം പള്ളിവളവ് വരെയുള്ള അഞ്ചു കിലോമീറ്ററിലധികം ഭാഗത്താണ് ഗതാഗതം ദുഷ്‌കരമായത്. കുറ്റിലക്കടവ്, പൊന്മാനിക്കുടം, കോവിലകം, ചക്കരപ്പാടം ഭാഗങ്ങളിലൊക്കെയും വന്‍ഗര്‍ത്തങ്ങളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. നിരന്തരമുള്ള പൈപ്പ് പൊട്ടല്‍ മൂലം തകരുന്ന റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്. അവധിക്കാലം കഴിയുന്നതിനു മുമ്പായിട്ടെങ്കിലും റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഗുരുവായൂര്‍ തൃശൂര്‍ ജില്ല മാധ്വ ധര്‍മ്മ സംഘം കുടുംബസംഗമം ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ ഗുരുവായൂരില്‍ അറിയിച്ചു.
ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ രാവിലെ ആരംഭിക്കുന്ന സംഗമം രാധാകൃഷ്ണന്‍ കാക്കശേരി ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ഉപജില്ലയിലെ 80 കഴിഞ്ഞവരെയും 25 വര്‍ഷമായി പൂജാ പ്രവൃത്തി നടത്തിയവരെയും ചടങ്ങില്‍ ആദരിക്കും. ഡി.എസ്.ബാലചന്ദ്രന്‍ എമ്പ്രാന്തിരി, എന്‍.എസ്.പത്മനാഭന്‍ എമ്പ്രാന്ത്രിരി, നെന്മിനി എ.പത്മ്‌നാഭന്‍ എമ്പ്രാന്തിരി, പേരകം ഡി.എസ്. പത്മ്‌നാഭന്‍ എമ്പ്രാന്തിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കയ്പമംഗലം ചെന്ത്രാപ്പിന്നിയില്‍ വ്യാപാര സ്ഥാപനത്തില്‍ കയറി യുവാവ് ജീവനക്കാരനെ മര്‍ദ്ദിച്ചു.
ചെന്ത്രാപ്പിന്നി സെന്ററില്‍ ചുപ്പിമാളില്‍ പ്രവര്‍ത്തിക്കുന്ന ബിറ്റ്‌സ് ആന്റ് ബൈറ്റ്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് പരിക്കേറ്റത്. കടയുടമയെ അന്വേഷിച്ചെത്തിയ യുവാവ് ജീവനക്കാരുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. കടയിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അടിച്ചുതകര്‍്ക്കുകയും ചെയ്തു. പരിക്കേറ്റ പാലപ്പെട്ടി സ്വദേശി ചിഞ്ചുശങ്കറിനെ വലപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചളിങ്ങാട് സ്വദേശി ഷാനുവിനെതിരെ മതിലകം പോലീസ് കേസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ചെന്ത്രാപ്പിന്നി യൂണിറ്റ് പ്രതിഷേധിച്ചു.
ഗുരുവായൂര്‍ ബ്രഹ്മകുളം സെന്റ് തോമസ് ദേവലയത്തിലെ നാല് ദിവസം നീണ്ട് നില്‍ക്കുന്ന തിരുന്നാളാഘോഷത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ഗുരുവായൂരില്‍ അറിയിച്ചു.
തിരുന്നാളിന് മുന്നോടിയായി നിര്‍ദ്ധന കുടുംബത്തിന് ആറ് ലക്ഷം രൂപ ചിലവില്‍ ഭവനം നിര്‍മ്മിക്കുന്നതിന് ശിലാസ്ഥാപനം നടത്തി. ഈ വര്‍ഷത്തെ തിരുന്നാളിന്റെ ആകെ ചിലവിന്റെ ഇരട്ടി തുക കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്കായി നീക്കിവെയ്ക്കും. വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഇടവകാംഗമായ ഫാ. പോള്‍ പേരാമംഗലത്ത് ദിവ്യബലി അര്‍പ്പിക്കും. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ ഗുരുവായൂര്‍ എസ്.ഐ -ആര്‍.ബിജു നിര്‍വ്വഹിക്കും. ശനിയാഴ്ച വീടുകളിലേക്ക് അമ്പ്, വള എഴുന്നള്ളിപ്പ് ആരംഭിക്കും. ഞായറാഴ്ച ആഘോഷമായ പാട്ട്കുര്‍ബാന, തിരുന്നാള്‍ പ്രദക്ഷിണം, ഫാന്‍സി വെടികെട്ട്, കലാസന്ധ്യ എന്നിവയും ഉണ്ടാകും. വികാരി ഫാ. ഫ്രാന്‍സിസ് മുട്ടത്ത്, എ.ടി.സ്റ്റീഫന്‍, സിസ്റ്റര്‍ റോസ് തെരെസ്, അജു എം.ജോണി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തൃശൂര്‍ കേരളം ഉള്‍പ്പടെ ഏഴു സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകള്‍ തീരുമാനിച്ചു.
മെയ് 14 മുതല്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ അടച്ചിടും. ഇന്ധനം സൂക്ഷിച്ചുപയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് തങ്ങള്‍ തീരുമാനം എടുത്തതെന്ന് പമ്പുടമകള്‍ പറഞ്ഞു. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് ആണ് തീരുമാനം എടുത്തിരിക്കുന്നത്. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. ആകെ 20,000 - ഓളം ഔട്ട് ലെറ്റുകള്‍ എല്ലാ സ്ഥലത്തുമായി അടച്ചിടും. ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം നേരത്തേ ഉണ്ടായിരുന്നുവെങ്കിലും കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം ഇത് നടപ്പാക്കാതിരിക്കുകയായിരുന്നെന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്ധന ഉപഭോഗം കുറയ്ക്കുക എന്ന 'മന്‍ കീ ബാത്തിലെ' പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ തീരുമാനം നടപ്പാക്കാന്‍ പ്രേരണയായെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിയ്യൂര്‍ വിയ്യൂര്‍ ജയിലില്‍ തടവുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
മലപ്പുറം സ്‌ഫോടന കേസിലെ പ്രതി മധുര സ്വദേശി അബ്ബാസ് അലിയാണ് ജയിലിലെ കുളിമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടാട്ട് അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തതിനെതിരെ സമരം നടക്കുന്നതിനിടയില്‍ ഐ ഗ്രൂപ്പ് യോഗം.
മുതിര്‍ന്ന നേതാവ് സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അവിണിശേരിയിലാണ് യോഗം ചേര്‍ന്നത്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ ജോസഫ് ചാലിശേരി, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, ടി.യു.രാധാകൃഷ്ണന്‍, ജോസ് വള്ളൂര്‍ തുടങ്ങിയ നേതാക്കളായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് കൊണ്ടുപോയ തടവുകാരന്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.
ഗോവയില്‍ വെച്ചാണ് പ്രതി സുധീപ് സിംഗ് രക്ഷപ്പെട്ടത്. നിരവധി എ.ടി.എം. കേസുകളിലെ പ്രതിയാണ് ഇയാള്‍.
പൂങ്കുന്നം പൂങ്കുന്നം ജയകുമാര്‍ കൊലപാതക കേസിലെ പ്രതികളെ തൃശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടി.
പൂങ്കുന്നം സ്വദേശികളായ പ്ലാക്കാട്ട് പറമ്പില്‍ പ്രസാദ്, ഹരിനഗര്‍ കാട്ടൂക്കാരന്‍ ശുപ്പാണ്ടി എന്ന സജി, ഹരിനഗര്‍ കാച്ചപ്പിള്ളി വീട്ടില്‍ വാവ, കുറ്റൂര്‍ പുത്തന്‍വീട്ടില്‍ പിച്ചാമണി എന്ന ബിജോയ് എന്നിവരെയാണ് ഈസ്റ്റ് സി.ഐ. - കെ.സി. സേതുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ഈസ്റ്റര്‍ ദിനത്തില്‍ പൂങ്കുന്നം ഹരിനഗര്‍ സ്വദേശിയായ കൊളത്തുപറമ്പില്‍ മൂര്‍ത്തിയുടെ മകന്‍ മണിയന്‍ എന്ന ജയകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ജയകുമാറും പ്രതികളും ചേര്‍ന്ന് ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് ഇവര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ചാലക്കുടി ബിവറേജസ് ഔട്ട്‌ലറ്റിന്റെ പ്രവര്‍ത്തനത്തോടെ ചാലക്കുടി മാര്‍ക്കറ്റ് റോഡിലുണ്ടാകുന്ന ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭ നടപടികള്‍ തുടങ്ങി.
ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍ ചര്‍ച്ച നടത്തി. രണ്ടുദിവസത്തിനകം ട്രാഫിക്ക് കമ്മറ്റി ചേര്‍ന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതിനാണ് ഭരണസമിതി ആലോചിക്കുന്നത്. മാര്‍ക്കറ്റ് റോഡിലെ വണ്‍വെ ഗതാഗതം കാര്യക്ഷമമാക്കലായിരിക്കും മുഖ്യ നടപടി. ഇതോടൊപ്പം റോഡരികിലെ പാര്‍ക്കിങ്ങും ഒഴിവാക്കും. അനധികൃത വഴിയോര കച്ചവടങ്ങളും ഒഴിപ്പിക്കും. ഫിഷ് സ്റ്റാളിനടുത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിച്ചതോടെയാണ് മാര്‍ക്കറ്റ് റോഡിലെ ഗാതാഗത പ്രശ്‌നം രൂക്ഷമായത്. മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതാണ് ഇപ്പോഴത്തെ ഗതാഗത സ്തംഭനത്തിന് കാരണമായി പറയുന്നത്.
തൃപ്രയാര്‍ അധികാരത്തിന് വേണ്ടി കര്‍ഷകരെയും തൊഴിലാളികളെയും അവഗണിക്കുന്നവരായി ഭരണകൂടങ്ങള്‍ മാറിയെന്നു ഗാന്ധിതീരം ഫൗണ്ടേഷന്‍ തൃപ്രയാറില്‍ സംഘടിപ്പിച്ച സംവാദ സദസ് അഭിപ്രായപ്പെട്ടു.
ഗാന്ധിയുടെ പ്രഥമ സത്യഗ്രഹമായ ചമ്പാരന്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദ സദസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ ചിയ്യാരത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധിതീരം ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി.കെ.ബിജോഷ് അധ്യക്ഷനായിരുന്നു. കവയിത്രി ബള്‍ക്കീസ് ബാനു, എന്‍.ഡി. വേണു, കെ.ജി.സുരേന്ദ്രന്‍, ടി.കെ.നവീന ചന്ദ്രന്‍, ആന്റോ തൊറയന്‍ എന്നിവര്‍ സംസാരിച്ചു.
ഗുരുവായൂര്‍ നടിയും നര്‍ത്തകിയുമായ ഊര്‍മ്മിള ഉണ്ണിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ നൃത്തോത്സവം നടത്തി.
കശ്മീര ത്രിവേദിയുടെ ഭരതനാട്യത്തോടെയാണ് നൃത്തോത്സവം തുടങ്ങിയത്. ഊര്‍മ്മിള ഉണ്ണി, മകള്‍ ഉത്തര ഉണ്ണി, നടന്‍ ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുപ്പത്തഞ്ചോളം നര്‍ത്തകര്‍ നൃത്തോത്സവത്തില്‍ പങ്കെടുത്തു. ഭരതനാട്യം, കുച്ചിപ്പുടി, മോഹനിയാട്ടം, കഥക്, ഒഡീസി തുടങ്ങിയവയാണ് അവതരിപ്പിച്ചത്. ഓരോ ഇനത്തിനും 20 മിനിറ്റ് സമയം നല്‍കി. വര്‍ഷങ്ങളായി കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന നൃത്തോത്സവം ആദ്യമായാണ് തൃശൂര്‍ ജില്ലയില്‍ നടത്തുന്നതെന്ന് ഊര്‍മ്മിള ഉണ്ണി പറഞ്ഞു.
പുതുക്കാട് പാലപ്പിള്ളി മുപ്ലി ഹാരിസണ്‍ റബ്ബര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ഈസ്റ്റര്‍, വിഷു പ്രമാണിച്ച് നല്‍കേണ്ട അഡ്വാന്‍സ് വിതരണം ചെയ്യാതിരുന്ന മാനേജ്‌മെന്റിന്റെ നടപടിയില്‍ എ.ഐ.ടി.യു.സി പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് ഗഡുക്കളായി തിരിച്ചുപിടിക്കുന്ന 1,050 രൂപയാണ് മാനേജ്‌മെന്റ് നല്‍കാതിരുന്നത്. എന്നാല്‍ ഹാരിസണ്‍ കമ്പനിയുടെ സമീപ എസ്‌റ്റേറ്റുകളില്‍ അഡ്വാന്‍സ് നല്‍കിയിരുന്നതായും, തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതിനായി കമ്പനി ശ്രമിക്കുന്നതായും എ.ഐ.ടി.യു.സി. ആരോപിച്ചു. വി.എസ്. പ്രിന്‍സ്, അഡ്വ. എം.എ.ജോയ്, കെ.എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പാവറട്ടി നാഗാലാന്റ് സ്റ്റേറ്റ് സിവില്‍ സര്‍വീസിലെ 22 - അംഗ ഉദ്യോഗസ്ഥ സംഘം മുല്ലശേരി ബ്ലോക്ക് പഞ്ചായത്തില്‍ പഠനത്തിനായെത്തി.
ഡെപ്യൂട്ടി ഡയറക്ടര്‍ ഹൊവിറ്റാല്‍ സോഡുവിന്റെയും മുളങ്കുന്നത്തുകാവ് കില ഫാക്കല്‍റ്റി പി.വി. രാമകൃഷ്ണന്റെയും നേതൃത്വത്തില്‍ എത്തിയ സംഘത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ സ്വീകരിച്ചു. അധികാര വികേന്ദ്രീകരണം, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയെ കുറിച്ച് നേരിട്ട് മനസിലാക്കുന്നതിനും പഠിക്കുന്നതിനുമാണ് സംഘാംഗങ്ങള്‍ എത്തിയത്. ജനപ്രതിനിധികളായ ബി.ആര്‍.സന്തോഷ്, മേരി പ്രിന്‍സ്, ബിജു കുരിയക്കോട്ട് തുടങ്ങിയവര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സംഘം സന്ദര്‍ശിച്ചു.
ഗുരുവായൂര്‍ ഗുരുവായൂര്‍ നഗരസഭയില്‍ മഴക്കൊയ്ത്ത് ശില്‍പ്പശാല നടത്തി.
ഗാന്ധിസ്മൃതി മണ്ഡപത്തില്‍ നടന്ന ശില്‍പ്പശാല നഗരസഭാ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വാര്യര്‍, എം.രതി, നിര്‍മ്മല കേരളന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കറുകുറ്റി വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ.സണ്ണി ജോര്‍ജ് ജല സംരക്ഷണ മാര്‍ഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. വാട്ടര്‍ റീചാര്‍ജിനുള്ള സംവിധാനങ്ങളെ കുറിച്ച് പരിശീലനവും നല്‍കി.
അന്തിക്കാട് മണലൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പണിക്കശ്ശേരി സുരേഷ് മര്‍ദ്ദനമേറ്റ് മരിക്കാനിടയായ സംഭവുമായി ബന്ധപ്പെട്ട കേസിന് പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കണമെന്ന് കോണ്‍ഗ്രസ് മണലൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയതായും പ്രവര്‍ത്തകര്‍ അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് റോബിന്‍ വടക്കേത്തല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.ജി.അശോകന്‍, ഡി.സി.സി. സെക്രട്ടറിമാരായ കെ. കെ.ബാബു, കെ.ബി. ജയറാം എന്നിവര്‍ പങ്കെടുത്തു.
പുന്നയൂര്‍ക്കുളം ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് ഞമനേങ്ങാട് ഭഗവതി ക്ഷേത്രവാട്ട്‌സാപ്പ് കൂട്ടായ്മ നിര്‍മ്മിച്ചു നല്‍കുന്ന ചുറ്റുമതിലിന്റെ സമര്‍പ്പണം നടന്നു.
പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സദ്ഭവാനന്ദ സ്വാമിയും ക്ഷേത്രം തന്ത്രി അഴകത്ത് ശസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിയും ചേര്‍ന്ന് സമര്‍പ്പണം നിര്‍വഹിച്ചു. തുടര്‍ന്ന ഭക്തി പ്രഭാഷണവും ഉണ്ടായി.
പാവറട്ടി മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള എക്‌സലന്‍സ് അവാര്‍ഡ് നേടിയ ജോട്ടി കുര്യന് ചിറ്റാട്ടുകര സെബാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
എളവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.സി.മോഹനന്‍ ജോട്ടി കുര്യനെ പൊന്നാടയണിയിച്ച് ആദരിച്ചു. സെബാന്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് ജിന്റോ തേറാട്ടില്‍ അധ്യക്ഷത വഹിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രീമ, വര്‍ഗീസ്, ബിനോയ് വടക്കൂട്ട് എന്നിവര്‍ സംസാരിച്ചു.
പുന്നയൂര്‍ക്കുളം പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ മാഞ്ചിറയ്ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി.
ക്ഷേത്രം പ്രസിഡന്റ് പരത്തിവളപ്പില്‍ ശിവദാസന്‍, സെക്രട്ടറി പാലക്കല്‍ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഈമാസം 27,28, 29 ദിവസങ്ങളിലാണ് വേല മഹോത്സവം. വേല ദിവസമായ 28 ന് വിശേഷാല്‍ പൂജകള്‍, നടയ്ക്കല്‍ പറവെപ്പ്, കുതിര എഴുന്നെള്ളിപ്പ്, വിവിധകമ്മറ്റികളുട പൂരം എഴുന്നെള്ളത്ത് എന്നിവ ഉണ്ടായിരിക്കും.
ചേര്‍പ്പ് ചേര്‍പ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതിയിലുള്‍പ്പെട്ട ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിനോദ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, അംഗങ്ങളായ കെ.ആര്‍.സിദ്ധാര്‍ത്ഥന്‍ , പി.വി.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുന്നയൂര്‍ക്കുളം ക്രിമിറ്റോറിയത്തിന്റെ അപാകതകള്‍ പരിഹരിക്കാന്‍ വിദഗ്ധര്‍ എത്തിയിട്ടും ഫലമുണ്ടായില്ല.
വടക്കേകാട് പഞ്ചായത്തിലെ നവീകരിച്ച ക്രിമിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്തത് വിവാദമായതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പാമ്പാടി ഐവര്‍ മഠത്തിലെ വിദഗ്ധരെ കൊണ്ട് വരികയായിരുന്നു. താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയാലും മൃതദേഹം ഉള്ളില്‍ വെച്ച് ദഹിപ്പിക്കാന്‍ എളുപ്പമല്ലന്ന് ഇവര്‍ പറഞ്ഞു. കഴിഞ്ഞ ഭരണ സമിതിയുടെ പ്രവര്‍ത്തന കാലത്താണ് ക്രിമിറ്റോറിയം നവീകരിച്ചത്. തുടര്‍ന്ന് പോരായ്മകള്‍ കണ്ടത്തി വിണ്ടും മാറ്റങ്ങള്‍ വരുത്തിയാണ് ക്രിമിറ്റോറിയം ഉദ്ഘാടനം ചെയ്തത്. ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകാനാണ് ഇടുതുപക്ഷത്തിന്റെ തീരുമാനം.
ചെറുതുരുത്തി ദേശമംഗലം പള്ളത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു.
പള്ളം സ്വദേശി കടവത്തൊടി സെയ്തലവി, വട്ടപ്പറമ്പില്‍ അലിയാര്‍, പള്ളം സ്വദേശി സൈനബ എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. വീട്ടുജോലികള്‍ ചെയ്യുന്നതിനിടെ സൈനബയ്ക്കും പള്ളിയില്‍ പോകുന്നതിനിടെ അലിയാര്‍ക്കും പുഴയില്‍ നിന്നു കുളി കഴിഞ്ഞ് വരുന്നതിനിടെ സെയ്തലവിക്കും കടിയേല്‍ക്കുകയായിരുന്നു. മൂന്നു പേരും തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പള്ളം പ്രദേശത്ത് ഇതിനു മുമ്പും നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
തൃശൂര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൃശൂര്‍ പോക്‌സോ കോടതി റിമാന്റ് ചെയ്തു.
പീച്ചി ആല്‍പ്പാറ സ്വദേശി പീച്ചാണത്ത് ദീപുവിനെയാണ് തൃശൂര്‍ പോക്‌സോ സ്‌പെഷല്‍ ജഡ്ജി നിക്‌സണ്‍ എം.ജോസഫ് മെയ് 4 വരെ റിമാന്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഊട്ടിയിലും മറ്റും കൊണ്ടുപോയി ദീപു പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനത്തില്‍ നിന്ന് ഇയാള്‍ പിന്മാറിയെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി വിയ്യൂര്‍ സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കുകയും തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. ദീപു ജാമ്യാപേക്ഷ ഫയല്‍ ചെയ്‌തെങ്കിലും ജാമ്യം നല്‍കരുതെന്നും കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്നും പോക്‌സോ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പയസ് മാത്യുവിന്റെ വാദം കോടതി അംഗീകരിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് കോടതി മാറ്റിവെച്ചു.
തൃശൂര്‍ മാന്ദാംമംഗലം ഫോറസ്റ്റ് ഏരിയയില്‍ നിന്ന് അനധികൃതമായി മരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ അറസ്റ്റിലായ 3 പ്രതികളുടെ ജാമ്യം തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 3-ാം നമ്പര്‍ കോടതി റദ്ദാക്കി.
വലക്കാവ് സ്വദേശികളായ പൊട്ടകുളം അപ്പുണ്ണി എന്ന് വിളിക്കുന്ന തോമസ്, പാപ്പാടിയില്‍ സണ്ണി, പാപ്പാടിയില്‍ ഷിജോ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയതത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ വീണ്ടും കുറ്റകൃത്യത്തില്‍ ഉള്‍പെട്ടതിനെ തുടര്‍ന്നാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രഞ്ജിത്ത് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് മൂന്ന് പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയിംസ് കാരണത്ത് കോടതിയില്‍ ഹാജരായി.
ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയില്‍ റെക്കോഡ് കളക്ഷന്‍.
ഒരു ദിവസത്തെ കളക്ഷനായി 9 ലക്ഷത്തി 60,467 രൂപയാണ് ലഭിച്ചത്. തിങ്കളാഴ്ചത്തെ കളക്ഷനാണ് ഗുരുവായൂര്‍ ഡിപ്പോക്ക് അഭിമാനം നേടികൊടുത്തത്. ആറ് ലക്ഷം രൂപയില്‍ താഴെയായിരുന്നു പ്രതിദിനം ലഭിച്ചിരുന്നത്. ആറ് മാസം മുന്‍പ് വി.എം.താജുദ്ദീന്‍ എ.ടി.ഒ.യായി ചാര്‍ജെടുത്തതിന് ശേഷം ദിവസ കളക്ഷന്‍ ശരാശരി ഏഴ് ലക്ഷം രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ജനുവരിയില്‍ ശബരിമല സീസണില്‍ ഒരു ദിവസം ലഭിച്ച 8 ലക്ഷത്തി 60,000 രൂപയാണ് ഗുരുവായൂര്‍ ഡിപ്പോയിലെ റെക്കോര്‍ഡ്. ഗുരുവായൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ കുറവു മൂലം മുടങ്ങി കിടന്നിരുന്ന എറണാകുളം-വൈറ്റില റൂട്ടിലെ 6 സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. ആകെ 57 സര്‍വ്വീസുകളാണ് ഇപ്പോഴുള്ളത്. താജുദ്ദീന്റെ ചുമതലയിലുള്ള പൊന്നാനി ഡിപ്പോയിലും കളക്ഷന്‍ റെക്കോഡാണ്. 5 ലക്ഷത്തി 68,959 രൂപയാണ് ഇവിടെ ഒരു ദിവസത്തെ കളക്ഷന്‍.
തൃശൂര്‍ തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് പവലിയന്‍ തുറന്നു.
ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പവലിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളികുന്നത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിജോ മുള്ളക്കര, പൂരം ഏകോപന സമിതി പ്രസിഡന്റ് ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ണുത്തി മണ്ണുത്തി വെട്ടിക്കലില്‍ ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പെട്ട് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസിനെതിരെ നല്‍കിയ പരാതി വസ്തുതാ വിരുദ്ധമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
കമ്മീഷനില്‍ പരാതി നല്‍കിയ വ്യക്തിയെ കേട്ടശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദ്ദേശം നിയമാനുസൃതം തന്നെയാണെന്ന് കമ്മീഷന്‍ അറിയിച്ചു. അപകടത്തെകുറിച്ച് തൃശൂര്‍ സ്വദേശിയായ ഒരാളാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. മണ്ണുത്തിയില്‍ ഹൈവേ പോലീസിന്റെ വാഹനപരിശോധനക്കിടെ 2015 ഓഗസ്റ്റ് 7 ന് നിയന്ത്രണം വിട്ട ബൈക്ക് ബസിനിടയില്‍പെട്ട് സെഫിയയും മകള്‍ ഫാത്തിമയും മരിച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഹൈവേ പോലീസിനെതിരെ നടപടി വേണമെന്നുമായിരുന്നു കമ്മീഷന് ലഭിച്ച പരാതി.
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുടയിലെ ഠാണ- ചന്തക്കുന്ന് വികസനം വീണ്ടും സജീവമാകുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചന്തക്കുന്ന് വികസനം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്.
നാലുവര്‍ഷം മുമ്പ് ഠാണ - ചന്തക്കുന്ന് വികസനത്തിനായി പദ്ധതികള്‍ ആരംഭിച്ചെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നില്ല. ഠാണ മുതല്‍ ചന്തക്കുന്ന് വരെയുള്ള റോഡിന്റെ വീതി 17 മീറ്ററാക്കി ഉയര്‍ത്തി ഗതാഗതം സുഗമമാക്കാനായിരുന്നു പദ്ധതി. സ്ഥലം വിട്ടുകൊടുക്കേണ്ട കടക്കാരുടേയും മറ്റും എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമായി അന്നത്തെ സര്‍ക്കാര്‍ എട്ടു കോടിയോളം രൂപ അനുവദിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. പിന്നീട് അന്നത്തെ എം.എല്‍.എ ആയിരുന്ന തോമസ് ഉണ്ണിയാടന്‍, റോഡിന്റെ വീതി 14 മീറ്ററായി ചുരുക്കിയാല്‍ മതിയെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചതിനെ തുടര്‍ന്ന് വികസനം താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയായിരുന്നു. ഠാണ - ചന്തക്കുന്ന് വികസനത്തിന് നടപടികള്‍ ആരംഭിക്കാന്‍ ഇപ്പോഴത്തെ എം.എല്‍.എയായ പ്രൊഫ.കെ.യു.അരുണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ കണക്കനുസരിച്ച് പി.ഡബ്ല്യൂ.ഡി 14 കോടിയോളം രൂപ ചെലവഴിച്ച് വികസനം യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനം. ഠാണാ - ചന്തക്കുന്ന് വികസനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പി.ഡബ്ല്യൂ.ഡി അധികൃതര്‍ നടപടിയെടുക്കണമെന്നും ഇത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണെന്നു മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു.ആറു മാസത്തിനുള്ളില്‍ ഠാണ- ചന്തക്കുന്ന് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി.ശിവകുമാര്‍ പറഞ്ഞു. 14 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മാണം നടത്താനാണ് പദ്ധതിയെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഠാണ-ചന്തക്കുന്ന് വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരിങ്ങാലക്കുട നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
പുതുക്കാട് വരന്തരപ്പിള്ളി പഞ്ചായത്തിലെ അനധികൃത മാംസ വില്പന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കും എസ്.ഐ.ക്കുമെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തു.
പഞ്ചായത്ത് സെക്രട്ടറി ലില്ലി, വരന്തരപ്പിള്ളി എസ്.ഐ.- എം.ഡി.അന്ന, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ പി.കെ.ബാബുരാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വരന്തരപ്പിള്ളി, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മാംസ വില്പന സ്ഥാപനങ്ങള്‍ക്കെതിരെ പരിസരവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. നാട്ടുകാരുടെ പരാതിയില്‍ പഞ്ചായത്തും, പോലീസും, മലിനീകരണ നിയന്ത്രണ ബോര്‍ഡും നടപടിയെടുക്കാതായതിനെ തുടര്‍ന്നാണ് പരിസരവാസികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അനധികൃത മാംസ വില്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കി. എന്നാല്‍ ഉത്തരവ് നടപ്പിലാക്കാതെ പഞ്ചായത്തും, പോലീസും, മലിനീകരണ നിയന്ത്രണ ബോര്‍ഡും, സ്ഥാപന ഉടമകളും വ്യാപാരം തുടര്‍ന്നതിനാല്‍ നാട്ടുകാര്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് അധികൃതര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
തൃശൂര്‍ തിയ്യേറ്ററുകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കിയതിന് പിറകെ വിദ്യാലയങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കണം എന്ന ആവശ്യവും.
ഈ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. നാലാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. തിയ്യേറ്ററുകളിലെ ദേശീയഗാനാലാപനം സംബന്ധിച്ച വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലീം സൊസൈറ്റിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച ഹാജരായി
തൃശൂര്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി എഫ്.എം. റേഡിയോ 'ഹലോ റേഡിയോ എന്ന പേരില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അവയവദാനം, രക്തദാനം എന്നിവ പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിത ശൈലിക്കു വേണ്ടി ബോധവല്‍ക്കരണം നടത്തുക എന്നിവയെല്ലാമാണ് റേഡിയോയുടെ പ്രധാനലക്ഷ്യം. ഇതോടൊപ്പം വിനോദ- വിജ്ഞാന, വിദ്യാഭ്യാസ പരിപാടികളും പ്രക്ഷേപണം ചെയ്യും. ഇന്റര്‍നെറ്റ് വഴിയും ആന്‍ഡ്രോയ്ഡ് ആപ്പിലൂടേയും ഹലോ റേഡിയോ നെയന്റി പോയിന്റ് എയ്റ്റ് ആസ്വദിക്കാനാകും. ഈ മാസം 20ന് തൃശൂര്‍ റീജണല്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പത്തു വിശിഷ്ട വ്യക്തികള്‍ തിരികൊളുത്തിയാണ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുക. വാര്‍ത്താസമ്മേളനത്തില്‍ കിഡ്‌നി ഫെഡറേഷന്‍ ഭാരവാഹികളായ വര്‍ഗീസ് തരകന്‍, ഡോ.സി.കെ.തോമസ്, അഡ്വ.എ.ഡി.ബെന്നി, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.
കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന സ്ത്രീ സംരക്ഷണ കൂട്ടായ്മ കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജില്ലാ സെക്രട്ടറി എം.സ്വര്‍ണലത, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, എ.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊയ്യ കൃഷി ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ സമരം ആരംഭിച്ചു.
പൊയ്യ തറയില്‍ ടി.എ.വറീതാണ് കുത്തിയിരിപ്പു സമരം തുടങ്ങിയത്. ജീവനക്കാര്‍ കൃത്യമായി ഓഫീസില്‍ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആനുകൂല്യങ്ങള്‍ വിതരണം ചെയ്തത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വറീത് ആവശ്യപ്പെട്ടു. എല്ലാ ദിവസവും ഓഫീസ് സമയം മുഴുവന്‍ കുത്തിയിരിപ്പ് നടത്താനാണ് തീരുമാനം.
കൊടകര കൊടകര ഗ്രാമപഞ്ചായത്തിലെ പദ്ധതി രൂപീകരണത്തിനായി വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വിലാസിനി ശശി, ജോയ് നെല്ലിശേരി, ഇ.എല്‍.പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.
തൃപ്രയാര്‍ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയന്‍-സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ നാട്ടികയില്‍ ശില്‍പശാല സംഘടിപ്പിച്ചു.
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എഫ്.ഡേവിസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഐ.കെ.വിഷ്ണുദാസ്, എം.എ.വിജയന്‍, പി.ആര്‍.കറപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ.രാമദാസ്, കൂട്ടായി ബഷീര്‍ എന്നിവര്‍ ക്ലാസെടുത്തു.
തൃശൂര്‍ ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളടക്കമുള്ള പൊതു ശൗചാലയങ്ങള്‍ ശുദ്ധീകരിക്കുന്നതിന് ധനശേഖരണത്തിനായി ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.
ഈ മാസം 22 മുതല്‍ 30 വരെയാണ് തൃശൂര്‍ ടൗണ്‍ഹാളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തൃശൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ കലാവതരണങ്ങളും മത്സരങ്ങളും സൗജന്യ ടാക്‌സി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫുഡ് ഫെസ്റ്റിവലില്‍ നിന്നു സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് മൊബൈല്‍ ക്ലീനിംഗ് യൂണിറ്റുകള്‍ സജ്ജമാക്കി പൊതു ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് കളക്ടര്‍ ഡോ.എ.കൗശികന്‍, ലയണ്‍സ് ക്ലബ് ഭാരവാഹി പി.എസ്.ഉണ്ണികൃഷ്ണന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി, ഡെല്‍റ്റോ മാറോക്കി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ കാര്‍ഷികോപകരണങ്ങളുടേയും മറ്റ് കാര്‍ഷിക വസ്തുക്കളുടേയും പ്രദര്‍ശനവും വിപണനവുമൊരുക്കി കാവുങ്ങല്‍ അഗ്രോ ഏജന്‍സീസിന്റെ പവലിയന്‍ തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
വിവിധ കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, ചെടികളും അവയുടെ പരിപാലനവും തുടങ്ങി വിവിധ പ്രദര്‍ശനങ്ങള്‍ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. പൂരം ഏകോപന സമിതി പ്രസിഡന്റ് ബാലഗോപാല്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു. കാവുങ്ങല്‍ അഗ്രോ ഏജന്‍സി പ്രൊപ്രൈറ്റര്‍ ശ്രീജിത്ത് കുമാര്‍ സന്നിഹിതനായിരുന്നു.
കൊടകര നെല്ലായി സെന്റ് മേരീസ് ദേവാലയത്തിലെ വിശുദ്ധ യൂദാതദേവൂസിന്റെ ഊട്ടുതിരുനാള്‍ ഈ മാസം 26ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ അറിയിച്ചു.
പറപ്പൂക്കര ഫൊറോന വികാരി ഫാ. ജോണ്‍ കവലക്കാട്ട് തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു. 26ന് രാവിലെ 9.30ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് വെണ്ടോര്‍ പള്ളി വികാരി ഫാ.ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ഊട്ട് നേര്‍ച്ച എന്നിവയുണ്ടാകും. പതിനായിരത്തോളം പേര്‍ക്കാണ് ഊട്ടുനേര്‍ച്ച ഒരുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റിമാരായ പോളി ചിറയത്ത്, ഡേവിസ് പൊഴോലിപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ കെ.കെ.ജേക്കബ്ബ്, ജോയിന്റ കണ്‍വീനര്‍ വര്‍ഗീസ് എല്‍.കാളത്ത്, ഷാജു ആഴ്ചങ്ങാടന്‍, പൗലോസ് പുതുശേരി എന്നിവര്‍ പങ്കെടുത്തു.
തൃപ്രയാര്‍ എടമുട്ടം ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പരിചരണം തേടുന്ന മൂന്ന് പെണ്‍കുട്ടികള്‍ കൂടി മംഗല്യവതികളായി.
65 പെണ്‍കുട്ടികളാണ് ഇതോടെ ആല്‍ഫയുടെ തണലില്‍ വിവാഹിതരായത്. ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂര്‍ സ്വദേശി പരേതനായ കോറോട്ട് സത്യന്‍ മകള്‍ സനജ, ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശി പടത്തുപറമ്പില്‍ പരേതനായ ബാലന്റെ മകള്‍ സജിത, പുല്ലൂര്‍ സ്വദേശി വെളിയത്ത് വീട്ടില്‍ പരേതനായ മാണിയുടെ മകള്‍ ഹേമലത എന്നിവരാണ് മംഗല്യവതികളായത്. ആല്‍ഫ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഇന്നസെന്റ് എം.പി, ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂറുദ്ദീന്‍, ഭാര്യ താഹിറ നൂര്‍ദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മൂന്ന് പെണ്‍കുട്ടികള്‍ക്കും വിവാഹസമ്മാനമായി 5 പവന്‍ സ്വര്‍ണാഭരണങ്ങളും അമ്പതിനായിരം രൂപയുമാണ് ആല്‍ഫ നല്‍കിയത്. വിവിധ സ്ഥാപനങ്ങള്‍ക്കൊപ്പം സുമനസുള്ള വ്യക്തികളുമാണ് സമ്മാനങ്ങളൊരുക്കിയത്.
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുടയില്‍ ഇന്നലെ രാത്രി മൂന്ന് വാഹനാപകടങ്ങള്‍ ഉണ്ടായി.
നടവരമ്പ് ചിറവളവില്‍ ശ്രീ തൃപ്പയ്യ ക്ഷേത്രത്തിന് മുന്‍വശത്തായി കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ സലാം തൃശൂരിലേയ്ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. വളവില്‍ പെട്ടെന്ന് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപെട്ട് സമീപത്തേ ഇലട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് വീണു. പ്രദേശത്തെ വൈദ്യൂതിബന്ധം തകരാറിലായി. കാറോടിച്ചിരുന്ന അബ്ദുള്‍ സലാം നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. കാട്ടുങ്ങച്ചിറ എസ്.എന്‍ സ്‌കൂളിന് സമീപമായിരുന്നു മറ്റൊരപകടം. മാരുതി ഓമിനി വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാനയിലേയ്ക്ക് മറിയുകയായിരുന്നു. നെടുമ്പാള്‍ സെന്ററില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാറിടിച്ച് വീടിന്റെ മതില്‍ തകര്‍ന്നു. െ്രെഡവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് പറയുന്നു. പരിക്കേറ്റ മൂന്ന് നെടുമ്പാള്‍ സ്വദേശികളെ ത്യശൂര്‍ ജൂബലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറുതുരുത്തി ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1998 - 2000 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടന്നു.
പൂമരത്തണലില്‍ എന്ന പേരില്‍ നടത്തിയ ഈ സംഗമം സ്‌കൂളിലെ സീനിയര്‍ അധ്യാപിക സോണി ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥി സംഘം ചെയര്‍മാന്‍ രൂപേഷ് ചെറുതുരുത്തി അധ്യക്ഷത വഹിച്ചു. പി.ഐ.ഷാനവാസ്, സജി, പ്രധാനാധ്യാപകന്‍ എ.ബാബു എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിതക്ഷേത്രം പദ്ധതിയുടെ ഭാഗമായുള്ള ജന്‍മനക്ഷത്ര തൈ നടല്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടന്നു.
അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍.ഉണ്ണികൃഷ്ണന്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ജി.ശശിധരന്‍, സെക്രട്ടറി ഇറ്റിത്തറ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രത്തിലേക്കാവശ്യമായ പുഷ്പങ്ങളും അന്നദാന പുരയിലേക്കുള്ള പച്ചക്കറികളും കൃഷി ചെയ്യുകയാണ് ഹരിത ക്ഷേത്രം പദ്ധതിയുടെ ലക്ഷ്യം.
തൃശൂര്‍ പ്രമുഖ ആയൂര്‍വേദ പണ്ഡിതനായിരുന്ന പ്രൊഫ. ടി.എന്‍.കൃഷ്ണന്‍ മൂസതിന്റെ 26-ാം ചരമവാര്‍ഷികവും അനുസ്മരണവും സെമിനാറും ഈ മാസം 20ന് നടത്തുമെന്ന് സംഘാടകര്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ ഹോട്ടല്‍ എലൈറ്റില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി 'ഘൃത സമീക്ഷ' എന്ന പേരില്‍ സെമിനാറും സംഘടിപ്പിക്കും. ആയൂര്‍വേദ രംഗത്തെ പ്രമുഖര്‍ വിഷയാവതരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഡി.രാമനാഥന്‍, ഡോ.കെ.വി.രാമന്‍കുട്ടി വാര്യര്‍, ഡോ.കെ.ആര്‍.ജയപ്രകാശ്, ഡോ.പി.എല്‍.ജോസ്, ശശിധരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
എരുമപ്പെട്ടി എരുമപ്പെട്ടി പാഴിയോട്ടുമുറിയില്‍ കാറും മോപ്പഡും കൂട്ടയിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു.
മരത്തംകോട് മണ്ടുംപാല്‍ വീട്ടില്‍ അല്‍ഫോണ്‍സ, മകള്‍ ആന്‍മി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരേയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എരുമപ്പെട്ടി എരുമപ്പെട്ടി നെല്ലുവായിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.
കാറില്‍ യാത്ര ചെയ്തിരുന്നു തൃത്താല മലമക്കാവ് മുണ്ടന്‍വളപ്പില്‍ ഷെമീറ, ഷെഫീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷാപ്പ് ഉടമകളും ജീവനക്കാരും തൃശൂര്‍ ഇന്‍കംടാക്‌സ് ഓഫീസ് ഉപരോധിച്ചു.
കേരള ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപരോധ സമരത്തിന് അസോസിയേഷന്‍ ഭാരവാഹികളായ സി.കെ.രാജന്‍, വി.കെ.സുനില്‍കുമാര്‍, ഒ.എസ്.മണിരഥന്‍, പി.വി.വിനോദ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍ തയ്യല്‍ തൊഴിലാളി യൂണിയന്‍- സി.ഐ.ടി.യു ജില്ലാ കണ്‍വെന്‍ഷന്‍ തൃശൂരില്‍ നടന്നു.
കെ.എ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നടുവത്തൂര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി.രാജമ്മ, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി യു.പി.ജോസഫ്, കെ.എ.യു സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍ എന്നിവര്‍ പങ്കെടുത്തു. തയ്യല്‍ തൊഴിലാളി മേഖലയെ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.
തൃശൂര്‍ കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച്.അന്‍വറിന്റെ സ്മരണാര്‍ത്ഥം എന്‍.എച്ച്.അന്‍വര്‍ ട്രസ്റ്റ് മലയാളം സാറ്റലൈറ്റ് ചാനലുകളിലേയും കേബിള്‍ ചാനലുകളിലേയും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്ക് അവാര്‍ഡ് നല്‍കും.
2017 ജനുവരി മുതല്‍ ഏപ്രില്‍ 15 വരെ സംപ്രേഷണം ചെയ്ത എപ്പിസോഡുകളില്‍ നിന്നുള്ള മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കുക. മൂന്ന് എപ്പിസോഡുകളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ അയക്കേണ്ടത്. ആക്ഷേപ ഹാസ്യ പരിപാടികള്‍ അവാര്‍ഡിന് പരിഗണിക്കുന്നതല്ല. എന്‍ട്രികള്‍ ഈ മാസം 29 നകം എന്‍.എച്ച്. അന്‍വര്‍ അവാര്‍ഡ്, എന്‍.എച്ച്. അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, സി.ഒ.എ.ഭവന്‍, ജി.21, പനമ്പിള്ളി നഗര്‍, കൊച്ചി - 35 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. മെയ് 8ന് എറണാകുളത്ത് നടക്കുന്ന എന്‍.എച്ച്.അന്‍വര്‍ അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുന്നതാണെന്ന് സി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന്‍ അറിയിച്ചു.
എരുമപ്പെട്ടി കടബാധ്യത മൂലം കടങ്ങോട് ജീവനൊടുക്കിയ സുരേഷ്‌കുമാറിന് പണം നല്‍കുവാനുള്ളവരെ കുറിച്ചുള്ള രേഖകള്‍ പോലീസിന് ലഭിച്ചു.
സുരേഷ്‌കുമാറില്‍ നിന്ന് പണം വാങ്ങിയവര്‍ നല്‍കിയിരുന്ന ചെക്കുകളും മറ്റ് രേഖകളുമാണ് പോലീസ്, വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സുരേഷ്‌കുമാര്‍ നടത്തിയിരുന്ന സ്വകാര്യ കുറി പൊളിഞ്ഞത് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സുരേഷ്‌കുമാറും കുടുംബവും ജീവനൊടുക്കിയത്. ഓപ്പറേഷന്‍ കുബേര നിയമം വന്നപ്പോള്‍ കുറി വിളിച്ചവരും പണം വായ്പയായി വാങ്ങിയിരുന്നവരും തിരിച്ചടയ്ക്കാതിരുന്നത് സുരേഷ്‌കുമാറിനെ പ്രതിസന്ധിയിലാക്കി. ഇടപാടുകാര്‍ക്ക് പണം നല്‍കുന്നതിനായി സുരേഷ്‌കുമാര്‍ വട്ടിപ്പലിശ സംഘങ്ങളില്‍ നിന്നു പണം വാങ്ങിയിരുന്നു. വീടും സ്ഥലവും വില്‍പ്പന നടത്തി കടങ്ങള്‍ വീട്ടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ബ്ലേഡ് -ഭൂമാഫിയ സംഘത്തിന്റെ ഇടപെടല്‍ ഇതിന് തടസമാവുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വൈദ്യുതി നിരക്കു വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തൃശൂര്‍ കോട്ടപ്പുറം വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി.
യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നു പ്രകടനമായെത്തിയ പ്രവര്‍ത്തകരെ വൈദ്യുതി ഭവനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഉദയകുമാര്‍ കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ അനൂപ് വേണാട്, രതീഷ് ചീരാത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി അജീഷ്, രഘു സി.മേനോന്‍, സജിത്ത് നായര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
മാള മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജിലെ ആരോപണ വിധേയനായ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.
മാള ഐ.ടി.ഐ. പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കോളേജിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ജെ.ഷൈമോന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍.രതീഷ്, പ്രവീണ്‍ ചന്ദ്രന്‍, സ്മിജേഷ് തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളടക്കമുള്ള പൊതു ശൗചാലയങ്ങള്‍ ശുദ്ധീകരിക്കുന്നതിന് ധനശേഖരണത്തിനായി ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.
ഈ മാസം 22 മുതല്‍ 30 വരെയാണ് തൃശൂര്‍ ടൗണ്‍ഹാളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തൃശൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ കലാവതരണങ്ങളും മത്സരങ്ങളും സൗജന്യ ടാക്‌സി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫുഡ് ഫെസ്റ്റിവലില്‍ നിന്നു സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് മൊബൈല്‍ ക്ലീനിംഗ് യൂണിറ്റുകള്‍ സജ്ജമാക്കി പൊതു ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് കളക്ടര്‍ ഡോ.എ.കൗശികന്‍, ലയണ്‍സ് ക്ലബ് ഭാരവാഹി പി.എസ്.ഉണ്ണികൃഷ്ണന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി, ഡെല്‍റ്റോ മാറോക്കി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊടുങ്ങല്ലൂര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിതക്ഷേത്രം പദ്ധതിയുടെ ഭാഗമായുള്ള ജന്‍മനക്ഷത്ര തൈ നടല്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടന്നു.
അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍.ഉണ്ണികൃഷ്ണന്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ജി.ശശിധരന്‍, സെക്രട്ടറി ഇറ്റിത്തറ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രത്തിലേക്കാവശ്യമായ പുഷ്പങ്ങളും അന്നദാന പുരയിലേക്കുള്ള പച്ചക്കറികളും കൃഷി ചെയ്യുകയാണ് ഹരിത ക്ഷേത്രം പദ്ധതിയുടെ ലക്ഷ്യം.
കൊടകര നെല്ലായി സെന്റ് മേരീസ് ദേവാലയത്തിലെ വിശുദ്ധ യൂദാതദേവൂസിന്റെ ഊട്ടുതിരുനാള്‍ ഈ മാസം 26ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ അറിയിച്ചു.
പറപ്പൂക്കര ഫൊറോന വികാരി ഫാ. ജോണ്‍ കവലക്കാട്ട് തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു. 26ന് രാവിലെ 9.30ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് വെണ്ടോര്‍ പള്ളി വികാരി ഫാ.ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ഊട്ട് നേര്‍ച്ച എന്നിവയുണ്ടാകും. പതിനായിരത്തോളം പേര്‍ക്കാണ് ഊട്ടുനേര്‍ച്ച ഒരുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റിമാരായ പോളി ചിറയത്ത്, ഡേവിസ് പൊഴോലിപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ കെ.കെ.ജേക്കബ്ബ്, ജോയിന്റ കണ്‍വീനര്‍ വര്‍ഗീസ് എല്‍.കാളത്ത്, ഷാജു ആഴ്ചങ്ങാടന്‍, പൗലോസ് പുതുശേരി എന്നിവര്‍ പങ്കെടുത്തു.
അന്തിക്കാട് കോള്‍പാടങ്ങളില്‍ പ്രകൃതി വാതക പൈപ്പുകള്‍ സ്ഥാപിക്കുന്നത് സജീവമാണെങ്കിലും കര്‍ഷകരുടെ ആശങ്കകള്‍ക്ക് പരിഹാരമായില്ല.
അരിമ്പൂര്‍ പഞ്ചായത്തിലെ എറവ്, പെരുമ്പുഴ വടക്കന്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ ഗെയില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. രജമുട്ട്, ആറുമുറി കോള്‍ പാടങ്ങള്‍ വരെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ത്തിയായി. തൃശൂര്‍-കാഞ്ഞാണി പ്രധാന റോഡിന്റെ അടിവശം തുരന്നു കൊണ്ടാണ് പൈപ്പുകള്‍ മറുഭാഗത്തേക്ക് സ്ഥാപിക്കുക. അതിനാല്‍ തന്നെ ഗതാഗത തടസ്സം ഉണ്ടാകില്ല. പൈപ്പുകള്‍ സ്ഥാപിക്കുമ്പോള്‍ കോള്‍പാടങ്ങളുടെ അതിര്‍ത്തി വരമ്പുകള്‍ പാടെ നശിക്കും. ഉടമസ്ഥര്‍ക്ക് സ്വന്തം കൃഷിയിടം ഏതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും. ഒപ്പം ബാക്കി വരുന്ന കൃഷിയിടം പുന:സ്ഥാപിക്കാന്‍ വേണ്ട നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
തൃപ്രയാര്‍ എടമുട്ടം ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പരിചരണം തേടുന്ന മൂന്ന് പെണ്‍കുട്ടികള്‍ കൂടി മംഗല്യവതികളായി.
65 പെണ്‍കുട്ടികളാണ് ഇതോടെ ആല്‍ഫയുടെ തണലില്‍ വിവാഹിതരായത്. ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂര്‍ സ്വദേശി പരേതനായ കോറോട്ട് സത്യന്‍ മകള്‍ സനജ, ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശി പടത്തുപറമ്പില്‍ പരേതനായ ബാലന്റെ മകള്‍ സജിത, പുല്ലൂര്‍ സ്വദേശി വെളിയത്ത് വീട്ടില്‍ പരേതനായ മാണിയുടെ മകള്‍ ഹേമലത എന്നിവരാണ് മംഗല്യവതികളായത്. ആല്‍ഫ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഇന്നസെന്റ് എം.പി, ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂറുദ്ദീന്‍, ഭാര്യ താഹിറ നൂര്‍ദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മൂന്ന് പെണ്‍കുട്ടികള്‍ക്കും വിവാഹസമ്മാനമായി 5 പവന്‍ സ്വര്‍ണാഭരണങ്ങളും അമ്പതിനായിരം രൂപയുമാണ് ആല്‍ഫ നല്‍കിയത്. വിവിധ സ്ഥാപനങ്ങള്‍ക്കൊപ്പം സുമനസുള്ള വ്യക്തികളുമാണ് സമ്മാനങ്ങളൊരുക്കിയത്.
തൃശൂര്‍ ഈ മാസം 29, 30, മെയ് 1 തിയതികളിലായി ആറാട്ടുപുഴയില്‍ ഹിന്ദു മഹാ സമ്മേളനം നടത്തുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാമി മൃഢാനന്ദ ജന്മശതാബ്ദി സ്മാരകമായി നടത്തുന്ന രണ്ടാമത് ഹിന്ദു മഹാസമ്മേളനം 29ന് സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. മെയ് 1ന് വൈകീട്ട് നടക്കുന്ന സമാപന യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും. മൂന്നു ദിവസമായി വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ചയിലും പ്രഭാഷണത്തിലും പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാമി തേജ സ്വരൂപാനന്ദ സരസ്വതി, അഡ്വ.രവികുമാര്‍ ഉപ്പത്ത് എന്നിവര്‍ പങ്കെടുത്തു.
അന്തിക്കാട് പെരിങ്ങോട്ടുകര മലയാളം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹവാസ ക്യാമ്പ് -' വേനല്‍ക്കൂടാരം' ആരംഭിച്ചു.
8 മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്തംഗം ബാബു വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരി വേദി രക്ഷാധികാരി സലില്‍ കൊട്ടേക്കാട്ട് അധ്യക്ഷ വഹിച്ചു. കില പ്രോഗ്രാം കോഡിനേറ്റര്‍ രോഹിണി മുത്തൂര്‍, ആന്റോ തൊറയന്‍, ലിന്റ വിനോദ് എന്നിവര്‍ സംസാരിച്ചു. നടന്‍ ഷോബിന്‍ മഴവീടന്‍ ആദ്യ ക്ലാസ് നയിച്ചു. ദിവസവും രാവിലെ പത്തുമുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന ക്യാമ്പ് ഈ മാസം 28ന് സമാപിക്കും.
തൃശൂര്‍ പ്രമുഖ ആയൂര്‍വേദ പണ്ഡിതനായിരുന്ന പ്രൊഫ. ടി.എന്‍.കൃഷ്ണന്‍ മൂസതിന്റെ 26-ാം ചരമവാര്‍ഷികവും അനുസ്മരണവും സെമിനാറും ഈ മാസം 20ന് നടത്തുമെന്ന് സംഘാടകര്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ ഹോട്ടല്‍ എലൈറ്റില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി 'ഘൃത സമീക്ഷ' എന്ന പേരില്‍ സെമിനാറും സംഘടിപ്പിക്കും. ആയൂര്‍വേദ രംഗത്തെ പ്രമുഖര്‍ വിഷയാവതരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഡി.രാമനാഥന്‍, ഡോ.കെ.വി.രാമന്‍കുട്ടി വാര്യര്‍, ഡോ.കെ.ആര്‍.ജയപ്രകാശ്, ഡോ.പി.എല്‍.ജോസ്, ശശിധരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
തൃപ്രയാര്‍ വാടാനപ്പള്ളി ഗണേശമംഗലത്ത് ചരക്ക് ലോറിയും കന്യാസ്ത്രീകള്‍ സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് 9 കന്യാസ്ത്രീകള്‍ക്കും ബൈക്ക് യാത്രികനും ഉള്‍പ്പടെ 22 പേര്‍ക്ക് പരിക്കേറ്റു.
ചൂണ്ടല്‍ സി.എം.സി. മഠത്തിലെ കന്യാസ്ത്രീകളായ ലില്ലി തെരേസ, സൗമ്യ, ടെസ്സി, ജോളി മരിയ, ലിറ്റി മരിയ, ലിസ, അല്‍ഫോണ്‍സ, ഡോ. ബീന, മഠത്തിലെ ജീവനക്കാരികളായ സിനി, സുനിത, വാന്‍ ഡ്രൈവര്‍ ചിറ്റിലപ്പിള്ളി സ്വദേശി നിമിഷ്, ബൈക്ക് യാത്രികന്‍ തളിക്കുളം പുത്തന്‍ തോട് സ്വദേശി വൈശാഖ്, ഡോ. ഫ്രാന്‍സീസ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഈസ്റ്ററിനോടനുബന്ധിച്ച് മഠത്തില്‍ നിന്ന് ജീവനക്കാരികള്‍ക്കൊപ്പം സ്‌നേഹതീരത്തേക്ക് പോവുകയായിരുന്നു കന്യാസ്ത്രീകള്‍. ഗണേശമംഗലത്ത് വെച്ച് നിര്‍ത്തിയിട്ട സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറി ഇടിച്ചാണ് അപകടം. എറണാകുളത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേയ്ക്ക് പോയിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് വാനില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിയെത്തിയ നാട്ടുകാരും, ഗുരുവായൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാതില്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആക്ട്‌സ് ഉള്‍പ്പടെയുള്ള അഞ്ച് ആംബുലന്‍സുകളിലായി തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട്, ജൂബിലി മിഷന്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ വാനിന്റെ പുറകിലിടിച്ചാണ് ബൈക്ക് യാത്രികന്‍ വൈശാഖിന് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ടവരില്‍ 3 കന്യാസ്ത്രീകളുടെ പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ വാനിലെ സീറ്റുകള്‍ മുഴുവന്‍ തകര്‍ന്നതാണ് പരിക്കിന് കാരണമാക്കിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കാനുള്ള തീരുമാനം ആരോഗ്യമേഖലയിലെ നല്ല തുടക്കമാണെന്ന് കേന്ദ്ര-ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദ പറഞ്ഞു.
ജൂബിലി മിഷന്‍ ആരോഗ്യ ഗവേഷണ കേന്ദ്രത്തിന്റേയും തൃശൂര്‍ അതിരൂപത സാന്ത്വനം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടേയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാരും സ്വകാര്യ പങ്കാളിത്തത്തോടെ നിരവധി ആരോഗ്യ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും നദ്ദ പറഞ്ഞു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍, റിച്ചാര്‍ഡ് ഹേ എം.പി., ആശുപത്രി ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് പള്ളിക്കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
അടാട്ട് അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതി നോട്ടീസ് കൊടുക്കാതെ പിരിച്ചു വിട്ടത് ന്യായീകരിക്കാന്‍ സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനും കഴിയുമോയെന്നും ഈ വിഷയത്തില്‍ മറുപടി പറയാന്‍ ഇവര്‍ തയ്യാറകണമെന്നും ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ പറഞ്ഞു.
അനില്‍ അക്കര എം.എല്‍.എയുടെ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു ജില്ലയിലെ സഹകരണ സംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രകടനത്തിന്റെ സമാപനം മുതുവറയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങളെ പിരിച്ചു വിട്ട സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. നാലായിരം കോടി ആസ്തിയുള്ള ബാങ്ക് പിരിച്ചു വിടുമ്പോള്‍ ഇതിന്റെ ഉത്തരവ് നല്‍കാത്തത് അങ്ങേയറ്റം ക്രൂരമാണ്. മികച്ച സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനും പിരിച്ചു വിടാനുമുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അതിന്റെ ആദ്യപടിയായാണ് അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക് പിരിച്ചു വിട്ടതെന്നും ടി.എന്‍.പ്രതാപന്‍ ആരോപിച്ചു. അടാട്ട് ബാങ്ക് പിരിച്ചു വിട്ടതിനെതിരെ അടുത്ത ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. അനില്‍ അക്കരയുടെ ജീവന്‍ കൊടുത്തും ബാങ്ക് പിരിച്ചു വിട്ട നടപടിക്കെതിരെ പോരാടുമെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. സമരസമിതി ചെയര്‍മാന്‍ രാജേന്ദ്രന്‍ അരങ്ങത്ത് അധ്യക്ഷനായിരുന്നു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി നേതാക്കളായ ജോസ് വള്ളൂര്‍, ടി.യു. ഉദയന്‍ തുടങ്ങി ഡി.സി.സി ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു. നേതാക്കളും സഹകരണ സംഘം നേതാക്കളും സമരത്തില്‍ പങ്കെടുത്തു.
അടാട്ട് അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതി പിരിച്ചു വിട്ടിട്ടില്ലെന്നും മറിച്ച് വന്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനായി 6 മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുകയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.
അടാട്ട ഫാര്‍മേഴ്‌സ് ബാങ്കിനെ കൊള്ളയടിച്ച യു.ഡി.എഫ് ഭരണസമിതിയില്‍ നിന്നു പണം തിരിച്ചു പിടിക്കുക, കൊള്ളക്കാരെ തുറങ്കിലടയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മുതുവറയില്‍ സംഘടിപ്പിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടാട്ട് ബാങ്കില്‍ 46 കോടിയിലേറെ തട്ടിപ്പും പുത്തൂര്‍ ബാങ്കില്‍ 36 കോടിയുടെ അഴിമതിയുമാണ് കോണ്‍ഗ്രസ് ഭരണസമിതികള്‍ നടത്തിയത്. കോണ്‍ഗ്രസ് സംഘങ്ങള്‍ നടത്തുന്ന അഴിമതി മൂടിവെയ്ക്കാന്‍ ഇടതുപക്ഷം തയ്യാറല്ല. അനില്‍ അക്കര എം.എല്‍.എയുടെ അച്ഛന്‍ വരുത്തിയ 24 ലക്ഷം രൂപയുടെ കട ബാധ്യത കോടതി വിധി പോലും ലംഘിച്ച് അപേക്ഷ നല്‍കിയ അന്നു തന്നെ ഭരണസമിതി തള്ളിക്കളഞ്ഞുവെന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു. കൂടാതെ പാഡി പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപീകരിച്ച് ഈടില്ലാതെ അനധികൃതമായി 15 കോടി രൂപ ബാങ്ക് നല്‍കി. സഹകരണ സംഘങ്ങളോടൊ സഹകാരികളോടൊ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ വന്‍ അഴിമതി നടത്തിയ പുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് മുമ്പില്‍ ആദ്യം സമരം നടത്തണമെന്നും കെ.രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം പുഴയ്ക്കല്‍ ഏരിയാ സെക്രട്ടറി എ.എസ്.കുട്ടി അധ്യക്ഷനായിരുന്നു. എല്‍.ഡി.എഫ് നേതാക്കളായ യു.പി.ജോസഫ്, സി.ആര്‍.വത്സന്‍, പോള്‍ എം.ചാക്കോ, സി.കെ.പോള്‍സന്‍, കെ.കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എരുമപ്പെട്ടി എരുമപ്പെട്ടി മങ്ങാട് ഗൃഹനാഥന്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു.
കടങ്ങോട് സാമിപ്പടി ഗോപി വിലാസില്‍ 56 വയസുള്ള രവീന്ദ്രനാണ് മരിച്ചത്. ഹൃദ്‌രോഗിയായ രവീന്ദ്രന്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ബസില്‍ കുഴഞ്ഞ് വീണത്.
കൊടകര കാറോടിക്കുന്നതിനിടെ 61 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു.
ആമ്പല്ലൂര്‍ പുലക്കാട്ടുകര സ്വദേശി ദാസനാണ് കൊടകര ദേശീയപാതയില്‍ ശാന്തി ജംഗ്ഷനു സമീപത്ത് വെച്ച് കാറോടിക്കുമ്പോള്‍ മരിച്ചത്. ആമ്പല്ലൂര്‍ ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത് കണ്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴാണ് കാറിനുള്ളില്‍ ദാസനെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂരില്‍ ആദിവാസി യുവതിയെ മര്‍ദ്ദിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍.
വയനാട് പനമരം കോമന്റെ മകള്‍ സുമിത്രയുടെ പരാതിയിന്‍മേല്‍ ഭര്‍ത്താവ് എടവിലങ്ങ് നിലങ്കാവില്‍ സെബാസ്റ്റ്യനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭര്‍ത്തൃഗൃഹത്തില്‍ താമസിക്കുന്ന തന്നെ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.
തൃശൂര്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.
യാതൊരു മാനദണ്ഡവുമില്ലാതെ ഡീസലിന്റെ വില ലിറ്ററിന് ഒരു രൂപ 30 പൈസ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരത്തിന് ബസുടമകള്‍ നിര്‍ബന്ധിതരാകുന്നതെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
തൃശൂര്‍ തൃശൂര്‍ പെട്രോള്‍ പമ്പില്‍ വാഹനങ്ങള്‍ കയറ്റിടുന്നതിനെ ചൊല്ലി തര്‍ക്കം.
കാര്‍ യാത്രക്കാരും ബൈക്ക് യാത്രക്കാരും തമ്മിലാണ് തര്‍ക്കം നടന്നത്. ഇരുവാഹനത്തിലെ യാത്രക്കാര്‍ക്കെതിരെയും ഈസ്റ്റ് പോലീസ് കേസെടുത്തു.
കൊടുങ്ങല്ലൂര്‍ ആനവണ്ടിക്ക് കൂച്ചുവിലങ്ങിട്ട് സ്വകാര്യ ബസ് ലോബി. കൊടുങ്ങല്ലൂര്‍-തൃശൂര്‍ റൂട്ടില്‍ വെട്ടിക്കുറച്ചത് പകുതിയിലധികം കെ.എസ്.ആര്‍.ടി.സി ബസുകള്‍.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃശൂര്‍ ഡിപ്പോകളില്‍ നിന്നായി പന്ത്രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാലത് ഇപ്പോള്‍ ആറെണ്ണമായി ചുരുങ്ങി. ജീവനക്കാരുടെ കുറവാണ് സര്‍വ്വീസിനെ ബാധിച്ചതെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ അനൗദ്യോഗികമായ വിശദീകരണം. വണ്ടികളുടെ കുറവും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കളക്ഷന്‍ കുറഞ്ഞതിനാല്‍ സര്‍വ്വീസ് വെട്ടിച്ചുരുക്കി എന്നാണ് വാദം. എന്നാല്‍, കാരണം ഇതൊന്നുമല്ലെന്നാണ് ജീവനക്കാരും നാട്ടുകാരും പറയുന്നത്. സ്വകാര്യ ബസുടമകള്‍ക്ക് വേണ്ടി പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യെ കുരുതി കൊടുക്കുകയാണെന്നാണ് പരക്കേയുള്ള ആരോപണം. പതിനഞ്ച് മിനുറ്റിന്റെ ഇടവേളയില്‍ നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാലും കാണാനാകാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കൊടുങ്ങല്ലൂരിലും ,കെ.എസ്.ആര്‍.ടിസി ബസ് കാത്തുനിന്ന് മടുത്ത് ഒടുവില്‍ മനസ്സില്ലാ മനസ്സോടെ സ്വകാര്യ ബസുകളില്‍ കയറുന്ന യാത്രക്കാര്‍ ഏറെയാണ്. കൊടുങ്ങല്ലൂര്‍-തൃശൂര്‍ റൂട്ടില്‍ ചില സ്വകാര്യ ബസുകളുടെ മേധാവിത്വത്തിനു മൂക്കുകയറിട്ടത് കെ.എസ്.ആര്‍.ടി.സിയുടെ വരവോടെയാണ്. എന്നാല്‍, പടിപടിയായി ആനവണ്ടിയെ തളയ്ക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ചിലരിപ്പോള്‍. കൊടുങ്ങല്ലൂര്‍ നഗരസഭാ ബസ് സ്റ്റാന്റിലും തൃശൂര്‍ ശക്തന്‍ സ്റ്റാന്റിലും കെ.എസ്.ആര്‍.ടി .സിക്ക് ആദ്യം മുതല്‍ക്കേ അയിത്തമാണ്. കൊടുങ്ങല്ലൂരില്‍ പഴയ ലോറി സ്റ്റാന്റിലാണ് സര്‍ക്കാര്‍ ബസിന് സ്ഥാനം. തൃശൂരിലാകട്ടെ ദൂരെ മൂത്രപ്പുരയ്ക്കരികിലും, എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ തേടിച്ചെല്ലുക പതിവാണ്. അപ്പോഴാണ് ബസുകളുടെ എണ്ണം കുറച്ചും പുതിയ പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയുമുള്ള നിയന്ത്രണങ്ങള്‍ വന്നത്. തൃശൂര്‍ കെ.എസ്.ആര്‍ .ടി.സി സ്റ്റാന്റില്‍ നിന്നു നേരിട്ട് ശക്തന്‍ സ്റ്റാന്റിലേക്ക് പോയിരുന്ന ബസുകള്‍ സ്വരാജ് റൗണ്ട് ചുറ്റണമെന്ന ഉത്തരവ് വന്നതോടെ സ്വകാര്യ ബസുകളോട് മത്സരിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സമയം കിട്ടാതായി. സ്വകാര്യ ബസുകളെ പിറകിലാക്കി യാത്രക്കാരെ കയറ്റുന്ന ചില കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുകളില്‍ നിന്ന് ശാസന കിട്ടിയ സംഭവമുണ്ടായിട്ടുണ്ട്.
പാവറട്ടി പാവറട്ടി കണ്ണോത്ത് കുടിവെള്ള പദ്ധതിക്കായി എ.ഐ.വൈ.എഫ്. നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു.
പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ രണ്ട് ദിവസത്തിനകം ആരംഭിക്കാമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഈ മാസം ഒമ്പതിന് ആരംഭിച്ച സമരം പിന്‍വലിച്ചത്. 15 വര്‍ഷമായിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത കണ്ണോത്ത് ടെക്‌നോളജി മിഷന്‍ ശുദ്ധജലപദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുക, പൈപ്പ് സ്ഥാപിച്ചതിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുക, വെങ്കിടങ്ങിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. എ.ഐ.വൈ.എഫ്. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി. സന്തോഷ്, സെക്രട്ടറി എം.എ.അജ്മല്‍, കെ.എച്ച്. നജീബ്, ഒ.ആര്‍. രാജേഷ്, പി.കെ. യദുകൃഷ്ണന്‍, എം.എച്ച്. ഇന്‍സാം എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്. തിങ്കളാഴ്ച വൈകീട്ട് സമര പന്തലിലെത്തിയ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മനു ഡേവീഡിന്റെ നേതൃത്വത്തിലുള്ള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ രണ്ട് ദിവസത്തിനകം പണികള്‍ ആരംഭിക്കാമെന്ന് ഉറപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം വാസന്തി മേലേടത്ത്, നേതാക്കളായ ഷാജി കാക്കശേരി, ഇ.വി. മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വെങ്കിടങ്ങ് സെന്ററില്‍ ആഹ്ലാദപ്രകടനം നടത്തി.
കൊടകര വെള്ളിക്കുളങ്ങര മാവിന്‍ചുവട്ടില്‍ പോലിസ് ഉദ്യോഗസ്ഥന്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റു ചെയ്തു.
മാവിന്‍ചുവട് സ്വദേശികളായ കള്ളിയത്തുപറമ്പില്‍ ബിജു, വടക്കുംതല ജെയ്‌സന്‍, പുത്തന്‍തറ ജോബി എന്നിവരെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിക്കുളങ്ങര സ്‌റ്റേഷനിലെ സി.പി.ഒ. ബിനു പൗലോസിന്റെ കാറും ബൈക്കുമാണ് കഴിഞ്ഞ ദിവസം രാത്രി പെട്രോളൊഴിച്ച് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി പന്ത്രണ്ടരയോടെ തീയാളുന്നതു കണ്ട് വീട്ടിലുള്ളവര്‍ പുറത്തു വന്നപ്പോഴാണ് ബൈക്കും കാറും കത്തിയതായി കണ്ടത്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ പെട്രോള്‍ കൊണ്ടുവന്നതെന്നു കരുതുന്ന കുപ്പി വീടിനു പുറകില്‍ നിന്ന് കണ്ടെടുത്തു. ഇതിന്റെ മണം പിടിച്ച് ഓടിയ പോലിസ് നായ, ബിജു എന്നയാളുടെ വീട്ടുമുറ്റത്തെത്തി നിന്നതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ക്ക് പെട്രോള്‍ നല്‍കിയ കുറ്റത്തിന് കൂട്ടുനിന്നതിനാണ് മറ്റു രണ്ടുപേരെ അറസ്റ്റു ചെയ്തത്. പൊതുനിരത്തിലിരുന്നു മദ്യപിച്ചു ബഹളം വെച്ചതിന് ബിജുവിനെ നേരത്തെ ബിനു പൗലോസ് താക്കീത് ചെയ്തതിലുള്ള വൈരാഗ്യമാണ് വാഹനങ്ങള്‍ കത്തിച്ചതിനു പിന്നിലെന്നും പോലിസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
അന്തിക്കാട് തെരുവു നായയുടെ ആക്രമണത്തില്‍ മദ്ധ്യവയസ്‌കന് പരിക്കേറ്റു.
അരിമ്പൂര്‍ തച്ചംപിളളി കടുത്തുരുത്തി വിന്‍സെന്റിനാണ് കാലില്‍ കടിയേറ്റത്. വീട്ടുമുറ്റത്ത് കിടന്നിരുന്ന തെരുവുനായയെ ഓടിക്കുന്നതിനിടെയാണ് സംഭവം. പേയുണ്ടെന്ന സംശയത്താല്‍ നാട്ടുകാര്‍ നായയെ പിന്നീട് തല്ലിക്കൊന്നു. നേരത്തേ ഈ പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. മേഖലയില്‍ നായ ശല്യം രൂക്ഷമാണെന്നും അരിമ്പൂര്‍ പഞ്ചായത്ത് ഇതിനെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
എരുമപ്പെട്ടി കടബാധ്യത മൂലം ഒരു കുടുംബത്തിലെ നാല് പേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബ്ലേഡ് - ഭൂമാഫിയ സംഘത്തിന്റെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കടങ്ങോട് കൊട്ടിലിപറമ്പില്‍ സുരേഷ്‌കുമാര്‍, ഭാര്യ ധന്യ ,മക്കളായ വൈഗ, വൈശാഖി എന്നിവരാണ് മരിച്ചത്. വൈഗയുടെ ഇരട്ട സഹോദരി വൈഷണവിയെ നാട്ടുകാര്‍ കൂട്ടമരണത്തില്‍ നിന്നു രക്ഷപ്പെടുത്തിയിരുന്നു. കടബാധത്യ വീട്ടാന്‍ വീടും സ്ഥലങ്ങളും വില്‍പ്പന നടത്താന്‍ കഴിയാത്തതിനാലാണ് തങ്ങള്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് സുരേഷ്‌കുമാര്‍ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് മരണത്തില്‍ ബ്ലേഡ് -ഭൂമാഫിയ സംഘത്തിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ്‌കുമാറിന്റെ സഹോദരന്‍ മണികണ്ഠന്‍ തൃശൂര്‍ റൂറല്‍ എസ്.പി.-വിജയകുമാറിന് പരാതി നല്‍കിയിരുന്നു. എസ്.പി.യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കുന്നംകുളം സി.ഐ.-രാജേഷ്.കെ മേനോന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതിനിടയില്‍ പോലീസ് അന്വേഷണം പ്രഹസനമാണെന്നും അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പരാതിയെ കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ എസ്.പി. നിര്‍ദ്ദേശം നല്‍കിയത്. സാക്ഷികളില്‍ നിന്നു പോലീസ് മൊഴിയെടുത്തു. പരാതിയില്‍ എതിര്‍ കക്ഷികളായി പേര് നല്‍കിയിട്ടുള്ള വ്യക്തികളെ പോലീസ് ചോദ്യം ചെയ്യും.
അന്തിക്കാട് 2 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചക്കംകണ്ടം - കരുവന്തല റോഡ് നിര്‍മാണത്തില്‍ അപാകതയെന്ന് ആരോപണം.
റോഡിന്റെ നിര്‍മാണ അപാകത മൂലം മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. റോഡ് നിര്‍മാണത്തിന് ആവശ്യത്തിന് ടാറും മറ്റ് അസംസ്‌കൃത വസ്തുക്കളൊന്നും വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമുണ്ട്. പലയിടങ്ങളിലും പല കനത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും ഇക്കാരണം കൊണ്ടാണ് റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
കുന്നംകുളം കുന്നംകുളം നഗരത്തിന് സമീപം പിഞ്ചുബാലികമാരെ പതിനാറുകാരന്‍ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി.
അയല്‍വാസിയായ പതിനാറുകാരനാണ് പ്രദേശത്തുള്ള പിഞ്ചുബാലികമാരെ പീഡിപ്പിച്ചത്. അടുത്തിടെയായി കുട്ടികളുടെ പെരുമാറ്റത്തില്‍ വന്ന വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ കുട്ടികളോട് കാര്യം തിരക്കുകയായിരുന്നു. കുട്ടികളില്‍ നിന്ന് പീഡനവിവരം തിരിച്ചറിഞ്ഞ വീട്ടുകാര്‍ ഉടനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങും നടത്തി. ഇതോടെയാണ് പീഡനത്തെസംബന്ധിച്ച വിവരങ്ങളും പ്രതിയായ പതിനാറുകാരനെയും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.
കുന്നംകുളം കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
ഗുരുവായൂര്‍ റോഡില്‍ മാര്‍ ഗ്രിഗോറിയോസ് പള്ളിക്ക് സമീപമുള്ള പൈപ്പ് പൊട്ടിയാണ് ഒരാഴ്ചയായി വെള്ളം പാഴാകുന്നത്. കുടിവെള്ളം പാഴായിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പലതവണ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും പൈപ്പ് വീണ്ടും പൊട്ടുകയായിരുന്നു. നഗരത്തിലെ പലയിടങ്ങളിലും ഇത്തരത്തില്‍ വെള്ളം പാഴായിപോകുന്നുണ്ട്. കുന്നംകുളം നഗരസഭ സെക്രട്ടറിയുടെ വസതിക്കു മുന്നിലും ഗുരുവായൂര്‍ റോഡിലുള്ള പോസ്റ്റ് ഓഫീസ് പരിസരത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുവരെ പൈപ്പ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല.
പുതുക്കാട് പാലിയേക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ബീവറേജ്‌സ് ഔട്ട്‌ലെറ്റ് തലോരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു.
ഇതിന്റെ ഭാഗമായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പ്രതിഷേധ സമരം സംഘടിപ്പിക്കും. ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് തലോരിലുള്ള ഓട്ടുകമ്പനിയിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് മുമ്പ് ചിറ്റിശ്ശേരിയിലെ ജനവാസമേഖലയിലേക്ക് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ഇടപെട്ടാണ് ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. പിന്നീടാണ് തലോര്‍ ശ്രീനാരായണ ബസ് സറ്റോപ്പിന് സമീപമുള്ള ഓട്ടുകമ്പനിയിലേക്ക് രഹസ്യമായി ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചത്. നെന്മണിക്കര പഞ്ചായത്തിന്റെ ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ പോലും നല്‍കാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ആരോപണമുണ്ട്.
അരിമ്പൂര്‍ അരിമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി അരിയും വിഷുകൈനീട്ടവും നല്‍കി.
ട്രസ്റ്റ് ചെയര്‍മാന്‍ വി.ടി.രാജ്‌മോഹന്‍ നായനാര്‍ ഉദ്ഘാടനം ചെയ്തു. സത്യഭാമ അധ്യക്ഷത വഹിച്ചു
ഇരിങ്ങാലക്കുട മതിലകം പോലിസ് സ്‌റ്റേഷന് സമീപത്തെ വീട്ടില്‍ നിന്നു കാട്ടുപൂച്ചയെ പിടികൂടി.
മാപ്രാണം സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഷബിറാണ് വംശനാശ ഭീഷണി നേരിടുന്ന കാട്ടുപൂച്ചയെ പിടികൂടിയത്. കാട്ടുപൂച്ചയ്ക്ക് 10 കിലോയോളം തൂക്കവും ഏകദേശം 7 വയസ് പ്രായവും ഉണ്ട്. കാട്ടുപൂച്ചയേ പിന്നീട് വനംവകുപ്പിന് കൈമാറി.
കൊടകര പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ മൂന്നേക്കര്‍ തരിശുനിലത്തിലെ നെല്‍കൃഷി വിളവെടുത്തു.
സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉള്‍പ്പെടെ തരിശിട്ട സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് റിട്ടയേര്‍ഡ് എസ്.ഐ. കൂടിയായ കാരണത്ത് മോഹനനാണ് ജൈവ നെല്‍കൃഷി നടത്തിയത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷൈല ദാസന്‍ അധ്യക്ഷനായിരുന്നു.
കയ്പമംഗലം കയര്‍ ഭൂവസ്ത്രമാക്കി തോടുകളുടെ സംരക്ഷണ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ വരള്‍ച്ചയെ പ്രതിരോധിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിലൂടെ മതിലകം പഞ്ചായത്തില്‍ കളരിപ്പറമ്പിലെ പെരുംതോട് കയര്‍ ഭൂവസ്ത്രം ധരിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ടി. ടൈസന്‍ എം.എല്‍.എ. അധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ആബിദലി പദ്ധതി വിശദീകരണം നടത്തി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.ജി.സുരേന്ദ്രന്‍, ഇ.കെ.മല്ലിക, കെ.കെ.സച്ചിത്ത്, ജില്ലാപഞ്ചായത്തംഗം ബി.ജി.വിഷ്ണു എന്നിവര്‍ സംസാരിച്ചു.
മാള പ്രാചീനവും ആധുനികവുമായ നാടക സങ്കേതങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി കുഴിക്കാട്ടുശേരി ഗ്രാമികയില്‍ പരിശീലന ക്യാമ്പ് തുടങ്ങി.
'വേനല്‍ മഴ' എന്ന പേരില്‍ കുഴിക്കാട്ടുശേരി ഗ്രാമിക കലാവേദിയും സംഗീത നാടക അക്കാദമിയും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ നാടക പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുക്കും. സൗജന്യമായി നടത്തുന്ന നാടക ക്യാമ്പില്‍ മാള വിദ്യാഭ്യാസ ഉപജില്ലയിലെ അന്‍പത് വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ക്യാമ്പില്‍ രൂപപ്പെടുത്തുന്ന നാടകം സമാപന ദിവസം രംഗസജ്ജീകരണങ്ങളോടെ അവതരിപ്പിക്കും. സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡന്റ് ഡോ.വടക്കേടത്ത് പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി.ഡി. പ്രേംപ്രസാദ്, പി.കെ.കിട്ടന്‍, എന്‍.മധു, ക്യാമ്പ് ഡയറക്ടര്‍ ജിനേഷ് ആമ്പല്ലൂര്‍ എന്നിവര്‍ സംസാരിച്ചു
കയ്പമംഗലം ബി.ജെ.പി. എസ്.എന്‍.പുരം കിഴക്കന്‍ മേഖലാ പ്രസിഡന്റ് രമേഷിനെ മര്‍ദ്ദിച്ച കേസില്‍ 3 ബി.ജെ.പി. പ്രവര്‍ത്തകരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.
ആല കോതപറമ്പ് സ്വദേശികളായ വെങ്കിടങ്ങില്‍ വീട്ടില്‍ മിഥുന്‍, തൃപ്രയാറ്റ് വീട്ടില്‍ സാനില്‍, സഹോദരന്‍ സജീഷ് എന്നിവരെയാണ് മതിലകം എസ്.ഐ.-കെ.എസ്.സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനാണ് രമേഷിനെ ബി.ജെ.പി. ഓഫീസിനുള്ളില്‍ വെച്ച് മൂവരും ചേര്‍ന്ന് ആക്രമിച്ചത്. പാര്‍ട്ടി ക്കിടയിലുള്ള വിഭാഗീയതയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി.
ചേര്‍പ്പ് ചേര്‍പ്പ് ചെറുവത്തേരി നരസിംഹമൂര്‍ത്തി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഭാഗവത യജ്ഞം ആരംഭിച്ചു.
ഞായറാഴ്ച യജ്ഞം സമാപിക്കും. ചെറുവാറ്റ ഇല്ലത്ത് ശ്രീരാജ് നമ്പൂതിരി ആണ് യജ്ഞാചാര്യന്‍. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.കെ നന്ദകുമാര്‍, സെക്രട്ടറി കെ.ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
പുതുക്കാട് പുതുതായി സര്‍വ്വീസ് ആരംഭിക്കുന്ന പുനലൂര്‍ - പാലക്കാട് പാലരുവി എക്‌സ്പ്രസിന് പുതുക്കാട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
രാവിലെ 10.30ന് പാലക്കാട്ടേക്കും വൈകീട്ട് 5.40ന് എറണാകുളം ഭാഗത്തേക്കും പോകുന്ന ട്രെയിനില്‍ കൂടുതല്‍ യാത്രക്കാര്‍ പുതുക്കാട് നിന്ന് ഉണ്ടാകുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഈ ആവശ്യം ഉന്നയിച്ച് സി.എന്‍.ജയദേവന്‍ എം.പി, മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവര്ക്ക് നിവേദനം നല്‍കി. ഈ മാസം 19 നാണ് ട്രെയിന്‍ ഓടിത്തുടങ്ങുന്നത്.
ഇരിങ്ങാലക്കുട കരൂപ്പടന്ന മുസാഫരിക്കുന്നില്‍ അയല്‍വാസിയായ സ്ത്രീയേയും അവരുടെ മകളേയും ഭര്‍ത്താവിനേയും ആക്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍.
കരൂപ്പടന്ന അറയ്ക്കപറമ്പില്‍ മുഹമ്മദ് റാഫി, സഹോദരന്‍ മുഹമ്മദ് റാഹിം എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്.ഐ - വി.പി സിബിഷും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിനായിരുന്നു സംഭവം. തുടര്‍ന്ന് കേരളം വിട്ട ഇരുവരും പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. സിനിയര്‍ സി.പി.ഒ- അനീഷ്‌കുമാര്‍, മുരുകേഷ് കടവത്ത്, നിധിന്‍ കൃഷ്ണ, രാകേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അന്തിക്കാട് സംഘട്ടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാഞ്ഞാണി പണിക്കശേരി സുരേഷിന്റെ കുടുംബാംഗങ്ങളെ മന്ത്രി എ.സി. മൊയ്തീന്‍ സന്ദര്‍ശിച്ചു.
സുരേഷ് മരിക്കാനിടയായ സംഭവത്തില്‍ രണ്ട് യുവാക്കളെ അന്തിക്കാട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ ഉയര്‍ന്ന പോലീസ് ഉദ്യേഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ സുരേഷിന്റെ അമ്മ സൗഭാഗ്യവതിയോട് മന്ത്രി നിര്‍ദ്ദേശിച്ചു. എ.സി. മൊയ്തീനോടൊപ്പം മുരളി പെരുനെല്ലി എം.എല്‍.എ, സി.പി.എം. ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, ഏരിയാ സെക്രട്ടറി ടി.വി.ഹരിദാസ്. തുടങ്ങിയവരും ഉണ്ടായിരുന്നു. കാരമുക്ക് സ്വദേശികളായ കാരേപറമ്പില്‍ വീട്ടില്‍ ബിതേഷ് ബാബു, ഇരിങ്ങാലകുടക്കാരന്‍ വീട്ടില്‍ ശ്യാം എന്ന സതീഷ് എന്നിവരെയാണ് സംഭവത്തില്‍ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
ചാലക്കുടി ചാലക്കുടി കിഴക്കന്‍ മലയില്‍ വീണ്ടും ആനയുടെ ജഡം കണ്ടെത്തി.
പരിയാരം റേഞ്ചിലെ കാരിക്കടവിലാണ് ആഴ്ചകള്‍ പഴക്കമുള്ള ജഡം കണ്ടത്. വനംവകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം രഹസ്യ അന്വേഷണം നടത്തിയിരുന്നു. ആന ചത്തത് എങ്ങിനെയെന്നും വ്യക്തമല്ല. ചൊവ്വാഴ്ച തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. കഴിഞ്ഞയാഴ്ച വെള്ളിക്കുളങ്ങര റേഞ്ചിലെ കവല സെക്ഷനില്‍ രണ്ടു മാസം പഴക്കമുള്ള ആനയുടെ ജഡം കണ്ടെത്തിയിരുന്നു.
ഗുരുവായൂര്‍ വീട്ടില്‍ പത്രം വായിച്ചുകൊണ്ടിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു.
ഗുരുവായൂര്‍ കോട്ടപ്പടി പുന്നത്തൂര്‍ റോഡ് വലിയപുരക്കല്‍ ദേവദാസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
പുതുക്കാട് ചെങ്ങാലൂര്‍ പെട്രോള്‍ പമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
മുപ്ലിയം സ്വദേശി മുല്ലയ്ക്കപറമ്പില്‍ വിപിനാണ് പരിക്കേറ്റത്. പുതുക്കാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിപിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ കേരളത്തിലെ പൊതുസമൂഹം വളരെ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന സമരമായി അനില്‍ അക്കര എം.എല്‍.എ.യുടെ ഉപവാസ സമരം മാറിയിരിക്കുന്നുവെന്ന് മുന്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് -എം നേതാവുമായ അഡ്വ. തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.
അടാട്ട് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ അനില്‍ അക്കര മുതുവറയില്‍ നടത്തുന്ന നിരാഹാര സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്ന തോമസ് ഉണ്ണിയാടന്‍. തെറ്റിനെതിരെയുള്ള വിരല്‍ ചൂണ്ടലാണ് എം.എല്‍.എ. യുടെ സമരം. കാര്‍ഷിക മേഖലയ്ക്ക് വലിയ പിന്തുണയാണ് അടാട്ട് സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കി വരുന്നത്. എല്ലാ മേഖലകളിലുള്ളവരേയും ദ്രോഹിക്കുന്ന സര്‍ക്കാരായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ തെറ്റ് തിരുത്തി അടാട്ട് സര്‍വ്വീസ് സഹകരണ ബാങ്കിനെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരണമെന്നും തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. എം.എല്‍.എയുടെ ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് -എം നേതാക്കളായ സി.വി. കുര്യാക്കോസ്, തോമസ് ആന്റണി, വര്‍ഗ്ഗീസ് തരകന്‍, സി.ടി. വര്‍ഗ്ഗീസ്, ടി.ടി. ദേവസി, പി.ഒ.ജോസ്, കെ.എല്‍.ജോയി, സി.ജെ. സോണി, കെ.ജെ. ജ്യോതി തുടങ്ങിയവരും ഉപവാസ പന്തലില്‍ എത്തിയിരുന്നു.
പുതുക്കാട് ചിമ്മിനി ഡാം കൊടും വരള്‍ച്ചയിലേക്ക്. ഡാമില്‍ അവശേഷിക്കുന്നത് രണ്ടാഴ്ചത്തേയ്ക്കുള്ള വെള്ളം മാത്രം. ആറ് എം.എം. ക്യൂബ് വെള്ളം മാത്രമാണ് ഡാമിലുള്ളത്.
2 ദശാംശം 8,5 എം.എം. ക്യൂബാണ് ചിമ്മിനി ഡാമിന്റെ ഡെഡ് സ്‌റ്റോറേജ്. ഈ വെള്ളം പുറത്തേക്ക് ഒഴുക്കി വിടണമെങ്കില്‍ മോട്ടോര്‍ പമ്പ് ഉപയോഗിക്കണം. ഡാമിന്റെ ഇപ്പോഴത്തെ സംഭരണശേഷി അനുസരിച്ച് 3 ദശാംശം 15 എം.എം. ക്യൂബ് വെള്ളം മാത്രമേ ഇനി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിവിടാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ ദശാംശം രണ്ട് എം.എം.ക്യൂബ് വെള്ളമാണ് ഡാമില്‍ നിന്നും തുറന്ന് വിട്ടുകൊണ്ടിരിക്കുന്നത്. ഡാം നിര്‍മ്മാണത്തിനുശേഷം ഇതുവരെ സംഭരണശേഷി പുനര്‍നി്ശ്ചയിച്ചിട്ടില്ല. അതിനാല്‍ കണക്കില്‍ പറയുന്ന വെള്ളം ഡാമില്‍ ഉണ്ടാകില്ലെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഡാമിന്റെ നിര്‍മ്മാണം മുതല്‍ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ മരങ്ങളും പാറക്കല്ലുകളും ചെളിയും ഡാമിന്റെ സംഭരണശേഷി കുറച്ചിട്ടുണ്ടാകാമെന്നും അധികൃതര്‍ പറയുന്നു. 2008 മേയ് മാസത്തില്‍ രേഖപ്പെടുത്തിയ 21 ദശാംശം 74 എം.എം.ക്യൂബാണ് ചിമ്മിനി വെള്ളത്തിന്റെ ഇതുവരെ കണ്ട ഏറ്റവും താഴ്ന്ന നില. ചിമ്മിനിയുടെ പ്രധാന ജലവിതരണ മാര്‍ഗമാണ് കുറുമാലി പുഴ. ഡാമില്‍ നിന്നു വെള്ളം പുറത്ത് വിടാനാകാതെയായല്‍ പുഴ വറ്റി വരളാന്‍ കാരണമാകും. ഇത് കുറുമാലിപ്പുഴയിലെ ശുദ്ധജല പദ്ധതികളെയും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളേയും സാരമായി ബാധിക്കും. ആഴ്ചകള്‍ക്ക് മുന്‍പ് ചിമ്മിനി വൈദ്യുതി പദ്ധതിയുടെ ജനറേറ്റര്‍ വാല്‍വ് വഴിയാണ് വെള്ളം തുറന്നു വിട്ടിരുന്നത്. എന്നാല്‍ ഈ വാല്‍വ് വഴി മൂന്ന് ദിവസം മാത്രമാണ് വെള്ളം വിടാന്‍ കഴിഞ്ഞത്. മൂന്ന് ദിവസം കഴിഞ്ഞതോടെ ജനറേറ്റര്‍ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. അതോടെ വൈദ്യുതി ഉത്പാദനവും നിലച്ചു. പിന്നീട് ഡാമിന്റെ ഡിസ്‌പേര്‍ഷന്‍ വാല്‍വിലൂടെയാണ് ഇപ്പോള്‍ വെള്ളം പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്.
തൃശൂര്‍ വരള്‍ച്ചാ കെടുതികള്‍ വിലയിരുത്തുന്നതിനുളള പ്രത്യേക കേന്ദ്രസംഘം 19ന് ജില്ലയില്‍ പര്യടനം നടത്തും.
എന്‍.ഐ.ടി.ഐ ആയോഗ് ഡെപ്യൂട്ടി അഡ്‌വൈസര്‍ മഹേഷ് ചൗധരി, കുടിവെളള ശുചിത്വ മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റ ് ജി.ആര്‍.സാഗര്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.വി.റാവു, പൊതുവിതരണമന്ത്രാലയം എഫ്.സി.ഐ.-ഡി.ജി.എം ദിനേഷ് കുമാര്‍ ത്രിപാഡി, കൃഷി വകുപ്പ് പ്ലാന്റ ് പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റാഹിന്‍ സിംഗ് എന്നിവരടങ്ങിയ സംഘമാണ് തൃശൂര്‍ ജില്ലയില്‍ 19ന് സന്ദര്‍ശനം നടത്തുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു. ജില്ലയിലെ നെട്ടിശേരിയിലെത്തുന്ന സംഘം പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച് വിളനാശം വിലയിരുത്തും. ഉച്ചയ്ക്ക് ഒന്നിന് തിരുവില്വാമല പ്രദേശത്ത് സംഘം പര്യടനം നടത്തും. ശുദ്ധജലക്ഷാമവും, വിളനാശവും വിലയിരുത്തും.
തൃശൂര്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ എം.പിയും, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും മണിക്കൂറുകളോളം കുടുങ്ങി.
മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഡിലെ ലിഫ്റ്റിലാണ് പി.കെ ബിജു എം.പി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്നിവര്‍ കുടുങ്ങിയത്. അതേസമയം മെഡിക്കല്‍ കോളേജിലെ പതിനാല് ലിഫ്റ്റുകളില്‍ പകുതി ലിഫ്റ്റുകളും കേടായി കിടക്കുകയാണ്. വാര്‍ഷിക അറ്റകുറ്റപണിക്കായി പൊതുമരാമത്ത് വിഭാഗം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് മാസങ്ങള്‍ക്ക് മുമ്പ് കത്ത് നല്‍കിയെങ്കിലും മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഏഴ് ലിഫ്റ്റുകളാണ് മാസങ്ങളായി തകരാറിലായിരിക്കുന്നത്.
തൃശൂര്‍ മലപ്പുറത്തെ തോല്‍വി കൊണ്ടുമാത്രം കേരളത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ ശുഭാപ്തി വിശ്വാസത്തിന് ഇടിവ് സംഭവിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ജെ.പി. നദ്ദ പറഞ്ഞു.
തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. മലപ്പുറത്ത് പരിതാപകരമായ തോല്‍വിയാണെന്ന് ബി.ജെ.പി. വിലയിരുത്തുന്നില്ല. കേരളത്തില്‍ ബി.ജെ.പി.യ്ക്ക് ഏറ്റവും സ്വാധീനം കുറഞ്ഞ മണ്ഡലമാണിത്. ബീഫ് രാഷ്ട്രീയം തിരിച്ചടിയായെന്ന് കരുതുന്നില്ല. കേരളത്തിനായി പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് , വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ നേട്ടം കൈവരിക്കും. കേരളത്തില്‍ എയിംസ് അനുവദിക്കാമെന്ന് നേരത്തേ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചു വരികയാണ്. സ്ത്രീകള്‍ക്കെതിരെയും, ദളിതര്‍ക്കെതിരെയും കേരളത്തില്‍ നടക്കുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇടതു സര്‍ക്കാരിന് സാധിക്കുന്നില്ല. സൗജന്യ രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍, സൗജന്യ മരുന്നും, സൗജന്യ ഡയാലിസിസ് സംവിധാനങ്ങളും ഓരോ ജില്ലാ കേന്ദ്രങ്ങള്‍ക്കും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ലക്ഷ്യമാക്കുന്ന പദ്ധതി കേന്ദ്രം ആവിഷ്‌ക്കരിച്ചു വരികയാണെന്നും ജെ.പി. നദ്ദ പറഞ്ഞു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, കൗണ്‍സിലറും സംസ്ഥാന സെക്രട്ടറിയുമായ എം.എസ്. സമ്പൂര്‍ണ്ണ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
തൃശൂര്‍ ജില്ലയില്‍ കിഫ്ബി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മുഴുവന്‍ പദ്ധതികളുടെയും അവലോകനയോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രി എ.സി.മൊയ്തീന്‍ ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് നിര്‍ദ്ദേശം നല്‍കി.
കിഫ്ബി പദ്ധതിയുടെ ഭാഗമായ റോഡ് പണികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ ഭരണാനുമതി നേടുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ജൂണ്‍ 30 നകം 60 ശതമാനം പദ്ധതികള്‍ക്കെങ്കിലും ഭരണാനുമതി നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനനുസരിച്ച് പ്രവൃത്തികള്‍ക്ക് മുന്നോടിയായ ഗവേഷണം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പദ്ധതി സമര്‍പ്പണം തുടങ്ങിയ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണം. പൊതുമരാമത്ത് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ കാര്യത്തിലും ഈ ജാഗ്രത വേണമെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.
ചെമ്പൂക്കാവ് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ തൃശൂര്‍ ചെമ്പൂക്കാവ് വാട്ടര്‍ അതോററ്റി എക്‌സിക്യൂട്ടീവ് എഞ്ചീനിയറെ ഉപരോധിച്ചു.
വെങ്കിടങ്ങ് കണ്ണോത്ത് മേഖലയിലെ കുടിവെള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും ഇവിടെ നിര്‍മ്മിച്ച ടെക്‌നോളജി വാട്ടര്‍ ടാങ്ക് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. വെങ്കിടങ്ങ് കണ്ണോത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഏഴര ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് നോക്കു കുത്തിയായി മാറിയെന്നും 3 കോടി ചിലവഴിച്ച് സ്ഥാപിച്ച പൈപ്പുകള്‍ കാണാനില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണോത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ 9 ദിവസമായി സമരം തുടരുകയാണ്. എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ അധികാരികള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൗളി പീറ്ററെ ഉപരോധിച്ചത്. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി.സന്ദീപ്, മണലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എച്ച്.നജീബ്, സെക്രട്ടറി എന്‍.സി.സതീഷ്, ശ്യാല്‍ പുതുക്കാട്, പി.സന്തോഷ്, അജ്മല്‍, യദുകൃഷ്ണന്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കുടിവെള്ള പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട് ഉടന്‍ തന്നെ ചെറിയ രീതിയില്‍ വെള്ളം വിതരണം ചെയ്യാമെന്നും പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍ 4 മാസത്തിനകം പൂര്‍ത്തീകരിക്കാമെന്നുമുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
അടാട്ട് അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ നിന്നു കണ്‍സ്യൂമര്‍ ഫെഡ് വായ്പയായി എടുത്ത 50 കോടി രൂപയും ഡെപ്പോസിറ്റായി വാങ്ങിയ 10 കോടി രൂപയും അടക്കം 60 കോടി രൂപ അടിയന്തിരമായി ബാങ്കില്‍ തിരിച്ചടയ്ക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു.
മന്ത്രി എ.സി.മൊയ്തീന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ഇത്രയും വലിയ തുക വായ്പയായി എടുത്തതെന്നും എം.എല്‍.എ ആരോപിച്ചു. നിയമവിരുദ്ധമായി കണ്‍സ്യൂമര്‍ ഫെഡ് നടത്തിയ ഈ സാമ്പത്തിക ഇടപാട് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ താന്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ അതും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം. അല്ലാതെ ഭരണസമിതിയെ പിരിച്ചു വിട്ടുകൊണ്ടുള്ള അന്വേഷണമല്ല നടത്തേണ്ടത്. മുതുവറ സെന്ററില്‍ താന്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിന് വേണ്ടിയുള്ള സമരമല്ലെന്നും മറിച്ച് അടാട്ട് ബാങ്കില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള സമരമാണെന്നും ജനാധിപത്യം പുനസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്നും അനില്‍ അക്കര പ്രസ്താവനയില്‍ അറിയിച്ചു.
തളിപ്പറമ്പ് തളിപ്പറമ്പ് മണ്ഡലത്തിലെ സമൃദ്ധി -2017 എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് തളിപ്പറമ്പ് എം.എല്‍.എ. ജെയിംസ് മാത്യു പറഞ്ഞു.
മുളങ്കുന്നത്തുകാവ് കിലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ സംരംഭകരാവാന്‍ ജനങ്ങല്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. വ്യക്തികള്‍ക്കും ഗ്രൂപ്പിനും ജൈവകൃഷിക്കുള്ള വായ്പയുടെ പലിശ തദ്ദേശ സ്ഥാപനങ്ങള്‍ അടയ്ക്കുന്നതാണ് പുതിയരീതി. ഭക്ഷ്യകാര്യത്തില്‍ സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ ഇതിലൂടെ ഒരുക്കാനാവൂമെന്ന് എം.എല്‍.എ പറഞ്ഞു. പദ്ധതി വിഹിതം വഴി ആട്, കോഴി എന്നിവ വിതരണം ചെയ്യുക, സബ്‌സിഡി നിരക്കില്‍ വളം നല്‍കുക തുടങ്ങിയ മുന്‍കാല രീതികള്‍ക്ക് മാറ്റം വരും. ഇത് സംബന്ധിച്ച പുതിയ മാര്‍ഗരേഖ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞതായും എം.എല്‍.എ പറഞ്ഞു. കില ഡയറക്ടര്‍ ഡോ.പി.പി.ബാലനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മാള മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജിലെ ആരോപണ വിധേയനായ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. നടത്തുന്ന അനിശ്ചിതകാല സമരത്തിന് സി.പി.എം. പിന്തുണ പ്രഖ്യാപിച്ചു.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കോളേജിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മാള സര്‍ക്കാര്‍ ഐ.ടി.ഐ.ക്ക് മുന്നില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കോളേജിന് മുന്നില്‍ മാള സി.ഐ. -വി.റോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി സെക്രട്ടറി എം.രാജേഷ് അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.എസ്.റോസല്‍ രാജ്, ടി.പി.രവീന്ദ്രന്‍, സോനാ കെ.കരീം തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നംകുളം കാട്ടകാമ്പാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എസ്.ഡി .പി.ഐ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതായി പരാതി.
കാട്ടകാമ്പാല്‍ സ്വദേശി വടക്കേതലക്കല്‍ സനല്‍ മകന്‍ ലെനിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ട് കാട്ടകാമ്പാല്‍ പാടത്ത് സുഹൃത്തുക്കളുമായി ഫുട്ബാള്‍ കളിക്കുന്നതിനിടെയില്‍ എസ്.ഡി പി.ഐ പ്രവര്‍ത്തകനായ ഷെമീര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ലെനിന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ലെനിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസില്‍ പരാതി നല്‍കി.
പുന്നയൂര്‍ക്കുളം വടക്കേക്കാട് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്കു നടത്തി.
പഞ്ചായത്തിലെ പുതുക്കിപ്പണിത ക്രിമിറ്റോറിയം ഉപയോഗിക്കാന്‍ കഴിയാത്തതും നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ചും അടിയന്തിര ചര്‍ച്ച വേണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. മാര്‍ച്ച് ഒന്നിനാണ് പുനര്‍നിര്‍മ്മിച്ച ക്രിമിറ്റോറിയം തുറന്നത്. നിര്‍മ്മാണത്തിലെ അപാകതകളും അഴിമതിയും ചുണ്ടിക്കാട്ടി ഇടതുപക്ഷ അംഗങ്ങള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
ചെറുതുരുത്തി ഡോ.ബി.ആര്‍.അംബേദ്കര്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ സൊസൈറ്റി നല്‍കുന്ന അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡിന് അയ്യപ്പന്‍ തിയാട്ട് കലാകാരന്‍ വരവൂര്‍ തിയാടി നാരായണന്‍ നമ്പ്യാര്‍ അര്‍ഹനായി.
വെള്ളിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തുന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. 2014 ലെ സംസ്ഥാന ഫോക്‌ലോര്‍ അവാര്‍ഡും നാരായണന്‍ നമ്പ്യാര്‍ക്ക് ലഭിച്ചിരുന്നു.
തൃശൂര്‍ വിഷു -ഈസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് വ്യാജ മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും വില്പന തടയുന്നതിനും അനധികൃതമായി സ്‌ഫോടകവസ്തു കൈകാര്യം ചെയ്യുന്നത് തടയുന്നതിനുമായി തൃശൂര്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ 76 പേര്‍ പിടിയിലായി.
തൃശൂര്‍ ജില്ലയിലെ പടക്ക വില്പനശാലകളായ പറവട്ടാനിയിലുള്ള വിനോദ് ട്രേഡേഴ്‌സ്, പുത്തന്‍പള്ളിക്ക് സമീപമുള്ള എം.എം. ജോണി ഫയര്‍വര്‍ക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 37 പടക്ക വില്പന ശാലകളില്‍ പോലീസ് പരിശോധന നടത്തി. അനധികൃതമായി സൂക്ഷിച്ചിരുന്ന 2000 കിലോയോളം പടക്കശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാജമദ്യ വില്പനയുമായി ബന്ധപ്പെട്ട് 118 സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തി വ്യാജമദ്യവും നാടന്‍ തോക്കുകളും പിടിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 70 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 31 കള്ള് ഷാപ്പുകളിലും പരിശോധന നടത്തി.
തൃശൂര്‍ തൃശൂര്‍ രംഗചേതനയുടെ ആഭിമുഖ്യത്തില്‍ കളിവെട്ടം നാടക പഠന ക്യാമ്പിന് തൃശൂരില്‍ തുടക്കമായി.
സംഗീത നാടക അക്കാദമി നാട്യഗൃഹത്തില്‍ ആരംഭിച്ച ക്യാമ്പ് അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. രംഗചേതനയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ചലച്ചിത്ര താരം സുനില്‍ സുഗത മുഖ്യാതിഥിയായി. കുരുന്നുകള്‍ക്ക് ആദ്യദിനത്തില്‍ നാടക പാഠങ്ങള്‍ പകര്‍ന്നു നല്‍കിയതും സുനില്‍ സുഗതയായിരുന്നു. കെ.വി.ഗണേഷ്, സുരേഷ് മേച്ചേരി, ഹരിദാസ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു. മെയ് 14 വരെയാണ് കുട്ടികള്‍ക്കായി കളിവെട്ടം നാടക പഠന ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.
പാവറട്ടി പാലുവായ് റോഡരികില്‍ സെപ്റ്റിക് മാലിന്യം തള്ളിയത് പരിസരവാസികള്‍ക്ക് ദുരിതമായി.
കനത്ത ദുര്‍ഗന്ധം മൂലം ഇതുവഴി നടക്കാന്‍ കഴിയുന്നില്ലെന്ന് പരിസവാസികള്‍ പറഞ്ഞു. 2 മാസം മുന്‍പും ഈ റോഡിലെ കാനയില്‍ സെപ്റ്റിക് മാലിന്യം തള്ളിയിരുന്നു. പഞ്ചായത്തിലും ആരോഗ്യവകുപ്പിലും നാട്ടുകാര്‍ പരാതി നല്‍കി. പോലീസിന്റെ രാത്രികാല പട്രോളിങ്ങ് ശക്തമാക്കണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു.
ചേലക്കര ചേലക്കര കിള്ളിമംഗലം കര്‍ഷക സര്‍വീസ് സഹകരണ ബാങ്കിന്റെ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ നാമധേയത്തിലാണ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം ബാങ്കില്‍ പുതുതായി ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനവും നടന്നു. പാഞ്ഞാള്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ഗിരിജവല്ലഭന്‍ അദ്ധ്യക്ഷനായി. മൈ ബാങ്ക് അപ്ലിക്കേഷന്റെ ലോഞ്ചിംഗ് ഇ.വേണുഗോപാല മേനോന്‍ നിര്‍വഹിച്ചു. സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.എം.അമീര്‍, പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണി മണിച്ചിറ, വൈസ് പ്രസിഡന്റ് കെ.യു.ആരിഫ എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ എസ്.ബി.ടി. ഇല്ലാതായതിനു പുറമേ കേരളം ആസ്ഥാനമായ നാല് സ്വകാര്യ ബാങ്കുകള്‍ കൂടി ഏറ്റെടുക്കലിന്റെ ഭീഷണിയിലാമോണെന്നു ബാങ്ക് എം.പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ ബാങ്ക് പരിഷ്‌കരണങ്ങള്‍ മേഖലയുടെ തളര്‍ച്ചയ്ക്ക് കാരണമായെന്നും ഭാരവാഹികള്‍ പറഞ്ഞു. നിലനില്‍പ് പ്രതിസന്ധിയിലായ സംസ്ഥാനത്തെ 4 സ്വകാര്യ ബാങ്കുകളില്‍ മൂന്നും തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ധനലക്ഷ്മി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയും ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കുമാണ് വിവിധ കാരണങ്ങളാല്‍ ഏറ്റെടുക്കല്‍ ഭീഷണി നേരിടുന്നതെന്ന് തെളിവുകള്‍ നിരത്തി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ധനലക്ഷ്മി ബാങ്ക് കൊട്ടക് മഹീന്ദ്രാ ബാങ്കും കാത്തലിക് സിറിയന്‍ ബാങ്ക് കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്‌സും ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഓഹരികള്‍ മറിച്ച് വിറ്റ് ലാഭം കൊയ്യുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് ലാഭത്തിലുള്ള ഫെഡറല്‍ ബാങ്ക് വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. ബാങ്കുകള്‍ ഏറ്റെടുക്കുന്നതിനെതിരെ ബെഫി വിപുലമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി.എം.നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ്.എസ്.അനില്‍, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്‍.സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം എ.അജയന്‍, അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലംഗം സി.എ.മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വടക്കാഞ്ചേരി യാഗങ്ങളില്‍ മന്ത്രോച്ചാരണങ്ങളോടെ മുഖ്യ ഹവിസായി അഗ്‌നിയില്‍ അര്‍പ്പിക്കുന്ന ഔഷധ സസ്യമായ സോമലത വടക്കാഞ്ചേരിയിലും പൂവിട്ടു.
വടക്കാഞ്ചേരി നടത്തറ വലിയപറമ്പില്‍ രഘുനന്ദന്റെ വീട്ടുമുറ്റത്താണ് അപൂര്‍വ്വ ചെടിയായ സോമലത നില്‍ക്കുന്നത്. സോമയാഗങ്ങളില്‍ പ്രാധാന പങ്ക് വഹിക്കുന്ന സോമലത, കല്ലടിക്കോടന്‍ മല നിരകളിലാണ് സുലഭമായി കണ്ട് വരുന്നത്. ഇലകളില്ലാതെ ശാഖകളുള്ള വള്ളികളായാണ് ഇവ വളരുക. സവിശേഷമായ സുഗന്ധമുള്ള ഈ ചെടി ഹൈഡ്രോ ഫോബിയ, നാഡി സംബന്ധമായ രോഗങ്ങള്‍, പേ വിഷബാധ എന്നിവയെ ചെറുക്കാനുള്ള ഔഷധം കൂടിയാണ്. സോമലതയ്ക്ക് നിത്യ യൗവനം നിലനിര്‍ത്താനാവും എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. 24 ഇനം സോമലതകളില്‍ സവിശേഷമായത് ചന്ദ്രമാ എന്ന സോമലതയാണ്. പൗര്‍ണമിയിലാണ് ഇവ പറിച്ചു നടുന്നത്. ചന്ദ്രന്റെ വെളുത്ത പക്ഷത്തില്‍ ഇവ വളരും. ബാക്കി സമയം നിദ്രയിലായിരിക്കും. ഇതിന്റെ തണ്ടിലെ കൊഴുപ്പുള്ള പാല്‍ പോലെ ഉള്ള ലഹരിയുള്ള ദ്രാവകത്തെയാണ് പുരാണങ്ങളില്‍ സോമരസം എന്ന് പറയുന്നതെന്ന് കരുതുന്നു. വടക്കാഞ്ചേരി സ്വദേശിയായ രഘുനന്ദനന്‍ വടക്കാഞ്ചേരി ജ്ഞാനാശ്രമത്തില്‍ നിന്നാണ് ഈ ചെടി കൊണ്ടു വന്ന് വീട്ടുമുറ്റത്ത് നട്ടത്. ഇംഗ്ലീഷില്‍ മൂണ്‍ പ്ലാന്റ് എന്നും ഹിന്ദിയില്‍ സോമവല്ലി എന്നും പറയുന്ന സോമലതയെ വിളിക്കും. തണുത്ത അന്തരീക്ഷത്തില്‍ വളരുന്ന ഈ സസ്യം കേരളത്തില്‍ അപൂര്‍വമാണ്.
മാള എ.ഐ.വൈ.എഫ്. മാള മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാളച്ചാല്‍ ശുചീകരിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കിസാന്‍സഭ ജില്ലാ പ്രസിഡന്റ് കെ.വി.വസന്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.എസ്. ഗോപാലകൃഷ്ണന്‍, എ.വി.ഉണ്ണികൃഷ്ണന്‍, ബിന്ദു ബാബു, തുടങ്ങിയവര്‍ സംസാരിച്ചു.
ഗുരുവായൂര്‍ പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ലോക പൈതൃക ദിനാചരണപരിപാടികള്‍ക്ക് തുടക്കമായി.
ഗുരുവായൂര്‍ നഗരസഭ വായനശാല ഹാളിലാണ് സംരക്ഷിത ചുമര്‍ ചിത്രങ്ങളുടെയും പൈതൃക വസ്തുക്കളുടെയും പ്രദര്‍ശനവും സെമിനാറും നടക്കുന്നത്. ചരിത്രകാരന്‍ ഡോ.എം.ജി.ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്തു. പൈതൃകം പ്രസിഡന്റ് അഡ്വ. സി.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശിധരന്‍ മുഖ്യാതിഥിയായിരുന്നു. ചുമര്‍ ചിത്രകാരന്‍ കെ.കെ.വാര്യര്‍ സംരക്ഷിച്ചു വരുന്ന നൂറ്റാണ്ടോളം പഴക്കമുള്ള ചുമര്‍ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കെ.കെ.വാര്യരുടെ ചിത്രാനുഭവങ്ങള്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോ. കെ.ബി. സുരേഷ് പുസ്തകം ഏറ്റുവാങ്ങി. ഇ.എന്‍.നന്ദകുമാര്‍, അഡ്വ. രവി ചങ്കത്ത്, മധു കെ.നായര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ നാളെ സമാപിക്കും.
ചാവക്കാട് മലപ്പുറംലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് ടൗണില്‍ പ്രകടനം നടത്തി.
കെ.വി.സത്താര്‍, എച്ച്.എം.നൗഫല്‍, കെ.കെ. ഫവാസ്, അനീഷ് പാലയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി
എരുമപ്പെട്ടി എരുമപ്പെട്ടി മണ്ടംപറമ്പ് സ്വദേശി വൈശാഖ് വിജയന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
മണ്ടംപറമ്പ് കോഴിക്കാട്ടില്‍ വിജയന്‍ നായരുടെ മകനും രാജസ്ഥാന്‍ പ്രിസര്‍വ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയിലെ എഞ്ചിനിയറുമായ വൈശാഖിനെ രാജസ്ഥാനിലെ ബര്‍മര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം റയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജസ്ഥാന്‍ പോലീസ് കൊലപാതകത്തിന് കേസെടുത്തെങ്കിലും അന്വേഷണം നടത്താന്‍ ഇതുവരേയും തയ്യാറായിട്ടില്ല. വൈശാഖ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കമരുന്ന് വിതരണ സംഘത്തിനെതിരെ പരാതിപ്പെട്ടതാണ് വൈശാഖിനെ കൊലപ്പെടുത്താന്‍ ഇടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. കടങ്ങോട് പഞ്ചായത്ത് സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി.ജോസഫ് ചെയര്‍മാനായും എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി വൈസ് ചെയര്‍മാനായും പി.പി.നന്ദകുമാര്‍ കണ്‍വീനറായും 15 അംഗ ആക്ഷന്‍ കൗണ്‍സിലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇരിങ്ങാലക്കുട മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ സംയുക്ത തിരുനാള്‍ ഈ മാസം 22, 23 തിയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ ഇരിങ്ങാലക്കുടയില്‍ അറിയിച്ചു.
22ന് അമ്പ് എഴുന്നെള്ളിപ്പ് നടക്കും. 23ന് രാവിലെ ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ.വിബിന്‍ കുരിശിത്തറ മുഖ്യകാര്‍മികനാകും. വികാരി ഫാ.ജസ്റ്റിന്‍ വാഴപ്പിള്ളി, ആന്റോ ചിറ്റിലപ്പിള്ളി , ഫ്രാന്‍സീസ് പോള്‍ ചാക്കേരി, നെല്‍സണ്‍ പള്ളിപ്പുറം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു
വിയ്യൂര്‍ ജയിലിനു പുറത്ത് മത്സരാവേശം പകരാനും ചരിത്രം രചിക്കാനും വിയ്യൂര്‍ ജയിലിലെ വോളിബോള്‍ ടീം തയ്യാറെടുപ്പ് നടത്തുന്നു.
അന്താരാഷ്ട്ര വോളിബോള്‍ താരം കിഷോര്‍ കുമാര്‍ കഴിഞ്ഞ പത്തു മാസമായി വിയ്യൂര്‍ ജയിലില്‍ പരീശിലനം നല്‍കുന്ന ടീമാണ് ചരിത്രത്തിലാദ്യമായി ജയില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ ജയലിന് പുറത്ത് മത്സരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2ന് തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് പരിശീലകന്‍ കിഷോര്‍ കുമാര്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രത്യേക പോലീസ് സുരക്ഷയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന മത്സരത്തിനുള്ള പ്രവേശനം സൗജന്യമാണ്. പരിശീലന കാലയളവില്‍ ജയിലിനുള്ളില്‍ തന്നെ രണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് വിയ്യൂര്‍ ജയില്‍ ടീം വിജയിച്ചിരുന്നു. വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട അന്തേവാസികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. വിയ്യൂര്‍ ജയില്‍ ഉദ്യോഗസ്ഥന്‍ കെ.ടി.ദിലീപ്കുമാര്‍, ടി.എസ്.ജി.എ. ജനറല്‍ സെക്രട്ടറി ഇ.ജി.അജിത്കുമാര്‍, വോളിബോള്‍ താരം സി.ടി.ശ്രില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മാള മാള ഐരാണിക്കുളം ഉദയം സോക്കര്‍ ഫെസ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.
കാല്‍പന്ത് കളിയ്‌ക്കൊപ്പം കലാ സാംസ്‌കാരിക പരിപാടികളോടെയാണ് ഐരാണിക്കുളം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് കായിക മാമാങ്കം നടക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവാതിരകളി നടന്നു. ഫഌ്‌ലിറ്റ് മൈതാനിയില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്നോടിയായി എല്ലാ ദിവസവും കലാപരിപാടികള്‍ നടക്കും. ഫുട്‌ബോാള്‍ പരിശീലകന്‍ ടി.കെ.ചാത്തുണ്ണി ടൂര്‍ണ്ണമെന്റ് കിക്കോഫ് ചെയ്തു. ഫാ.ജോസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. എം.പി.മുഹമ്മദ് റാഫി, എം.ഡി.സുധാകരന്‍, ഓവന്‍സ് പാനികുളം തുടങ്ങിയവര്‍ സംസാരിച്ചു.
തൃപ്രയാര്‍ തളിക്കുളത്ത് ഈ മാസം 30 മുതല്‍ മെയ് 25 വരെ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
തളിക്കുളം പുതുകുളങ്ങര സര്‍ദാര്‍ ക്ലബാണ് പ്രവര്‍ത്തകരായ കെ. ആര്‍.കുട്ടന്‍- ബിനേഷ് - കണ്ണന്‍ - രവി എന്നിവരുടെ സ്മരണാര്‍ത്ഥം ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. തളിക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ മാസം 30ന രാത്രി ഏഴരയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തീന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഗീതാഗോപി എം.എല്‍.എ അധ്യക്ഷയാകും. അയ്യായിരം കാണികള്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് ഗ്രൗണ്ടില്‍ ഒരുക്കുന്നത്. നൈജീരിയന്‍, ഘാന, ലൈബീരിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ വരെ അണിനിരക്കുന്ന 16 ടീമുകള്‍ കളിക്കാനിറങ്ങും. സീസണ്‍ ടിക്കറ്റിന്റെ വിതരണോദ്ഘാടനം തൃപ്രയാറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം.ലെനിന്‍ നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ കെ.ആര്‍.സീത, പി.എ.ഷിഹാബ്, കെ.സി.പുരുഷോത്തമന്‍, കെ.ബി.ബിനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കുന്നംകുളം പ്രകൃതിസംരക്ഷണസമിതി തൃശൂര്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ കാണിപ്പയ്യൂര്‍ എവര്‍ ഹെല്‍ത്ത് സയന്‍സ് യോഗ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ കുന്നംകുളത്ത് യോഗ പരിശീലന ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബഥനി സ്‌കൂളില്‍ രാവിലെ ആറര മുതല്‍ ഏഴര വരെ മുതിര്‍ന്നവര്‍ക്കും, ഏഴര മുതല്‍ എട്ടര വരെ കുട്ടികള്‍ക്കുമാണ് ക്ളാസ്സുകള്‍. ഭാരത് കോംപ്ലക്‌സില്‍ രാവിലെ അഞ്ചര മുതല്‍ ആറര വരെയും വൈകീട്ട് ഏഴര മുതല്‍ എട്ടര വരെയും മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രം ക്ലാസുകള്‍ ഉണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രകൃതിസംരക്ഷണസമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി ഷാജി തോമസ്, പ്രകൃതിസംരക്ഷണസംഘം പ്രവര്‍ത്തകനും യോഗാചാര്യനുമായ ബാബു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
പാട്ടുരായ്ക്കല്‍ പാട്ടുരായ്ക്കലില്‍ ഒഴിഞ്ഞപറമ്പില്‍ കൂട്ടിയിട്ടിരുന്ന ടയറുകള്‍ക്ക് തീപിടിച്ചു.
വര്‍ക്ക്‌ഷോപ്പ്കാര്‍ കൂട്ടിയിട്ടിരുന്ന ടയറുകള്‍ക്കാണ് തീപിടിച്ചത്. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എ.എല്‍.ലാസറിന്റെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴസ് എത്തിയാണ് തീയണച്ചത്.
കയ്പമംഗലം എടത്തിരുത്തി മധുരംപിള്ളിയില്‍ സെപ്റ്റിക് മാലിന്യം നിറച്ച വാഹനം അപകടത്തില്‍പ്പെട്ടു.
ഒരാള്‍ക്ക് പരിക്കേറ്റു. ചേറ്റുവ സ്വദേശി പണിക്കവീട്ടില്‍ ഷറഫുദ്ദീനാണ് പരിക്കേറ്റത്. ഇയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. മാണിയംത്താഴം പാടത്ത് മാലിന്യം തള്ളാന്‍ എത്തിയതായിരുന്നു വാഹനം. മാലിന്യം തള്ളുന്നത് തടയാന്‍ നാട്ടുകാര്‍ ഓടിവരുന്നത് കണ്ട് പെട്ടെന്ന് മുന്നോട്ടെടുത്ത വാഹനം നിയന്ത്രണംവിട്ട് സമീപത്തെ കമ്പിവേലിയിലും തെങ്ങിലും ഇടിച്ച് തൊട്ടടുത്ത കരിങ്കല്‍ ഭിത്തിയില്‍ ഇടിച്ചു നില്ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് മതിലകം പോലീസും സ്ഥലത്തെത്തിയിരുന്നു. എടത്തിരുത്തി മാണിയംത്താഴം പാടത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഈ ഒരുമാസത്തിനിടെ പത്തോളം തവണയാണ് പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചിരുന്നത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് അംഗം ശ്രീദേവി ദിനേശ് ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂര്‍ വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് തീവെച്ചു നശിപ്പിച്ചു.
കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം ചമ്പക്കുളം റോഡില്‍ താനത്ത്പറമ്പില്‍ ബഷീറിന്റെ യൂണികോണ്‍ ബൈക്കാണ് കത്തി നശിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. തീപിടിത്തമറിഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ബൈക്ക് ഏറെക്കുറെ കത്തി നശിച്ചിരുന്നു. വ്യക്തിവിരോധമാണ് സംഭവത്തിന് പിറകിലെന്ന് സംശയിക്കുന്നു. കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു.
തൃശൂര്‍ കേരള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ ഇസാഫിന്റെ സഹകരണത്തോടെ തൃശൂര്‍ ടൗണ്‍ഹാളില്‍ നടത്തിയ ഫലോത്സവ് -2017ന് സമാപനമായി.
സമാപന സമ്മേളനം മുന്‍ എം.എല്‍.എയും കേരള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ചെയര്‍മാനുമായ എം.പി.വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. കമ്പനി ഡയറക്ടര്‍ വി.എം. മുത്തു അധ്യക്ഷത വഹിച്ചു. ആത്മ മുന്‍ പ്രൊജക്ട് ഡയറക്ടര്‍ വി.എസ്.റോയ്, ഭാസ്‌കര്‍ കെ.മാധവ്, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍മാരായ അനിയന്‍ മാത്യു, ശശീന്ദ്രന്‍ കുണ്ടുവാറ, ജോളി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫലോത്സവത്തിലെ മികച്ച സ്റ്റാളിന് ചടങ്ങില്‍ സമ്മാനം നല്‍കി. തുടര്‍ന്ന് കലാപരിപാടികളും നാടകവും അരങ്ങേറി.
തൃശൂര്‍ പുരാതനകാലത്തും ഭാരതീയര്‍ പശു ഇറച്ചി തിന്നിരുന്നതായി മഹാഭാരതത്തിലുണ്ടെന്ന് തിരക്കഥാകൃത്ത് ഗിരീഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മഹാഭാരതം ഉപകഥയിലെ നള-ദമയന്തി പ്രണയഭാഗത്താണ് നളനുണ്ടാക്കിയ പശുവിറച്ചിക്കറി ദമയന്തി കഴിച്ചു നോക്കി പാചകക്കാരന്‍ നളനെന്നുറപ്പിക്കുന്നതായി ഗിരീഷ്‌കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. മഹാഭാരതത്തിലെ വനപര്‍വ്വം ദമയന്തി - കേശിനീ സംവാദത്തിലെ 9 മുതല്‍ 23 വരെയുള്ള ശ്ലോകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പശുവിറച്ചി നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭാരതത്തില്‍ ഭക്ഷണമാക്കിയിരുന്നതായി ഗിരീഷ്‌കുമാര്‍ സമര്‍ത്ഥിക്കുന്നത്. തേരാളിയായി ഒളിവു ജീവിതത്തിലായിരുന്ന നളന്‍ ഉണ്ടാക്കിയ പശുവിറച്ചിയുടെ രുചി നോക്കി നളനെ ദമയന്തി തിരിച്ചറിയുന്നുവെന്നതാണ് കഥാ സന്ദര്‍ഭം.
കയ്പമംഗലം വലപ്പാട് സാംസ്‌കാരികവേദിയുടെ വാര്‍ഷികാഘോഷം പ്രൊഫ. കെ.യു.അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഡോ.സുഭാഷിണി മഹാദേവന്‍, പഞ്ചായത്തംഗം തുളസി സന്തോഷ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സി.പി.സാലിഹ്, ഡോ.ടി.വി.റോഷ്, സി.എ.ആവാസ്, കാര്‍ത്തികേയന്‍ വലപ്പാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സംഗീതനിശ അരങ്ങേറി.
ചാലക്കുടി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി ബ്ലോക്ക് സെക്രട്ടറി കൊടകര ഉഷസ്സില്‍ സലീഷിനെയാണ് ചാലക്കുടി എസ്.ഐ. ജയേഷ് ബാലന്‍ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകീട്ട് തൃശ്ശൂരില്‍ നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന ഫാസറ്റ് പാസഞ്ചര്‍ ബസ്സിലായിരുന്നു സംഭവം. യുവതി പ്രതികരിച്ചപ്പോള്‍ ഇയാള്‍ െ്രെഡറുടെ ഡോറിലൂടെ ഇറങ്ങിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യാത്രക്കാര്‍ സംഘടിച്ച് സലീഷിനെ തടഞ്ഞു വച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോരാമ്പ്രയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ സലീഷ് തൃശ്ശൂരില്‍ നിന്നും ചാലക്കുടിക്കാണ് യാത്ര ചെയ്തത്. വടക്കുംചേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനി പഠന സ്ഥലത്തേക്കാണ് പോയിരുന്നത്.
പാവറട്ടി പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥ കേന്ദ്രത്തില്‍ ഉയിര്‍പ്പു തിരുന്നാള്‍ ആഘോഷം ഭക്തി സാന്ദ്രമായി.
തീര്‍ത്ഥ കേന്ദ്രം വികാരി ഫാ.ജോസഫ് പൂവ്വത്തൂകാരന്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഫാ.റോജോ എലവത്തിങ്കല്‍, ഫാ.ബെന്നി കൈപുള്ളിപ്പറമ്പന്‍ എന്നിവര്‍ സഹ കാര്‍മികരായി. ഉയിര്‍പ്പു തിരുന്നാള്‍ തിരുകര്‍മ്മങ്ങളിലും പാതിരാ കുര്‍ബ്ബാനയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു
പാവറട്ടി പറപ്പൂര്‍ സഹകരണ ബാങ്കിന് കീഴിലുള്ള നോര്‍ത്ത് പടവില്‍ അനധികൃതമായി കളിമണ്‍ ഖനനം നടക്കുന്നതായി പരാതി.
വിഷു, ഈസ്റ്റര്‍ അവധി ദിനങ്ങളുടെ മറവിലാണ് കോള്‍പടവില്‍ കളിമണ്‍ ഖനനം നടക്കുന്നത്. ഇതു സംബന്ധിച്ചു പടവിലെ കര്‍ഷകനായ പറപ്പൂര്‍ സ്വദേശി അരകുളത്തില്‍ വിജയന്‍ പേരാമംഗലം പോലീസില്‍ പരാതി നല്‍കി. കോള്‍ പടവിലെ ഉള്‍ചാലുകള്‍ താഴ്ത്തിയും പുതിയ ചാലുകള്‍ കോരിയുമാണ് കളിമണ്‍ സംഭരിക്കുന്നത്. പടവിനോട് ചേര്‍ന്ന് ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നതിനായി നൂറിലേറെ ലോഡ് കളിമണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. കോള്‍ ചാലുകളില്‍ നിന്നും കോരിയ മേല്‍മണ്ണ് ഉപയോഗിച്ച് സ്വകാര്യ വ്യക്തികള്‍ പരിസരങ്ങളിലെ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതായും പറയുന്നു. ആഴത്തില്‍ യന്ത്ര സഹായത്തോടെ അശാസ്ത്രീയമായി കോള്‍ ചാലുകള്‍ കോരിയത് അടുത്ത സീസണില്‍ കൃഷി നാശത്തിന് ഇടയാക്കുമെന്നും കര്‍ഷകര്‍ പറയുന്നു. കോള്‍ പടവിലെ ചാലുകള്‍ ആഴം കൂട്ടുമ്പോള്‍ ലഭിക്കുന്ന മണ്ണ് പടവിലെ തന്നെ ബണ്ടു റോഡുകള്‍ വീതികൂട്ടുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഉപയോഗിക്കാതെ പടവുകമ്മിറ്റി ഭാരവാഹികള്‍ കളിമണ്‍ ലോബിക്ക് മറിച്ചു വില്‍ക്കുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. ജില്ലാ അധികൃതര്‍ ഇടപെട്ട് അനധികൃത കളിമണ്‍ ഖനനം ഉടന്‍ നിറുത്തി വെക്കുകയും ഇതു സംബന്ധിച്ചു അന്വേഷണം നടത്തുകയും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഗുരുവായൂര്‍ ഗുരുവായൂരില്‍ വീട് കയറി ആക്രമണം.
സംഭവം കണ്ട് ഭയന്ന് അബോധാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൂല്‍പ്പുറം ട്രഞ്ചിഗ് ഗ്രൗണ്ടിനടുത്ത് മാറോക്കി ഷാജന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഷാജനും ഭാര്യ ലൂസിയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വടിയും കല്ലും ഉപയോഗിച്ച് വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമിസംഘം അടിച്ചു തകര്‍ത്തു. ചുറ്റുമതിലിനും കേടുപാടു വരുത്തിയിട്ടുണ്ട്. വീട്ടുമുറ്റത്തിരുന്ന സൈക്കിള്‍ വലിച്ചെറിഞ്ഞ് തകര്‍ത്ത നിലയിലാണ്. സംഭവം കണ്ട് തലകറങ്ങി വീണ ലൂസിയെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടച്ചിട്ടിരുന്ന വാതിലുകള്‍ തുറക്കാനാവശ്യപ്പെട്ട അക്രമിസംഘം വാതില്‍ ചവിട്ടിപൊളിക്കാന്‍ ശ്രമിച്ചതായും ലൂസി പറഞ്ഞു. ഷാജന്റെ സഹോദരി ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ അഞ്ചിലധികം പേരാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പുന്നയൂര്‍കുളം പരൂര്‍ ശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.
ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി തണ്ണന്നൂര്‍ മന രവീന്ദ്രന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. പൂത്താലത്തിന്റെ അകമ്പടിയോടെ ശ്രീകൃഷ്ണ വിഗ്രഹം എഴുന്നള്ളിച്ചു. തുടര്‍ന്ന് തൃപ്രയാര്‍ കപിലാശ്രമം സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ആധ്യാത്മക ഗ്രന്ഥശാലയിലേക്കുള്ള പുസ്തക സമാഹരണവും സ്വാമി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ രവി പാറക്കല്‍, എന്‍.അശോകന്‍, ജയന്‍ കാഞ്ഞങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു. തിങ്കളാഴ്ച ആരംഭിക്കുന്ന സപ്താഹപാരായണം ഈ മാസം 23 നു സമാപിക്കും. രാമചന്ദ്രന്‍ ചെറുവള്ളി, സരസ്വതി രാമചന്ദ്രന്‍ എന്നിരാണ് യജ്ഞാചാര്യന്‍.
കൊടകര കൊടകര പുത്തൂക്കാവ് ദേവീ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം ആഘോഷിച്ചു.
ക്ഷേത്രമൈതാനിയില്‍ സജ്ജമാക്കിയ പൊങ്കാല അടുപ്പിലേക്ക് തന്ത്രിമാരായ അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് അഗ്നി തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ടെലിവിഷന്‍ അവതാരക രമ്യ നിഖില്‍ ആദ്യ അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. ആയിരക്കണക്കിന് ഭക്തരാണ് മണ്‍കലത്തില്‍ പൊങ്കാല തയ്യാറാക്കി ദേവിക്ക് നിവേദിച്ചത്. ക്ഷേത്രപുനരുദ്ധാരണ ഫണ്ട് കൂപ്പണ്‍ വിതരണോദ്ഘാടനം സിനിമ നിര്‍മ്മാതാവ് ശശി അയ്യഞ്ചിറ നിര്‍വഹിച്ചു.
ചേലക്കര തോന്നൂര്‍ക്കര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ നാടകകലയുടെ കുലപതി തുപ്പേട്ടന്‍ എന്നറിയപ്പെടുന്ന പാഞ്ഞാള്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ ആദരിക്കുന്നതിനായി സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു.
യു.ആര്‍. പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.കെ. ഗോപാലന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.എസ്. പ്രദീപ്കുമാര്‍, എം. എന്‍. നീലകണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുപ്പേട്ടന്റെ നാടകങ്ങളായ റേഷന്‍ കാര്‍ഡ്, വന്നന്ത്യേ കാണാം, കാലാവസ്ഥ, ചക്ക, അവാര്‍ഡ് തുടങ്ങിയ നാടകങ്ങളെ ശ്രീധരന്‍ മുണ്ടയൂര്‍ പരിചയപ്പെടുത്തി.
പാവറട്ടി പറപ്പൂര്‍ നാഗത്താന്‍ കാവ് ക്ഷേത്രത്തില്‍ സുകൃത ഹോമവും വെച്ചു നമസ്‌ക്കാരവും നടന്നു.
തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ എത്തിയ തെക്കേമഠം വാസുദേവാനന്ദ സ്വാമിയാരെ പൂര്‍ണ്ണ കുംഭം നല്‍കി ക്ഷേത്രത്തിലേക്ക് ആനയിച്ചു. സര്‍പ്പക്കാവ് തന്ത്രി പാതിരാകുന്നത് മനക്കല്‍ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ശ്രീധരന്‍ എമ്പ്രാന്തിരി, ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ രാജഗോപാലന്‍, ക്ഷേത്രം ഊരാളന്‍ മണാളത്ത് മാധവന്‍ മണാളര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രസാദ ഊട്ടും ഉണ്ടായിരുന്നു.
കൊടകര മനക്കുളങ്ങര ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൊടകരയില്‍ സൗജന്യ നേത്രപരിശോധന -തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ.ജിതിന്‍രാജിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ നാരായണന്‍ മണ്ടത്തറ, കെ.ആര്‍.സുരേന്ദ്രന്‍, ഷോജന്‍ വിതയത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അന്തിക്കാട് ടെലിഫോണ്‍ കേബിളിന് കുഴിയെടുത്തപ്പോള്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
അന്തിക്കാട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് പൈപ്പ് പൊട്ടി രണ്ട് ദിവസമായി വെള്ളം പാഴാകുന്നത്. ഇത് മൂലം അന്തിക്കാട് ഖാദര്‍ മൈതാനം, വന്നേരിമുക്ക് എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കൊടകര ശുദ്ധജലത്തിന് ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഈസ്റ്റര്‍ദിനത്തില്‍ സൗജന്യമായി വെള്ളമെത്തിച്ചുനല്‍കി ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി.
മനക്കുളങ്ങര ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകരാണ് കൊടകര പഞ്ചായത്തിലെ ശുദ്ധജലക്ഷാമമുള്ള പ്രദേശങ്ങളിലേക്ക് സൗജന്യമായി കുടിവെള്ളമെത്തിച്ചത്. ക്ലബ്ബ് പ്രവര്‍ത്തകരായ നാരായണന്‍ മണ്ടത്തറ, കെ.കെ.വെങ്കിടാചലം, ഇ.ശശാങ്കന്‍നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസില്‍ ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പടെ പതിനാല് പേര്‍ പോലീസില്‍ കീഴടങ്ങി.
ജില്ലാ പഞ്ചായത്തംഗം ബി.ജി. വിഷ്ണു ഉള്‍പ്പടെയുള്ള പതിനാല് സി.പി.ഐ പ്രവര്‍ത്തകരാണ് കൊടുങ്ങല്ലൂര്‍ പോലീസില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സി.പി.ഐ. നേതാവും എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റുമായ ടി.എം. ഷാഫിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് സി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
ചേര്‍പ്പ് ചേര്‍പ്പ് വല്ലച്ചിറ നായനാര്‍ സാംസ്‌കാരിക സമിതി അംഗം പ്രസന്ന കര്‍ത്ത രചിച്ച മൊളാത്തോല്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം നടത്തി.
മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ഹരി ആദ്യപ്രതി ഏറ്റുവാങ്ങി. സമിതി സെക്രട്ടറി ശങ്കര്‍, ദേശീയ അധ്യാപക പുരസ്‌കാര ജേതാവ് പി.കെ ഭരതന്‍്, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സരള തുടങ്ങിയവര്‍ സംസാരിച്ചു
തൃശൂര്‍ ജില്ലയിലെ ബസ് സ്റ്റാന്റുകളിലും പാര്‍ക്കുകളിലും സൗജന്യ വൈ-ഫൈ വരുന്നു.
തിരക്കേറിയ ഇടങ്ങളില്‍ സൗജന്യ വൈഫൈ എന്ന ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ വലിയ ബസ് സ്റ്റാന്റുകളില്‍ സൗജന്യ വൈ-ഫൈ സ്ഥാപിക്കുന്നത്. വൈ-ഫൈ ട്രാന്‍സ്മിറ്റര്‍ വഴി ഫോണിലും ടാബ്‌ലറ്റിലും ലാപ്‌ടോപ്പിലും സിഗ്നല്‍ സ്വീകരിക്കാനാവും. 200 എം.ബി.വരെ സൗജന്യമായി ഡാറ്റ ലഭിക്കും. ഇതേ സമയം പൊതു നിരത്തുകളില്‍ സൗജന്യ വൈ-ഫൈ സേവനം ഏര്‍പ്പെടുത്തുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വിലക്കിയിട്ടുണ്ട്. പല തദ്ദേശസ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ സൗജന്യ വൈ-ഫൈ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവച്ചതോടെയാണ് വിലക്കേര്‍പ്പെടുത്തിയത്. ചില നഗരസഭകള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് വൈ-ഫൈ ഇനത്തില്‍ ബില്ല് വന്നത്.
കനത്ത ചൂടില്‍ തൊഴിലെടുക്കുന്നവരുടെ തൊഴില്‍ സമയം പുനക്രമീകരിച്ച് ഇറക്കിയ ഉത്തരവ് കടലാസില്‍ മാത്രം.
ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ 3 മണിക്കൂര്‍ സമയം വിശ്രമ വേള നല്‍കണമെന്ന ഉത്തരവാണ് കടലാസില്‍ മാത്രമായത്. കനത്ത ചൂടില്‍ സൂര്യതാപം ഏല്‍ക്കാതിരിക്കാനാണ് ജോലി സമയം ക്രമീകരിച്ചും തൊഴില്‍ സമയം 8 മണിക്കൂറായി നിജപ്പെടുത്തിയും ലേബര്‍ ഓഫീസര്‍ ഉത്തരവിറക്കിയിരുന്നത്.
തൃശൂര്‍ രണ്ടായിരം രൂപ നോട്ടിന്റെ നിറം മായുന്നതായി പരാതി.
നോട്ടിലെ എഴുത്ത് മായ്ച്ചപ്പോഴാണ് നിറവും മാറിയത്. നോട്ടിന്റെ പ്രതലത്തില്‍ പെന്‍സില്‍ കൊണ്ടെഴുതിയത് റബര്‍ ഉപയോഗിച്ച് മായ്ചപ്പോള്‍ നിറം മാറി വെള്ള നിറമാവുകയായിരുന്നു. എഴുത്തുകുത്തുകളുള്ള നോട്ടുകള്‍ എടുക്കില്ലെന്ന് ബാങ്കുകള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തൃശൂര്‍ വിഷു -ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ശിവദുര്‍ഗ കലാ സമിതിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച കുട്ടികളുടെ നാസിക് ഡോള്‍ വാദ്യലഹരി നിറച്ചു.
5 വയസുകാരി മാളവിക മുതല്‍ 13കാരി വരെയുള്ള 9 പേര്‍ നാസിക് ഡോളില്‍ കൊട്ടിത്തകര്‍ത്തു. ശിവദുര്‍ഗ കലാസമിതി പ്രസിഡന്റ് പി.വി.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ടി.എസ്.വിനീഷ്, ട്രഷറര്‍ പി.ബി.ശിവദാസന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
തൃശ്ശീവപേരൂര്‍ ശ്രീശങ്കര ജയന്തി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ ശ്രീശങ്കര സംഗീതോത്സവം സംഘടിപ്പിച്ചു.
തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ.പി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാംസ്‌കാരിക സമ്മേളനവും മാതൃപൂജയും ഡെപ്യൂട്ടി കമാന്‍ഡന്റ് പ്രസാദ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അധ്യക്ഷത വഹിച്ചു. ഡോ.എം.ലക്ഷ്മികുമാരി മുഖ്യപ്രഭാഷണം നടത്തി. കേരള ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി ഡി.മൂര്‍ത്തി, ഡോ.എം.വി.നടേശന്‍, രഘു കുന്നമ്പത്ത്, അഡ്വ.സഞ്ജയ്, ഗിരീഷ് പൂച്ചെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ പ്രശസ്ത മൃദംഗവിദ്വാന്‍ ജി.ചന്ദ്രശേഖരന്‍ നായരുടെ 60-ാം പിറന്നാളും മൃദംഗസപര്യയുടെ 50-ാംവാര്‍ഷികവും ചന്ദ്രോത്സവം എന്ന പേരില്‍ വിപുലമായ പരിപാടികളോടെ തൃശൂരില്‍ ആഘോഷിച്ചു.
നീരാഞ്ജലി ഹാളില്‍ നടന്ന ചടങ്ങില്‍ മൃദംഗ ആചാര്യന്‍ മാവേലിക്കര വേലുക്കുട്ടി നായരുടെ സഹധര്‍മ്മിണി രാജമ്മ വേലുക്കുട്ടി നായര്‍ ആഘോഷ പരിപാടികള്‍ക്ക് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ചേപ്പാട് എ.ഇ.വാമനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഗീത കച്ചേരിയും, ജുഗല്‍ ബന്ദി, സംഗീതാര്‍ച്ചന, മൃദംഗ തരംഗം എന്നിവയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം പത്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. മൃദംഗ വിദ്വാന്‍ പ്രൊഫ.പാറശാല രവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ടി.ആര്‍.രാജാമണി ഉപഹാര സമര്‍പ്പണവും മങ്ങാട് കെ.നടേശന്‍ പ്രശസ്തി പത്രസമര്‍പ്പണവും നിര്‍വ്വഹിച്ചു. ചേതന സംഗീത നാട്യ അക്കാദമി ഡയറക്ടര്‍ ഫാ.പോള്‍ പൂവത്തിങ്കല്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവന്‍കുട്ടി, മൃദംഗ വിദ്വാന്‍ പ്രൊഫ.വൈക്കം വേണുഗോപാല്‍, സംഘാടക സമിതി പ്രസിഡന്റ് കൂടിയായ വയലിന്‍ വിദ്വാന്‍ നെടുമങ്ങാട് ശിവാനന്ദന്‍, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍, ജി.ചന്ദ്രശേഖരന്‍ നായര്‍, വനിത ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സദസിനു ശേഷം യു.പി.രാജുവിന്റെ നേതൃത്വത്തിലുള്ള മാന്‍ഡൊലിന്‍ കച്ചേരിയും അരങ്ങേറി. തീര്‍ത്തും സംഗീത-താള ലയമായി നടന്ന ആഘോഷ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു.
തൃശൂര്‍ ജീവകാരുണ്യസംഘടനയായ ലിറ്റില്‍ ബ്രദേഴ്‌സ് ഓഫ് ജീസസ് ക്രൈസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച വിവിധ സന്നദ്ധ പ്രവൃത്തികള്‍ ശ്രദ്ധേയമായി.
തൃശൂര്‍ കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും മറ്റുമായി വിഭവസമൃദ്ധമായ സദ്യ, നിര്‍ധനരായ ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായ വിതരണം, മുളങ്കുന്നത്തുകാവ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് വീല്‍ചെയര്‍ എന്നിങ്ങനെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇക്കുറി ലിറ്റില്‍ ബ്രദേഴ്‌സ് ഓഫ് ജീസസ് ക്രൈസ്റ്റ് സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിതാ വിജയന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ ഡയറക്ടര്‍ ഫാ.രഞ്ജിത്ത്, പ്രസിഡന്റ് അന്തോണീസ്, സെക്രട്ടറി റാഫി തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രിയിലെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേരാണ് സന്നദ്ധ പ്രവര്‍ത്തന പരിപാടിയില്‍ പങ്കാളികളായത്. ഓണം, വിഷു, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിശേഷ ദിനങ്ങളില്‍ കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രി, തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സന്നദ്ധ സേവനം നടത്തുന്ന സംഘടന തുടര്‍ച്ചയായ മുപ്പതാം വര്‍ഷമാണ് ഇത്തരം പ്രവൃത്തികള്‍ സംഘടിപ്പിക്കുന്നത്.
എരുമപ്പെട്ടി എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടന്ന ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സീനിയര്‍ റസിഡന്റ് പ്രീസ്റ്റ് ഫാ.ജോര്‍ജ് തേറാട്ടില്‍ മുഖ്യ കാര്‍മ്മികനായി.
ഫൊറോന വികാരി ഫാ.പോള്‍ താണിയ്ക്കല്‍ സഹകാര്‍മ്മികനായിയിരുന്നു. കെ.സി.വൈ.എം. യൂണിറ്റിന്റെ നേതൃത്വത്തില്‍ യേശുവിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായ രംഗാവിഷ്‌കാരം ഉണ്ടായി. ജീവന്റെ പ്രതീകമായി ഈസ്റ്റര്‍ എഗ് വിതരണം നടത്തി. ട്രസ്റ്റിമാരായ ടി.എല്‍.ഔസേഫ്, എം.പി.ജോസ്, ടി.ജെ.ഡേവീസ്, എം.കെ.ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുണ്ടൂര്‍ കര്‍മലമാതാ ദേവാലയത്തില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ.ഷാജു കൊച്ചുപുരയ്ക്കല്‍ നേതൃത്വം നല്‍കി.
ചാവക്കാട് യു.ഡി.എഫ് ഭരണകാലത്തു നടത്തിയ അഴിമതികള്‍ പുറത്താക്കുമെന്ന് ഉറപ്പായതോടെയാണ് എല്‍.ഡി.എഫിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് ആരോപിക്കുന്നതെന്നു സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
ചാവക്കാട് നഗരസഭ മുന്‍ അധ്യക്ഷനും സി.പി.എം നേതാവുമായിരുന്ന കെ.പി.വല്‍സലന്‍ അനുസ്മരണം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായാണ് ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ കൂട്ടു പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. യു.ഡി.എഫ് ഭരണകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതിയില്‍ അനേഷിച്ചു അഴിമതി കണ്ടെത്തിയപ്പോള്‍ പിരിച്ചുവിട്ട അടാട്ട് ബാങ്കിന്റെ പേര്‍ പറഞ്ഞാണ് അനില്‍ അക്കര നിരാഹാരം ഇരിക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കെ.പി.വല്‍സലന്‍ കുത്തേറ്റ് മരിച്ച ഒറ്റയിനിയില്‍ നടന്ന ചടങ്ങില്‍ കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ജില്ലാ കമ്മിറ്റി അംഗം സി.സുമേഷ്, ചാവക്കാട് നഗരസഭ അധ്യക്ഷന്‍ എന്‍.കെ.അക്ബര്‍, എ.എച്ച്.അക്ബര്‍, എം.ആര്‍.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് മണത്തലയില്‍ നിന്നു ബൈക്ക് റാലിയും ഉണ്ടായി.
തൃശൂര്‍ അംഗീകാരമില്ലാതെ നിര്‍മ്മിച്ച് വിപണിയില്‍ വിറ്റഴിക്കുന്ന മിഠായി കഴിക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
മിഠായി കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് 5 വയസുകാരന്‍ മരിച്ചിരുന്നു. ബസ് സ്റ്റാന്റില്‍ നിന്നു വാങ്ങിയ ജെല്ലി മിഠായിയാണ് കുട്ടി കഴിച്ചത്. തമിഴ്‌നാട്ടില്‍ നിര്‍മ്മിച്ചതായിരുന്നു മിഠായി. ഇത്തരത്തിലുള്ള മിഠായി ധാരാളം വിപണിയിലെത്തുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിര്‍മ്മിക്കുന്ന മിഠായികള്‍ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ജാഗ്രത വേണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തൃശൂര്‍ ഈസ്റ്റര്‍ തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവില്‍പന നടന്നത് തൃശൂരിലെ മദ്യവില്പനശാലയില്‍.
കണ്‍സ്യൂമര്‍ ഫെഡിന്റെ പൂത്തോളിലെ മദ്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ശനിയാഴ്ച 89 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 82 ലക്ഷം രൂപയുടെ മദ്യം വിറ്റ കോഴിക്കോട് ഔട്ട്‌ലെറ്റാണ് വില്പനയില്‍ രണ്ടാമതെത്തിയത്. വിഷുത്തലേന്ന് പൂത്തോള്‍ ഔട്ട്‌ലെറ്റിലെ മദ്യവില്‍പന ഒരു കോടി കടന്നിരുന്നു.
തൃശൂര്‍ അനില്‍ അക്കര എം.എല്‍.എയുടെ നിരാഹാര സമരം അഞ്ചാം നാളിലേക്ക് കടന്നു.
അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് എം.എല്‍.എ മുതുവറയില്‍ നിരാഹാരസമരം ആരംഭിച്ചത്. ഈസ്റ്റര്‍ ദിനത്തിലും സമരം തുടരുന്ന അനില്‍ അക്കരയെ മുന്‍മന്ത്രി കെ.പി.വിശ്വനാഥന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തലിലെത്തിയിരുന്നു. സമരം വിപുലീകരിക്കുന്നത് സംബന്ധിച്ച് നാളെ യു.ഡിഎഫ് യോഗം ചേരുന്നുണ്ട്. ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി പിന്‍വലിക്കും വരെ സമരം തുടരുമെന്നാണ് അനില്‍ അക്കര എം.എല്‍.എയുടെ നിലപാട്.
തൃശൂര്‍ വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി ജില്ലാ പ്രതിനിധി സമ്മേളനവും സംഘടനാ തെരഞ്ഞെടുപ്പും തൃശൂരില്‍ നടന്നു.
സൊസൈറ്റി സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ ടി.യു.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ താലൂക്ക് പ്രസിഡന്റ് ടി.എസ്.അജിതന്‍ അധ്യക്ഷനായിരുന്നു. ജ്യോതി കെ.രാമകൃഷ്ണന്‍, കേശവന്‍ പാഞ്ഞാള്‍, ബാലന്‍ കണിമംഗലത്ത്, പി.കെ.സുബ്രഹ്മണ്യന്‍, സത്യന്‍ പടിഞ്ഞാറൂട്ട്, പുഷ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ബാലന്‍ കണിമംഗലത്തേയും സെക്രട്ടറിയായി ജ്യോതി കെ.രാമകൃഷ്ണനേയും ട്രഷററായി പി.കെ.സുബ്രഹ്മണ്യനേയും തെരഞ്ഞെടുത്തു.
എരുമപ്പെട്ടി മഹല്ലുകളുടെ പ്രവര്‍ത്തനം മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും അഗതികളേയും രോഗികളേയും സഹായിക്കുന്നതിനും പ്രാധാന്യം നല്‍കി കൊണ്ടായിരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
എരുമപ്പെട്ടി റംലി ഓര്‍ഫനേജില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ മഹല്ല് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ അനഭലഷണീയമായ സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ ശിഥിലമായി കൊണ്ടിരിക്കുകയാണ്. ഇതിന് തടയിടുന്നതിനും വളര്‍ന്ന് വരുന്ന തലമുറയെ സാംസ്‌കാരികമായി ഉയര്‍ത്തുവാനും മഹല്ലുകളുടെ പ്രവര്‍ത്തനം കൊണ്ട് കഴിയണമെന്നും ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ്.എം.എഫ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് അബു ആറ്റൂര്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ അധ്യക്ഷനായി. എസ്.എം.കെ. തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഹംസബിന്‍ ജമാല്‍ റംലി, എം.ടി.അബ്ദുള്ള മുസ്ലിയാര്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ അഖിലകേരള പെരുംകൊല്ല സമാജം ജില്ലാ സമ്മേളനം തൃശൂരില്‍ നടന്നു.
സമാജം സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബിനോയ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.മഹേഷ്, സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.സുഭാഷ്, സമാജം മഹിളാ സംഘം ജില്ലാ പ്രസിഡന്റ് അമ്പിളി സോമന്‍, ടി.കെ.വിനയന്‍, വി.ആര്‍.ജോഷി, എസ്.പരമേശ്വരന്‍ നെന്മാറ തുടങ്ങിയവര്‍ സംസാരിച്ചു.
വടക്കാഞ്ചേരി വ്യത്യസ്ത മേഖലയിലെ പണ്ഡിത ശ്രേഷ്ഠര്‍ക്ക് നല്‍കുന്ന വി.കെ.നാരായണഭട്ടതിരി പത്താമത് പുരസ്‌കാരം ഈ വര്‍ഷം വേദപണ്ഡിതന്‍ ഡോ.അഗ്നിശര്‍മ്മന്‍ നമ്പൂതിരിക്ക് സമ്മാനിക്കും.
വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാലയുടേയും കോഴിക്കോട് വി.കെ.നാരായണ ഭട്ടതിരി ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിലാണ് പുരസ്‌കാരം നല്‍കുന്നത്. ഈ മാസം 22ന് രാവിലെ 8.30ന് തൃക്കണപതിയാരം പുന്നത്തൂര്‍ മനയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തീന്‍ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ ദിവസം കാഞ്ചികാമകോടി പീഠം സര്‍വ്വകലാശാല അഗ്നിശര്‍മ്മന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.
തൃശൂര്‍ തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ കെ.എസ്.ഇ.ബി പവലിയന്‍ തുറന്നു.
മധ്യമേഖലാ വിതരണ വിഭാഗം ചീഫ് എഞ്ചിനിയര്‍ സി.വി.നന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍.തോമസ്, പി.ബി.സിദ്ധാര്‍ത്ഥന്‍, ഡെപ്യൂട്ടി ചീഫ് എഞ്ചീനിയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഊര്‍ജസംരക്ഷണം, സുരക്ഷ, വൈദ്യുതി ഉല്‍പ്പാദനം സൗരോര്‍ജ്ജ മോഡലുകള്‍ എന്നിവയും കെ.എസ്.ഇ.ബി. യുടെ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ബോധവല്‍ക്കരണവും അതിരപ്പിള്ളി പദ്ധതിയുടെ മാതൃകയും പൊതുജനങ്ങള്‍ക്കായി പവലിയനില്‍ സജ്ജമാക്കിയിട്ടുണ്ട്.
തൃശൂര്‍ ഓട്ടിസം സൊസൈറ്റിക്ക് വിഷുകൈനീട്ടവുമായി ദി മ്യൂസിക് ക്ലബ് തൃശൂരും മാസ്മര ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച മാസ്മര സംഗീതം വസന്തരാഗം സംഗീത ലഹരി പടര്‍ത്തി.
ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ഓട്ടിസം സൊസൈറ്റിക്കുള്ള ധനസഹായ വിതരണവും സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു. സംഗീത രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ശ്രീകുമാര്‍ വാര്യര്‍, നിരന്‍ ജോയ്, പോളി, റീന മുരളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ക്ലബ് പ്രസിഡന്റ് ഡോ.നാരായണന്‍ പിഷാരടി, സെക്രട്ടറി മധു അനല്ലൂര്‍, തൃശൂര്‍ പൂരം പ്രദര്‍ശന കമ്മിറ്റി സെക്രട്ടറി വിജയരാഘവന്‍, ഡോ.ഗീത അനല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ആക്രമിക്കപ്പെട്ട സംഭവത്തെ ചൊല്ലി സി.പി.ഐ-സിപിഎം ബന്ധം ഉലയുന്നു.
വിഷുത്തലേന്ന് അര്‍ദ്ധരാത്രിയിലാണ് എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ഷാഫിയും കുടുംബവും ആക്രമിക്കപ്പെട്ടത്. വീടിനു മുന്നില്‍ പടക്കം പൊട്ടിച്ചതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ. ക്കാരടങ്ങിയ സംഘം ഷാഫിയെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയായിരുന്നുവത്രെ. എന്നാല്‍ പടക്കം പൊട്ടിച്ച പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയാ യിരുന്നുവെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ ആരോപണം. വിഷയത്തില്‍ സി.പി.എം നേതൃത്വം പ്രതികരിച്ചില്ലെങ്കിലും പ്രശ്‌നത്തെ സി.പി.ഐ ഗൗരവമായി എടുത്തിട്ടുണ്ട്. ഇതിനെല്ലാമുപരി സാമൂഹ്യ മാധ്യമങ്ങളില്‍ സി.പി.എം - സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് നടക്കുന്നത്. എടവിലങ്ങ് പഞ്ചായത്ത് ഭരണസമിതിയിലും നാളുകളായി ഭിന്നത പ്രകടമാണ് . സംസ്ഥാന തലത്തില്‍ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് മൂര്‍ഛിക്കുന്നതിനിടയില്‍ താഴെത്തട്ടിലുണ്ടായ കയ്യാങ്കളി പ്രവര്‍ത്തകര്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ചിരിക്കുകയാണ്.
പുതുക്കാട് ചെങ്ങാലൂര്‍ രണ്ടാംകല്ലില്‍ പാറമടയില്‍ മുങ്ങി താഴ്ന്ന അഞ്ചാം ക്ലാസുകാരിയെ രക്ഷിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
ഓട്ടുകമ്പനി തൊഴിലാളിയായ കുമാരിയുടെ മകള്‍ വിസ്മയയാണ് കഴിഞ്ഞ മാസം പതിമൂന്നിന് പാറമടയിലെ വെള്ളത്തില്‍ വീണത്. വിസ്മയയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ വൈഷ്ണവും, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ശ്രീജിത്തും വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സി.പി.എം. രണ്ടാംകല്ല് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധീരന്മാരായ വിദ്യാര്‍ത്ഥികളെ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അനുമോദിച്ചു. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം നല്‍കുമെന്നും, ധീരതക്കുള്ള അവാര്‍ഡ് ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, എ.വി. ചന്ദ്രന്‍, എ.എ. വേലായുധന്‍, എന്നിവര്‍ സംസാരിച്ചു.
മാള വലിയപറമ്പില്‍ വീണ്ടും മദ്യശാല തുറക്കാനുള്ള ശ്രമത്തിനെതിരെ മാള മേഖല മദ്യവിരുദ്ധ സമിതി പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.
അടുത്ത ദിവസം തന്നെ മദ്യശാല തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇതിനെതിരെ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പൊതുയോഗം ഇരിഞ്ഞാലക്കുട രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ.പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഫാ.പോളി പടയാട്ടി അധ്യക്ഷത വഹിച്ചു. ഫാ.പയസ് ചിറപ്പണത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.ജമാല്‍, മാള ഇമാം ജമാലുദീന്‍ അല്‍ ഖാസ്മി തുടങ്ങിയവര്‍ സംസാരിച്ചു. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സി.പി.ഐ. പ്രതിനിധികളായ ബിന്ദു ബാബു, ബിജു ഉറുമീസ് എന്നിവര്‍ പങ്കെടുത്തു.
പാവറട്ടി മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
വെങ്കിടങ്ങ്, മുല്ലശേരി, പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങള്‍ സെമിനാറില്‍ പങ്കെടുത്തു. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്തംഗം ബിജു കുരിയക്കോട്ട്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രാഗി എന്നിവര്‍ സംസാരിച്ചു. സെമിനാറിന് കോര്‍ഡിനേറ്റര്‍ കെ.ജി. ജയരാജന്‍ നേതൃത്വം നല്‍കി.
തൃശൂര്‍ വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്‍മാര്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
സമാധാന ജീവിതത്തിന് നിഷേധാത്മകമായ ചിന്തകള്‍ വെടിയണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ജീവിത വിജയത്തിന്റെ തിരുന്നാളാണ് ഈസ്റ്ററെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്ററെന്ന് കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. അനുരഞ്ജനത്തിന്റയും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശമാണ് ഈസ്റ്ററെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ പറഞ്ഞു. ജീവിത വിജയത്തിന്റെ തിരുന്നാളാണ് ഈസ്റ്ററെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ . ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. സഹനംകൊണ്ട് വിജയം കൈവരിക്കുകയാണ് ഈസ്റ്ററെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
തൃശൂര്‍ തൃശൂര്‍ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പുനസ്ഥാപിച്ചു.
വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാണഞ്ചേരി മേഖലയിലെ വിവിധ സഥലങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം തടസപെട്ടതിനെ തുടര്‍ന്നാണ് പീച്ചിയില്‍ നിന്നു തൃശൂര്‍ നഗരത്തിലേക്കുള്ള കുടിവെള്ളവിതരണം തടസപെട്ടത്. മുപ്പതോളം വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്ന് വീണത്. ഇതേ തുടര്‍ന്ന് കെ.എസ്.ഇ.ബി പുത്തൂര്‍ ഫീഡറില്‍ നിന്ന് വൈദ്യുതി എത്തിച്ച് പീച്ചി മേഖലയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ശക്തമായ കാറ്റില്‍ കിഴക്കന്‍ മേഖലയില്‍ മാത്രം അരക്കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഴക്കെടുതിയുണ്ടായ സ്ഥലം കെ.രാജന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. നഷ്ടപരിഹരത്തിനുള്ള അപേക്ഷകള്‍ വില്ലേജ് ഓഫീസ് മുഖാന്തരം സ്വീകരിച്ചു തുടങ്ങി.
തൃശൂര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി നിയോഗിച്ച അഡീഷണല്‍ സെക്രട്ടറി പോള്‍ ആന്റണി ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുമായി ചര്‍ച്ച നടത്തി.
സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായാണ് സംസ്ഥാത്തെ ഓരോ ജില്ലയുടെ ചുമതല കളകടര്‍മാര്‍ക്ക് പുറമേ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഐ.എ.എസുകാരെ ഏല്‍പ്പിച്ചത്. ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്‍ണിയുടെ നേതതൃത്വത്തില്‍ കളക്ടറേറ്റില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.. ദേശീയപാതയിലെ തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പ് അനുമതി നല്‍കേണ്ട ഫയലുകളില്‍ അടിയന്തിരമായി തീര്‍പ്പ്കല്‍പ്പിക്കേണ്ട വിഷയം ജില്ലാ കളകടര്‍ അഡീഷണല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി. ഓണ്‍ ലൈന്‍ രജിസ്ട്രഷന്‍ സംബന്ധിച്ച ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം ജില്ലാ രജിസ്ട്രാറില്‍ നിന്ന് ചോദിച്ചറിഞ്ഞു. സാധ്യത പഠനം അംഗീകരിച്ച പദ്ധതികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനുളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പരിമിതപ്പെടുത്തും. ഗ്രാമപ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് 6500 കോടി രൂപ ചെലവഴിച്ച് ഹൈ ടെന്‍ഷന്‍ വൈദ്യുതി വിതരണശൃംഖല നവീകരിക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ജില്ലാ കളകടര്‍ ഡോ.എ.കൗശിഗന്‍, എ.ഡി.എം-സി.കെ.അനന്തകൃഷ്ണന്‍ ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
ചാവക്കാട് ഭവന വായ്പകളും മറ്റ് വായ്പകളും സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിച്ച് മുങ്ങുന്ന വിരുതനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ഒല്ലൂക്കര ഒളപ്പലില്‍ ഷാജുവിനെയാണ് എസ്.ഐ. - എം.കെ. രമേഷ്, എ.എസ്.ഐ. - അനില്‍ മാത്യു, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എടക്കഴിയൂര്‍ സ്വദേശിനി ശ്രീവിദ്യയുടെ പരാതിയിലാണ് അറസ്റ്റ്. 2016 ഡിസംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. മേഖലയില്‍ ആധാരമെഴുതുന്ന സ്ത്രീയാണ് പ്രതിയെ ഇവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് പോലീസ് പറഞ്ഞു. വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞെങ്കിലും മാസങ്ങളായിട്ടും നടന്നില്ല. 30 ലക്ഷം രൂപയുടെ ലോണ്‍ കൂര്‍ക്കഞ്ചേരി കനറാ ബാങ്കില്‍ നിന്ന് ശരിയാക്കി തരാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ പണമായി ഗുരുവായൂരില്‍ വെച്ച് നേരിട്ട് വാങ്ങുകയും ചെയ്തു. ഇതില്‍ അമ്പതിനായിരത്തോളം രൂപ പ്രതി തിരിച്ചു നല്‍കിയിട്ടുണ്ട്. പരാതിക്കാരിയുടെ സഹോദരന്റെ കയ്യില്‍ നിന്നു രണ്ടു ലക്ഷം രൂപയും ഇയാള്‍ വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെയും ഭാര്യക്കെതിരെയും സമാന രീതിയുളള രണ്ട് തട്ടിപ്പ് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.
കൊടുങ്ങല്ലൂര്‍ സൈക്കിളില്‍ ദൈവത്തിന്റെ സ്വന്തം നാട് കാണാനിറങ്ങിയ വിദേശികള്‍ അഴീക്കോട് ഫെറിയില്‍ കുടുങ്ങി.
റോഡ് മാപ്പ് നോക്കി അഴീക്കോട് ജെട്ടിയിലെത്തിയ സംഘം അക്കരെ കടക്കാന്‍ വഴിയില്ലാതെ വിഷമിച്ചു. ഒടുവില്‍ ബോട്ടുടമയായ കബീര്‍ വിനോദ സഞ്ചാരികളെ അക്കരെയെത്തിക്കാന്‍ തയ്യാറായി. തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് -മുനമ്പം ജങ്കാര്‍ സര്‍വീസ് അറ്റകുറ്റപ്പണിയുടെ പേരില്‍ തടസ്സപ്പെട്ടിട്ട് പതിനാറ് ദിവസം കഴിഞ്ഞു.
തൃശൂര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി
പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും വെള്ളം ലഭ്യമല്ലാത്ത അവസ്ഥ രോഗികള്‍ക്ക് ദുരിതമായി. മുളങ്കുന്നത്തുകാവ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് പ്രതിദിനം 20 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ പീച്ചിയില്‍ നിന്നു പ്രതിദിനം ലഭിക്കുന്ന മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമുപയോഗിച്ചാണ് മെഡിക്കല്‍ കോളേജിലെ ദൈനംദിനകാര്യങ്ങള്‍ നടന്നു വരുന്നത്. മെഡിക്കല്‍ കോളേജിനു സമീപത്തെ കുളത്തേയും കുഴല്‍ കിണറിനേയും ആശ്രയിക്കുന്നുണ്ടെങ്കിലും വേനല്‍ക്കാലത്ത് ഈ ജലസ്രോതസുകള്‍ ഏറെക്കുറെ വറ്റിതുടങ്ങിയതാണ് ഭീഷണിയായി മാറുന്നത്. പീച്ചിയില്‍ നിന്നുള്ള കനാലുകള്‍ തുറന്നു വിട്ടാല്‍ കുളത്തിലും മറ്റ് കുടിവെള്ള സ്രോതസുകളിലും ജലനിരപ്പ് ഉയരാറുണ്ട്. എന്നാല്‍ ഇത്തവണ വളരെ ചുരുക്കം ദിവസങ്ങള്‍ മാത്രമേ കനാലിലൂടെ വെള്ളം തുറന്നുവിടാന്‍ കഴിഞ്ഞിട്ടുള്ളൂ. വരള്‍ച്ചയെ തുടര്‍ന്ന് പീച്ചി ഡാമില്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതാണ് പ്രധാന പ്രതിസന്ധി. ഇതുമൂലം രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമികാവശ്യങ്ങള്‍ക്കു പോലും വെള്ളം ലഭ്യമാകാതെ വിഷമിക്കുകയാണ്. ആവശ്യത്തിന് വെള്ളം പോലും ലഭ്യമാകാതെ രോഗികള്‍ വലയുമ്പോള്‍ ബദല്‍ സംവിധാനം നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുതുക്കാട് കാറ്റിലും മഴയിലും കഴിഞ്ഞ ദിവസം പുതുക്കാട് മേഖലയില്‍ നൂറ് കണക്കിന് വാഴകള്‍ ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് കര്‍ഷകര്‍ ദുരിതത്തിലായി.
നെന്മണിക്കര പുലക്കാട്ടുകരയില്‍ പള്ളിവളപ്പില്‍ ജോബിയും സഹോദരന്‍ ജോഷിയും കൃഷി ചെയ്ത തോട്ടങ്ങളിലെ 1200 ഓളം വാഴകളാണ് കാറ്റില്‍ ഒടിഞ്ഞ് വീണത്. കുല വന്ന് തുടങ്ങിയ ഏഴ് മാസം പ്രായമായ നേന്ത്രവാഴകളും ഒടിഞ്ഞിട്ടുണ്ട്. ഓണത്തിന് വിളവെടുക്കാനുള്ള വാഴകളാണ് ഒടിഞ്ഞ് വീണത്. ആയിരത്തിലേറെ വാഴകള്‍ കൃഷി ചെയ്ത ജോബിയുടെ തോട്ടത്തിലെ ഭൂരിഭാഗം വാഴകളും ഒടിഞ്ഞ് വീണു. മരത്താക്കര മണ്ണാവിലും കാറ്റില്‍ വ്യാപകമായി വാഴകൃഷി നശിച്ചു. മുളങ്ങാട്ടുപറമ്പില്‍ ഗോവിന്ദന്റെ 150 നേന്ത്രവാഴകളും സമീപത്തുള്ള കര്‍ഷകരുടെ വാഴകളും കാറ്റില്‍ ഒടിഞ്ഞ് വീണു. തൃക്കൂര്‍ മേഖലയിലും നൂറ്കണക്കിന് വാഴകള്‍ ഒടിഞ്ഞു വീണിരുന്നു. പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണ് കാറ്റിലുണ്ടായ നാശനഷ്ടത്തില്‍ ദുരിതത്തിലായത്. ഓണത്തിന് വിളവെടുക്കാമെന്ന് കരുതിയ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
എടവിലങ്ങ് എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ.നേതാവുമായ ടി.എം.ഷാഫിയേയും അദ്ദേഹത്തിന്റെ ഭാര്യ സജിത, സഹോദരന്‍ ജലീല്‍, ജലീലിന്റെ ഭാര്യ എന്നിവരേയും വീട് കയറി ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സിപി.എം , ഡിവൈ.എഫ്.ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം ഗുണ്ടകളാണ് ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കുറ്റം ചെയ്തവരെ തിരിച്ചറിഞ്ഞിട്ടും ഇവരുടെ പേരുകള്‍ പോലീസിന് കൈമാറിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല. കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ശക്തമായ നടപടിയെടുക്കുകയും ചെയ്യണമെന്ന് ഷാഫിയേയും കുടുംബത്തേയും ആശുപത്രിയില്‍ സന്ദര്‍ശിച്ച വത്സരാജ് ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രന്‍, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ടി.പ്രദീപ്കുമാര്‍, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ബി.ജി.വിഷ്ണു എന്നിവരും കൂടെയുണ്ടായിരുന്നു.
തൃപ്രയാര്‍ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ കാര്‍ യാത്രികരായ അച്ഛനും മകനും അറസ്റ്റില്‍.
എറണാകളും സ്വദേശി ചിറ്റുവട്ടത്ത് സുരേഷ്, മകന്‍ രൂപേഷ് എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തൃപ്രയാര്‍ സെന്ററില്‍ വെച്ചായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ സാദ്ദിഖലിക്കാണ് മര്‍ദ്ദനമേറ്റത്. തൃപ്രയാര്‍ സെന്ററില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി ഇരുവരും ചേര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ സാദ്ദിഖലിയെ വലപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പോലീസ് കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി.
അന്തിക്കാട് കാഞ്ഞാണിയില്‍ സംഘട്ടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തില്‍ രണ്ട് യുവാക്കളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
കാരമുക്ക് സ്വദേശികളായ കാരേപറമ്പില്‍ വീട്ടില്‍ ബിതേഷ് ബാബു, ഇരിങ്ങാലക്കുടക്കാരന്‍ വീട്ടില്‍ ശ്യാം എന്നു വിളിക്കുന്ന സതീഷ് എന്നിവരെയാണ് അന്തിക്കാട് എസ്.ഐ.-എസ്.ആര്‍.സനീഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിനാണ് കേസിനാസ്പ പദമായ സംഭവം. കാഞ്ഞാണി ചന്തയില്‍ വെച്ച് സുഹൃത്ത് പുത്തന്‍പുരയ്ക്കല്‍ സുരേഷിനെ മര്‍ദ്ദിക്കുന്നതു കണ്ട് പിടിച്ചുമാറ്റാന്‍ ചെന്ന കാഞ്ഞാണി പണിക്കശ്ശേരി ചന്ദ്രന്റെ മകന്‍ സുരേഷിനെ ബിതേഷും, സതീഷും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് -ഐ മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനും കാഞ്ഞാണി റൂട്ടിലെ ബസ് കണ്ടക്ടറുമാണ് സുരേഷ്. പിടിയിലായ പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ചാലക്കുടി വ്യാഴാഴ്ച അന്തരിച്ച സിനിമ സീരിയല്‍ നടന്‍ മുന്‍ഷി വേണു നാരായണന് അന്ത്യാഞ്ജലി.
മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ തിരുകുടുംബം ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച ഭൗതികശരീരത്തില്‍ നിരവധിയാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് സംസ്‌കാരത്തിനായി ആലുവായിലെ തോട്ടേക്കാട്ടുകര മലങ്കര സെന്റ് ജോണ്‍ പള്ളി സെമിത്തേരിയിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ മൂന്നുവര്‍ഷമായി മുന്‍ഷി വേണു ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അന്തേവാസിയാണ്. വൃക്ക രോഗം മൂലം ദുരിതം അനുഭവിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. ഡിവൈനില്‍ എത്തുന്നതിന് മുമ്പ് ചാലക്കുടിയിലെ ലോഡ്ജുകളില്‍ താമസിച്ചു. വാടക കൊടുക്കാന്‍ കാശില്ലാതെ അവിടെ നിന്നുമിറങ്ങിയ വേണുവിനെ പിന്നീട് ധ്യാനകേന്ദ്രം അധികൃതര്‍ കൂട്ടികൊണ്ടു പോവുകയായിരുന്നു.
കൊടകര പേരാമ്പ്ര ചെറുകുന്ന് ശ്രീ മഹാഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ധര്‍മ്മദൈവ പ്രതിഷ്ഠ ഈ മാസം 19ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ കൊടകരയില്‍ അറിയിച്ചു.
19ന് രാവിലെ 8ന് നടക്കുന്ന പ്രതിഷ്ഠാചടങ്ങുകളില്‍ ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ ആചാര്യനായിരിക്കും . തുടര്‍ന്ന് വിവിധ പൂജകള്‍, അമൃതഭോജനം, കളമെഴുത്തുപാട്ട്, ഗാനസന്ധ്യ എന്നിവയുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ടി.എ.രാജന്‍ബാബു, ടി.സി.അശോകന്‍, ടി.വി.സജയദാസ് എന്നിവര്‍ പങ്കെുത്തു.
മാള വിഷുപ്പുലരില്‍ കുരുവിലശേരിയില്‍ വീടിന് നേരെ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു.
വടശേരി ബാബുവിന്റെ മകന്‍ പ്രശാന്തിനെയാണ് എസ്.ഐ.- ഇതിഹാസ് താഹ അറസ്റ്റ് ചെയ്തത്. പ്രശാന്തിനെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തില്‍ പ്രശാന്തിന്റെ സഹോദരനും നിരവധി കേസുകളിലെ പ്രതിയുമായ പ്രമോദും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊടകര വെള്ളിക്കുളങ്ങര പത്തരക്കുണ്ടില്‍ വീണ്ടും പുലിയിറങ്ങി പോത്തുകളെ കൊന്നു.
പത്തരക്കുണ്ട് കട്ടക്കയം രാരിച്ചന്റെ പറമ്പില്‍ കെട്ടിയിട്ടിരുന്ന പോത്തുകളെയാണ് പുലി കൊന്നത്. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാത്രിയിലുമായാണ് ഇവിടെ പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പലപ്പോഴായി രാരിച്ചന്റെ ഏഴ് പോത്തുകളെ ഇവിടെ പുലി കൊന്നു തിന്നിരുന്നു. റബര്‍തോട്ടത്തില്‍ കെട്ടിയിടുന്ന പോത്തുകളെയാണ് പുലിയിറങ്ങി കൊന്നു തിന്നുന്നത്. നേരത്തെ കൊന്ന പോത്തുകളുടെ മാംസം കുറച്ചുമാത്രമേ പുലി ഭക്ഷിച്ചിരുന്നൂള്ളു. എന്നാല്‍ വെള്ളിയാഴ്ച രാത്രി കൊന്ന പോത്തിന്റെ ശരീരഭാഗങ്ങള്‍ പകുതിയോളം തിന്നു തീര്‍ത്ത നിലയിലാണ്. പുലിയും കാട്ടാനയും അടക്കമുള്ള വന്യമൃഗങ്ങള്‍ തോട്ടത്തിലേക്കിറങ്ങുന്നത് തടയുന്നതിനായി ചുറ്റും കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയെങ്കിലും പുലിയെ തടയാന്‍ ഇത് ഫലപ്രദമല്ലെന്നാണ് കഴിഞ്ഞ രാത്രികളില്‍ പോത്തുകളെ പുലി പിടിച്ച സംഭവം വ്യക്തമാക്കുന്നത്. വനാതിര്‍ത്തിയില്‍ വനം വകുപ്പും ഇവിടെ സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പുലിയിറങ്ങി പോത്തുകളെ കൊന്നു തിന്ന സാഹചര്യം കണക്കിലെടുത്ത് പുലിയെ പിടികൂടുന്നതിനായി വനപാലകര്‍ ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. ഒരു വര്‍ഷത്തോളം കൂട് സ്ഥാപിച്ച് പുലിക്കായി കാത്തിരുന്നെങ്കിലും പുലി അകപ്പെട്ടില്ല. മൂന്നാഴ്ച മുമ്പാണ് വനപാലകര്‍ ഇവിടെ നിന്ന് കൂട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയത്. ഇതിനു തൊട്ടുപിന്നാലെ വീണ്ടും പുലിയിറങ്ങി പോത്തുകളെ കൊല്ലാന്‍ തുടങ്ങി. വെള്ളിയാഴ്ച രാത്രി പുലിയുടെ ആക്രമണത്തില്‍ ചത്ത പോത്തിനെ വെള്ളിക്കുളങ്ങര വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വെള്ളിക്കുളങ്ങര ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.എസ്.ഷൈലന്റെ നേതൃത്വത്തില്‍ വനപാലക സംഘവും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
കൊടുങ്ങല്ലൂര്‍ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂരില്‍ സംഘടിച്ച അംബേദ്കര്‍ ദിനാഘോഷം കാസര്‍കോട്ടെ ആദിവാസി മുപ്പനായ മറുവന്‍ ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത വാദ്യമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനം. നഗരസഭാ ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ഇ.സി.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. വി.ആര്‍.സുനില്‍ കുമാര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.സി.വിപിന്‍ചന്ദ്രന്‍, കെ.എ.രമേശന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. അംബേദ്ക്കര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ ഘോഷയാത്ര നടന്നു. വിവിധ നാടന്‍കലാരൂപങ്ങളുടെ അവതരണം ഘോഷയാത്രക്ക് അഴകേകി
വെള്ളിക്കുളങ്ങര വെള്ളിക്കുളങ്ങര പത്തരക്കുണ്ടില്‍ വീണ്ടും പുലിയിറങ്ങി പോത്തുകളെ കൊന്നു.
പത്തരക്കുണ്ട് കട്ടക്കയം രാരിച്ചന്റെ പറമ്പില്‍ കെട്ടിയിട്ടിരുന്ന പോത്തുകളെയാണ് പുലി കൊന്നത്. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാത്രിയിലുമായാണ് ഇവിടെ പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇവിടെ പലപ്പോഴായി പോത്തുകളെ പുലി കൊന്നുതിന്നിരുന്നു. പുലിയുടെ ശല്യം തടയുന്നതിനായി രാരിച്ചന്‍ പറമ്പിനു ചുറ്റും വൈദ്യുതി കമ്പിവേലി കെട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. വനാതിര്‍ത്തിയില്‍ വനംവകുപ്പും ഇവിടെ സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ട്.
എരുമപ്പെട്ടി എരുമപ്പെട്ടി കടങ്ങോട് മണ്ടംപറമ്പില്‍ നിന്നു ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന നൂറ് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എരുമപ്പെട്ടി പോലീസ് പിടികൂടി.
ചാരായം വാറ്റിയിരുന്ന മണ്ടംപറമ്പ് പാലക്കല്‍ സുനിലിനെ അഡീഷണല്‍ എസ്.ഐ. -എ.എ. തങ്കച്ചന്‍ അറസ്റ്റ് ചെയ്തു. മണ്ടംപറമ്പ് ചെങ്ങാലിപ്പാടത്തിനോട് ചേര്‍ന്നുള്ള ഇയാളുടെ വീട്ടിലാണ് ഡ്രമ്മിലും വലിയ ചെമ്പുകളിലും വാഷ് കലക്കി സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ.ഉമേഷ്, സഞ്ജയ്, സിവില്‍ പോലീസ് ഓഫീസര്‍ സുധാകരന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
തൃശൂര്‍ പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ പ്രതിഷേധ സമരപരിപാടികളുമായി രംഗത്ത്.
ഓട്ടോമൊബൈല്‍ തൊഴില്‍ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് 18ന് ജില്ലാതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും, 19ന് രാജ്ഭവനും ഉപരോധിക്കും. തൃശൂരില്‍ ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നില്‍ നടത്തുന്ന ഉപരോധ സമരം സി.എന്‍ ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ഭാരവാഹികളായ സി.കെ.രാജന്‍, ഒ.എസ് .മണിരഥന്‍, വി.കെ സുനില്‍കുമാര്‍, പി.വി.വിനോദ് കുമാര്‍, ജി.ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
എരുമപ്പെട്ടി ബസില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു.
എരുമപ്പെട്ടി മങ്ങാട് നെല്ലുവായ് തെക്കുമുറിയില്‍ നിര്‍മ്മലയുടെ മൂന്നര പവന്റെ സ്വര്‍ണമാലയാണ് കവര്‍ന്നത്. വടക്കാഞ്ചേരിയില്‍ നിന്ന് സ്വകാര്യബസില്‍ മങ്ങാട്ടേക്ക് വരുന്നതിനിടയിലാണ് മോഷണം നടന്നത്. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തൃശൂര്‍ ജിഷ്ണുക്കേസിലെ പ്രതികള്‍ക്ക് അഡ്വ.ആളൂര്‍ അഭിഭാഷകനായേക്കും എന്ന വിധം ചില പത്രങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒ- ഡോ.കൃഷ്ണകുമാര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി.ഇ.ഒ അറിയിച്ചു.
ചേര്‍പ്പ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ ചേര്‍പ്പ് എട്ടുമനയില്‍ ആയിരത്തിലധികം വാഴകള്‍ നശിച്ചു.
പടിപ്പുരക്കല്‍ ഓമനയുടെ ഉടമസ്ഥതയില്‍ കൃഷിചെയ്ത വാഴകളാണ് നശിച്ചത്. ബാങ്കില്‍ നിന്നു വായ്പ എടുത്താണ് കൃഷി നടത്തിയിരുന്നത്.
ചേര്‍പ്പ് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ദേവാലയത്തില്‍ നടന്ന ദു:ഖ ശനി കര്‍മ്മങ്ങള്‍ക്ക് അതിരൂപത മെത്രാപോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു.
വിശ്വാസികള്‍ മെഴുകുതിരി കത്തിച്ച് മാമോദീസ വ്രത വാഗ്ദാന നവീകരണ പ്രതിജ്ഞ നടത്തി. ഇന്ന് രാത്രി 11.30ന് ഉയര്‍പ്പ് തിരുകര്‍മ്മങ്ങള്‍ നടക്കും. ഫൊറോന വികാരി ഫാ. പോള്‍ താണിക്കല്‍ ഫാ. ജോര്‍ജ്ജ് തേറാട്ടില്‍ എന്നിവര്‍ കാര്‍മികരാകും.
എരുമപ്പെട്ടി കടങ്ങോട് കൈകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നിറമാലയോടനുബന്ധിച്ച് ആചാരപ്രകാരമുള്ള വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ടൂറിസ്റ്റ് മാപ്പില്‍ ഇടം നേടാത്ത ക്ഷേത്രങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്തുന്നതിന് അനുമതി നേടിത്തരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് പി.ടി.സുരേന്ദ്രന്‍ അധ്യക്ഷനായി. കെ.മുരളി, വി.ഭാസ്‌ക്കരന്‍, ധനഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ ബഹിരാകാശ ഗവേഷണരംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയില്‍ ഐ.എസ്.ആര്‍.ഒ. പവലിയന്‍ ആരംഭിച്ചു.
പൂരം പ്രദര്‍ശന കമ്മിറ്റി പ്രസിഡന്റ് ഡോ.എം.ബാലഗോപാലന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു. പൂരം പ്രദര്‍ശന കമ്മിറ്റി സെക്രട്ടറി കെ.വിജയരാഘവന്‍, ട്രഷറര്‍ വിശ്വം വാര്യര്‍, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ടി.ടി.ഡി.ജി വകുപ്പു മേധാവി വിജയമോഹന്‍ കുമാര്‍, ഐ.എസ്.ആര്‍.ഒ.ഉദ്യോഗസ്ഥരായ ഹേമന്ത്‌ലാല്‍, സുനില്‍കുമാര്‍, കെ.സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 22 രാജ്യങ്ങളുടെ 180 സാറ്റ്‌ലൈറ്റുകളുമായി കുതിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യയുടെ പി.എസ്.എല്‍.വി വിക്ഷേപണമടക്കം ബഹിരാകാശ ഗവേഷണത്തില്‍ നേടിയ അഭിമാനര്‍ഹമായ നേട്ടങ്ങള്‍ പൊതുജനങ്ങളെ പവലിയനില്‍ പരിചയപ്പെടുത്തും. മിനിയേച്ചര്‍ മോഡലുകളോടു കൂടി രാജ്യം കൈവരിച്ച അഭിമാന നേട്ടങ്ങളെ അടുത്തറിയാനും ഐ.എസ്.ആര്‍.ഒ. പവലിയന്‍ സന്ദര്‍ശിക്കുന്നവര്‍ക്കു സാധിക്കും.
തൃശൂര്‍ മണിയന്‍ കിണര്‍ ആദിവാസി കോളനിയില്‍ വൈദ്യുതി ബന്ധമില്ലാത്തതിനാല്‍ 2 ദിവസമായി ആദിവാസി ഊരുകള്‍ ഇരുട്ടില്‍.
വിഷുദിനത്തില്‍ കുടിവെള്ളം പോലും കിട്ടാതെ ആദിവാസികള്‍ ഏറെ ബുദ്ധിമുട്ടി.
ചാവക്കാട് പാലയൂര്‍ മാര്‍ തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ ദുഖവെള്ളിയാചരിച്ചു.
തിരുക്കര്‍മ്മങ്ങള്‍ക്ക് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ മുഖ്യ കാര്‍മികനായി. ദിവ്യബലി, പീഡാനുഭവ ചരിത്രവായന, കുരിശുചായ്ക്കല്‍, എന്നിവക്ക് ശേഷം പുത്തന്‍പാന പാരായണവുമുണ്ടായിരുന്നു. പാലയൂര്‍, പാലുവായ്, മമ്മിയൂര്‍ മേഖലകളില്‍ നിന്ന് കുരിശിന്റെ വഴി പ്രദക്ഷിണം തീര്‍ത്ഥകേന്ദ്രത്തിലെത്തി. തുടര്‍ന്ന് ചാവക്കാട് ടൗണിലേക്ക് നഗരികാണിക്കല്‍ പ്രദക്ഷിണം നടന്നു.
ഗുരുവായൂര്‍ കോട്ടപ്പടി സെന്റ്‌ലാസേഴ്‌സ് പള്ളിയില്‍ ദു:ഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. നോബി അമ്പൂക്കന്‍ നേതൃത്വം നല്‍കി.
നഗരികാണിക്കല്‍ പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
എരുമപ്പെട്ടി കടങ്ങോട് ഉണ്ണിമിശിഹ ദേവാലയത്തില്‍ ദു:ഖ വെള്ളി ആചരിച്ചു.
പള്ളി വികാരി ഫാ. ഫെബിന്‍ കുത്തൂര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. തുടര്‍ന്ന് കുരിശിന്റെ വഴി പ്രഭക്ഷിണം നടന്നു. സി.എല്‍.സി അംഗങ്ങള്‍ യേശുദേവന്റെ പീഡാനുഭവത്തിന്റെ നിശ്ചല ദൃശ്യവും ഒരിക്കിയിരുന്നു.
ഗുരുവായൂര്‍ ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ദു:ഖവെള്ളി ആചരിച്ചു.
ദേവാലയത്തില്‍ പീഡാനുഭവ ചരിത്രാവതരണം, ദിവ്യകാരുണ്യ പ്രദക്ഷിണം, രൂപം ചായ്ക്കല്‍ എന്നിവ ഉണ്ടായിരുന്നു. നഗരികാണിക്കല്‍ പ്രദക്ഷിണത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികനായി.
പാവറട്ടി ഏനാമാവ് കര്‍മല മാതാവിന്‍ ദേവാലയത്തില്‍ ദുഃഖവെള്ളിയാഴ്ചയോടനുബന്ധിച്ച് കുരിശിന്റെ വഴി നടന്നു.
വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ നേതൃത്വം നല്‍കി. പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥ കേന്ദ്രത്തില്‍ നടന്ന നഗരി കാണിക്കല്‍ ചടങ്ങിന് വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ അണിനിരന്നു. മുല്ലശേരി നല്ല ഇടയന്‍ ദേവാലയത്തില്‍ നടന്ന നഗരികാണിക്കല്‍ ചടങ്ങിന് വികാരി ഫാ. സോളി തട്ടില്‍ നേതൃത്വം വഹിച്ചു.
പുതുക്കാട് പുതുക്കാട് മേഖലയിലെ ദേവാലയങ്ങളില്‍ വിവിധ ചടങ്ങുകളോടെ ദു:ഖവെള്ളി ആചരിച്ചു.
പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തില്‍ നടന്ന പരിഹാര പ്രദക്ഷിണത്തില്‍ നൂറ്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്ന കുരിശിന്റെ വഴിയില്‍ പീഡാനുഭവ സ്മരണയില്‍ നിശ്ചലദൃശ്യങ്ങളും ഒരുക്കിയിരുന്നു.
എരുമപ്പെട്ടി എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ദേവാലയത്തില്‍ ദു:ഖ വെള്ളി ആചരിച്ചു.
ദിവ്യബലിക്ക് ശേഷം നടന്ന പരിഹാര ശുശ്രൂഷകള്‍ക്ക് ഫൊറോന വികാരി ഫാ. പോള്‍ താണിക്കല്‍ മുഖ്യ കാര്‍മികനായി. തുടര്‍ന്ന് പള്ളിയില്‍ നിന്ന് നഗരികാണിക്കല്‍ പ്രദക്ഷിണം നടന്നു.
എരുമപ്പെട്ടി എരുമപ്പെട്ടി വെള്ളറക്കാട് സെന്റ് ഫ്രാന്‍സീസ് സേവിയര്‍ ദേവാലയത്തില്‍ ദു:ഖ വെള്ളി ആചരിച്ചു.
ദിവ്യബലിക്ക് ശേഷം നടന്ന പരിഹാര ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ലിന്റോ തട്ടില്‍ മുഖ്യ കാര്‍മികനായി. തുടര്‍ന്ന് പള്ളിയില്‍ നിന്ന് കുരിശിന്റെ വഴിയും നഗരികാണിക്കല്‍ പ്രദക്ഷിണവും നടന്നു. യേശുദേവന്റെ പീഡാനുഭവങ്ങളെ സ്മരിച്ച് കൊണ്ട് നിശ്ചല ദൃശ്യങ്ങളും ഒരുക്കിയിരുന്നു. പന്നിത്തടം സെന്ററില്‍ നടന്ന സമാപന ചടങ്ങില്‍ ഫാ. സാജു വടക്കേത്തല സന്ദേശം നല്‍കി.
മുണ്ടൂര്‍ ദുഃഖവെള്ളിയുടെ സ്മരണകളുണര്‍ത്തി മുണ്ടൂര്‍ കര്‍മലമാതാവിന്‍ ദേവാലയത്തില്‍ നടന്ന നഗരി കാണിക്കല്‍ പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
പീഢാനുഭവ സ്മരണകളുണര്‍ത്തുന്ന പ്ലോട്ടുകളും പ്രദക്ഷിണത്തില്‍ ഒരുക്കിയിരുന്നു. പള്ളി വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കല്‍, അസിസ്റ്റന്റ് വികാരി ക്രിസ്റ്റോ തുടങ്ങിയവര്‍ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി.
പുന്നയൂര്‍കുളം നായരങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു.
വടക്കേക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറാണ് കുരിശ് പള്ളിക്ക് സമീപമുള്ള തിരിവില്‍ നീയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. തൊഴിയൂര്‍ സ്വദേശി റഫീഖ് സഞ്ചരിച്ചിരുന്ന കാറാണ് മറിഞ്ഞത്. തലയ്ക്ക് പരിക്കേറ്റ റഫീഖിനെ തൊഴിയുര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.
ഗുരുവായൂര്‍ വിഷു ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നൂറിലധികം പേര്‍ക്ക് പ്രസാദ ഊട്ട് ലഭിച്ചില്ലെന്ന് പരാതി.
വൈകീട്ട് നാല് വരെ വരിയില്‍ നിന്നിട്ടും പ്രസാദ് ഊട്ട് ലഭിച്ചില്ലെന്ന് കാണിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍, നേരത്തെ അറിയിച്ചതനുസരിച്ച് മൂന്നര വരെ പ്രസാദ ഊട്ട് നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
പാവറട്ടി കണ്ണോത്ത് കുന്നത്തുള്ളി ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വിഷു മഹോത്സവം ആഘോഷിച്ചു.
പൂജാ കര്‍മ്മങ്ങള്‍ക്ക് പറമ്പന്‍തളി വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി കാര്‍മികത്വം വഹിച്ചു.
ചാലക്കുടി അംബേദ്കര്‍ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടിയില്‍ ഡോ. ബി.ആര്‍. അംബേദ്ക്കറുടെ ജന്മദിനവും കെ.കെ. പങ്കിയുടെ തൊണ്ണൂറ്റി രണ്ടാം ജന്മദിനവും ആഘോഷിച്ചു.
സൗത്ത് ജംഗ്ഷനില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി. സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കര്‍ദാസ്, സമിതി ഭാരവാഹികളായ കെ.ആര്‍.കേളപ്പന്‍, സുബ്രഹ്മണ്യന്‍ ഇരിപ്പശേരി എന്നിവര്‍ സംസാരിച്ചു.
പുതുക്കാട് കാഞ്ഞൂര്‍ ശ്രീധരപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ വിഷുപ്പൂരം ആഘോഷിച്ചു.
കൊടകര ഉണ്ണിയുടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും, കാഞ്ഞൂര്‍ മനയ്ക്കല്‍ നിന്നു പഞ്ചവാദ്യത്തോടെ ക്ഷേത്രസന്നിധിയിലേക്ക് എഴുന്നള്ളിപ്പും നടന്നു. ശുകപുരം ദിലീപിന്റെ നേതൃത്വത്തിലുള്ള തായമ്പകയും അരങ്ങേറി.
അന്തിക്കാട് പെരിങ്ങോട്ടുകര മലയാളം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനരായ 100 കുടുംബങ്ങള്‍ക്ക് വിഷുക്കിറ്റ് വിതരണം നടത്തി.
അഡ്വ. എ.യു. രഘുരാമ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജ്യോതിഷ് തണ്ടാശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്ണന്‍ വേളേക്കാട്ട് , സത്യന്‍ മേലേടത്ത്, ആന്റോ തൊറയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുന്നയൂര്‍ക്കുളം ലക്ഷങ്ങള്‍ ചെലവിട്ട് നവീകരിച്ച വടക്കേക്കാട് പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ മൃതദേഹം ദഹിപ്പിക്കാനാവുന്നില്ലെന്ന് പരാതി.
ആധുനിക രീതിയില്‍ പുതുക്കിപ്പണിത ക്രിമിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന മൃതദേഹം ദഹിപ്പിക്കാനായില്ല. പുറത്ത് ചിതയൊരുക്കിയാണ് മൃതദേഹം ദഹിപ്പിച്ചത്. വടക്കേക്കാട് പഞ്ചായത്ത് മുന്‍ ഭരണസമിതിയാണ് ശ്മശാനം നവീകരിക്കാന്‍ ഫണ്ട് വകയിരുത്തിയത്.
കുന്നംകുളം അയിനൂരി്ല്‍ മോണിംഗ് സ്റ്റാര്‍ ടൂര്‍ സംഘം സംഘടിപ്പിച്ച വിഷുകൈനീട്ടം പരിപാടി മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
സ്വയം തൊഴില്‍ പരിശീലനമോ, സഹായമോ ആരംഭിച്ച് പട്ടിണി കൂടാതെ കുടംബം പോറ്റാനുള്ള മാര്‍ഗ്ഗം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. മേഖലയിലെ 120 വയോധികര്‍ക്ക് 200 രൂപ വീതമുള്ള വിഷുകൈനീട്ടവും, ചികിത്സാ സഹായവു മന്ത്രി വിതരണം ചെയ്തു, പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന്‍ അധ്യക്ഷനായിരുന്നു. എന്‍.സത്യന്‍, പി.സി.ചന്ദ്രന്‍, എ.ഡി.രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചാലക്കുടി മേലൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മേലൂര്‍ മൂഴിക്കകടവ് സ്വദേശി 28 വയസുള്ള അനില്‍കുമാറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മേലൂര്‍ കിഴക്കുഞ്ചേരി ശേഖരന്റെ മകന്‍ നിധിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലൂര്‍ ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അനില്‍കുമാര്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുത്രിയില്‍ വച്ചാണ് മരിച്ചത്.
തൃശൂര്‍ ദുഃഖവെള്ളിയോടനുബന്ധിച്ച് തൃശൂര്‍ വ്യാകുലമാതാവിന്‍ ബസലിക്കയുടെ നേതൃത്വത്തില്‍ നടന്ന നഗരികാണിക്കല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായി.
സ്ത്രീകളും കുട്ടികളുമടങ്ങിയ നിരവധി വിശ്വാസികളും ഇടവകാംഗങ്ങളും പ്രാര്‍ത്ഥനകള്‍ ചൊല്ലി പ്രദക്ഷിണത്തില്‍ അണിചേര്‍ന്നു. കുരിശും പേപ്പല്‍ പതാകയുമെന്തി തൃശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി നടന്ന പ്രദക്ഷിണത്തില്‍ യേശുവിന്റെ പീഢാനുഭവങ്ങളും കുരിശു മരണവുമെല്ലാം പശ്ചാത്തലമാക്കിയ നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു. അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി.
അയ്യന്തോള്‍ ദുഃഖവെള്ളിയാചരണത്തോടനുബന്ധിച്ച് അയ്യന്തോള്‍ സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയില്‍ നടന്ന നഗരികാണിക്കല്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
ഭാരമേറിയ മരക്കുരിശുമേന്തി വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ദുഃഖവെള്ളിയുടെ പീഡാനുഭവ സ്മരണകള്‍ പകര്‍ന്ന് പ്രാര്‍ത്ഥനാനിര്‍ഭരമായ മനസോടെ പ്രായഭേദമന്യേ നിരവധി വിശ്വാസികള്‍ നഗരികാണിക്കല്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. പള്ളി വികാരി ഫാ.ജോയ് അടമ്പുകുളം പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി.
തൃശൂര്‍ കോഫി ബോര്‍ഡ് ജീവനക്കാര്‍ക്ക് ഇത്തവണത്തേത് ദുരിതം നിറഞ്ഞ വിഷു - ഈസ്റ്റര്‍ ആഘോഷം.
ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോഫി ബോര്‍ഡ് ജീവനക്കാര്‍ സമരമുഖത്താണ്. മാര്‍ച്ച് മാസത്തിലെ ശമ്പളം ലഭിക്കാത്തതാണ് ഇവരുടെ വിഷു - ഈസ്റ്റര്‍ ആഘോഷങ്ങളില്‍ കരിനിഴല്‍ പരത്തുന്നത്. ശമ്പളം വിതരണം ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടുവെങ്കിലും ഇതു പ്രായോഗികമായിട്ടില്ല. ശമ്പളബില്‍ തയ്യാറാക്കണമെങ്കില്‍ പഴയ സെക്രട്ടറിയെ ഏല്‍പ്പിച്ചാല്‍ മാത്രമേ നടക്കൂ എന്നതാണ് നിലവിലെ സ്ഥിതി. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇതിനു തയ്യാറാകാത്തതാണ് ശമ്പള വിതരണം നടക്കാത്തതിനു കാരണമെന്നാണ് ജീവനക്കാരുടെ ആക്ഷേപം. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റതിനൊപ്പം കോഫി ഹൗസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതാണ് ജീവനക്കാര്‍ക്ക് തിരിച്ചടിയായത്. മുടങ്ങിയ ശമ്പള ബില്‍ തയ്യാറാക്കി വിതരണം ചെയ്യണമെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
പുത്തൂര്‍, വെട്ടുക്കാട് കഴിഞ്ഞ ദിവസം കനത്ത മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായ പുത്തൂര്‍, വെട്ടുക്കാട് എന്നിവിടങ്ങള്‍ കെ.രാജന്‍ എം.എല്‍.എ, കളക്ടര്‍ ഡോ.എ.കൗശികന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
ഈ മേഖലയില്‍ നാലായിരം വാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണിരുന്നു. കാറ്റിലും ഇടിമിന്നലിലും നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണ് വീടുകള്‍ക്കും മറ്റും നാശനഷ്ടമുണ്ടായി. പാണഞ്ചേരി, മാടക്കത്തറ മേഖലയിലും കാറ്റും ഇടിമിന്നലും നാശം വിതച്ചിരുന്നു. ഇവര്‍ക്കുള്ള ദുരിതാശ്വാസ നടപടികള്‍ക്കായുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എം.എല്‍.എയും കളക്ടറും അറിയിച്ചു. കൃഷി ഓഫീസര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരും നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ സംഘത്തിലുണ്ടായിരുന്നു
ചാവക്കാട് കടലില്‍ മുങ്ങിക്കൊണ്ടിരുന്ന യുവാവിനെ രക്ഷിച്ച യുവാക്കളെയും സ്‌കൗട്ട് ആന്റ് ഗൈഡ്‌സിനുള്ള രാഷ്ട്രപതി പുരസ്‌കാരം ലഭിച്ച വിദ്യാര്‍ത്ഥിനികളേയും ഇരട്ടപ്പുഴ ഫൈറ്റേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.
അഡീഷണല്‍ എസ്.ഐ.-ജിജിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചന അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.കെ.ഷണ്‍മുഖന്‍, സി.എസ്.പ്രണവ്, സജിന്‍ ആലുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃപ്രയാര്‍ ഉറ്റവര്‍ ആരെന്ന ഓര്‍മ്മപോലുമില്ലാതെ കടത്തിണ്ണയില്‍ കഴിഞ്ഞ വൃദ്ധന് വിഷു കൈനീട്ടവുമായി നാട്ടികയിലെ ഓട്ടോഡ്രൈവര്‍.
അന്തോണിയെന്ന എഴുപതുകാരനാണ് ദുഃഖവെള്ളി ദിനത്തില്‍ വിഷുകൈനീട്ടം ലഭിച്ചത്. തൃപ്രയാര്‍ പോളി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍ കാളക്കൊടുവത്ത് സന്തോഷാണ് മനുഷ്യത്വത്തിന്റെ മാതൃകയായത്. മനോനില തെറ്റിയും മറ്റുരോഗികളായും തൃപ്രയാറില്‍ എത്തുന്നവര്‍ക്ക് നിശബ്ദ സേവകനാണ് ഓട്ടോ ഡ്രൈവര്‍ സന്തോഷ്. ഇത്തരക്കാരുടെ മുടിവെട്ടിക്കൊടുത്ത് പുതുവസ്ത്രവും ഭക്ഷണവും സമ്മാനിക്കുന്നതിലാണ് ഓട്ടോ ഡ്രൈവറുടെ സന്തോഷം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പോളി ജംഗ്ഷന് സമീപത്തെ പഴയ കള്ളുഷാപ്പിനരികില്‍ വൃദ്ധനെ ഇയാള്‍ കണ്ടെത്തുന്നത്. വൃദ്ധന്റെ ദയനീയ കാഴ്ച തിരിച്ചറിഞ്ഞതോടെ സഹായത്തിനായി ഓട്ടോ ഡ്രൈവര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. പഴയ വസ്ത്രങ്ങള്‍ ധരിച്ച് കിടന്നിരുന്ന വൃദ്ധനെ വിളിച്ച് ഓട്ടോ ഡ്രൈവര്‍ സന്തോഷ് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന് വിഷു സദ്യയും ചെറിയൊരു വിഷുകൈനീട്ടവും നല്‍കി.. ഓട്ടോ ഡ്രൈവര്‍ക്കൊപ്പം സമീപവാസികളും ഇയാള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയിരുന്നു. പ്രദേശവാസിയായ യുവാവ് വൃദ്ധന് സമീപത്തെ വ്യാപാരസ്ഥാപനത്തിലെ കാന്റീനില്‍ അത്താഴം നല്‍കാന്‍ തയ്യാറായിട്ടുണ്ട്. വൃദ്ധന് അന്തിയുറങ്ങാന്‍ സുരക്ഷിതമായൊരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓട്ടോഡ്രൈവര്‍ സന്തോഷ്
എരുമപ്പെട്ടി എരുമപ്പെട്ടി മങ്ങാട് കാറും ബൈക്കുംകൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
കടങ്ങോട് കുഴിപ്പമ്പില്‍ അഭിജിത്തിനാണ് പരിക്കേറ്റത്. മങ്ങാട് അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. കാലിന് സാരമായി പരിക്കേറ്റ അഭിജിത്തിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാവക്കാട് എടക്കഴിയൂര്‍ അഫയന്‍സ് അസോസിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിഷു ദിനത്തില്‍ അശരണര്‍ക്കു പൊതിച്ചോര്‍ നല്‍കി.
ചാവക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും, ഗുരുവായൂര്‍ ബസ് സ്റ്റാന്റ്, അമ്പലത്തിന്റെ കിഴക്കേ നട, പടിഞ്ഞാറേ നടയിലെ തെരുവ് എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്കു വിഷുസദ്യ നല്‍കി. എം.കെ.സിദ്ധി,കെ. സഫീര്‍ ,എന്‍. ശുഐബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ചാലക്കുടി ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകള്‍ പുതുക്കി ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു.
പീഡാനുഭവന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോസ് പാലാട്ടി, ഫാ.ഫ്രാന്‍സന്‍ തന്നാടന്‍ എന്നിവര്‍ കാര്‍മ്മികത്വം. വഹിച്ചു.
പുന്നയൂര്‍ക്കുളം വടക്കേക്കാട് കൊമ്പത്തയില്‍ പടയിലെ പുലിക്കോട്ടില്‍ ഷാജുവിന്റെ പലചരക്ക് -സ്റ്റേഷനറി കടയില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം.
കടയില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും, പെട്ടികള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 6 മാസം മുമ്പും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ട്. വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.
എരുമപ്പെട്ടി കടക്കുഴി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിഷുവം കലാസന്ധ്യ സംഘടിപ്പിച്ചു.
തായമ്പക ചക്രവര്‍ത്തി കല്ലൂര്‍ രാമന്‍കുട്ടിമാരാരുടെ നേത്യത്വത്തില്‍ അവതരിപ്പിച്ച തായമ്പക മേളപ്രേമികളെ ആവേശത്തിലാഴ്ത്തി. തുടര്‍ന്ന് ഇടയ്ക്ക വിദ്വാന്‍ തിച്ചൂര്‍ മോഹനന്റെ സോപാന സംഗീതവും അരങ്ങേറി. കല്ലൂര്‍ രാമന്‍കുട്ടി മാരാരേയും തിച്ചൂര്‍ മോഹനനേയും സിനിമതാരം ജയരാജ് വാര്യര്‍ പൊന്നാട അണിയിച്ചാദരിച്ചു. കുടക്കുഴിയുടെ ചരിത്രവും ഐതിഹ്യവും പുരാവസ്തു പ്രാധാന്യവും ഉള്‍പ്പെടുത്തിയ നാട്ടിടവഴികളിലെ പൂക്കാലം എന്ന ലിറ്റില്‍ മാഗസിന്റെ പ്രകാശനം യു.ആര്‍.പ്രദീപ് എം.എല്‍.എ നിര്‍വ്വഹിച്ചു. കടക്കുഴി സ്വദേശി വിനുലാല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ശിവസ്തുതി ഓഡിയോ സി.ഡി.യുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. കടബാധ്യത മൂലം ജീവനൊടുക്കിയ കടങ്ങോട് കൊട്ടിലിപറമ്പില്‍ സുരേഷ്‌കുമാറിന്റെ മകള്‍ വൈഷ്ണവിക്ക് 'സാന്ത്വനം സ്പര്‍ശം' ധനസഹായം ചടങ്ങില്‍ കൈമാറി. ഭാരവാഹികളായ അഡ്വ. ഇ.പ്രജിത്ത്കുമാര്‍, റോഷന്‍ അലങ്കാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
വടക്കാഞ്ചേരി ദു:ഖവെള്ളി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ടു വയോധികരുടെ സ്വര്‍ണമാലകള്‍ കവര്‍ന്നു.
വടക്കാഞ്ചേരി ഫൊറോന പള്ളിയില്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ കാട്ടിലങ്ങാടി മേക്കാനത്ത് മേരിയുടെ ഒന്നരപവന്റെ സ്വര്‍ണമാലയും , പുല്ലാനിക്കാട് ത്രേസ്യയുടെ രണ്ട് പവന്റെ സ്വര്‍ണമാലയുമാണ് മോഷണം പോയത്. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
തൃപ്രയാര്‍ വലപ്പാട് ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിഷുസദ്യയുമായി കരയാമുട്ടം വിവേകാനന്ദ സേവാകേന്ദ്രം പ്രവര്‍ത്തകരെത്തി.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും സേവാകേന്ദ്രം പ്രവര്‍ത്തകര്‍ വിഷുസദ്യയൊരുക്കുന്നത്. വിഷു, ഓണം തുടങ്ങിയ വിശേഷ ദിവസങ്ങള്‍ക്കു പുറമേ ഉച്ചയ്ക്ക് ഭക്ഷണവും രാത്രിയില്‍ കഞ്ഞിയും സേവാകേന്ദ്രം പ്രവര്‍ത്തകര്‍ നല്‍കി വരുന്നുണ്ട്. തൃപ്രയാര്‍ ജെ.സി.ഐ. പ്രസിഡന്റ് ഡോ. പ്രത്യുഷ് പൊക്കാഞ്ചേരി സദ്യയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സേവാകേന്ദ്രം പ്രസിഡന്റ് എന്‍.എസ്.സജീഷ് അധ്യക്ഷനായിരുന്നു.
ഏങ്ങണ്ടിയൂര്‍ ഏങ്ങണ്ടിയൂര്‍ എം.ഐ.മിഷന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലെ നിര്‍ധനരായ രോഗികള്‍ക്ക് വിഷുകൈനീട്ടം നല്‍കി.
എം.ഐ.മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ.ഫ്രാന്‍സീസ് ആലപ്പാട്ട് വിഷുകൈനീട്ടമായി വസ്ത്രങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ നിരവധി പേര്‍ക്കാണ് വിഷുകൈനീട്ടം നല്‍കിയത്. രോഗികള്‍ക്കും മറ്റുമായി ആശുപത്രിയില്‍ അന്നദാനവും ഉണ്ടായി. വര്‍ഷങ്ങളായി ഫാ.ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ വിഷുദിനത്തിലും മറ്റും സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.
മാള വിഷു ദിനത്തില്‍ വെള്ളം വിതരണം ചെയ്ത് പൊയ്യ പഞ്ചായത്തിലെ ബി.ജെ.പി.പ്രവര്‍ത്തകര്‍ മാതൃകയായി.
കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പൊയ്യ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് ബി.ജെ.പി.പ്രവര്‍ത്തകര്‍ വെള്ളമെത്തിച്ചത്. ബി.ജെ.പി. നേതാക്കളായ സി.എം.സദാശിവന്‍, പി.പി.രാജന്‍, ദീപ രാജേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വെള്ളമെത്തിച്ചത്
എരുമപ്പെട്ടി കടങ്ങോട് സ്വാമിപ്പടിയില്‍ കുട്ടികള്‍ ഒരുക്കിയ വിഷുക്കണി ശ്രദ്ധയാഘര്‍ഷിച്ചു.
മലര്‍വാടി ബാലസംഘത്തിന്റെ നേതൃത്വത്തിലാണ് വിഷുക്കണിയൊരുക്കിയത്. ബാലസംഘം പ്രസിഡന്റ് ഋതംഭര ഹരിദാസ്, സെക്രട്ടറി മേഘ മുരളീധരന്‍, ആര്യനന്ദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍ തൃശൂര്‍ എം.ജി റോഡ് വികസനം സബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സ്ഥലം ഏറ്റെടുക്കുന്നതില്‍ സമവായം ഉണ്ടാക്കാന്‍ കോര്‍പറേഷന് സാധിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം.
എം.ജി റോഡ് വികസനം വീതി കൂട്ടുന്നത് സംബന്ധിച്ച് കോര്‍പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി. സുങ്കുമാരന്‍ കണ്‍വീനറായി റോഡ് വികസന കമ്മിറ്റി രൂപികരിച്ചുവെങ്കിലും തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ എം.ഝഇ റോഡ് വികസന കമ്മിറ്റി നെല്ലപോക്ക് നയമാണ് തുടരുന്നുത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടകികള്‍ പൂര്‍ത്തിയാക്കാനയില്ല. നൂറ്റിയമ്പതിലധികം വ്യാപാര സ്താപനങ്ങള്‍ ഉള്ള എം.ജി റോഡില്‍ 12 വ്യാപര സ്ഥാപനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിക്കേണ്ടിവരും, പടിഞ്ഞാറെ കോട്ടയിലേ കോര്‍പറേഷന്റെ കീഴിലുള്ള സ്ഥലത്ത് എം.ജി റോഡില്‍ നിന്ന് ഒഴിപ്പിക്കുന്ന വ്യാപരസ്ഥാപനങ്ങളെ പുനസ്ഥാപിക്കാനായിരുന്നു നേരത്തെയുള്ള കോര്‍പറേഷന്റെ തീരുമാനം. എന്നാല്‍ പടിഞാറെ കോട്ടയില്‍ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒരു വിഭാഗം എതിര്‍പ്പുകളുമായി രംഗത്ത് വന്നതോടെ ബിന്ദു തിയ്യറ്ററിന് സമീപത്തേക്ക് ഒഴിപ്പിക്കുന്ന വ്യാപരസ്ഥപന ഉടമകളെ പുനരധിവസിപ്പിക്കേണ്ട് സ്ഥിതിയാണ്.ഇതിനായി താല്‍കാലിക ഷെഡ് നിര്‍മ്മാണം തുടങ്ങാനുള്ള ഒരുക്കത്തിലാണ് കോര്‍പറേഷന്‍. അതിനിടെ ഏറ്റെടുക്കുന്ന സ്ഥലഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം തുക നിശ്,യിക്കുന്നത് സംബന്ധിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കോര്‍പറേഷന്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാനയിട്ടില്ല. നടുവിലാലില്‍ റോഡ് വികസനത്തിനായി സ്ഥലം വിട്ട് നല്‍കിയ വ്യക്തിക്ക് കഴിഞ്ഞ കോര്‍പറേഷന്‍ ഭരണ സമിതി നിശ്ചയിച്ച തുകയോട് നിലവിലുള്ള ഭരണസമിതിക്ക് യോജിപ്പില്ലാത്തതാണ് ഇതിന് കാരണണായി ചൂണ്ടികാണിക്കുന്നത്. നടുവിലാലില്‍ സ്ഥംല വിട്ട് തന്ന വ്യക്തിക്ക് സെന്റിന് 47 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഭരണ സമിതിയുടെ തീരുമാനം ഏറ്റെടുത്ത് നടപ്പിലാക്കിയാല്‍ കോര്‍പറേഷന് വന്‍ സാമ്പത്തിക ബാധ്യതവരുമെന്നാണ് നിലവിലെ ഭരണസമിതി ചൂണ്ടികാണിക്കുന്നത്.
തൃശൂര്‍ ഐശ്വര്യപൂര്‍ണമായ കണി കണ്ടുണര്‍ന്ന് കൈനീട്ടം വാങ്ങിയ മലയാളി സ്വാദേറുന്ന വിഷുസദ്യയുണ്ട് നിര്‍വൃതിയടഞ്ഞു.
കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ചിരുന്നാണ് തൂശനിലയില്‍ 8 കൂട്ടം കറികളുമായുള്ള സദ്യ ഉണ്ടത്. കൊതിയൂറുന്ന നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ചുണ്ടാക്കുന്ന വിഷുക്കട്ട മലയാളിയുടെ എക്കാലത്തേയും ഇഷ്ട വിഭവമാണ്. ചക്ക എരിശേരി, മാമ്പഴ പുളിശേരി, പച്ചമാങ്ങാ അച്ചാര്‍, പഴമാങ്ങാക്കറി, ചക്കപായസം തുടങ്ങി കേരളത്തിന്റെ തനതു രുചിക്കൂട്ടുകളടങ്ങിയ വിഭവങ്ങള്‍ വിഷുസദ്യയിലുണ്ടായിരുന്നു.. ചക്ക വറുത്തത്, ചക്കപ്പുഴുക്ക്, ചക്ക പപ്പടം എന്നിവയും വിഷു സ്‌പെഷലുകളാണ്. കാലം മാറിയതോടൊപ്പം പാചക കലയിലും മാറ്റം വന്നെങ്കിലും പഴമയുടെ തനതു രുചിയില്‍ തന്നെയാണ് മലയാളി വീട്ടമ്മമാര്‍ ഇപ്പോഴും വിഷു വിഭവങ്ങളൊരുക്കിയത്. വിഷുവിന്റെ സ്വാദേറും ഓര്‍മ്മകള്‍ മനസില്‍ തെളിയുന്ന മലയാളികള്‍ക്ക് മറക്കാനാകാത്ത അനുഭൂതി തന്നെയാണ് കൊതിയൂറുന്ന വിഷു സദ്യയും സമ്മാനിച്ചത്.
കയ്പമംഗലം എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ നേതാവുമായ ടി.എം ഷാഫിയെയും കുടുംബത്തെയും ആക്രമിച്ചു.
ടി.എം.ഷാഫി ,ഭാര്യ സബിത, ഷാഫിയുടെ സഹോദരന്‍ ജലീല്‍ ,ഭാര്യ സജീനഎന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എടവിലങ്ങ് ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളിന് സമീപമുള്ള വീട്ടില്‍ ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച ചെറുപ്പക്കാരെ ഷാഫിയുടെ ജ്യേഷ്ഠന്‍ ജലീല്‍ വിരട്ടിയോടിച്ചിരുന്നു. തിരികെ പോയവര്‍ കൂടുതല്‍ ആളുകളുമായി മടങ്ങി വന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ഷാഫി പറഞ്ഞു. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് തങ്ങളെ ആക്രമിച്ചതെന്നും ഷാഫി ആരോപിച്ചു. മര്‍ദ്ദനത്തിനിരയായ ഷാഫിയുടെ ഭാര്യ സബിത കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.ജലീലിന് തലയ്ക്കും , ഭാര്യ സജീനയ്ക്ക് തോളെല്ലിനും പരിക്കേറ്റിട്ടുണ്ട് . കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു.
കയ്പമംഗലം കനത്ത കാറ്റിലും മഴയിലും എടത്തിരുത്തിയില്‍ നാശനഷ്ടം.
കൊല്ലാറ സെന്ററിന് കിഴക്ക് ഭാഗത്ത് പ്ലാവ് കടപുഴകി വീണ് വീട് തകര്‍ന്നു. ഐനിക്കല്‍ വീട്ടില്‍ ചക്കിയുടെ ഓടിട്ട വീടിന് മുകളിലാണ് പ്ലാവ് വീണത്. സംഭവസമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തൊട്ടടുത്ത കൊല്ലാറ ഹേമലാലിന്റെ വീട്ടിലെ പ്ലാവും, മാവും വൈദ്യുതി കമ്പിയിലേക്ക് ഒടിഞ്ഞു വീണു. കൊല്ലാറ ഷാജിയുടെ വാഴകളും, ജാതിയും ഒടിഞ്ഞു വീണിട്ടുണ്ട്.
ഇരിങ്ങാലക്കുട കാറളത്ത് കനത്ത കാറ്റില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.
എളങ്കുന്നപ്പുഴ സ്വദേശി കരുമ്പുള്ളി വീട്ടില്‍ യതീന്ദ്രന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്നലെ രാത്രിയാണ് സംഭവം.
മാള വിഷുപ്പുലരില്‍ മാള കുരുവിലശേരിയില്‍ വീടിന് നേരെ ഗുണ്ടാ ആക്രമണം.
ആക്രമണത്തില്‍ ഇളന്തക്കല്‍ വസന്തിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വസന്തിന്റെ വീടിന് നേരെ ഗുണ്ടും കല്ലും ഉപയോഗിച്ചുള്ള ആക്രമണം നടന്നത്.ഈ സമയത്ത് വസന്തിന്റെ ഭാര്യ അനുപമയും നാല് വയസുള്ള മകള്‍ ഋതികയും അച്ഛനും സഹോദരനും വീട്ടില്‍ ഉണ്ടായിരുന്നു.പൊട്ടിത്തെറിച്ച ജനലിന്റ അടുത്തിരുന്ന ഋതിക ഭാഗ്യം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പുലര്‍ച്ചെ വിഷുക്കണി കണ്ട ശേഷം ഉറങ്ങുന്നതിന് മുന്‍പായിരുന്നു ആക്രമണം നടന്നത്. ആക്രമണം നടത്തിയ സംഘത്തിലെ ഒരാള്‍ മാത്രമാണ് മുഖം മറച്ച് വീടിന്റെ മുന്നിലേക്ക് എത്തിയത്.മറ്റുള്ളവര്‍ മതിലിന് പുറത്തായിരുന്നു.വീടിന്റെ മുന്നിലിരുന്ന സ്‌കൂട്ടറും അക്രമി മറച്ചിട്ടിരുന്നു.ഗുണ്ട് പൊട്ടിയ പുകമറയിലാണ് അക്രമികള്‍ രക്ഷപ്പെട്ടത്. വീടിന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറയില്‍ നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുരുവിലശ്ശേരി കേന്ദ്രീകരിച്ചുള്ള കഞ്ചാവ്, ലഹരി മാഫിയകളാണോ വീടാക്രമണങ്ങള്‍ക്ക് പിന്നിലുള്ളതെന്ന സംശയം ശക്തമായിട്ടുണ്ട്. സംഭവത്തിന് ശേഷം രാവിലെ അപരിചിതരായ ചിലരെ ആക്രമണം നടന്ന പ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. ഇവരുടെ ബൈക്കിന്റെ നമ്പര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലം മാള എസ്.ഐ. -ഇതിഹാസ് താഹ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബാബു, സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്.ശ്രീജിത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
തൃശൂര്‍ അഗ്നിശമനസേനാ ദിനത്തോടുനബന്ധിച്ച് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളുടെ നേതൃത്വത്തില്‍ റാലി നടത്തി.
തൃശൂര്‍ നഗരത്തില്‍ നടന്ന റാലി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി ഫ്‌ളാഗ് ഓഫ് ചെയ്തു.
തൃശൂര്‍